Lok Sabha Election 2024

കാവിപാരമ്പര്യം തുടരുമോ, അതോ കൈ മുറുകെപ്പിടിക്കുമോ? കന്നഡിഗര്‍ ഇത്തവണ ആര്‍ക്കൊപ്പം?

1998 മുതലിങ്ങോട്ടുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ എല്ലായ്പ്പോഴും ബിജെപിക്കൊപ്പം നിന്ന പാരമ്പര്യമാണ് കന്നഡിഗ വോട്ടര്‍മാര്‍ക്കെന്നു കാണാം

എ പി നദീറ

കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വര്‍ഷം തികയാനിരിക്കെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് എത്തുന്നത്. മേയില്‍ കോണ്‍ഗ്രസിനെ വ്യക്തമായ ഭൂരിപക്ഷം നല്‍കി നിയമസഭയില്‍ ഭരണത്തില്‍ തിരിച്ചെത്തിച്ച കന്നഡിഗ വോട്ടര്‍മാര്‍ക്ക് ഇത്തവണ മനം മാറ്റമുണ്ടാക്കാന്‍ സാധ്യതയുണ്ടോ? കോണ്‍ഗ്രസിന്റെ ഒരു വര്‍ഷത്തെ സംസ്ഥാന ഭരണമാണോ പഴയതുപോലെ മോദി പ്രഭാവമാണോ വോട്ടര്‍മാരെ സ്വാധീനിക്കുക?

കാവിപുതയ്ക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍

ദക്ഷിണേന്ത്യയില്‍ എന്‍ ഡി എ മുന്നണിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന ഏറ്റവും വലിയ സംസ്ഥാനമാണ് കര്‍ണാടക. 1998 മുതലിങ്ങോട്ടുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ എല്ലായ്പ്പോഴും ബിജെപിക്കൊപ്പംനിന്ന പാരമ്പര്യമാണ് കന്നഡിഗ വോട്ടര്‍മാര്‍ക്കെന്നു കാണാം. കേന്ദ്രത്തില്‍ രണ്ടു തവണ യു പി എ സര്‍ക്കാരുണ്ടായിരുന്ന കാലത്തു പോലും ഈ വോട്ടിങ് പാറ്റേണ്‍ കന്നഡിഗര്‍ മാറ്റിപ്പിടിച്ചിട്ടില്ല. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണത്തിലുണ്ടായ സമയത്തും സ്ഥിതി മറിച്ചല്ല.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2013ല്‍ അധികാരത്തില്‍ വന്ന സിദ്ധരാമയ്യ സര്‍ക്കാര്‍ സൗജന്യ അരി വിതരണം പോലുള്ള ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചിട്ടും കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഭരണമാറ്റത്തിനുവേണ്ടിയായിരുന്നു കന്നഡിഗര്‍ വോട്ട് ചെയ്തത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 28 ല്‍ 25 സീറ്റ് നല്‍കി വോട്ടര്‍മാര്‍ മോദിഭരണത്തിന് തുടര്‍ച്ച നല്‍കി അനുഗ്രഹിച്ചു. തൊട്ടു മുന്‍വര്‍ഷം കര്‍ണാടകയില്‍ അധികാരം പിടിച്ച കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യസര്‍ക്കാരിനെ ഓപ്പറേഷന്‍ കമല (ഓപ്പറേഷന്‍ ലോട്ടസ്)യിലൂടെ മറിച്ചിട്ട് രാഷ്ട്രീയ അധാര്‍മികത കാണിച്ച ബിജെപിയോട് ഒരുനീരസവും കന്നഡിഗര്‍ പ്രകടിപ്പിച്ചില്ല.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഒരു ചടങ്ങിനിടെ.

മോദിയുടെ ഗ്യാരന്റിക്കു പകരം കോണ്‍ഗ്രസിന്റെ അഞ്ചിന ഗ്യാരന്റി

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കന്നഡിഗരുടെ വോട്ടിങ് രീതിക്കു ഇത്തവണ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസ് ഗോദയിലേക്കിറങ്ങുന്നത്. സിദ്ധരാമയ്യ സര്‍ക്കാര്‍ കാലവിളംബമില്ലാതെ നടപ്പിലാക്കിയ അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ട്.

വീട്ടമ്മമാര്‍ക്ക് 2000 രൂപ പ്രതിമാസം നല്‍കുന്ന ഗൃഹലക്ഷ്മി പദ്ധതി, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ ബസ് യാത്ര ഉറപ്പാക്കുന്ന ശക്തി പദ്ധതി, 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുന്ന ഗൃഹജ്യോതി പദ്ധതി, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ക്ക് പ്രതിമാസം 10 കിലോഗ്രാം അരി നല്‍കുന്ന അന്നഭാഗ്യ പദ്ധതി, ഡിപ്ലോമ - ബിരുദധാരികള്‍ക്ക് തൊഴില്‍ കണ്ടെത്തും വരെ 4500 രൂപയുടെ സാമ്പത്തിക സഹായം നല്‍കുന്ന യുവനിധി പദ്ധതി എന്നിവയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍.

പദ്ധതിയുടെ ഗുണഭോക്താക്കള്‍ നേരിട്ടുവന്ന് അനുഭവം വിവരിക്കുന്ന പരിപാടികള്‍ സംസ്ഥാനത്തുടനീളം സംഘടിപ്പിച്ചാണ് മറുഭാഗം ചായാതെ വോട്ടര്‍മാരെ കെപിസിസി പിടിച്ചുനിര്‍ത്തുന്നത്.

'ഹിന്ദുത്വ വിരുദ്ധര്‍' ചാപ്പ കോണ്‍ഗ്രസിന് വെല്ലുവിളി

നിയമസഭാ തിരഞ്ഞെടുപ്പില്‍ പയറ്റിയ 'ഹിന്ദുത്വ' നന്നായി മൂര്‍ച്ച കൂട്ടി ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പ്രയോഗിക്കാനാണ് ബിജെപിയുടെ നീക്കം. രാമക്ഷേത്രം, ഹനുമാന്‍ ധ്വജ, ഹിജാബ്, ടിപ്പു സുല്‍ത്താന്‍, വി ഡി സവര്‍ക്കര്‍, ഹിന്ദു ആരാധനാലയ ധനവിനിയോഗ ഭേദഗതി നിയമം, നിയമസഭയിലെ പാക് അനുകൂല മുദ്രാവാക്യം, ജാതി സെന്‍സസ് റിപ്പോര്‍ട്ട് തുടങ്ങിയവയെല്ലാം ബിജെപി യുടെ ആവനാഴിയിലെ അസ്ത്രങ്ങളാണ്. രാമനും രാമക്ഷേത്രത്തിനും ഹിന്ദുമത വിശ്വാസികള്‍ക്കുമെതിരാണ് കോണ്‍ഗ്രസെന്ന നരേറ്റീവില്‍ പിടിച്ചാണ് കര്‍ണാടകരാഷ്ട്രീയത്തെ ബിജെപി മുന്നോട്ടുകൊണ്ടുപോകുന്നത്.

ബിജെപി കുഴിക്കുന്ന 'ഹിന്ദുത്വ' കുഴികളിലൊന്നും വീഴാതെ സൂക്ഷിച്ചും കണ്ടുമാണ് കോണ്‍ഗ്രസ് നീങ്ങുന്നത്. രാമനോ രാമക്ഷേത്രത്തിനോ എതിരല്ലെന്ന് തെളിയിക്കാന്‍ നാസ്തികനായ മുഖ്യമന്ത്രി സിദ്ധരാമയ്യ വരെ സ്വയം രാമനായി വേഷം കെട്ടുന്നുണ്ട്.
പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്ന സിദ്ധരാമയ്യയും ഡികെ ശിവകുമാറും

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദുത്വവാദത്തിനു പ്രഹരമേറ്റെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് വര്‍ക്ക് ഔട്ട് ആകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. അതുകൊണ്ടു തന്നെ ബിജെപി കുഴിക്കുന്ന 'ഹിന്ദുത്വ' കുഴികളിലൊന്നും വീഴാതെ സൂക്ഷിച്ചും കണ്ടുമാണ് കോണ്‍ഗ്രസ് നീങ്ങുന്നത്. രാമനോ രാമക്ഷേത്രത്തിനോ എതിരല്ലെന്ന് തെളിയിക്കാന്‍ നാസ്തികനായ മുഖ്യമന്ത്രി സിദ്ധരാമയ്യ വരെ സ്വയം രാമനായി വേഷം കെട്ടുന്നുണ്ട്.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കു പോകേണ്ടതില്ലെന്ന രാഷ്ട്രീയതീരുമാനം ഹൈക്കമാന്‍ഡ് എടുത്തപ്പോഴും കര്‍ണാടകയില്‍ ഹിന്ദുമത വിശ്വാസികള്‍ക്കൊപ്പം നിലകൊണ്ട് പൂജയും വഴിപാടും നടത്താന്‍ കോണ്‍ഗ്രസ് മിനക്കെട്ടിറങ്ങിയതും ബിജെപിയെ പ്രതിരോധിക്കാനാണ്. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബജ്രങ് ബലി വിഷയം ബിജെപി രാഷ്ട്രീയ ആയുധമാക്കിയപ്പോള്‍ സ്വീകരിച്ച അതേ തന്ത്രമാണ് കോണ്‍ഗ്രസ് ഈ വിഷയത്തിലും പയറ്റിയത്.

എച്ച് ഡി കുമാരസ്വാമിയും ബി വൈ വിജയേന്ദ്രയും മറ്റ് എന്‍ഡിഎ നേതാക്കള്‍ക്കൊപ്പം

20 സീറ്റ് ഉറപ്പിച്ച് എന്‍ ഡി എ യും കോണ്‍ഗ്രസും

28 മണ്ഡലങ്ങളില്‍ 18-20 എണ്ണം ഉറപ്പെന്ന് അവകാശപ്പെട്ടാണ് ബിജെപി- ജെഡിഎസ് സഖ്യവും കോണ്‍ഗ്രസും പോര്‍ക്കളത്തിലിറങ്ങുന്നത്. ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനം സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും കുരുങ്ങിക്കിടപ്പാണ്. മൂന്നു മണ്ഡലം മാത്രം ജെഡിഎസിന് നല്‍കി 25 ഇടത്ത് മത്സരിക്കാനാണ് ബിജെപി ശ്രമം. അഞ്ച് സീറ്റ് ചോദിച്ച് പിന്നാലെ നടപ്പാണ് ജെഡിഎസ്. എന്നാല്‍ രണ്ടെണ്ണം മാത്രം നല്‍കി ജെഡിഎസിനെ ഒതുക്കാനാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ ശ്രമം. ജെഡിഎസ് കടുംപിടുത്തം തുടര്‍ന്നാല്‍ അത് മൂന്നിലേക്ക് നീളും.

ജെഡിഎസ് അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമി

വിജയസാധ്യതയില്ലാത്ത സിറ്റിങ് എം പി മാരെ ഒരു ദയയും കാട്ടാതെ മാറ്റിനിര്‍ത്തിയാണ് ബിജെപിയുടെ സ്ഥാനാര്‍ഥിനിര്‍ണയം. മത്സരം കടുക്കുമെന്നുറപ്പായതോടെ മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉള്‍പ്പടെയുള്ള സിറ്റിങ് എം എല്‍ എമാരെ സ്ഥാനാര്‍ഥികളാക്കാന്‍ ആലോചിക്കുന്നുണ്ട്. പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ യെദ്യുരപ്പയുടെ മകന്റെ കൈകളില്‍ എത്തിയശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.

പരമാവധി സീറ്റുകള്‍ ഒപ്പിച്ചെടുത്തില്ലെങ്കില്‍ ബി വൈ വിജയേന്ദ്രയുടെ അധ്യക്ഷപദവി ചോദ്യ ചിഹ്നമാകും. ഉള്‍പാര്‍ട്ടി പോരില്‍ ആടിയുലഞ്ഞാലും മോദിപ്രഭാവത്തില്‍ കപ്പല്‍ കരക്കയ്ടുപ്പിക്കാമെന്നാണ് ബിജെപി ദേശീയനേതൃത്വം കണക്കുകൂട്ടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് 15നു തുടക്കമാകും.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി വൈ വിജയേന്ദ്ര

കോണ്‍ഗ്രസിനാവട്ടെ മത്സരിക്കാന്‍ സ്ഥാനാര്‍ഥികളെ കിട്ടാത്ത അവസ്ഥയാണ്. ജയസാധ്യതയുള്ളവരെല്ലാം നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് എം എല്‍ എ മാരും മന്ത്രിമാരുമായിക്കഴിഞ്ഞു. ഏഴെട്ടു മന്ത്രിമാരെങ്കിലും സ്ഥാനാര്‍ഥി കുപ്പായമിടേണ്ട സാഹചര്യമാണുള്ളത്. കേന്ദ്രഭരണം കിട്ടുമെന്നുറപ്പില്ലാത്തതിനാല്‍ സ്ഥാനാര്‍ഥി കുപ്പായത്തില്‍ കയറാന്‍ മിക്കവരും താല്പര്യം പ്രകടിപ്പിക്കുന്നില്ല. എം പി മാത്രമായി ഇരിക്കുന്നതിലും നല്ലത് സംസ്ഥാനത്ത് അധികാരമുള്ള പാര്‍ട്ടിയുടെ മന്ത്രിയാകുന്നതാണെന്നു വിലയിരുത്തുകയാണ് പ്രമുഖ നേതാക്കള്‍. എന്തായാലും ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മന്ത്രിക്കുപ്പായം ഊരുകയല്ലാതെ നിവൃത്തിയില്ല നേതാക്കള്‍ക്ക്. സ്ഥാനാര്‍ഥി ക്ഷാമം അത്രയ്ക്കും രൂക്ഷമാണ്.

കോണ്‍ഗ്രസിനാവട്ടെ മത്സരിക്കാന്‍ സ്ഥാനാര്‍ഥികളെ കിട്ടാത്ത അവസ്ഥയാണ്. കേന്ദ്രഭരണം കിട്ടുമെന്നുറപ്പില്ലാത്തതിനാല്‍, എം പി മാത്രമായി ഇരിക്കുന്നതിലും നല്ലത് സംസ്ഥാനത്ത് അധികാരമുള്ള പാര്‍ട്ടിയുടെ മന്ത്രിയാകുന്നതാണെന്നു വിലയിരുത്തുകയാണ് പ്രമുഖ നേതാക്കള്‍

ലിംഗായത്തുകള്‍ ഇത്തവണ എങ്ങോട്ട്?

കര്‍ണാടകയിലെ പ്രബല സമുദായമായ ലിംഗായത്തുകള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ നിലപാട് തിരുത്തി വീണ്ടും ബിജെപിക്കൊപ്പം നില്‍ക്കുമോയെന്നതാണ് ഏവരും ഉറ്റു നോക്കുന്നത്. മുതിര്‍ന്ന നേതാവ് ജഗദീഷ് ഷെട്ടാറിന്റെ ഘര്‍ വാപ്‌സിയാണ് ഇതിനാധാരം. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ഷെട്ടാര്‍ രണ്ടു മാസം മുന്‍പായിരുന്നു മാതൃസംഘടനയില്‍ തിരിച്ചെത്തിയത്.

ബിജെപിയില്‍ തിരിച്ചെത്തിയ ജഗദീഷ് ഷെട്ടാറിനെ(ഇടത്) സ്വീകരിക്കുന്ന ബിഎസ് യെദ്യൂരപ്പ.
ഷെട്ടാറിന്റെ മടങ്ങിവരവ് ലിംഗായത് വോട്ടു ബാങ്ക് തിരികെയെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

ലിംഗായത് സമുദായക്കാരെ തഴയുന്നുന്നൊരോപിച്ചു ഷെട്ടാറും ലക്ഷ്മണ്‍ സവദിയും പാര്‍ട്ടി വിട്ടതോടെ ചില്ലറ ക്ഷീണമൊന്നുമല്ല ബിജെപിക്കുണ്ടായത്. ബിജെപിയുടെ കാവി കൊട്ടകളെല്ലാം തകര്‍ത്ത് കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ചതായിരുന്നു ബാക്കി പത്രം.

ഷെട്ടാറിന്റെ മടങ്ങിവരവ് ലിംഗായത് വോട്ടു ബാങ്ക് തിരികെയെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ലിംഗായത്തുകളുടെയും വൊക്കലിഗരുടെയും എതിര്‍പ്പ് മറികടന്ന് സിദ്ധരാമയ്യ സര്‍ക്കാര്‍ ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഒരുങ്ങുന്നത് രാഷ്ട്രീയ ആയുധമാക്കി ഇരു വോട്ട് ബാങ്കുകളിലും വിള്ളല്‍ വീഴ്ത്തി നേട്ടം കൊയ്യാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍