ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ബംഗാളിലെ നന്ദിഗ്രാം ആശാന്തം. ബിജെപി പ്രവര്‍ത്തക രതിരണി ആരി കൊലപ്പെട്ട സംഭവമാണ് നന്ദിഗ്രാമില്‍ സംഘര്‍ഷങ്ങള്‍ക്ക് വഴിവച്ചത്. കൊലപാതകത്തെ തുടര്‍ന്ന് നന്ദിഗ്രാമിലെ സോനാചുരയില്‍ വ്യാപക അക്രമങ്ങളാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളാണ് രതിരണി ആരിയെ കൊലപ്പെടുത്തിയതെന്നാണ് ബിജെപിയുടെ ആരോപണം. നന്ദിഗ്രാം ഉള്‍പ്പെടുന്ന തംലുക് ലോക്സഭാ മണ്ഡലത്തില്‍ നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് വ്യാപകമായ അക്രമം നടന്നത്. എന്നാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് അധികൃതരുടെ നിലപാട്.
വ്യാഴാഴ്ച പുലര്‍ച്ചെ ഉണ്ടായ തര്‍ക്കമാണ് വലിയ സംഘര്‍ഷത്തിനും ബിജെപി പ്രവര്‍ത്തകയുടെ മരണത്തിനും കാരണമായത്. രതിരണിയുടെ മകനും ബിജെപിയുടെ എസ് സി മോര്‍ച്ച നേതാവുമായ സഞ്ജയ് ആരിക്കും ചില ബിജെപി പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗ്രാമത്തില്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് ബിജെപി - ടിഎംസി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാകുന്നത്. ഇതിനിടെ, മകനെ തിരക്കിയെത്തിയ രതിരണിയ്ക്ക് നേരെയും ആക്രമണം ഉണ്ടാവുകയായിരുന്നു. അക്രമത്തില്‍ പരുക്കേറ്റ ഏഴ് പേരെ നന്ദിഗ്രാം സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രതിരണി മരിക്കുകയായിരുന്നു.
പിന്നാലെയാണ് മേഖലയില്‍ വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറിയത്. ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഗതാഗതം തടയുകയും കടകള്‍ക്ക് തീവയ്ക്കുയും ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ആക്രമിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പാര്‍ട്ടി നേതാവായ ദേബ് കുമാര്‍ റോയിയുടെ വീട് ബിജെപി പ്രവര്‍ത്തകര്‍ കയ്യേറിയതായി ടിഎംസി നേതാക്കള്‍ ആരോപിച്ചു. സംഭവ സമയത്ത് റോയ് വീട്ടിലുണ്ടായിരുന്നില്ലെന്നും തുടര്‍ന്ന് അക്രമകാരികള്‍ അദ്ദേഹത്തിന്റെ ഭാര്യയെയും മകളെയും അക്രമിച്ചതായും ടിഎംസി ആരോപിക്കുന്നു.
എന്നാല്‍, ടിഎംസി ദേശീയ സെക്രട്ടറിയും ഡയമണ്ട് ഹാര്‍ബര്‍ എംപിയുമായ അഭിഷേക് ബാനര്‍ജിയുടെ പ്രേരണ പ്രകാരമാണ് പട്ടിക ജാതി സ്ത്രീക്ക് നേരെ അക്രമം അഴിച്ചുവിട്ടതെന്നാണ് ബിജെപിയുടെ ആക്ഷേപം. പ്രതിപക്ഷ നേതാവും നന്ദിഗ്രാമിലെ ബിജെപി എംഎല്‍എയുമായ സുവേന്ദു അധികാരിയാണ് ഇക്കാര്യം ആരോപിച്ചത്. ബുധനാഴ്ച മുതല്‍ പ്രദേശത്ത് കേന്ദ്ര സേനയുണ്ടായിട്ടും അക്രമം തടയാന്‍ നിയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ബംഗാള്‍ സര്‍ക്കാരിന് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു. എഴ് ദിവസത്തിനുള്ളില്‍ പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെങ്കില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറയുന്നു. അതേസമയം ജലസേചന വകുപ്പ് മന്ത്രി പാര്‍ത്ഥ ഭൗമിക്കും മുന്‍ വനം വകുപ്പ് മന്ത്രി റജിബ് ബാനര്‍ജിയും സൊനാച്ചുര സന്ദര്‍ശിച്ചു. കൊലപാതകത്തില്‍ ടിഎംസിക്ക് ബന്ധമില്ലെന്നും കുടുംബ വഴക്കിനെ തുടര്‍ന്നുള്ള പ്രശ്നമാണ് നടന്നതെന്നും റജിബ് ബാനര്‍ജി പറഞ്ഞു.
അതിനിടെ, നന്ദിഗ്രാമിലെ അക്രമസംഭവങ്ങളെ അപലപിച്ച് ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് രംഗത്തെത്തി. സംഭവത്തില്‍ ഉടനടി നടപടിയെടുക്കാനും നടപടി സ്വീകരിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുഖ്യമന്ത്രി ബോസ് ബാനര്‍ജിയോട് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
മൂര്‍ച്ചയുളള ആയുധം ഉപയോഗിച്ചാണ് രതിരണിയെ ആക്രമിക്കപ്പെട്ടത് എന്നാണ് പോലീസ് റിപ്പോര്‍ട്ട്. സംഘര്‍ഷത്തില്‍ പരുക്കേറ്റ മറ്റ് മൂന്ന് പേരില്‍ രണ്ടാളുകളെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ദ ചികിത്സയ്ക്കായി കൊല്‍ക്കത്തയിലേക്ക് മാറ്റി. കൊലപാതക കേസില്‍ നന്ദിഗ്രാം പോലീസ് സ്റ്റേഷനില്‍ 25 പ്രതികളെ ചേര്‍ത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.