Lok Sabha Election 2024

ഒമര്‍ അബ്ദുള്ളയെ തോൽപ്പിച്ച, തിഹാർ ജയിൽ തടവുകാരനായ സ്വതന്ത്രൻ; ആരാണ് ഷെയ്ഖ് അബ്ദുൾ റഷീദ് ?

വെബ് ഡെസ്ക്

ജമ്മു കശ്മീരില്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്ക് വെല്ലുവിളിയുയർത്തിയത് സ്വതന്ത്ര സ്ഥാനാർത്ഥി ഷെയ്ഖ് അബ്ദുൾ റഷീദ്. രണ്ടുലക്ഷത്തോളം വോട്ടുകൾക്കാണ് ബാരാമുള്ള ലോക്സഭാ മണ്ഡലത്തിൽ നിലവിൽ ജയിലിൽ കഴിയുന്ന എഞ്ചിനീയർ റഷീദ് എന്നറിയപ്പെടുന്ന ഷെയ്ഖ് അബ്ദുൾ റഷീദ് മുന്നിലെത്തിയത്. പ്രത്യേക പദവിയില്‍ നിന്നും ഒഴിവാക്കിയതിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. തീവ്രവാദ ഫണ്ടിംഗ് കേസിൽ തീഹാർ ജയിലിൽ കഴിയുകയാണ് നിലവിൽ അബ്ദുൾ റഷീദ്.

അവാമി ഇത്തേഹാദ് പാർട്ടിയുടെ തലവനാണ് അബ്ദുൾ റഷീദ്. രണ്ട് തവണ എംഎൽഎ ആയ അദ്ദേഹം ബാരാമുള്ളയിൽ നിന്നുള്ള 22 സ്ഥാനാർഥികളിൽ ഒരാളായിരുന്നു. 2019 ൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തീവ്രവാദ-ധനസഹായ പ്രവർത്തനങ്ങൾ ആരോപിച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം പിടിക്കപ്പെടുന്ന ആദ്യത്തെ മുഖ്യധാരാ നേതാവായിരുന്നു അദ്ദേഹം.

അദ്ദേഹത്തിൻ്റെ രണ്ട് മക്കളായ സർവ്വകലാശാല വിദ്യാർത്ഥി അബ്രാർ റഷീദും അസ്രാർ റാഷിദും ആണ് അദ്ദേഹത്തിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയത്. റാലികളിൽ കണ്ട വൻ ജനക്കൂട്ടം റാഷിദിന് വോട്ടായി മാറുമെന്ന് ഇരുവരും ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന് ജയിൽമോചിതനാകാൻ ഇത് സഹായിക്കുമെന്നും കരുതിയിരുന്നു.

എഞ്ചിനീയർ റാഷി 2008 ലും 2014 ലും ലാംഗേറ്റ് അസംബ്ലി മണ്ഡലത്തിൽ വിജയിക്കുകയും 2019 ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തിരുന്നു. അവാമി ഇത്തേഹാദ് പാർട്ടിയെ നയിക്കുമ്പോഴും അദ്ദേഹം ഈ തിരഞ്ഞെടുപ്പിൽ സ്വാതന്ത്രനായാണ് മത്സരിച്ചത്.

വോട്ടെണ്ണൽ പുരോഗമിക്കുന്നതിടയിൽ തന്നെ നാഷണൽ കോൺഫറൻസ് (എൻസി) വൈസ് പ്രസിഡൻ്റ് ഒമർ അബ്ദുള്ള പരാജയം സമ്മതിച്ച് രംഗത്തെത്തിയിരുന്നു. "അനിവാര്യമായത് അംഗീകരിക്കേണ്ട സമയമാണിതെന്ന് ഞാൻ കരുതുന്നു. വടക്കൻ കശ്മീരിലെ വിജയത്തിന് എഞ്ചിനീയർ റാഷിദിന് അഭിനന്ദനങ്ങൾ," ഒമർ അബ്ദുല്ല എക്‌സ് പോസ്റ്റിൽ പറഞ്ഞു.

വോട്ടർമാർ സംസാരിച്ചിട്ടുണ്ടെന്നും ജനാധിപത്യത്തിൽ അതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. "ഈ വിജയം അദ്ദേഹത്തെ ജയിലിൽ നിന്ന് മോചിതനാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. വടക്കൻ കശ്മീരിലെ ജനങ്ങൾക്ക് അവർക്ക് അവകാശമുള്ള പ്രാതിനിധ്യം ലഭിക്കില്ല, പക്ഷേ വോട്ടർമാർ സംസാരിച്ചു, ജനാധിപത്യത്തിൽ അതാണ് പ്രധാനം," അബ്ദുള്ള പറഞ്ഞു.

അതേസമയം, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി അനന്ത്നാഗ്-രജൗരി ലോക്‌സഭാ മണ്ഡലത്തിൽ നാഷണൽ കോൺഫറൻസ് സ്ഥാനാർത്ഥി മിയാൻ അൽത്താഫിനേക്കാൾ 222,831 വോട്ടുകൾക്ക് പിന്നിലാണ്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം