Lok Sabha Election 2024

'അവർ രാമന്റെ പേരിൽ രാജ്യത്തെ വഞ്ചിച്ചു': ആരാണ് അയോധ്യയിൽ ബിജെപിയെ വീഴ്ത്തിയ അവധേഷ് പ്രസാദ് ?

വെബ് ഡെസ്ക്

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ കടുത്ത പ്രഹരങ്ങളാണ് ബിജെപിക്കും പ്രധാനമന്ത്രിക്കും ഏറ്റത്. ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടാനായില്ലെന്ന് മാത്രമല്ല പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തു. കൊട്ടിഘോഷിച്ച് നടത്തിയ പലതും ബിജെപിയെ തിരിച്ചടിച്ചു. ഏറ്റവും പ്രധാനപ്പെട്ടത് രാമക്ഷേത്ര നിർമ്മാണം ഫലം കണ്ടില്ല എന്നുള്ളതാണ്. അയോധ്യ നിലനിന്നിരുന്ന ഫൈസാബാദ് മണ്ഡലത്തിൽ അവധേഷ് പ്രസാദ് എന്ന സമാജ്‌വാദി പാർട്ടി സ്ഥാനാർഥിയോട് ബിജെപി സ്ഥാനാർഥി തോറ്റു. രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന അയോധ്യയിലെ മത്സരം ബിജെപിയുടെ അഭിമാന പോരാട്ടം ആയിരുന്നതിനാൽ അവധേഷിൻറെ ജയം രാജ്യത്തുടനീളം വലിയ ശ്രദ്ധ നേടി. രാമന്റെ പേരിൽ ബിജെപി രാജ്യത്തെ വഞ്ചിച്ചുവെന്നാണ് അവധേഷ് പറയുന്നത്. സമാജ്‌വാദി പാർട്ടിയുടെ ദളിത് മുഖം കൂടിയാണ് അവധേഷ് പ്രസാദ്.

ഒമ്പത് തവണ എംഎൽഎയായ എസ്പി സ്ഥാപക അംഗമാണ് അവധേഷ് പ്രസാദ്. രണ്ട് തവണ എംപിയായ ബിജെപിയുടെ ലല്ലു സിങിനെയാണ് അയോധ്യയിൽ അവധേഷ് പരാജയപ്പെടുത്തിയത്. സംവരണേതര മണ്ഡലത്തിൽ നിന്ന് വിജയിച്ച ഏക ദളിത് നേതാവാണ് പാസി സമുദായത്തിൽ നിന്നുള്ള അവധേഷ്. ഒരു ദളിത് നേതാവായി മാത്രം അറിയപ്പെടാൻ അദ്ദേഹം താല്പര്യപ്പെട്ടിരുന്നില്ല. എല്ലാ വർഗങ്ങളുടെയും സമുദായങ്ങളുടെയും പ്രതിനിധിയാണ് താനെന്നാണ് അദ്ദേഹം സ്വയം കരുതുന്നത്.

'തങ്ങൾ രാമനെ തിരികെ കൊണ്ടുവന്നു' എന്ന കള്ളം ബിജെപി രാജ്യത്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് അവധേഷ് പറയുന്നു. " രാമൻ്റെ പേരിൽ അവർ രാജ്യത്തെ വഞ്ചിച്ചു, രാമൻ്റെ പേരിൽ കച്ചവടം നടത്തി, രാമൻ്റെ പേരിൽ പണപ്പെരുപ്പം ഉയരാൻ അനുവദിച്ചു, രാമൻ്റെ പേരിൽ തൊഴിലില്ലായ്മ സൃഷ്ടിച്ചു, രാമൻ്റെ പേരിൽ പാവങ്ങളെയും കർഷകരെയും പിഴുതെറിഞ്ഞു എന്നതാണ് യാഥാർഥ്യം. രാമൻ്റെ മാനം തകർക്കാൻ ബിജെപി പ്രവർത്തിച്ചു. ജനങ്ങൾ ഇത് മനസിലാക്കിയിട്ടുണ്ട്," അദ്ദേഹം പറയുന്നു.

തൻ്റെ വിജയത്തിൽ ഏറ്റവും വലിയ പങ്ക് എന്താണ് വഹിച്ചതെന്ന് ചോദിച്ചപ്പോൾ ജനങ്ങളുടെ വിശ്വാസം ആണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. “പൊതുജനങ്ങൾ കാര്യങ്ങൾ സ്വന്തം കൈകളിലേക്ക് എടുത്ത തിരഞ്ഞെടുപ്പായിരുന്നു ഇത്. എല്ലാവർക്കും എന്നിൽ വിശ്വാസമുണ്ടായിരുന്നു. അതിനിടയിൽ ജാതി ഉയർന്നുവന്നില്ല. ഭരണഘടന മാറ്റാൻ ബിജെപിക്ക് 400 സീറ്റുകൾ വേണമെന്ന് ലല്ലു സിങ് പറഞ്ഞു. അദ്ദേഹം ഇത് പറയാൻ പാടില്ലായിരുന്നു. ആളുകൾക്ക് ഇത് ഇഷ്ടപ്പെട്ടില്ല. ” അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ആരാണ് അവധേഷ് പ്രസാദ് ?

നിയമബിരുദധാരിയായ അവധേഷ് 21-ാം വയസ്സിലാണ് സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. ചരൺസിംഗിൻ്റെ ഭാരതീയ ക്രാന്തി ദളിൽ ചേർന്ന അദ്ദേഹം 1974-ൽ അയോധ്യ ജില്ലയിലെ സോഹാവലിൽ നിന്ന് തൻ്റെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹം അടിയന്തരാവസ്ഥാ വിരുദ്ധ സംഘർഷ് സമിതിയുടെ ഫൈസാബാദ് ജില്ലാ കോ-കൺവീനറായി പ്രവർത്തിക്കുകയും അറസ്റ്റിലാവുകയും ചെയ്തു. ജയിലിലായിരിക്കെ അദ്ദേഹത്തിന്റെ 'അമ്മ മരിച്ചു. മൃതദേഹം അഞ്ച് ദിവസത്തേക്ക് സൂക്ഷിച്ചുവെങ്കിലും അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ പോലും പരോൾ ലഭിച്ചില്ല.

അടിയന്തരാവസ്ഥയ്ക്ക് ശേഷം അദ്ദേഹം നിയമം ഉപേക്ഷിച്ച് മുഴുവൻ സമയ രാഷ്ട്രീയക്കാരനായി. മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പിതാവ്. 1981ൽ ലോക്‌ദളിൻ്റെയും ജനതാ പാർട്ടിയുടെയും ജനറൽ സെക്രട്ടറിയായിരുന്നു. പാർട്ടി പിളർന്നപ്പോൾ, 1992-ൽ എസ്‌പി രൂപീകരിച്ച മുലായം സിങ് യാദവിന്റെ പക്ഷത്തേക്ക് ചേക്കേറി. പാർട്ടിയുടെ ദേശീയ സെക്രട്ടറിയും കേന്ദ്ര പാർലമെൻ്ററി ബോർഡ് അംഗവുമായി അവിധേഷിനെ നിയമിച്ചു. ഇപ്പോൾ എസ്പിയിലെ ഏറ്റവും ഉയർന്ന ദളിത് നേതാവാണ് അവിധേഷ് പ്രസാദ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും