ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ബിജെപി പുറത്തിറക്കിയ പരസ്യങ്ങള്‍ വിലക്കിയ കല്‍ക്കട്ട ഹൈക്കോടതിയുടെ നടപടിയില്‍ ഇടപെടാതെ സുപ്രീംകോടതി. പരസ്യങ്ങള്‍ പ്രഥമദൃഷ്ട്യാ അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സുപ്രീം കോടതിയും പരസ്യങ്ങള്‍ക്ക് എതിരായ നിലപാട് എടുത്തതോടെ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പിന്‍വലിക്കുകയാണ് എന്ന് ബിജെപി സുപ്രീം കോടതിയില്‍ അറിയിച്ചു.
ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ വിസമ്മതിച്ച ജസ്റ്റിസുമാരായ ജെ കെ. മഹേശ്വരി, കെ വി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ച് അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ താത്പര്യപെടുന്നില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഞങ്ങള്‍ പരസ്യങ്ങള്‍ കണ്ടു. പ്രഥമദൃഷ്ട്യാ, പരസ്യങ്ങള്‍ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ പരസ്യങ്ങള്‍ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നായിരുന്നു ബിജെപിക്ക് വേണ്ടി ഹാജരായ പിഎസ് പട്വാലിയ കോടതിയില്‍ പറഞ്ഞു.
പരസ്യങ്ങള്‍ വിലക്കിയ ഉത്തരവ് ചോദ്യം ചെയ്ത് കഴിഞ്ഞ വ്യാഴാഴ്ചയാണ് ബിജെപി സുപ്രീം കോടതിയെ സമീപിച്ചത്. ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനും പ്രവര്‍ത്തകര്‍ക്കുമെതിരേ അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കുന്ന പരസ്യങ്ങള്‍ ബിജെപി പ്രചരിപ്പിക്കുന്നു പരാതിയിലായിരുന്നു കല്‍ക്കട്ട ഹൈക്കോടതിയുടെ നടപടി. എന്നാല്‍ തങ്ങളെ കേള്‍ക്കാതെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി സുപ്രീം കോടതിയെ സമീപിച്ചത്.