ബംഗാളിൽ ബിജെപിയുടെ അഭിമാന പോരാട്ടം നടക്കുന്ന മണ്ഡലമാണ് കൃഷ്ണനഗർ. മത്സരിക്കുന്നത് പാർലമെന്റിൽ ബിജെപിയെ വെള്ളംകുടിപ്പിച്ച, തൃണമൂൽ കോൺഗ്രസിന്റെ തീപ്പൊരി നേതാവ് മഹുവ മൊയ്ത്ര.
മഹുവ മൊയ്ത്രയ്ക്ക് ഇത് തന്നെ പാർലമെന്റിൽനിന്ന് പുറത്താക്കിയവർക്കെതിരെയുള്ള വാശിയേറിയ പോരാട്ടമാണ്. ബിജെപിയാകട്ടെ മഹുവയെ എന്തുവിലകൊടുത്തും തോൽപ്പിച്ചെ അടങ്ങൂവെന്ന വാശിയിലും. സംഗതി രണ്ടുമുന്നണികൾ തമ്മിൽ മാത്രമാണ് മത്സരമെന്ന് തോന്നുമെങ്കിലും നഷ്‌ടമായ ചെങ്കോട്ട തിരിച്ചുപിടിക്കാൻ സിപിഎമ്മും രംഗത്തുണ്ട്, അതും കോൺഗ്രസ് പിന്തുണയോടെ. മൂന്ന് മുന്നണികളും കച്ചക്കെട്ടിയിറങ്ങുമ്പോൾ കൃഷ്ണനഗർ മണ്ഡലത്തിന് തീപിടിച്ചിരിക്കുകയാണ്.
സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് സ്ഥാനാർഥികളെയാണ് ഫോണിൽ നേരിട്ട് വിളിച്ച് സംസാരിച്ചത്. അതിലൊരാളാണ് കൃഷ്ണനഗറിലെ ബിജെപി സ്ഥാനാർഥി അമൃത റോയ്.. മണ്ഡലത്തിലെ ആളുകളുടെ രാജമാത... പണ്ട് 1757ൽ നടന്ന പ്ലാസി യുദ്ധത്തിൽ അന്നത്തെ ബംഗാൾ നവാബായിരുന്ന സിറാജ് ഉദ് ദൗലയെ തോൽപ്പിക്കാൻ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വേണ്ടി പണിയെടുത്ത നാട്ടുരാജാവ് കൃഷ്ണ ചന്ദ്ര റോയിയുടെ പിൻത ലമുറക്കാരി. ഇത് വെറുമൊരു അലങ്കാര പട്ടം മാത്രമല്ല, കൃഷ്ണൻനഗറിലെ ബിജെപിയുടെ പ്രധാന പ്രചാരണ ആയുധം കൂടിയാണ്.
കൃഷ്ണ ചന്ദ്ര റോയിയാണ് ബംഗാളിൽ ബ്രിട്ടീഷ് ഭരണത്തിന് വഴിവെട്ടിയതെന്നാണ് തൃണമൂൽ കോൺഗ്രസ് ആരോപണം. പക്ഷെ സംഭവം അങ്ങനെയല്ലെന്നും സിറാജ് ഉദൗലയുടെ മോശം ഭരണം അവസാനിപ്പിച്ച് സനാതന ധർമത്തെ സംരക്ഷിക്കുകയാണ് അദ്ദേഹം ചെയ്തതെന്നുമാണ് അമൃത റോയ് ഉൾപ്പെടെയുള്ള ബിജെപിക്കാർ വാദിക്കുന്നത്.
ബിജെപിക്കിത് അഭിമാന പോരാട്ടമാണ്. അതുകൊണ്ടുതന്നെ സർവ സന്നാഹങ്ങളും രംഗത്തിറക്കിയാണ് ബിജെപിയുടെ പ്രവർത്തനം. മോദിയും അമിത് ഷായും ഉൾപ്പെടെയുള്ള എല്ലാവരും അമൃത റോയിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നു.
മഹുവ മൊയ്ത്രയ്ക്കുള്ള വെല്ലുവിളികൾ
1971 മുതൽ ഇടതിന്റെ ഉറച്ചകോട്ടയായിരുന്ന കൃഷ്ണനഗറിൽ 1999ലാണ് ആദ്യമായി ബിജെപി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. പിന്നീട് പതിയെ ഇടതുപക്ഷം ക്ഷയിച്ചു. കഴിഞ്ഞ തവണ 120,222 വോട്ടുകളായിരുന്നു ആകെ സമ്പാദ്യം. എന്നാൽ 2024 ലേക്ക് വരുമ്പോൾ കാര്യങ്ങൾ വ്യത്യസ്തമാണ്. കോൺഗ്രസുമായി ചേർന്നാണ് ഇടതുപക്ഷം മത്സരിക്കുന്നത്. മുൻ എംഎൽഎ ആയിരുന്ന എസ് എം സാധിയാണ് സ്ഥാനാർഥി.
കൃഷ്ണനഗറിലെ ഏഴിൽ നാല് നിയമസഭാ മണ്ഡലങ്ങളിലും നിർണായക ശക്തിയായ മുസ്ലിം വോട്ടുകൾ ലക്ഷ്യം വച്ചാണ് സിപിഎം എസ് എം സാധിയെ കളത്തിലിറക്കിയിരിക്കുന്നത്. മുസ്ലിം വോട്ടുകളാകട്ടെ തൃണമൂലിന്റെയും പ്രത്യേകിച്ച് മഹുവയെ കഴിഞ്ഞ തവണ പിന്തുണച്ച വോട്ടുകളും. ഈ സാഹചര്യത്തിൽ കൂടുതൽ വോട്ടുകൾ സിപിഎം സ്ഥാനാർഥി നേടുകയാണെങ്കിൽ മഹുവ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാനുള്ള സാധ്യത പോലുമുണ്ട്. ആ പ്രതീക്ഷയിലാണ് ബിജെപിയുമുള്ളത്.
അങ്ങനെ പ്രതിപക്ഷത്തെ ഭിന്നത, മോദിയ്ക്കെതിരായ ഏറ്റവും ശക്തമായ ശബ്ദങ്ങളിലൊന്നായ മോഹുവ മൊയ്ത്രെയെ പരാജയപ്പെടുത്താൻ കാരണമാകുമോ എന്ന ആശങ്കയിലാണ് ജനാധിപത്യ വാദികൾ. അങ്ങനെയെങ്കിൽ അതിൻ്റെ ഉത്തരവാദിത്തത്തിൽനിന്ന് കോൺഗ്രസിനും സിപിഎമ്മിനും അത്ര വേഗം ഒഴിഞ്ഞുമാറാനാകില്ല.