NEWS

ബിജെപിയുടെ തെലങ്കാനയിലെ 'പവര്‍ സ്റ്റാര്‍' പ്രതീക്ഷകള്‍; പവന്‍ കല്യാണ്‍ ഇത്തവണയെങ്കിലും 'രക്ഷപ്പെടുമോ?'

സിനിമയിലുള്ള 'പവര്‍' പവന്‍ കല്യാണിന് രാഷ്ട്രീയ ജീവിതത്തില്‍ കിട്ടിയില്ല

വിഷ്‌ണു എസ് വിജയൻ

തെലുങ്ക് സിനിമയിലെ പവര്‍ സ്റ്റാര്‍ ആണ് പവന്‍ കല്യാണ്‍. രണ്ട് തെലുങ്ക് സംസ്ഥാനങ്ങളിലും വലിയ ആരാധകവൃന്ദമുള്ള നടന്‍. പക്ഷേ, സിനിമയിലുള്ള 'പവര്‍' പവന്‍ കല്യാണിന് രാഷ്ട്രീയ ജീവിതത്തില്‍ കിട്ടിയില്ല. തെലങ്കാന നിയമസഭ തിരഞ്ഞടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയാണ് പവന്‍ കല്യാണിന്റെ പുതിയ ഭാഗ്യ പരീക്ഷണം. എട്ടു സീറ്റുകളാണ് ബിജെപി പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിക്ക് വേണ്ടി മാറ്റിവച്ചിരിക്കുന്നത്.

ഒരൊറ്റ എംഎല്‍എ മാത്രമുള്ള തെലങ്കാനയില്‍ ഇരട്ടയക്കം കടക്കാന്‍, പവന്‍ കല്യാണിന്റെ 'ഫാന്‍ ബേസ്' സഹായിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. തെലങ്കാനയില്‍ ബിജെപിക്കൊപ്പം കൈകോര്‍ത്ത പവന്‍ കല്യാണ്‍, ആന്ധ്രാപ്രദേശില്‍ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാര്‍ട്ടിക്കൊപ്പമാണ് ലോക്സഭ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കിയിരിക്കുന്നത്. രണ്ടു വള്ളത്തില്‍ കാലുചവിട്ടിയുള്ള പവര്‍ സ്റ്റാറിന്റെ യാത്ര, ബിജെപി പ്രാദേശിക നേതൃത്വത്തിന് അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും തല്‍ക്കാലം അത് വിഷയമാക്കേണ്ട എന്നാണ് ബിജെപി നിലപാട്.

'പവറില്ലാത്ത' രാഷ്ട്രീയ നീക്കങ്ങള്‍

തെലങ്കാന സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യമായാണ് ജനസേന പാര്‍ട്ടി ഒരു തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്. ആന്ധ്രയില്‍ നേരിട്ട തിരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാന്‍ ജനസേന പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നില്ല. ചുവന്ന നക്ഷത്രം പാര്‍ട്ടി ചിഹ്നമാക്കിയും ചെ ഗുവേര അടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും രാഷ്ട്രീയ യാത്ര ആരംഭിച്ച ജെഎസ്പി, പിന്നീട് ചെന്നെത്തിയത് ബിജെപി പാളയത്തിലാണ്.

സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലിറങ്ങി തെലുങ്കുദേശം പാര്‍ട്ടി സ്ഥാപിച്ച് മൂന്നുവതണ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ എന്‍ടി രാമറാവുവിനെയും പ്രജാ രാജ്യം പാര്‍ട്ടി സ്ഥാപിച്ച് രാഷ്ട്രീയ പരീക്ഷണം നടത്തിയ സഹോദരന്‍ കൂടിയായ ചിരഞ്ജീവിയെയും റോള്‍ മോഡലുകള്‍ ആക്കിയായിരുന്നു 2014ല്‍ പവന്‍ കല്യാണിന്റെ രാഷ്ട്രീയ പ്രവേശനം. 2014 മാര്‍ച്ച് പതിനാലിന് ഹൈദരബാദ് കണ്ട ഏറ്റവും വലിയ റാലികളില്‍ ഒന്നോടെ പവന്‍ കല്യാണ്‍ രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവച്ചു. അഴിമതി രഹിത ആന്ധ്രാപ്രദേശ് എന്നായിരുന്നു പാര്‍ട്ടിയുടെ പ്രധാന മുദ്രാവാക്യം.

ശ്രീകാകുളത്തെ വൃക്ക രോഗവും പവന്‍ കല്യാണും

ശ്രീകാകുളം ജില്ലയിലെ ഉദ്ദാനം മേഖലയില്‍ വ്യാപകമായി കണ്ടുവന്ന വൃക്കരോഗത്തിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്തണം എന്നാവശ്യപ്പട്ട് നടത്തിയ പ്രക്ഷോഭമാണ് ജനസേന പാര്‍ട്ടിയുടെ ആദ്യകാല പ്രധാന സമരങ്ങളിലൊന്ന്. ഈ വിഷയത്തില്‍ അന്താരാഷ്ട്ര ശ്രദ്ധ ക്ഷണിച്ചുവരുത്തുന്നതിലേക്ക് പവന്‍ കല്യാണിന്റെ പ്രവര്‍ത്തനങ്ങള്‍ മാറി. 2015ല്‍ 34,000 കേസുകളാണ് ഈ മേഖലയില്‍ രജിസ്റ്റര്‍ ചെയ്തത്. 1990 മുതല്‍ 4,500പേരെങ്കിലും വൃക്കരോഗം പിടിപെട്ട് ഈ മേഖലയില്‍ മരിച്ചെന്നാണ് കണക്ക്. അന്താരാഷ്ട്ര വിദഗ്ധരെ വിശാഖപട്ടണത്ത് എത്തിച്ച് ക്യാമ്പ് സംഘടിപ്പിച്ചായിരുന്നു പവന്‍ കല്യാണ്‍ വിഷയത്തില്‍ ഇടപെട്ടത്. ജനസേന പാര്‍ട്ടിയുടെ ഇടപെടലിന്റെ ഭാഗമായി പിന്നീട്, ഈ മേഖലയില്‍ ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ ഡയാലിസിസ് സെന്ററുകള്‍ തുറന്നു. ഇത്തരം ജനകീയ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയ പവന്‍ കല്യാണിന് പക്ഷേ, പിന്നീടുള്ള വര്‍ഷങ്ങളില്‍ തന്റെ രാഷ്ട്രീയ ഗ്രാഫ് മുകളിലേക്ക് ഉയര്‍ത്താന്‍ സാധിച്ചില്ല.

ഇടതിനും വലതിനുമിടയിലെ 'പവര്‍ തേടല്‍'

2014ല്‍ ബിജെപിക്കും ടിഡിപിക്കും ഒപ്പമായിരുന്നു ജനസേന പാര്‍ട്ടി. നരേന്ദ്ര മോദിക്കും ചന്ദ്രബാബു നായിഡുവിനും വേണ്ടി ആന്ധ്രയിലും കര്‍ണാടകയിലും പവന്‍ കല്യാണ്‍ താര പ്രചാരകനായി. 2019 ആന്ധ്രാ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി ബന്ധം ഉപേക്ഷിച്ച് ഇടതുപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി. സിപിഐ, സിപിഎം, ബിഎസ്പി എന്നിവരായിരുന്നു സഖ്യത്തിലെ പ്രധാന പാര്‍ട്ടികള്‍. ഗജുവാക്കയില്‍ നിന്നും ഭീമവാരത്തുനിന്നും ജനവിധി തേടിയ പവന്‍ കല്യാണ്‍ രണ്ടു മണ്ഡലങ്ങളിലും പരാജയപ്പെട്ടു. ഒരൊറ്റ സീറ്റ് മാത്രമാണ് ജെഎസ്പിക്ക് ലഭിച്ചത്. ഇടത് പാര്‍ട്ടികള്‍ ഒരിടത്തും ജയിച്ചില്ല. ആറു ശതമാനമായിരുന്നു ജെഎസ്പിക്ക് ലഭിച്ച വോട്ട് വിഹിതം.

ബിജെപിയുടെ ലക്ഷ്യങ്ങള്‍

2023ല്‍ തിരിച്ചുവരവിനുള്ള ശ്രമങ്ങളുമായി പവന്‍ കല്യാണ്‍ വീണ്ടും രഗത്തെത്തി. ജഗന്‍ മോഹന്‍ റെഡ്ഡിക്ക് എതിരെ വരാഹി യാത്ര എന്ന പേരില്‍ സംസ്ഥാന വ്യാപക യാത്രയുമായി ആയിരുന്നു പവന്‍ കല്യാണിന്റെ തിരിച്ചുവരവ്. ഇത്തവണ ബിജെപിക്കൊപ്പം ചേര്‍ന്നാണ് തെലങ്കാനയില്‍ പവന്‍ കല്യാണിന്റെ പരീക്ഷണം. ഒരൊറ്റ എംഎല്‍എ മാത്രമാണ് നിലവിലുള്ളതെങ്കിലും, ദക്ഷിണേന്ത്യയില്‍ കര്‍ണാടക കഴിഞ്ഞാല്‍ ബിജെപി ഏറ്റവും കൂടുതല്‍ ലക്ഷ്യം വയ്ക്കുന്ന സംസ്ഥാനമാണ് തെലങ്കാന. വിശാലമായ പദ്ധതികളാണ് തെലങ്കാന പിടിക്കാന്‍ ബിജെപി ആവിഷ്‌കരിക്കുന്നത്. ഹിന്ദു ഐക്യം ഉയര്‍ത്തിപ്പിടിച്ച് ഒരുവശത്ത് പ്രചാരണം ശക്തമാക്കുമ്പോള്‍, പവന്‍ കല്യാണിനേയും അല്ലു അര്‍ജുനേയും പോലുള്ള താരങ്ങളെ കൂടെനിര്‍ത്തി ആള്‍ക്കൂട്ടം വോട്ടാക്കി മാറ്റാനുള്ള നീക്കവും മറുവശത്ത് സജീവമാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പവന്‍ കല്യാണ്‍

ജന സേന പാര്‍ട്ടിക്ക് നല്‍കിയിരിക്കുന്ന എട്ടു സീറ്റുകളില്‍ അഞ്ചിടത്ത്, ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നാണ് എന്‍ഡിഎ വിലയിരുത്തല്‍. ജന സേനയ്ക്ക് തെലങ്കാനയില്‍ വലിയ വേരോട്ടമില്ലെങ്കിലും പവന്‍ കല്യാണിന് വലിയ ആരാധകവൃന്ദമുണ്ട്. യുവാക്കള്‍ക്കിടയില്‍ അദ്ദേഹത്തിനുള്ള സ്വാധീനം വോട്ടാക്കി മാറ്റാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. സഹോദരനും തെലുങ്കു സിനിമയിലെ സൂപ്പര്‍ സ്റ്റാറുമായ ചിരഞ്ജീവി 2009ല്‍ 18 ശതമാനം വോട്ട് നേടിയത് സിനിമാ താരം മാത്രമെന്ന നിലയിലല്ല, പിന്നാക്ക വിഭാഗമായ കപ്പു വിഭാഗത്തിന്റെ പിന്തുണകൂടി കൊണ്ടായിരുന്നു. ഈ സമവാക്യം വീണ്ടും ആവര്‍ത്തിക്കാന്‍ സാധിച്ചാല്‍ തങ്ങള്‍ക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. ഇതുകൂടി മുന്നില്‍ കണ്ടാണ്, നരേന്ദ്ര മോദിയും പവന്‍ കല്യാണും പങ്കെടുത്ത വേദിയില്‍ അമിത് ഷാ ആ പ്രഖ്യാപനം നടത്തിയത്; 'തെലങ്കാനയില്‍ ഒരു പിന്നാക്ക വിഭാഗക്കാരനായ മുഖ്യമന്ത്രിയുണ്ടാകും'.

ടിഡിപി വോട്ടുകള്‍ ബിജെപി പെട്ടിയിലാകുമോ?

2018ല്‍ എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചതിന് ശേഷം, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവുമായി ബിജെപിക്ക് നല്ല ബന്ധമല്ല. എന്‍ഡിഎയിലേക്ക് തിരിച്ചു വരുന്നതിന്റെ ഭാഗമായി ചന്ദ്രബാബു നായിഡു ഡല്‍ഹിയിലെത്തി അമിത് ഷായെ കണ്ടെങ്കിലും സംസ്ഥാന നേതൃത്വം ചന്ദ്രബാബു നായിഡുവിനോട് സഹകരിക്കുന്നതില്‍ വിമുഖത പ്രകടപിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യം മുതലെടുക്കാന്‍ പവന്‍ കല്യാണ്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. തെലങ്കാനയില്‍ ജനസേന പാര്‍ട്ടി എന്‍ഡിഎയ്ക്ക് ഒപ്പമാണെന്നും ആന്ധ്രയില്‍ ജനസേനയും ടിഡിപിയും ബിജെപിയും ചേര്‍ന്ന് ജഗന്‍ മോഹന്‍ റെഡ്ഡിയെ താഴെയിറക്കുമെന്നും പ്രഖ്യാപിച്ചു പവന്‍ കല്യാണ്‍. ആന്ധ്രയില്‍ ടിഡിപിക്കും ബിജെപിക്കുമിടയില്‍ പാലമായി നിന്ന് നിര്‍ണായക ശക്തിയായി വളരാനുള്ള നീക്കമാണ് നടത്തുന്നത്. പവന്‍ കല്യാണിന്റെ ഈ നീക്കം തങ്ങള്‍ക്ക് തെലങ്കാനയില്‍ ഗുണമാകുമെന്ന് ബിജെപി കണക്കൂകൂട്ടുന്നുണ്ട്. തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറിനില്‍ക്കുന്ന ടിഡിപിക്ക് ഹൈദരബാദ് അടക്കമുള്ള മേഖലകളില്‍ സ്വാധീനമുണ്ട്. ഈ വോട്ടുകള്‍ പവന്‍ കല്യാണ്‍ വഴി തങ്ങളുടെ പെട്ടിയില്‍ വീഴുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു.

അഴിമതി കേസില്‍ ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചപ്പോള്‍, പ്രതിഷേധവുമായി ആദ്യം എത്തിയ നേതാക്കളുടെ കൂട്ടത്തില്‍ പവന്‍ കല്യാണുമുണ്ടായിരുന്നു. പ്രതിഷേധിക്കാനെത്തിയപ്പോള്‍, പോലീസ് വാഹനവ്യൂഹം തടഞ്ഞതിന് പിന്നാലെ, റോഡില്‍ കിടന്നായി പവന്റെ പ്രതിഷേധം. ഒടുവല്‍ പോലീസിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു നീക്കേണ്ടിവന്നു. ഇതിന് പിന്നാലെ, നന്ദമൂരി ബാലകൃഷ്ണയ്‌ക്കൊപ്പം ജയിലിലെത്തി ചന്ദ്രബാബു നായിഡുവിനെ കണ്ട ശേഷമായിരുന്നു ആന്ധ്രയില്‍ തങ്ങള്‍ ടിഡിപിക്കൊപ്പമാണെന്ന പവന്‍ കല്യാണിന്റെ പ്രഖ്യാപനമുണ്ടായത്. എന്‍ടിആറിനെയും നന്ദമൂരി ബാലകൃഷ്ണയെയും ഒഴിച്ചുനിര്‍ത്തിയാല്‍ തെലുങ്കു രാഷ്ട്രീയത്തില്‍ സൂപ്പര്‍ സ്റ്റാറുകള്‍ അധികം രക്ഷപ്പെട്ടിട്ടില്ലെന്നത് വസ്തുതയാണെങ്കിലും, ആന്ധ്രയില്‍ പയറ്റി തോറ്റ രാഷ്ട്രീയ അങ്കത്തിന് തെലങ്കാനയില്‍ പകരം വീട്ടാനാണ് പവന്‍ കല്യാണ്‍ ശ്രമിക്കുന്നത്.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ