Lok Sabha Election 2024

'ഞാന്‍ ആരെ കണ്ടെന്ന് ശോഭയ്ക്ക് എങ്ങനെ അറിയാം?'; ജയരാജനുമായുള്ള കൂടിക്കാഴ്ച നിഷേധിച്ച്‌ ജാവഡേക്കര്‍

വെബ് ഡെസ്ക്

സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജന്‍ ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് താനുമായി ചര്‍ച്ചകള്‍ നടത്തിയെന്ന ആലപ്പുഴ ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്റെ ആരോപണത്തില്‍ പ്രതികരിച്ച് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവഡേക്കര്‍. താന്‍ ആരുമായൊക്കെ കൂടിക്കാഴ്ച നടത്തിയെന്നു ശോഭയ്ക്കും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമാണോ അറിയാവുന്നതെന്നു ചോദിച്ച ജാവഡേക്കര്‍ ഇപിയുമായി ചർച്ച നടത്തിയെന്ന ആരോപണം നിഷേധിച്ചു.

ദേശീയമാധ്യമമായ ദി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ജാവഡേക്കറിന്റെ പ്രതികരണം. '' ജയരാജനുമായി അദ്ദേഹത്തിന്റെ മണ്ഡലത്തിലോ, വിമാനത്താവളത്തിലോ പാര്‍ലമെന്റില്‍ വച്ചോ കണ്ടുമുട്ടിയിട്ടുണ്ടാകാം. ഓരോ ദിനവും ഒട്ടേറെ വ്യക്തികളെ കാണുകയും സംസാരിക്കുകയും ചെയ്യുന്നയാളാണ് താന്‍. കോണ്‍ഗ്രസ് എംപി ശശി തരൂരിനൊപ്പമോ, മറ്റു പാര്‍ട്ടികളിലെ നേതാക്കള്‍ക്കൊപ്പമോ ഞാന്‍ ഭക്ഷണം കഴിച്ചിട്ടുണ്ടാകാം. അതൊരു കുറ്റകൃത്യമാണോ? അതിലെന്താണ് തെറ്റ്?'' ജാവഡേക്കര്‍ ചോദിച്ചു.

ബിജെപി പ്രവേശനത്തിനായി ജയരാജന്‍ മകന്റെ ഫ്ളാറ്റിൽവെച്ച് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ആരോപണത്തിനും അദ്ദേഹം മറുപടി നല്‍കി. ''സുധാകരന്‍ അദ്ദേഹത്തിന്റെ കാര്യം മാത്രം പറഞ്ഞാല്‍ മതി. മറ്റുള്ളവരുടെ കാര്യങ്ങളില്‍ എന്തിന് ഇടപെടുന്നു. കേരളത്തിലെ ബിജെപിയുടെ ചുമതലയുള്ള ഞാന്‍ ആരെയൊക്കെ സന്ദര്‍ശിച്ചുവെന്ന് സുധാകരനാണോ ബോധ്യമുള്ളത്,'' ജാവഡേക്കര്‍ ചോദിച്ചു.

ശോഭ സുരേന്ദ്രൻ ബിജെപിയുടെ പ്രമുഖ നേതാവാണ്. എന്നാല്‍ തന്റെ സന്ദര്‍ശനവും ബന്ധങ്ങളും സംബന്ധിച്ച് ശോഭയ്ക്ക് എന്ത് അറിയാം? ശോഭയുടെ പരാമര്‍ശം ശുദ്ധ അസംബന്ധവും വ്യാജവുമാണെന്നും ജാവഡേക്കർ പറഞ്ഞു.

ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നും എന്നാല്‍ അതില്‍ രാഷ്ട്രീയമുണ്ടായിരുന്നില്ലെന്നും ഇ പി ജയരാജന്‍ തുറന്നുപറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ജാവഡേക്കറുടെ പ്രതികരണമുണ്ടായത്.

സ്ഥലം നൽകാമെന്നു പറഞ്ഞ് ശോഭ സുരേന്ദ്രൻ 10 ലക്ഷം രൂപ വാങ്ങിയിട്ട് തിരിച്ചുനൽകിയില്ലെന്ന ദല്ലാൾ നന്ദകുമാറിന്റെ ആരോപണത്തോടെയാണ് ഇപി ജയരാജൻ ബിജെപിയിൽ പോകാൻ ചർച്ച നടത്തിയെന്ന ആരോപണമുയർന്നത്. തനിക്കെതിരായ നന്ദകുമാറിന്റെ ആരോപണത്തോട് പ്രതികരിച്ച ശോഭ, അദ്ദേഹം ജയരാജനെ ബിജെപിയിലെത്തിക്കാൻ ശ്രമിച്ചുവെന്ന് പത്രസമ്മേളനത്തിൽ വെളിപ്പെടുത്തുകയായിരുന്നു.

തിരുവനന്തപുരം ആക്കുളത്തുള്ള മകന്റെ ഫ്‌ളാറ്റില്‍ താനുണ്ടെന്നറിഞ്ഞ് പരിചയപ്പെടാൻ വന്നതാണെന്നാണ് ജാവഡേക്കർ പറഞ്ഞതെന്നായിരുന്നു ജയരാജന്റെ വാക്കുകൾ. ''അതിന് മുമ്പ് അദ്ദേഹത്തെ താന്‍ കണ്ടിട്ടില്ല. മീറ്റിങ്ങുണ്ട് ഞാന്‍ ഇറങ്ങുകയാണ്, നിങ്ങള്‍ ഇവിടെയിരിക്കൂയെന്ന് പറഞ്ഞു. ഞാന്‍ മകനോട് ചായ കൊടുക്കാന്‍ പറഞ്ഞു. പക്ഷേ ഒന്നും വേണ്ട ഞാനും ഇറങ്ങുകയാണെന്നും പറഞ്ഞ് ഒപ്പം അദ്ദേഹവും ഇറങ്ങി. രാഷ്ട്രീയകാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ല. ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചിട്ടില്ല,'' ഇപി പ്രതികരിച്ചു.

തന്നെ കാണാന്‍ നിരവധി പേര്‍ എത്താറുണ്ടെന്നും അതില്‍ കോണ്‍ഗ്രസ് നേതാക്കള്‍, ബിജെപി. നേതാക്കള്‍, മറ്റുപാര്‍ട്ടിക്കാര്‍, വൈദികന്മാര്‍, മുസ്ലിയാര്‍മാര്‍ എല്ലാവരും ഉണ്ടാകാറുണ്ടെന്നും ഇ പി പറഞ്ഞു. പ്രകാശ് ജാവഡേക്കറല്ല ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞാല്‍ പോലും താന്‍ പാര്‍ട്ടി മാറില്ലെന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു.

തിരഞ്ഞെടുപ്പിന്റെ അവസാന നിമിഷത്തില്‍ ഇത്തരമൊരു ആരോപണം ഉന്നയിച്ചത് ഈ ഗൂഢാലോചനയുടെ ഭാഗമായാണ്. കെ സുധാകരന്റെ ബിജെപി പ്രവേശനത്തെ ലഘൂകരിക്കാനുള്ള ശ്രമവും ഇതോടൊപ്പം നടക്കുന്നുണ്ട്. അതില്‍ ഒരു കാര്യവും ഇല്ലാതെ തന്റെ പേര് വഴിലിച്ചിഴക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും എന്നാല്‍ രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്നും ഇ പി വ്യക്തമാക്കി.

അതേസമയം ജയരാജന് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തുവന്നു. കൂട്ടുകെട്ടുകളില്‍ ഇ പി ജാഗ്രത പുലര്‍ത്തണമെന്നും നേരത്തെയും ഇത്തരം കാര്യങ്ങളില്‍ ജയരാജന്‍ ജാഗ്രത പുലര്‍ത്തുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായിയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇ പി ജയരാജനെ ലക്ഷ്യംവച്ച് നടത്തിയ ഈ ആക്രമണവും ആരോപണവും എല്‍ഡിഎഫിനെയും സിപിഎമ്മിനെയും ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ്. അത് ജനങ്ങള്‍ തിരിച്ചറിഞ്ഞ് തള്ളിക്കളയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ഇ പി ജയരാജന്റെ പ്രകൃതം എല്ലാവര്‍ക്കും അറിയാലോ എല്ലാവരുമായി കൂട്ടുകൂടും. നമ്മൂടെ നാട്ടില്‍ ഒരു ചൊല്ലുണ്ട്. പാപിയുമായി ശിവന്‍ കൂട്ടുകൂടിയാല്‍ ശിവനും പാപിയായി മാറും. കൂട്ടുകെട്ടുകളില്‍ ജാഗ്രതപുലര്‍ത്തണം. ഉറക്കം തെളിഞ്ഞാല്‍ ആരെ പറ്റിക്കാം എന്ന് ആലോചിക്കുന്ന ചിലരുണ്ട്. അത്തരം ആളുകളുമായി ഉള്ള ലോഹ്യം, അല്ലെങ്കില്‍ കൂട്ടുകെട്ട്, സൗഹൃദം എന്നിവ സാധാരണഗതിയില്‍ ശ്രദ്ധിക്കേണ്ടതാണ്. സഖാവ് ഇപി ജയരാജന്‍ ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്താറില്ലെന്ന് നേരത്തെയുള്ള അനുഭവമാണ്. ഇത്തരം ആളുകളുമായുള്ള കൂട്ടുകെട്ടുകളില്‍ ഇപി ജയരാജന്‍ ശ്രദ്ധിക്കണം.' എന്നും മുഖ്യമന്ത്രി പറഞ്ഞു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും