Lok Sabha Election 2024

തെലങ്കാനയില്‍ സ്ഥാനാർഥിക്കായി ബിജെപി-ബിആർഎസ് സംഘർഷം; അരൂരി രമേഷിനായി തെരുവിൽ ഏറ്റുമുട്ടി നേതാക്കള്‍

വെബ് ഡെസ്ക്

ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ച മുന്‍ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എംഎല്‍എ അരൂരി രമേഷിന് വേണ്ടി തെലങ്കാനായില്‍ ബിജെപി, ബിആർഎസ് നേതാക്കള്‍ തമ്മില്‍ സംഘർഷം. അരൂരി രമേഷിന്റെ വീട്ടിലെത്തിയ ബിആർഎസ് നേതാക്കള്‍ ബഹളമുണ്ടാക്കുകയും കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തു. ഇന്നലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഡി കിഷന്‍ റെഡ്ഡിയുമായി ചർച്ച നടത്തിയ ശേഷമായിരുന്നു പാർട്ടി പ്രവേശനം അരൂരി രമേഷ് അറിയിച്ചത്.

ബിആർഎസില്‍ നിന്നുള്ള രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള പത്രസമ്മേളനത്തിനിടെ മുന്‍ മന്ത്രി എരബെല്ലി ദയാകർ ഉള്‍പ്പെടെയുള്ള നേതാക്കള്‍ എത്തുകയും അരൂരി രമേഷിനെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ബിആർഎസ് നേതാവ് ഹാരിഷ് റാവുവുമായി അരൂരി രമേഷിനെ ഫോണിലൂടെ സംസാരിപ്പിക്കുകയും ചെയ്തു. ഹാരിഷ് റാവുവും മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവുമായി കൂടിക്കാഴ്ച നടത്തുന്നതിനായി അരൂരി രമേഷിനെ ഹൈദരാബാദിലേക്ക് നിർബന്ധിതമായി കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

ഇതിനു തൊട്ടുപിന്നാലെയാണ് ബിആർഎസ്, ബിജെപി നേതാക്കള്‍ അരൂരി രമേഷിന്റെ വസതിക്കുമുന്നില്‍ ഏറ്റുമുട്ടിയത്. ബിആർഎസ് നേതാക്കള്‍ അരൂരി രമേഷിനെ തട്ടിക്കൊണ്ടുപോയി എന്ന തരത്തില്‍ വാർത്തകള്‍ പ്രചരിച്ചിരുന്നു.

എരബെല്ലി ദയാകർ മുന്നിലിരുന്ന കാറില്‍ നിന്ന് അരൂരി രമേഷിനെ വലിച്ചെടുക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. ബിജെപി പ്രവർത്തകർ കാർ തടയുകയും ഹൈദരാബാദിലേക്കുള്ള യാത്ര തടയുകയുമായിരുന്നു. ബിജെപി പ്രവർത്തകർ സംസ്ഥാന അധ്യക്ഷനെ വിളിക്കുകയും അരൂരി രമേഷുമായി സംസാരിപ്പിക്കുകയും ചെയ്തു. ബിആർഎസ് നേതൃത്വത്തെ രാജിവെച്ചത് അറിയിക്കുമെന്ന് അരൂരി രമേഷ് പറയുന്നതായി ദൃശ്യങ്ങളില്‍ കേള്‍ക്കാം.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാർഥികളെ കണ്ടെത്താന്‍ ബിആർഎസ് പാടുപെടുന്നതിനിടെയാണ് അരൂരി രമേഷിന്റെ നീക്കം. ഇതിനോടകം തന്നെ പാർട്ടിക്ക് മൂന്ന് എംപിമാരെ നഷ്ടമായി. ഒരാള്‍ കോണ്‍ഗ്രസിലും രണ്ട് പേർ ബിജെപിയിലും ചേർന്നു. മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ചെവെല്ല മണ്ഡലത്തിലെ രഞ്ജിത് റെഡ്ഡിയും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

വാറംഗല്‍ മണ്ഡലത്തില്‍ നിന്ന് അരൂരി രമേഷിനെ മത്സരിപ്പിക്കാനായിരുന്നു ബിആർഎസിന്റെ തീരുമാനം. സമാന ഓഫറായിരുന്നു ബിജെപിയും അരൂരി രമേഷിന് നല്‍കിയത്. കേന്ദ്രത്തില്‍ ഭരണമുള്ള പാർട്ടിക്കൊപ്പം നില്‍ക്കാന്‍ അരൂരി തയ്യാറാകുകയായിരുന്നു. മികച്ച വിജയം നേടിയിട്ടും ബിആർഎസില്‍ നിന്നുണ്ടായത് നല്ല അനുഭവമായിരുന്നില്ലെന്ന് അരൂരി ആരോപിച്ചിരുന്നു.

മറുവശത്ത് വിജയസാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്താന്‍‍ ബിജെപിക്കും സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ബിആർഎസ് നേതാക്കളെ പാളയത്തിലെത്തിക്കാനുള്ള ശ്രമം. സഹീറബാദിലെ ബിജെപി സ്ഥാനാർഥി ബിആർഎസ് എംപി ബിബി പാട്ടീലാണ്. ബിആർഎസ് എംപി പി രാമുലു പാർട്ടിയില്‍ നിന്ന് രാജിവെച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ മകന്‍ ഭാരത് പ്രസാദിനെ നാഗർകുർനൂലിലെ സ്ഥാനാർഥിയായി ബിജെപി പ്രഖ്യാപിച്ചത്.

മുന്‍ ബിആർഎസ് എംപിമാരായ അജ്മീറ സിതാരാം നായ്‌ക് (മഹ്ബൂബാബാദ്), ഗോദം നാഗേഷ് (അദിലാബാദ്), മുന്‍ എംഎല്‍എമാരായ ജലഗാം വെങ്കട്ട് റാവു (കോതഗുദം), എസ് സൈദി റെഡ്ഡി (ഹുസുർനഗർ) എന്നിവർ ബിജെപിയില്‍ ചേർന്നിരുന്നു. പെഡപ്പള്ളി മണ്ഡലത്തില്‍ പരാജയപ്പെട്ട ബിആർഎസ് നേതാവായ ജി ശ്രീനിവാസും ബിജെപിയില്‍ ചേർന്നിട്ടുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും