Lok Sabha Election 2024

കൊട്ടിക്കലാശം; താരമായി മഹുവ മൊയ്ത്ര, ചിത്രങ്ങൾ പങ്കുവച്ച് നേതാവ്

ബംഗാളില്‍ ബിജെപിയുടെ അഭിമാന പോരാട്ടം നടക്കുന്ന മണ്ഡലം കൂടിയാണ് കൃഷ്ണനഗര്‍.

വെബ് ഡെസ്ക്

പശ്ചിമ ബംഗാളിലെ കൃഷ്ണ നഗര്‍ മണ്ഡലത്തിലെ കലാശപോരാട്ടത്തില്‍ താരമായി മാറി തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മഹുവ മൊയ്ത്ര. എക്കാലത്തെയും മികച്ച റാലിയോടെ പ്രചരണം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞ് സമൂഹമാധ്യമമായ എക്‌സിലൂടെ മഹുവ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. വലിയ ജനക്കൂട്ടത്തിന് മുന്നിൽ തൊഴുതു നിൽക്കുന്ന ചിത്രമാണ് മഹുവ പങ്കുവച്ചിരിക്കുന്നത്.

ബംഗാളില്‍ ബിജെപിയുടെ അഭിമാന പോരാട്ടം നടക്കുന്ന മണ്ഡലം കൂടിയാണ് കൃഷ്ണനഗര്‍. മഹുവ മൊയ്ത്രയ്ക്ക് ഇത് തന്നെ പാര്‍ലമെന്റില്‍നിന്ന് പുറത്താക്കിയവര്‍ക്കെതിരെയുള്ള വാശിയേറിയ പോരാട്ടമാണെങ്കില്‍ എന്തുവിലകൊടുത്തും മഹുവയെ തോല്‍പ്പിക്കാനുള്ള വാശിയിലാണ് ബിജെപി. നഷ്ടമായ ചെങ്കോട്ട തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎമ്മും രംഗത്തുണ്ട്. അതുകൊണ്ട് തന്നെ രാജ്യത്ത് തന്നെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണിത്.

കൃഷ്ണനഗറില്‍ ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത് അമൃത റോയിയാണ്. 1757ല്‍ നടന്ന പ്ലാസി യുദ്ധത്തില്‍ അന്നത്തെ ബംഗാള്‍ നവാബായിരുന്ന സിറാജ് ഉദ് ദൗലയെ തോല്‍പ്പിക്കാന്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വേണ്ടി പണിയെടുത്ത നാട്ടുരാജാവ് കൃഷ്ണ ചന്ദ്ര റോയിയുടെ പിന്‍തലമുറക്കാരിയാണ് അമൃത റോയി. ഈ പട്ടം കൃഷ്ണ നഗറിലെ ബിജെപിയുടെ പ്രധാന പ്രചാരണ ആയുധം കൂടിയാണ്. മോദിയും അമിത് ഷായും ഉള്‍പ്പെടെയുള്ള എല്ലാവരും അമൃത റോയിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നു.

കൃഷ്ണ ചന്ദ്ര റോയിയാണ് ബംഗാളില്‍ ബ്രിട്ടീഷ് ഭരണത്തിന് വഴിവെട്ടിയതെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപണം. പക്ഷെ സംഭവം അങ്ങനെയല്ലെന്നും സിറാജ് ഉദൗലയുടെ മോശം ഭരണം അവസാനിപ്പിച്ച് സനാതന ധര്‍മത്തെ സംരക്ഷിക്കുകയാണ് അദ്ദേഹം ചെയ്തതെന്നുമാണ് അമൃത റോയ് ഉള്‍പ്പെടെയുള്ള ബിജെപിക്കാര്‍ പ്രചരിപ്പിക്കുന്നത്.

1971 മുതല്‍ ഇടതിന്റെ ഉറച്ചകോട്ടയായിരുന്ന കൃഷ്ണനഗറില്‍ 1999ലാണ് ആദ്യമായി ബിജെപി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. പിന്നീട് ക്ഷയിച്ച ഇടതുപക്ഷത്തിന് കഴിഞ്ഞ തവണ 120,222 വോട്ടുകളാണ് ലഭിച്ചത്. എന്നാല്‍ 2024 ലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. കോണ്‍ഗ്രസുമായി ചേര്‍ന്നാണ് ഇടതുപക്ഷം മത്സരിക്കുന്നത്. മുന്‍ എംഎല്‍എ ആയിരുന്ന എസ് എം സാധിയാണ് സ്ഥാനാര്‍ഥി.

കൃഷ്ണനഗറിലെ ഏഴില്‍ നാല് നിയമസഭാ മണ്ഡലങ്ങളിലും നിര്‍ണായക ശക്തിയായ മുസ്ലിം വോട്ടുകള്‍ ലക്ഷ്യം വച്ചാണ് സിപിഎം എസ് എം സാധിയെ കളത്തിലിറക്കിയിരിക്കുന്നത്. മുസ്ലിം വോട്ടുകളാകട്ടെ തൃണമൂലിന്റെയും പ്രത്യേകിച്ച് മഹുവയെ കഴിഞ്ഞ തവണ പിന്തുണച്ച വോട്ടുകളും. ഈ സാഹചര്യത്തില്‍ കൂടുതല്‍ വോട്ടുകള്‍ സിപിഎം സ്ഥാനാര്‍ഥി നേടുകയാണെങ്കില്‍ മഹുവ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാനുള്ള സാധ്യത പോലുമുണ്ട്. ആ പ്രതീക്ഷയിലാണ് ബിജെപിയുമുള്ളത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം