Lok Sabha Election 2024

ഇടതുപക്ഷത്തിനു ചെക്ക് വയ്ക്കുമോ? ഇന്ത്യ മുന്നണിയെ സർക്കാരിന് പിന്തുണയെന്ന മമതയുടെ നീക്കത്തിനുപിന്നിലെ സ്വപ്‌നങ്ങള്‍

വെബ് ഡെസ്ക്

ഇന്ത്യ മുന്നണിക്കു ഭൂരിപക്ഷം ലഭിച്ചാല്‍ സര്‍ക്കാരിനു പുറത്തുനിന്നു പിന്തുണ നല്‍കുമെന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രസ്താവന പ്രതിപക്ഷ മുന്നണിക്കു കൂടുതല്‍ ഊര്‍ജം നല്‍കുന്നതാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങള്‍ കടന്നുനില്‍ക്കുമ്പോള്‍, ബിജെപി ക്യാമ്പുകളില്‍ ചില ആശങ്കകളും പ്രതിപക്ഷത്തിന്റെ ഭാഗത്ത് പ്രതീക്ഷകളും കണ്ടുതുടങ്ങിയിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇന്ത്യ മുന്നണിയിലെ കോണ്‍ഗ്രിനോടും സിപിഎമ്മിനോടും ഉടക്കിനിന്ന മമതയുടെ നിലപാട് മയപ്പെടുത്തലില്‍, പ്രതിപക്ഷ സഖ്യം പ്രതീക്ഷ പുലർത്തുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിമാറുകയാണെന്ന് മമതയും തിരിച്ചറിയുന്നതായി പ്രതിപക്ഷ നേതാക്കള്‍ വിലയിരുത്തുന്നു. എന്നാല്‍, മമതയുടെ പെട്ടെന്നുള്ള നിലപാട് മാറ്റത്തിനു പിന്നില്‍ മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ട്.

പിണങ്ങിനില്‍ക്കുന്ന കോണ്‍ഗ്രസിനെ അനുനയിപ്പിക്കുകയെന്ന ലക്ഷ്യം മമതയ്ക്കുണ്ട്. ഈ പ്രസ്താവനയിലൂടെ, കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തെയല്ല മമത ലക്ഷ്യംവെക്കുന്നത്. മറിച്ച്, മമതയെ കൂടെക്കൂട്ടാന്‍ സാധിക്കാത്തതില്‍ നിരാശയുള്ള കേന്ദ്രനേതൃത്തിനു മുന്നില്‍ വാതില്‍ തുറന്നിടാനാണ് ശ്രമം. സീറ്റ് വിഭജന ചര്‍ച്ചകളില്‍ തട്ടി തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കു മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍, കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തെ തള്ളിയ എഐസിസി മമതയെ അനുനയിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍, കടുംപിടിത്തത്തില്‍ ഉറച്ചുനിന്ന മമത ഒറ്റയ്ക്കു മത്സരിക്കുമെന്ന നിലപാടില്‍ മുന്നോട്ടുപോയി. ബംഗാള്‍ ഘടകം കടന്നാക്രമിക്കുമ്പോഴും രാഹുല്‍ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കള്‍ മമതയോട് സംയമനത്തോടെയാണു പെരുമാറുന്നത്. താനില്ലാതെ ഇന്ത്യാ സഖ്യത്തിനു മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന ചിന്ത ദീദിക്കുണ്ട്.

മാത്രവുമല്ല, മമതയ്ക്കു പ്രധാനമന്ത്രി പദത്തിലേക്കു തുടക്കം മുതല്‍ നോട്ടമുണ്ട്. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍, മമതയ്ക്കു പ്രധാനമന്ത്രി പദത്തിലെത്താനുള്ള സാധ്യത തൃണമൂല്‍ കോണ്‍ഗ്രസ് തേടുന്നുണ്ട്. ഇന്ത്യ സഖ്യത്തിനു പേര് നല്‍കിയതുതന്നെ താനാണെന്നാണ് മമത അവകാശപ്പെടുന്നത്. സഖ്യത്തിന് അധികാരം ലഭിക്കുകയും കോണ്‍ഗ്രസിതര പ്രധാനമന്ത്രിയെന്ന ആവശ്യം ഉയര്‍ന്നുവരികയും ചെയ്താല്‍, തന്നിലേക്ക് കണ്ണുകളെത്തണമെന്ന് മമത ആഗ്രഹിക്കുന്നു.

മമത ബാനര്‍ജി

ഇന്ത്യ മുന്നണിക്ക് 315 സീറ്റ് ലഭിക്കുമെന്നും ബിജെപി 195 സീറ്റില്‍ ഒതുങ്ങുമെന്നും കഴിഞ്ഞദിവസം തൃണമൂല്‍ കോണ്‍ഗ്രസ് റാലിയില്‍ മമത പ്രവചിച്ചിരുന്നു. ബംഗാളില്‍ തൃണമൂല്‍ നേട്ടമുണ്ടാക്കുമെന്നാണ് കണക്കുകൂട്ടല്‍. സഖ്യനീക്കങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്ന ഇടതുപക്ഷത്തെ കടത്തിവെട്ടി, തൃണമൂല്‍ കോണ്‍ഗ്രസിനു മുന്‍ഗണന നല്‍കാനും മമത ആഗ്രഹിക്കുന്നു.

മാത്രവുമല്ല, വരനാരിക്കുന്ന ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു പുറമേ, കോണ്‍ഗ്രസ്-ഇടത് സഖ്യവും മമതയ്ക്ക് വലിയ തലവേദനയാകും. ഇന്ത്യ സഖ്യത്തിനൊപ്പം നിലകൊള്ളുന്ന സമീപനം സ്വീകരിച്ചുകഴിഞ്ഞാല്‍, ത്രികോണ മത്സരം ഒഴിവാക്കാന്‍ സാധിക്കുമെന്നും മമത കണക്കുകൂട്ടുന്നുണ്ടാകാം.

അതേസമയം, മമതയുടെ പുറത്തുനിന്നുള്ള പിന്തുണ പരാമര്‍ശത്തിനെതിരെ ഏറ്റവും ശക്തമായ ഭാഷയില്‍ രംഗത്തുവന്നിരിക്കുന്നത് ബംഗാളിലെ പ്രാദേശിക കോണ്‍ഗ്രസ്-സിപിഎം നേതൃത്വമാണ്. മമത സംവദിക്കുന്നത് ബിജെപിയോടാണെന്നാണ് ഇവരുടെ വാദം. താന്‍ ഇന്ത്യ മുന്നണിക്കു പുറത്താണെന്നും എന്‍ഡിഎയ്‌ക്കൊപ്പം വരുന്നതില്‍ പ്രശ്‌നമില്ലെന്നും ബിജെപിയോട് പറയാതെ പറയുകയാണ് മമത ചെയ്യുന്നതെന്നും അധിര്‍ രഞ്ജന്‍ ചൗധരി അടക്കമുള്ള കോണ്‍ഗ്രസ്-സിപിഎം പ്രാദേശിക നേതാക്കള്‍ പറയുന്നു. മുന്‍കാലങ്ങളില്‍ മമത ബിജെപിക്കൊപ്പം കൈകോര്‍ത്തിട്ടുണ്ടെന്നതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഈ പരാമർശത്തിന് ലോക്‌സഭയിലെ കോൺഗ്രസ് അധിർ രഞ്ജൻ ചൗധരിയെ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ശാസിച്ചുവെന്ന വാർത്തയാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അന്തര്‍ധാര സജീവമാണെന്നു സിപിഎം നിരന്തരം ആരോപിക്കുന്നതാണ്. തൃണമൂല്‍ നേതാക്കള്‍ പ്രതിയായ അഴിമതി കേസുകളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനു പിന്നില്‍, ബിജെപിയുമായി തൃണമൂലിനുള്ള രഹസ്യ ബന്ധമാണെന്നാണ് സിപിഎം ആരോപിക്കുന്നത്.

തങ്ങളുടെ വോട്ട് ബാങ്കായ ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിക്കുമോ എന്ന ഭയവും മമതയ്ക്കുണ്ട്. ഇന്ത്യ മുന്നണിക്ക് ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നതിലൂടെ, ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചുപോകാതിരിക്കാനുള്ള ശ്രമവും മമത നടത്തുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ന്യായ് യാത്രയിലെ ബംഗാള്‍ പര്യടനം വിജയമായിരുന്നുവെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിനും തൃണമൂലിനുമുണ്ട്. ഇത് ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചേക്കുമെന്ന ഭയം മമതയ്ക്കുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം വരെയാണ് ബംഗാളില്‍ വോട്ടെടുപ്പ്. ഈ സാഹചര്യത്തില്‍, ഇന്ത്യ മുന്നണി അധികാരത്തിലെത്തുമെന്ന പ്രചാരണം നടത്തുന്നത് ബംഗാളില്‍ കാടിളക്കി പ്രചാരണം നടത്തുന്ന ബിജെപിയെ തളര്‍ത്തുമെന്ന മമത കണക്കുകൂട്ടുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും