Lok Sabha Election 2024

മത്സരിച്ചത് 17 വനിതകൾ, വിജയിച്ചത് ഏഴ് പേർ; 18-ാം ലോക്‌സഭയുടെ ഭാഗമാകാൻ തയാറെടുത്ത് മഹാരാഷ്ട്രയിലെ വനിതാ എംപിമാർ

വെബ് ഡെസ്ക്

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ വിവിധ രാഷ്ട്രീയ പാർട്ടികൾക്കുവേണ്ടി തിരഞ്ഞെടുപ്പ് കളത്തിൽ ഇറങ്ങിയ 17 വനിതാ സ്ഥാനാർഥികൾ. ഇവരിൽ ജയിച്ചത് ഏഴ് പേർ. കോണ്‍ഗ്രസ്‌-നാല്, ബിജെപി- രണ്ട്, എൻസിപി (ശരദ് പവാർ വിഭാഗം)-ഒന്ന് എന്നിങ്ങനെയാണ് വിജയിച്ച വനിത സ്ഥാനാർഥികളടെ എണ്ണം.

18-ാം ലോക്‌സഭയുടെ ഭാഗമാകാൻ തയാറെടുക്കുന്ന മഹാരാഷ്ട്രയിലെ വനിതാ എംപിമാർ ഇവരാണ്:

സുപ്രിയ സുലെ: മുതിർന്ന രാഷ്ട്രീയനേതാവും എൻസിപി അധ്യക്ഷനുമായ ശരദ് പവാറിൻ്റെ മകളാണ് സുപ്രിയ സുലെ. സുപ്രിയ ബാരാമതി സീറ്റിൽ തുടർച്ചയായി നാലാം തവണയും വിജയിക്കുകയും സുനേത്ര പവാറിനെ പരാജയപ്പെടുത്തുകയും ചെയ്തു. എൻസിപിയിൽനിന്നു പിളർന്നുപോയ വിഭാഗത്തിന്റെ നേതാവും ശരദ് പവാറിന്റെ മരുമകനുമായ അജിത് പവാറിൻ്റെ ഭാര്യയായ സുനേത്രയെ 1,58,333 വോട്ടിനാണ് സുപ്രിയ പരാജയപ്പെടുത്തിയത്. ആദ്യമായാണ് പവാർ കുടുംബത്തിലെ രണ്ട് അംഗങ്ങൾ സ്വന്തം തട്ടകത്തിൽ പരസ്പരം മത്സരിക്കുന്നത്.

സ്മിത വാഗ്: ജൽഗാവ് നിയോജക മണ്ഡലത്തിൽ ബിജെപി ആധിപത്യം നിലനിർത്തിക്കൊണ്ടാണ് സ്മിത വിജയിച്ചത്. ഉദ്ധവ് താക്കറെ വിഭാഗം ശിവസേന(യുബിടി)യുടെ കരൺ ബാലാസാഹേബ് പാട്ടീൽ-പവാർക്കെതിരെ സ്മിത വാഗ് 2,51,594 വോട്ടിനാണ് വിജയിച്ചത്. 1999 മുതൽ ഈ സീറ്റ് ബിജെപിയുടെ ശക്തികേന്ദ്രമാണ്.

രക്ഷാ ഖഡ്‌സെ: മുതിർന്ന രാഷ്ട്രീയ പ്രവർത്തകനായ ഏക്‌നാഥ് ഖഡ്‌സെയുടെ മരുമകളും ബിജെപി നേതാവുമായ രക്ഷ ഖഡ്‌സെ റേവർ സീറ്റിൽനിന്നാണ് ഹാട്രിക് വിജയം നേടിയത്. എൻസിപി (ശരദ് പവാർ)യുടെ ശ്രീറാം ദയാറാം പാട്ടീലിനെ 2,72,183 വോട്ടിനാണ് രക്ഷ പരാജയപ്പെടുത്തിയത്. അന്തരിച്ച നിഖിൽ ഖഡ്‌സെയുടെ ഭാര്യയായ രക്ഷ 2014-ൽ ബിജെപി ടിക്കറ്റിലാണ് മണ്ഡലത്തിൽ ആദ്യമായി മത്സരിച്ചത്.

പ്രണിതി ഷിൻഡെ: മുൻ കേന്ദ്രമന്ത്രി സുശീൽകുമാർ ഷിൻഡെയുടെ മകളും സോലാപൂർ സിറ്റി നിയമസഭാ മണ്ഡലത്തിൽനിന്നുള്ള കോണ്‍ഗ്രസ്‌ എംഎൽഎയുമാണ് പ്രണിതി. 2024ലെ തിരഞ്ഞെടുപ്പിൽ സോലാപൂർ ലോക്‌സഭാ സീറ്റിൽ നിന്ന് 74,197 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് അവർ ബിജെപി എംഎൽഎ രാം സത്പുതെയെ പരാജയപ്പെടുത്തിയത്.

വർഷ ഗെയ്‌ക്‌വാദ്: കോൺഗ്രസ് മുംബൈ യൂണിറ്റ് പ്രസിഡൻ്റ് വർഷ ഗെയ്‌ക്‌വാദ് പ്രമുഖ അഭിഭാഷകനും ബിജെപി സ്ഥാനാർത്ഥിയുമായ ഉജ്വൽ നികത്തിനെതിരെ മുംബൈ നോർത്ത് സെൻട്രൽ പാർലമെൻ്റ് മണ്ഡലത്തിൽ നിന്ന് 16,514 വോട്ടിനാണ് വിജയിച്ചത്. ധാരാവിയിൽനിന്നുള്ള എംഎൽഎയാണ് വർഷ.

പ്രതിഭ ധനോർക്കർ: വറോറയിൽനിന്നുള്ള സിറ്റിങ് കോൺഗ്രസ് എംഎൽഎയാണ് പ്രതിഭ. ചന്ദ്രപൂർ സീറ്റിൽനിന്നാണ് പ്രതിഭ വിജയിച്ചത്. 2019 മുതൽ 2023-ൽ മരിക്കുന്നതുവരെ ഭർത്താവ് സുരേഷ് ധനോർക്കർ ഈ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. സംസ്ഥാന വനം മന്ത്രി സുധീർ മുൻഗന്തിവാറിനെ 2,60,406 വോട്ടിനാണ് പ്രതിഭ പരാജയപ്പെടുത്തിയത്.

ശോഭ ദിനേശ് ബച്ചാവ്: കോൺഗ്രസിൻ്റെ ശോഭാ ബച്ചാവ് വടക്കൻ മഹാരാഷ്ട്രയിലെ ധൂലെ പാർലമെൻ്റ് സീറ്റിൽനിന്ന് രണ്ട് തവണ എംപിയായ സുഭാഷ് ഭാംരെയെയാണ് പരാജയപ്പെടുത്തിയത്. 3,831 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ശോഭയുടെ വിജയം. 2009 മുതൽ ബിജെപിയുടെ കൈവശമായിരുന്നു ഈ സീറ്റ്.

മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ മണ്ഡലങ്ങളിൽ 13 എണ്ണം കോൺഗ്രസും സഖ്യകക്ഷികളായ ശിവസേന (യുബിടി) ഒൻപത് സീറ്റിലും എൻസിപി (ശരദ് പവാർ) എട്ട് സീറ്റിലും വിജയിച്ചു.

ബിജെപി ഒൻപത് സീറ്റിലും ഏക്‌നാഥ് ഷിൻഡെ നേതൃത്വം നൽകുന്ന ശിവസേന ഏഴ് സീറ്റിലും അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപി ഒരു സീറ്റിലും വിജയം കണ്ടു. ഒരു സ്വതന്ത്ര സ്ഥാനാർഥി വിജയിച്ചു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും