ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പില്‍ എത്തിനില്‍ക്കുമ്പോള്‍ ബിജെപിക്ക് അടിപതറി എന്ന പ്രചാരണം ശക്തമാക്കി പ്രതിപക്ഷ സഖ്യം. നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തില്ലെന്ന ആത്മവിശ്വാസമാണ് പ്രതിപക്ഷ നേതാക്കള്‍ ശക്തമായി മുന്നോട്ടുവയ്ക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മമത ബാനര്‍ജി, ലാലു പ്രസാദ് യാദവ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ തന്നെയാണ് പ്രചാരണത്തിന് ശക്തിപകരുന്നത്.
ഇന്ത്യ മുന്നണി തികഞ്ഞ ആത്മവിശ്വാസത്തിലാണ് എന്ന് വ്യക്തമാക്കുന്നതാണ് നേതാക്കളുടെ പ്രചാരണം. ജൂണ്‍ നാലിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭ്യന്തര മന്ത്രി അമിത്ഷായും തൊഴില്‍ രഹിതരാകും എന്നാണ് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പരാമര്‍ശം. പഞ്ചാബിലെ അമൃതസറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം.
രാജ്യത്തെ ജനങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ തിരസ്‌കരിച്ച് ഇന്ത്യ സഖ്യത്തെ അധികാരത്തിലേറ്റുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രതികരിച്ചു. ജൂണ്‍ നാലിന് ശേഷം മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് തൊഴില്‍ നഷ്ടമാകും എന്ന അമിത് ഷായുടെ പരിഹാസത്തിന് മറുപടിയായാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ പരാമര്‍ശം. താന്‍ രാഷ്ട്രീയം തിരഞ്ഞെടുത്തത് തൊഴില്‍ എന്ന നിലയില്ല, മറിച്ച് സാമൂഹ്യ സേവനം എന്ന നിലയ്ക്കാണ് എന്നും അദ്ദേഹം പറയുന്നു.
400 സീറ്റുകള്‍ നേടി മുന്നാം ഊഴം നേടുമെന്ന ബിജെപിയുടെ അവകാശവാദത്തെയും ഖാര്‍ഗെ തള്ളി. പശ്ചിമ ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ മുന്നേറ്റം നേടാനാവാത്ത ബിജെപി എങ്ങനെയാണ് നാനൂറ് സീറ്റുകള്‍ സ്വപ്‌നം കാണുന്നത് എന്നായിരുന്നു ഖാര്‍ഗെയുടെ ചോദ്യം. കര്‍ണാടകയില്‍ ഇന്ത്യ മുന്നണി പത്ത് മുതല്‍ 15 സീറ്റുകള്‍ വരെ നേടും. തെലങ്കാനയില്‍ രണ്ട് സീറ്റുകളുണ്ടായിരുന്ന ഇന്ത്യ മുന്നണി ഇത്തവണ എട്ട് മുതല്‍ പത്ത് സീറ്റുകള്‍ സ്വന്തമാക്കും. ഫലം വരുമ്പോള്‍ ഇന്ത്യ മുന്നണിയുടെ സീറ്റുകള്‍ ഉയരുകയും ബിജെപി തിരിച്ചടി നേരിടുകയും ചെയ്യും. പിന്നെ ഏങ്ങനെയാണ് 400 എന്ന സഖ്യ സ്വപ്‌നം കാണുന്നത് എന്നും അദ്ദേഹം ചോദിക്കുന്നു.
കേന്ദ്രത്തില്‍ ഇന്ത്യ മുന്നണി അധികാരത്തിലെത്തും എന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവും അവകാശപ്പെട്ടു. തന്നെ ദൈവം നിയോഗിച്ചതാണെന്ന മോദിയുടെ പ്രസ്താവന ഭയത്തില്‍ നിന്ന് ഉണ്ടായതാണ് എന്നാണ് ലാലു പ്രസാദ് യാദവിന്റെ പ്രതികരണം.
മോദി അദ്ദേഹത്തെ 'അവതാര്‍' (ദൈവത്തിന്റെ ദൂതന്‍) എന്ന് വിളിക്കുന്നു. താന്‍ ജീവശാസ്ത്രപരമല്ലെന്നും ദൈവത്തിന്റെ സന്ദേശവാഹകനാണെന്നും പറയുന്നു. എന്നാല്‍ ഫലം വൈകാതെ അറിയാം. ജൂണ്‍ 4 ന് ഇന്ത്യ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കും. ലാലു പ്രസാദ് യാദവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്ത്യയിലെ രാഷ്ട്രീയത്തില്‍ കാറ്റ് മാറി വീശുകയാണ് എന്നായിരുന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ നടത്തിയ റാലിയിലായിരുന്നു രാജ്യത്തെ രാഷ്ട്രീയം മാറുന്നു എന്ന് മമത അവകാശപ്പെട്ടത്. രാജ്യത്തെ കാറ്റിന്റെ ഗതി മാറിക്കൊണ്ടിരിക്കുകയാണ്, ദിവസങ്ങള്‍ക്കകം മോദി ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയായി മാറും' എന്നായിരുന്നു മമതയുടെ വാക്കുകള്‍.
'ഇന്നത്തെ പ്രധാനമന്ത്രി - ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മുന്‍ പ്രധാനമന്ത്രിയാകും, റിമാല്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് വന്നപ്പോള്‍ താന്‍ ഡല്‍ഹിയില്‍ നിന്ന് ചുഴലിക്കാറ്റ് നിരീക്ഷിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ഇത്തരത്തില്‍ നുണ പറയുന്നത് ഒരു പ്രധാനമന്ത്രിക്ക് യോജിച്ചതാണോ? കള്ളം വിളിച്ചുപറയാന്‍ ആര്‍ക്കും ഭരണഘടനാപരമായ അവകാശമല്ല. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയാണ്. ദേശീയ ദുരന്ത നിവാരണ സേന ഒരു കേന്ദ്ര സംവിധാനമാണ്, എന്നാല്‍ അതിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള ചെലവ് സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്... മോദിക്ക് രാജ്യത്തെ കാര്യങ്ങളെ കുറിച്ച് എത്രത്തോളം അറിയാം,' എന്നും മമത ചൂണ്ടിക്കാട്ടുന്നു.
അതേസമയം, പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം വ്യാഴാഴ്ച വൈകിട്ട് അവസാനിക്കും. ജൂണ്‍ ഒന്നിന് നടത്തുന്ന എഴാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണമാണ് നാളെ അവസാനിക്കുന്നത്.
അവസാന ഘട്ടത്തില്‍ ഏഴ് സംസ്ഥാനങ്ങളിലെയും ചണ്ഡീഗഡിലെയും 57 മണ്ഡലങ്ങളും ബൂത്തിലേക്ക്‌പോകും. മോദി മത്സരിക്കുന്ന വാരാണസിയും ഇതിലുള്‍പ്പെടും. ഇതോടെ രാജ്യത്തെ വോട്ടെടുപ്പിന് തിരശ്ശീലവീഴും. ജൂണ്‍ നാലിനാണ് ഫലപ്രഖ്യാപനം.
അതിനിടെ, തിരഞ്ഞെടുപ്പ് പ്രാചാരണം പൂര്‍ത്തിയാകുന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണയും ധ്യാനത്തിന് പോകും. 30ന് വൈകിട്ട് തമിഴ്‌നാട്ടിലെ കന്യാകുമാരിയിലെത്തുന്ന മോദി 31 ന് രാവിലെ ഒരു ദിവസം നീണ്ടുനില്‍ക്കുന്ന ധ്യാനത്തിനായി വിവേകാനന്ദപ്പാറയിലേക്ക് പോകുമെന്നാണ് വിവരം. ജൂണ്‍ ഒന്നിന് മടങ്ങുമെന്നാണ് സൂചന.