Lok Sabha Election 2024

സുരേഷ് ഗോപിയും പവൻ കല്ല്യാണും മുതൽ കങ്കണയും രവികിഷനും വരെ; ലോക്‌സഭയിലേക്ക് എത്തുന്ന സിനിമാതാരങ്ങൾ

വിജയിച്ച സ്ഥാനാർഥികളിൽ നിരവധി സിനിമാ - സീരിയൽ താരങ്ങളും ഉൾപ്പെടുന്നു എന്നതാണ് ഈ പ്രാവശ്യത്തെ പ്രത്യേകത

വെബ് ഡെസ്ക്

18-ാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം പുറത്തുവന്നതോടെ പ്രതീക്ഷകളോടെയാണ് ഇരുമുന്നണികളും കരുക്കൾ നീക്കുന്നത്. ഒറ്റയ്ക്കുളള ഭൂരിപക്ഷം ഒരു പാർട്ടിക്കും നേടാൻ സാധിച്ചിട്ടില്ല. മുന്നണി സംവിധാനത്തിലൂടെ എൻഡിഎയ്ക്ക് ഭരിക്കാമെങ്കിലും ഇന്ത്യ മുന്നണിയും ഭരണത്തിന് വേണ്ടിയുള്ള നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.

വിജയിച്ച സ്ഥാനാർഥികളിൽ നിരവധി സിനിമാ - സീരിയൽ താരങ്ങളും ഉൾപ്പെടുന്നു എന്നതാണ് ഈ പ്രാവശ്യത്തെ പ്രത്യേകത. കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറന്ന ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി മുതൽ ഹിമാചലിലെ മാണ്ഡിയിൽ നിന്ന് വിജയിച്ച കങ്കണ റണാവത്ത് വരെയുണ്ട് ഈ ലിസ്റ്റിൽ. 18-ാം ലോക്‌സഭയിലേക്ക് എത്തുന്ന അഭിനേതാക്കളിൽ ചിലർ ആരൊക്കെയാണെന്ന് നോക്കാം.

സുരേഷ് ഗോപി

ബിജെപിയുടെ കേരളത്തിലെ താരസ്ഥാനാർഥികളിൽ ഒരാളായ സുരേഷ് ഗോപി വലിയ വിജയമാണ് തൃശൂർ ലോക്‌സഭ മണ്ഡലത്തിൽ സ്വന്തമാക്കിയത്. 74686 വോട്ടുകൾ നേടിയാണ് സുരേഷ് ഗോപി മണ്ഡലത്തിൽ വിജയിച്ചത്. സിപിഐയുടെ വി എസ് സുനിൽകുമാറും കോൺഗ്രസിന്റെ കെ മുരളീധരനുമായിരുന്നു എതിർസ്ഥാനാർഥികൾ.

പവൻ കല്യാൺ

തെലുങ്ക് സൂപ്പർസ്റ്റാറായ പവൻ കല്യാൺ ജനസേന പാർട്ടിയുടെ സ്ഥാപകനും നേതാവുമാണ്. ആന്ധ്രപ്രദേശിലെ പിതപുരത്ത് വൈഎസ്ആർസിപിയുടെ വംഗഗീത വിശ്വനാഥത്തെ പരാജയപ്പെടുത്തിയാണ് പവൻ 18 -ാം ലോക്‌സഭയിലേക്ക് എത്തുന്നത്.

അരുൺ ഗോവിൽ

രാമാനന്ദ് സാഗറിന്റെ രാമായണം സീരിയലിൽ ശ്രീരാമനായി അഭിനയിച്ച അരുൺ ഗോവിലും വിജയിച്ച സ്ഥാനാർഥികളുടെ പട്ടികയിൽ ഇടംപിടിച്ചു. ഉത്തർപ്രദേശിലെ മീററ്റിലായിരുന്നു അരുൺ ഗോവിൽ മത്സരിച്ചത്. കടുത്ത മത്സരത്തിന് ഒടുവിലാണ് അരുൺ മീററ്റിൽ വിജയിച്ചത്.

കങ്കണ റണാവത്ത്

ബോളിവുഡ് താരവും ബിജെപി നേതാവുമായ കങ്കണ ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നായിരുന്നു മത്സരിച്ചത്. കോൺഗ്രസ് സ്ഥാനാർഥി വിക്രമാദിത്യ സിങ്ങിനെയാണ് കങ്കണ മണ്ഡലത്തിൽ തോൽപ്പിച്ചത്.

ഹേമമാലിനി

ബിജെപി സ്ഥാനാർഥിയായ ഹേമമാലിനി മഥുരയിൽ നിന്നാണ് വിജയിച്ചത്. 53.3 ശതമാനം വോട്ട് നേടിയാണ് ഹേമമാലിനി മണ്ഡലത്തിൽ നിന്ന് വിജയിച്ച് കയറിയത്. കോൺഗ്രസിന്റെ മുകേഷ് ധനഗർ ആയിരുന്നു എതിർസ്ഥാനാർഥി.

ശത്രുഘ്‌നൻ സിൻഹ

പശ്ചിമബംഗാളിൽ അസൻസോൾ ലോക്സഭാ മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായിട്ടായിരുന്നു ശത്രുഘ്‌നൻ സിൻഹ മത്സരിച്ചത്. 59,564 വോട്ടുകൾ നേടിയാണ് ശത്രുഘ്‌നൻ സിൻഹ മണ്ഡലത്തിൽ വിജയിച്ചത്. മുൻ കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർഥിയുമായ സുരേന്ദ്രജീത് സിംഗ് അലുവാലിയയിരുന്നു ശത്രുഘ്‌നൻ സിൻഹയുടെ പ്രധാന എതിരാളി.

മനോജ് തിവാരി

ഭോജ്പൂരി താരമായ മനോജ് തിവാരി ബിജെപി സ്ഥാനാർഥിയായിട്ടായിരുന്നു മത്സരിച്ചത്. നോർത്ത് ഈസ്റ്റ് ഡൽഹിയിൽ നിന്ന് മത്സരിച്ച മനോജ് തിവാരി കോൺഗ്രസ് സ്ഥാനാർഥി കനയ്യകുമാറിനെയാണ് പരാജയപ്പെടുത്തിയത്.

രവി കിഷൻ

ഭോജ്പുരി നടനായ രവികിഷൻ ബിജെപി സ്ഥാനാർഥിയായിട്ടായിരുന്നു മത്സരിച്ചത്. ഉത്തർപ്രദേശിലെ ഗോരഖ്പൂർ മണ്ഡലത്തിൽ നിന്ന് എസ്പിയുടെ കാജൽ നിഷാദിനെ ഒരു ലക്ഷത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് രവി കിഷൻ വിജയിച്ചത്.

ദേവ് അധികാരി

ബംഗാളി നടനായ ദേവ് അധികാരി തൃണമൂൽ സ്ഥാനാർഥിയായി പശ്ചിമബംഗാളിലെ ഘട്ടൽ മണ്ഡലത്തിലായിരുന്നു മത്സരിച്ചത്. ബംഗാളി നടനായ ഹിരൺ ചാറ്റർജിയായിരുന്നു എതിർസ്ഥാനാർത്ഥിയെങ്കിലും 1,82,868 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ദേവ് അധികാരി വിജയിക്കുകയിരുന്നു.

രചന ബാനർജി

ബംഗാളിൽ താരപോരാട്ടം നടന്ന മറ്റൊരു മണ്ഡലമായിരുന്നു ഹുഗ്ലി. ബംഗാളി നടിമാരായ രചന ബാനർജി തൃണമൂൽ കോൺഗ്രസിന് വേണ്ടിയും ലോക്കറ്റ് ചാറ്റർജി ബിജെപിക്ക് വേണ്ടിയും മത്സരിച്ചു. കടുത്ത മത്സരത്തിന് ഒടുവിൽ രചന ബാനർജി 60,000 വോട്ടുകൾക്ക് വിജയിക്കുകയായിരുന്നു.

സതാബ്ദി റോയ്

ബംഗാളി നടിയും മൂന്ന് തവണ തൃണമൂൽ എംപിയുമായ സതാബ്ദി റോയ് ബിർഭൂം മണ്ഡലത്തിൽ നിന്നാണ് വിജയിച്ചത്.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി