ഭരണകക്ഷിയായ ബിജെപിക്കും പ്രതിപക്ഷമായ 'ഇന്ത്യ' സഖ്യത്തിനും ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് വളരെ നിർണായകമാണ്. മൂന്നാമൂഴം ലക്ഷ്യം വെച്ചാണ് ബിജെപി കളത്തിലിറങ്ങുന്നത്. വിജയത്തിൽ കുറഞ്ഞതൊന്നും 'ഇന്ത്യ സഖ്യം' പ്രതീക്ഷിക്കുന്നതുമില്ല. പ്രചാരണത്തിലും സ്ഥാനാർഥി നിർണയത്തിലും അടക്കം ഈ സൂക്ഷ്മത ഇരുപക്ഷവും പാലിച്ചിട്ടുമുണ്ട്. രാജ്യത്തെ സ്ഥിതിഗതികൾ ദിനംപ്രതി മാറിമറിയുന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്തവണ വോട്ടെടുപ്പ് നടക്കുന്നത്.
സ്ഥാനാർഥി നിർണയം തിരഞ്ഞെടുപ്പ് വിജയത്തിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഘടകമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 303 സീറ്റുകൾ നേടിയാണ് ബിജെപി ചരിത്ര വിജയം നേടിയത്. എന്നാൽ ബിജെപി ടിക്കറ്റിൽ കഴിഞ്ഞ തവണ വിജയിച്ച പലരും ഇത്തവണ ജനവിധി തേടുന്നില്ല. പല ഘടകങ്ങൾ പരിഗണിച്ചാണ് ബിജെപി സ്ഥാനാർഥികളെ നിർണയിച്ചിരിക്കുന്നത്. എന്തൊക്കെയാണ് ബിജെപിയുടെ സ്ഥാനാർഥി നിർണയ തന്ത്രങ്ങൾ ?
ബിജെപിയുടെ സ്ഥാനാർഥി നിർണയ തന്ത്രങ്ങൾ
രണ്ടര ലക്ഷത്തോളം വോട്ടുകളുടെ ശരാശരി വിജയ മാർജിൻ ആണ് ബിജെപിക്ക് കഴിഞ്ഞ തവണ ഉണ്ടായിരുന്നത്. 2019-ലെ വിജയം ഇത്തവണത്തെ സ്ഥാനാർഥി നിർണയത്തിൽ ഒരു സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് പറയാം.
കഴിഞ്ഞ തവണ മത്സരിച്ച് വിജയിച്ച 167 പേർ ഇത്തവണയും അതേ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നു. അഞ്ച് പേരെ മറ്റ് മണ്ഡലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. 112 എംപിമാർക്കാണ് ബിജെപി ടിക്കറ്റ് നിഷേധിച്ചിട്ടുള്ളത്. പ്രാദേശിക രാഷ്ട്രീയത്തിൽ സജീവമാകുന്നതിന്റെ ഭാഗമായി 12 എംപിമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. രണ്ടിടങ്ങളിൽ എംപിമാരുടെ മരണത്തെ തുടർന്നും പുതിയ ആളുകളെ കണ്ടെത്തേണ്ടിവന്നു.
സിറ്റിങ് സീറ്റുകളിൽ മൂന്ന് എണ്ണമാണ് സഖ്യ കക്ഷികൾക്ക് നൽകിയത്. ബിഹാറിലെ ഷോഹർ, കർണാടകയിലെ കോലാർ, ഉത്തർപ്രദേശിലെ ഭാഗ്പത് എന്നീ സീറ്റുകളിലാണ് യഥാക്രമം ജനതാദൾ (യുനൈറ്റഡ്), ജനതാദൾ (സെക്കുലർ), രാഷ്ട്രീയ ലോക്ദൾ സ്ഥാനാർഥികൾ മത്സരിച്ചത്.
ചെറിയ മാർജിനുകളിൽ വിജയിച്ച സ്ഥാനാർഥികൾക്കാണ് മിക്കവാറും സീറ്റുകൾ നിഷേധിച്ചിട്ടുള്ളത്. 50000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ താഴെ വിജയിച്ച 48 % സിറ്റിങ് എംപിമാരെയാണ് ഇത്തരത്തിൽ ഒഴിവാക്കിയിട്ടുള്ളത്. വിജയ സാധ്യത വർധിപ്പിക്കാനായി കൂടുതൽ മത്സര സാധ്യതയുള്ള ,അല്ലെങ്കിൽ അനിശ്ചിതത്വം ഉള്ള സീറ്റുകളിൽ പുതിയ മുഖങ്ങളെ അവതരിപ്പിക്കുകയാണ് ബിജെപി ചെയ്തത്. 2019 ൽ ഒരു ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം നേടിയ മണ്ഡലങ്ങളിലെ എംപിമാരിൽ 61 ശതമാനം പേരും വീണ്ടും മത്സരിക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ തവണത്തെ വിജയ മാർജിൻ മാത്രമല്ല ബിജെപിയുടെ പരിഗണനയിൽ ഉള്ളത്.
50000ത്തിന് മുകളിൽ ഭൂരിപക്ഷം നേടി വിജയിച്ച് 47 ശതമാനം പേർക്ക് ടിക്കറ്റ് നിഷേധിക്കപ്പെട്ടിട്ടുണ്ട്. സ്ഥാനാർഥികളെ സംബന്ധിച്ച മറ്റ് ചില ഘടകങ്ങൾ കൂടി ഇവിടെ ബിജെപി പരിഗണിച്ചിട്ടുണ്ടെന്ന് വ്യക്തം. സ്ഥാനാർഥി പ്രകടനം, പൊതു മധ്യത്തിലുള്ള മതിപ്പ്, പാർട്ടിയിലെ ആന്തരിക ഘടകങ്ങൾ, ഭരണ വിരുദ്ധ വികാരം, ജാതി തുടങ്ങിയവയാണ് ഈ ഘടകങ്ങൾ. ചിലയിടങ്ങളിൽ കുറച്ച് കൂടി സൂക്ഷ്മമാണ് ബിജെപിയുടെ നീക്കം.
2019-ൽ 2,35,000-ൽ പരം ഭൂരിപക്ഷത്തിൽ വിജയിച്ച 112 സ്ഥാനാർഥികൾക്കും ടിക്കറ്റ് നിഷേധിക്കപ്പെട്ടിട്ടുണ്ട്. അതേസമയം വീണ്ടും അവസരം ലഭിച്ച 167 സ്ഥാനാർഥികൾ 2,35,000-ൽ പരം വോട്ടുകൾ നേടി വിജയിച്ചവരാണ്. ഘടകങ്ങൾ പലതും ഇവിടെ ബാധകമാവുന്നില്ല എന്നതും ശ്രദ്ധേയമാണ്. ബിജെപിയുടെ സ്ഥാനാർഥി നിർണയ തന്ത്രങ്ങൾ പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത് എന്നിവിടെ കാണാം.