പതിനെട്ടാം നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ തൊഴിലില്ലായ്മയും വിലകയറ്റവും ജനങ്ങളുടെ മനോഭാവം തീരുമാനിക്കുന്നതില്‍ പ്രധാന ഘടകങ്ങളാവുമെന്ന് സര്‍വേ ഫലം. സിഎസ്‌ഡിഎസ് - ലോക്‌നീതി പ്രീപോള്‍ സര്‍വേയിലാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ വികാരത്തെ സ്വാധീനിക്കുന്ന സുപ്രധാന ഘടകങ്ങളാവാനുള്ള സാധ്യതകള്‍ പ്രവചിച്ചത്. തൊഴിലില്ലായ്മ, വിലക്കയറ്റം, വികസനം എന്നിവ മുന്‍നിര്‍ത്തിയുള്ള ചോദ്യങ്ങളിലാണ് വോട്ടര്‍മാര്‍ പ്രതികരിച്ചത്.
ദ ഹിന്ദുവിൽ പ്രസിദ്ധീകരിച്ച സര്‍വേയില്‍ പ്രതികരിച്ച 27 ശതമാനം ആളുകളും തിരഞ്ഞെടുപ്പില്‍ തൊഴിലില്ലായ്മ പ്രധാനവിഷയമാകുമെന്ന് പ്രതികരിച്ചത്. 23 ശതമാനം ആളുകളും വിലകയറ്റം പ്രധാനചര്‍ച്ചയാവുമെന്നാണ് വിലയിരുത്തുന്നത്. വികസനം ചര്‍ച്ചയാവുമെന്ന് 13 ശതമാനം പേരും അഴിമതി ചര്‍ച്ചയാവുമെന്ന് 8 ശതമാനം പേരും അയോധ്യയിലെ രാമക്ഷേത്രം ചര്‍ച്ചയാവുമെന്ന് 8 ശതമാനം പേരും വിലയിരുത്തി.
സര്‍വേയോട് പ്രതികരിച്ച മൂന്നില്‍ രണ്ട് (62%) വിഭാഗം ആളുകളും രാജ്യത്ത് ജോലി കണ്ടെത്താന്‍ പ്രയാസം നേരിടുന്നതായി അഭിപ്രായം പ്രകടിപ്പിച്ചു. ഗ്രാമങ്ങളിലും പട്ടണങ്ങളിലും നഗരങ്ങളിലുമായി പ്രതികരിച്ചവരില്‍ 62 ശതമാനം പേരും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ അഞ്ചുവര്‍ഷം ജോലി ലഭിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടാണെന്ന് അഭിപ്രായപ്പെട്ടു. പുരുഷന്മാരില്‍, 65 ശതമാനം പേരും സ്ത്രീകളില്‍ 59 ശതമാനം പേരും ഇതേ അഭിപ്രായമുള്ളവരാണ്. 12 ശതമാനം മാത്രമാണ് ജോലി നേടുന്നത് എളുപ്പമായെന്ന് അഭിപ്രായപ്പെട്ടത്.
67 ശതമാനം മുസ്ലീങ്ങളും മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ നിന്നും പട്ടികജാതികളില്‍ നിന്നുള്ള 63 ശതമാനം ഹിന്ദുക്കളും 59 ശതമാനം പട്ടികവര്‍ഗ്ഗക്കാരും ജോലി ലഭിക്കുന്നതിന് ആശങ്കയുള്ളവരാണ്. അതേസമയം മുന്നാക്കവിഭാഗത്തില്‍ നിന്നുള്ള ഹിന്ദുക്കളില്‍ 17 ശതമാനം പേരും ജോലി ലഭിക്കുന്നത് എളുപ്പമാണെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ വിഭാഗത്തിലെ 57 ശതമാനം പേരും ജോലി ലഭിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നു എന്ന നിലപാടുള്ളവരാണ്.
2019 ലെ തിരഞ്ഞെടുപ്പിലെ പഠനവുമായി താരതമ്യം ചെയ്താല്‍, തൊഴിലില്ലായ്മ ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കുന്നവരുടെ അനുപാതം 11 ശതമാനത്തില്‍ (2019ലെ പോള്‍-പോള്‍ സര്‍വേയില്‍) നിന്ന് 2024-ലെ പ്രീ-പോള്‍ സര്‍വേയില്‍ 27 ശതമാനമായി വര്‍ദ്ധിച്ചു.
വിലക്കയറ്റവുമായി ബന്ധപ്പെട്ട്, പ്രതികരിച്ചവരില്‍ 71 ശതമാനം പേരും രാജ്യത്ത് വില കുത്തനെ വര്‍ധിച്ചതായി അഭിപ്രായപ്പെട്ടു. 76 ശതമാനം ദരിദ്രവിഭാഗത്തില്‍ നിന്നുള്ളവരും 76 ശതമാനം മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവരും 75 ശതമാനം ആളുകള്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവരും സമാനമായ അഭിപ്രയമുള്ളവരാണ്.
സംസ്ഥാന സര്‍ക്കാരുകളെക്കാള്‍ കേന്ദ്രസര്‍ക്കാരുകളെയാണ് വിലകയറ്റത്തിലും തൊഴിലില്ലായ്മയിലും ആളുകള്‍ കുറ്റപെടുത്തുന്നത്. സര്‍വേയില്‍ പങ്കെടുത്ത തൊഴിലവസരങ്ങള്‍ ചുരുങ്ങുന്നതിന്റെ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ 21 ശതമാനം പേര്‍ കേന്ദ്രത്തെയും 17 ശതമാനം പേര്‍ സംസ്ഥാന സര്‍ക്കാരിനെയും കുറ്റപ്പെടുത്തി, 57 ശതമാനം പേര്‍ ഇരുവരും ഉത്തരവാദികളാണെന്ന് അഭിപ്രായപ്പെട്ടു. വിലക്കയറ്റത്തിന്റെ വിഷയത്തില്‍ 26 ശതമാനം പേര്‍ കേന്ദ്രത്തെയും 12 ശതമാനം പേര്‍ സംസ്ഥാനത്തെയും കുറ്റപ്പെടുത്തി, 56 ശതമാനം പേര്‍ ഇരുസര്‍ക്കാരുകളെയും കുറ്റപ്പെടുത്തി.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെട്ടതായി 48 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍, 35 ശതമാനം പേര്‍ അത് മോശമായതായി അഭിപ്രായപ്പെട്ടു. 22% പേര്‍ മാത്രമാണ് തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനും കുടുംബ വരുമാനത്തില്‍ നിന്ന് പണം ലാഭിക്കാനും സാധിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടത്.
55 ശതമാനം പേര്‍ രാജ്യത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയ്ക്ക് അഴിമതി വര്‍ദ്ധിച്ചതായി അഭിപ്രായപ്പെട്ടു. ഇതിന് 25 ശതമാനം പേര്‍ കേന്ദ്രത്തെയും 16 ശതമാനം പേര്‍ സംസ്ഥാനങ്ങളെയും കുറ്റപ്പെടുത്തി, 56 ശതമാനം പേര്‍ ഇരുസര്‍ക്കാരുകളെയും കുറ്റപ്പെടുത്തി.
നേരത്തെ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐഎല്‍ഒ) ഇന്ത്യ എംപ്ലോയ്മെന്റ് റിപ്പോര്‍ട്ട് 2024 പ്രകാരമുള്ള കണക്കുകള്‍ പ്രകാരം. ഇന്ത്യയില്‍ ഇന്ത്യയിലെ തൊഴിലില്ലാത്തവരില്‍ 83 ശതമാനവും 30 വയസ്സിന് താഴെയുള്ളവരാണെന്നാണ് കണ്ടെത്തിയിരുന്നു.