Lok Sabha Election 2024

അന്ന് കൊല്ലപ്പെട്ട പട്ടാളക്കാർ, ഇന്ന് മുസ്ലിങ്ങൾ! നോക്കുകുത്തിയായ കമ്മിഷന് മുന്നിൽ തുടരുന്ന മോദിയുടെ വിദ്വേഷപ്രചാരണം

തിരഞ്ഞെടുപ്പ് കമ്മിഷനെ പൂർണമായും സർക്കാർ ഏജൻസിയാക്കി മാറ്റിയശേഷമാണ് നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുടെ വ്യാപക പെരുമാറ്റ ചട്ട ലംഘനം

പൊളിറ്റിക്കൽ ഡെസ്ക്

രാജസ്ഥാനിലെ ബന്‍സാരയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷം നിറച്ച പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുക്കുമോ? 10 വര്‍ഷത്തെ ചരിത്രത്തില്‍ പ്രധാനമന്ത്രിയ്ക്കും ബിജെപി നേതാക്കള്‍ക്കെതിരെയും ആക്ഷേപം പലതുണ്ടായിട്ടും ഒരു നടപടിയും എടുക്കാന്‍ കമ്മിഷന്‍ തയ്യാറായിരുന്നില്ല. സര്‍ക്കാരിന് വിധേയരായി നില്‍ക്കുന്നവരെ കമ്മിഷണർമാരായി നിയമിച്ചതോടെ, സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട കമ്മിഷന്‍ തീര്‍ത്തും ദുര്‍ബലമായെന്ന വിലയിരുത്തല്‍ ശരിവെക്കുകയാണ് സമീപകാല തീരുമാനങ്ങള്‍.

രാജ്യത്തെ പ്രധാനമന്ത്രി പോയിട്ട് പ്രധാന രാഷ്ട്രീയ നേതാക്കള്‍ പോലും പറയാത്ത കാര്യമാണ് നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ പറഞ്ഞത്. രാജ്യത്തെ പ്രധാന ന്യൂനപക്ഷ വിഭാഗമായ മുസ്ലിം സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുകയും നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിക്കുകയുമാണ് പ്രധാനമന്ത്രി ചെയ്തത്. ഇതിനു പുറമെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പറയാത്ത കാര്യങ്ങള്‍ അവരുടെ പേരില്‍ ആരോപിച്ചും കുപ്രചാരണം നടത്തി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പ്രസ്താവനയെ സന്ദര്‍ഭത്തില്‍ അടര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ നേരത്തെ തന്നെ ഉന്നയിക്കപ്പെട്ട നിരവധി പരാതികളില്‍ ഒരു തീരുമാനവും ബിജെപിയ്‌ക്കെതിരെ എടുക്കാന്‍ കമ്മിഷന്‍ തയ്യാറായിരുന്നില്ല. അതിനാൽ, എല്ലാ അര്‍ത്ഥത്തിലും വിദ്വേഷപ്രചാരണമായിരുന്നുവെങ്കിലും ഇതിനെതിരെയും നടപടിയെടുക്കാന്‍ കമ്മിഷന്‍ തയ്യാറാകുമെന്ന് കരുതാനാവില്ല.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് നാല് ദിവസത്തിനുശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിനെതിരെ തുടക്കത്തില്‍ ഇന്ത്യ സഖ്യത്തിലെ കക്ഷികള്‍ കമ്മിഷനെ കണ്ടിരുന്നു. എന്നാല്‍ ഒരു നടപടിയുമെടുത്തില്ല. തിരഞ്ഞെടുപ്പ് കാലത്ത് അന്വേഷണ ഏജന്‍സികളുടെ ഉള്‍പ്പെടെ നിയന്ത്രണം കമ്മിഷന്‍ ഏറ്റെടുക്കണമെന്നതായിരുന്നു ആവശ്യം. സംസ്ഥാനങ്ങളില്‍ പോലിസിന്റെ പോലും ദൈനംദിന കാര്യത്തിലൊഴികെയുള്ള കാര്യങ്ങളില്‍ ഫലത്തില്‍ നിയന്ത്രണം കമ്മിഷനാണ്. കമ്മിഷന്റെ അനുമതിയില്ലാതെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ പോലും സര്‍ക്കാരിന് കഴിയില്ല. എന്നാല്‍ പ്രതിപക്ഷത്തിന്റെ ഈ ആവശ്യം കമ്മിഷന്‍ അംഗീകരിച്ചില്ല.

തമിഴ്‌നാട്ടില്‍ മോദി ഹിന്ദു മതവും ശിവശക്തിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയ്‌ക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കമ്മിഷനെ സമീപിച്ചിരുന്നു. ഇവിടെയും മതമാണ് പ്രചാരണത്തിന് ഉപയോഗപ്പെടുത്തിയത്. എന്നാല്‍ ഒരു തരത്തിലുള്ള നടപടിയുമെടുക്കാന്‍ കമ്മിഷന്‍ തയ്യാറായില്ല.

കമ്മിഷന്റെ നിയമനത്തില്‍ സര്‍ക്കാരിനുള്ള സമ്പൂര്‍ണ അധികാരമാണ് ഇതിനു കാരണമെന്ന് കരുതുന്നു. നേരത്തെ പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ ചേര്‍ന്ന സമിതി വേണം തിരഞ്ഞെടുപ്പ് കമ്മിഷനെ നിയമിക്കാനെന്ന് സുപ്രീം കോടതി നേരത്തെ വിധിച്ചിരുന്നു. എന്നാല്‍ പിന്നീട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തില്‍ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുകയും പകരം ഒരു മന്ത്രിയെ ഉള്‍പ്പെടുത്തുകയും ചെയ്തു. സുപ്രീം കോടതിയുടെ വിധിയുടെ അന്തസത്തയ്ക്ക് വിരുദ്ധമായിരുന്നു മോദി സർക്കാരിൻ്റെ തീരുമാനം.

ഇതോടെ കമ്മിഷന്റെ നിയമനം പൂര്‍ണമായി സർക്കാരിന്റെ നിയന്ത്രണത്തിലായി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപാണ് രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങളെ നിയമിച്ചത്. ഇതില്‍ ഗ്യാനേഷ് കുമാര്‍ എന്ന കേരള കാഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ അമിത് ഷായുമായി അടുപ്പുമുള്ള ആളാണെന്ന ആരോപണമുണ്ടായിരുന്നു. ആഭ്യന്തര മന്ത്രാലയത്തില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം, കശ്മീരുമായി ബന്ധപ്പെട്ട 370-ാം വകുപ്പ് റദ്ദാക്കുമ്പോള്‍ ആ പ്രദേശത്തിന്റെ ചുമതലയായിരുന്നു വഹിച്ചുകൊണ്ടിരുന്നത്. രാമക്ഷേത്ര നിര്‍മാണത്തിനായുള്ള ട്രസ്റ്റ് സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ ഗ്യാനേഷ് കുമാറായിരുന്നു അതുമായി ബന്ധപ്പെട്ട എല്ലാ നിയമവ്യവഹാരങ്ങളും കൈകാര്യം ചെയ്തത്. സുഖ്ഭീര്‍ സിങ് സന്ധു ഗഡ്കരിയുടെ കീഴില്‍ നാഷണല്‍ ഹൈവേ അഥോറിറ്റി ചെയര്‍മാനായിരുന്നു. പിന്നീട് ഉത്താരഖണ്ഡ് ചീഫ് സെക്രട്ടറിയായി. ഉത്തരാഖണ്ഡിലെ വിവാദമായ ഏക സിവില്‍ കോഡിന്റെ രൂപീകരണത്തില്‍ ഇദ്ദേഹം വലിയ പങ്കാണ് വഹിച്ചത്. അങ്ങനെ സര്‍ക്കാരുമായി അടുപ്പമുള്ള അവരുടെ രാഷട്രീയ തീരുമാനങ്ങള്‍ക്കും വേണ്ടി ഉപയോഗപ്പെടുത്തിയ ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്ന് കമ്മിഷണര്‍മാരായി നിയമിച്ചത്.

2019 ല്‍ തിരഞ്ഞെടുപ്പിന് മുൻപ് മോദി മഹാരാഷ്ട്രയില്‍ നടത്തിയ പ്രസംഗവും ചട്ടലംഘനമെന്ന ആരോപണമുണ്ടായിരുന്നു. പുല്‍വാമയിലെ സൈനികര്‍ക്കുവേണ്ടി ബിജെപിയ്ക്കു വോട്ട് ചെയ്യണമെന്നായിരുന്നു മോദി ആവശ്യപ്പെട്ടത്. അന്ന് കമ്മിഷന്റെ മുന്നില്‍ പരാതിയെത്തിയപ്പോള്‍ രണ്ട് കമ്മിഷന്‍ അംഗങ്ങള്‍ മോദിയെ പിന്തുണച്ചു. എന്നാല്‍ അശോക് ലവേസ എന്ന കമ്മിഷണര്‍ ചട്ടലംഘനമാണ് പ്രധാനമന്ത്രിയുടെ പ്രസംഗം എന്ന് കണ്ടെത്തി. തന്റെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തണമെന്ന അശോക് ലവേസയുടെ ആവശ്യം തിരസ്‌കരിക്കപ്പെട്ടു. പിന്നീട് ഇദ്ദേഹത്തിന് കമ്മിഷനില്‍നിന്ന് രാജിവെക്കേണ്ടിവന്നു. ഇന്ത്യയില്‍ ആദ്യമായിട്ടായിരുന്നു ഒരാള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷനില്‍നിന്ന് രാജിവെക്കേണ്ടി വന്നത്.

സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട സ്ഥാപനത്തെ ബിജെപിയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഏജന്‍സിയായിയാക്കി മാറ്റിക്കൊണ്ടാണ് മോദിയുള്‍പ്പെടെയുള്ള നേതാക്കള്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി, വിഭാഗീയത സൃഷ്ടിച്ച് മുതലെടുപ്പിന് ശ്രമിക്കുന്നതെന്ന ആരോപണങ്ങള്‍ ഈ വസുതകകളുടെ അടിസ്ഥാനത്തിലാണ് ഉണ്ടാകുന്നത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം