Lok Sabha Election 2024

വിധിയെഴുതി കേരളം; പോളിങ് അവസാനിച്ചത് രാത്രി പന്ത്രണ്ടോടെ, ശതമാനത്തില്‍ വന്‍ ഇടിവ്, ഇനി 38 നാളത്തെ കാത്തിരുപ്പ്‌

വെബ് ഡെസ്ക്

2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിധിയെഴുതി കേരളം. രാവിലെ ഏഴു മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് രാത്രി 12 വരെ നീണ്ടു. ഔദ്യോഗിക സമയമായ ആറുമണിക്കു ശേഷവും വിവിധ മണ്ഡലങ്ങളിലെ പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂവായിരുന്നു. ക്യൂവിലുണ്ടായിരുന്നവർക്ക് വോട്ട് രേഖപ്പെടുത്താൻ ടോക്കണ്‍ നല്‍കിയാണ് വോട്ടെടുപ്പ് പ്രക്രിയ പുരോഗമിച്ചത്. നേരം വൈകിയതിനെ തുടർന്ന് പലരും വോട്ട് രേഖപ്പെടുത്താതെ മടങ്ങിപ്പോകുന്ന സാഹചര്യവുമുണ്ടായി. ഒടുവില്‍ രാത്രി പന്ത്രണ്ടോടെ സംസ്ഥാനത്തെ വോട്ടെടുപ്പ് സമാപിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് തവണത്തെയും ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇതാദ്യമായാണ് വോട്ടെടുപ്പ് നീണ്ടത്.

വടകര, കോഴിക്കോട്, മലപ്പുറം, പൊന്നാനി, ആലത്തൂര്‍ എന്നീ മണ്ഡലങ്ങളിലെ വിവിധ ബൂത്തുകളിലാണ് രാത്രി വൈകിയും വോട്ടെടുപ്പ് നടന്നത്. വടകര മണ്ഡലത്തിലെ മൂന്നു ബൂത്തുകളിലാണ് രാത്രി പന്ത്രണ്ടോടെ ഏറ്റവും ഒടുവില്‍ പോളിങ് സമാപിച്ചത്. പോളിങ് വൈകിയതില്‍ പരിശോധന ആവശ്യപ്പെട്ട് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ രംഗത്തെത്തി.

അതേസമയം പോളിങ് നീളുമ്പോഴും വാശിയേറിയ പോരാട്ടം നടന്നിട്ടും സംസ്ഥാനത്തെ പോളിങ്ങ് ശതമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാത്രി 10 വരെയുള്ള കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 71.35 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 77.84 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. ഇത്തവണ ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത് കണ്ണൂരാണ്. കണ്ണൂരില്‍ 75.74 ശതമാനം വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ഏറ്റവ് കുറവ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത് പത്തനംതിട്ടയിലായിരുന്നു. 63.5 ശതമാനം വോട്ടാണ് പത്തനംതിട്ടയില്‍ രേഖപ്പെടുത്തിയത്.

തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ 10 മണിവരെയുള്ള കണക്കുകള്‍ പ്രകാരം തിരുവനന്തപുരം-66.41, ആറ്റിങ്ങല്‍-69.39, കൊല്ലം-67.82, മാവേലിക്കര-65.86, ആലപ്പുഴ-74.25, കോട്ടയം-65.59, ഇടുക്കി-66.37, എറണാകുളം-67.97, ചാലക്കുടി-71.59, തൃശൂര്‍-71.9, പാലക്കാട്-72.45, ആലത്തൂര്‍-72.42, പൊന്നാനി-67.69, മലപ്പുറം-71.49, കോഴിക്കോട്-73.09, വയനാട്-72.71, വടകര-73.09, കാസര്‍ഗോഡ്-74.16 എന്നിങ്ങനെയാണ് പോളിങ്ങ് ശതമാനം.

ചില സ്ഥലങ്ങളില്‍ ഒറ്റുപ്പെട്ട അക്രമസംഭവങ്ങളുണ്ടായെങ്കിലും പൊതുവേ സമാധാനപരമായാണ് വോട്ടിങ് അവസാനിച്ചത്. കാസര്‍ഗോഡ് പോളിങ് ബൂത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ യുഡിഎഫ് പ്രവര്‍ത്തകര്‍ കൈയേറ്റം നടത്തി. കോവളത്ത് എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലും സംഘര്‍ഷമുണ്ടായി. തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനോട് സിപിഎം പ്രവര്‍ത്തകര്‍ പ്രകോപനപരമായി പെരുമാറിയെന്നാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ ആരോപണം.

ചില ബൂത്തുകളില്‍ വോട്ടിങ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് മണിക്കൂറുകളോളം പോളിങ് തടസപ്പെട്ടു. കൂടാതെ ബൂത്ത് ഏജന്റ് അടക്കം ഒമ്പതു പേര്‍ ഇന്ന് വോട്ടിങ്ങിനിടെ കുഴഞ്ഞ് വീണു മരിച്ച ദാരുണ സംഭവവും അരങ്ങേറി. കല്യാണത്തിനിടയിലും സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ഓടിയെത്തിയ വധുവരന്മാരും കൗതുകം സൃഷ്ടിച്ചു. സ്ഥാനാര്‍ഥികളും നേതാക്കളും സിനിമാ താരങ്ങളുമെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തുകയും മറ്റുള്ളവരെ വോട്ട് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം സംസ്ഥാനത്തെ വോട്ടെടുപ്പ് ദിനം ആരംഭിച്ചത് ഇപി ജയരാജന്‍ ബിജെപിയില്‍ പോകുന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങളിലെ പ്രതികരണങ്ങളിലൂടെയും മറുപടികളിലൂടെയുമാണ്. പ്രകാശ് ജാവഡേക്കറെ കണ്ടിരുന്നുവെന്ന് ഇപി ജയരാജന്‍ മറുപടി നല്‍കിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളിലൂടെ ഇപിയെ ശാസിക്കുകയായിരുന്നു. കൂട്ടുകെട്ടുകള്‍ ഇ പി ജയരാജന്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാപിയുടെ കൂടെ കൂടിയാല്‍ ശിവനും പാപിയാകുമെന്ന ഉപമയാണ് പിണറായി ഇപിക്കെതിരെ പ്രയോഗിച്ചത്.

അതേസമയം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഇപി ജയരാജന് അനുകൂലമായി രംഗത്തെത്തി. ഇപി ജയരാജന് എതിരായ ആരോപണങ്ങള്‍ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാര വേലയുടെ ഭാഗമെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. ഇത്തരം ആരോപണങ്ങള്‍ വോട്ടെടുപ്പ് ദിനത്തോടെ അവസാനിക്കുമെന്നും ആരെയെങ്കിലും കാണുന്നതില്‍ എന്താണ് പ്രശ്നമെന്നുമായിരുന്നു ഗോവിന്ദന്‍ പറഞ്ഞത്.

എന്നാല്‍ ഇപി വിഷയം തിരഞ്ഞെടുപ്പ് ദിവസവും പ്രതിപക്ഷം ചര്‍ച്ചാ വിഷയമാക്കി. ബിജെപി ബന്ധത്തിന്റെ പേരില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനെ മുഖ്യമന്തി പരസ്യമായി ശാസിച്ച സാഹചര്യത്തില്‍ അദ്ദേഹം ഉടനടി കണ്‍വീനര്‍ സ്ഥാനം രാജി വക്കണമെന്ന് കെ പി സി സി ആക്ടിങ് പ്രസിഡന്റ് എം എം ഹസന്‍ ആവശ്യപ്പെട്ടു. സിപിഎം-ബിജെപി ബന്ധം ഇപ്പോള്‍ മറ നീക്കി പുറത്തു വന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പ്രതിപക്ഷം ബിജെപി- സിപിഎം അവിഹിത ബന്ധത്തെ കുറിച്ച് സംസാരിച്ചിരുന്നു. പ്രതിപക്ഷം പറഞ്ഞ വാക്കുകള്‍ക്ക് അടിവരയിടുന്നതാണ് ഇപ്പോള്‍ നടന്ന സംഭവങ്ങള്‍. കൂട്ടുപ്രതിയെ തള്ളപ്പറഞ്ഞ് ഒന്നാം പ്രതിയായ മുഖ്യമന്ത്രി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും