NEWS

വാഗ്നർ കലാപത്തിനുശേഷം ദുരൂഹ തിരോധാനം; ഒടുവിൽ റഷ്യൻ ജനറൽ സെര്‍ജീ സുറോവികിന്റെ ചിത്രങ്ങള്‍ പുറത്ത്

യുക്രെയിനിലെ റഷ്യന്‍ സൈന്യത്തിന്റെ തലവനായിരുന്നു സെര്‍ജീ സുറോവികിന് വിമാനാപകടത്തിൽ മരിച്ച വാഗ്നർ ഗ്രൂപ്പ് തലവൻ പ്രിഗോഷിനുമായി അടുത്ത ബന്ധമുണ്ടെന്നാണ് കരുതുന്നത്

വെബ് ഡെസ്ക്

വിമതസൈന്യമായ വാഗ്നർ ഗ്രൂപ്പ് ജൂണിൽ നടത്തിയ കലാപത്തിനുശേഷം പുറംലോകത്ത് പ്രത്യക്ഷപ്പെട്ടില്ലാത്ത റഷ്യൻ ജനറല്‍ സെര്‍ജീ സുറോവികിന്റെ ചിത്രങ്ങള്‍ പുറത്ത്. വാഗ്നർ ഗ്രൂപ്പിന്റെ തലവനായിരുന്ന വിമാനാപകടത്തിൽ മരിച്ച യെവ്ഗനി പ്രിഗോഷിനുമായി അടുത്ത ബന്ധമുണ്ടെന്ന് കരുതപ്പെടുന്നയാളാണ് സുറോവിക്.

തിങ്കളാഴ്ച ടെലഗ്രാമിലൂടെ റഷ്യന്‍ മാധ്യമ പ്രവര്‍ത്തകയാണ് ചിത്രം പങ്കുവച്ചത്. ആഭ്യന്തര കലാപത്തില്‍ സുറോവികിന് പങ്കുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് ചിത്രം പുറത്തുവരുന്നത്.

''ജനറല്‍ സെര്‍ജീ സുറോവിക് ആരോഗ്യവാനായി ജീവിച്ചിരിപ്പുണ്ട്. അദ്ദേഹം കുടുംബത്തോടൊപ്പം മോസ്‌കോയിലെ വീട്ടിലാണുള്ളത്. ഇന്നെടുത്ത ദൃശ്യങ്ങള്‍,'' എന്ന് കുറിച്ചുകൊണ്ട് റഷ്യന്‍ മാധ്യമപ്രവര്‍ത്തക ക്‌സെനിയ സോബ്ചക്കാണ് സാമൂഹമാധ്യമത്തിൽ ചിത്രങ്ങള്‍ പങ്കുവച്ചത്.

സൺഗ്ലാസ് ധരിച്ച് വാക്കിങ് സ്റ്റിക്ക് പിടിച്ചുകൊണ്ടാണ് ജനറല്‍ സെര്‍ജീയെന്ന് കരുതുന്നയാളെ ചിത്രത്തിൽ കാണുന്നത്. ഭാര്യ അന്നയോട് സാദൃശ്യം തോന്നുന്ന സ്ത്രീയെയും ചിത്രത്തിൽ കാണാം.

മറ്റൊരു റഷ്യന്‍ മാധ്യമ പ്രവര്‍ത്തകനായ അലക്‌സി വെനെഡിക്‌റ്റോവ് ടെലഗ്രാമിലൂടെ സുറോവികിന്റെ വിവരം പങ്കുവച്ചു. ''ജനറല്‍ സുറോവികിന്‍ കുടുംബത്തോടൊപ്പം വീട്ടിലുണ്ട്. അദ്ദേഹം അവധിയിലാണ്,'' എന്നായിരുന്നു അലക്‌സിയുടെ കുറിപ്പ്. ചിത്രത്തില്‍ കാണുന്നത് സെര്‍ജീ തന്നെയാണോയെന്നത് അന്തര്‍ദേശീയ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.

റഷ്യൻ സൈന്യവും വിമത സൈന്യമായ വാഗ്നറും തമ്മില്‍ ആഭ്യന്തര കലാപം ആരംഭിച്ചത് മുതല്‍ സുറോവികിന്‍ പരസ്യമായി എവിടെയും പ്രത്യക്ഷപ്പെട്ടിരുന്നില്ല. ജൂണ്‍ 23, 24 തിയതികളിലായിരുന്നു വാഗ്നര്‍ സൈന്യം മോസ്‌കോയിലേയ്ക്ക് മാര്‍ച്ച് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് റഷ്യന്‍ സൈന്യവും വാഗ്നര്‍ കൂലിപ്പയാളികളും തമ്മില്‍ സംഘര്‍ഷവുമുണ്ടായി. അന്ന് വാഗ്നര്‍ സൈന്യത്തോട് കലാപം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു വീഡിയോയിലാണ് അവസാനമായി സുറോവികിന്‍ പൊതു വേദിയില്‍ പ്രത്യക്ഷപ്പെട്ടത്.

വാഗ്നര്‍ സൈന്യമായി അടുപ്പത്തിന്റെ പേരിൽ സുറോവികിനെ അറസ്റ്റ് ചെയ്‌തെന്നുള്ള മാധ്യമ റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. എന്നാല്‍ അദ്ദേഹം എവിടെയാണ് എന്നതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളോന്നും വന്നിട്ടില്ല. യുക്രെയിനിലെ റഷ്യന്‍ സൈന്യത്തിന്റെ തലവനായിരുന്ന ജനറല്‍ സെര്‍ജീ സുറോവിക്കിനെ മൂന്ന് മാസത്തിനുശേഷം ആ സ്ഥാനത്തുനിന്ന് മാറ്റുകയായിരുന്നു.

കഴിഞ്ഞ മാസം ഓഗസ്റ്റ് 23നാണ് വാഗ്നര്‍ വിമത സൈന്യ തലവന്‍ യെവ്ഗനി പ്രിഗോഷിനും മറ്റ് ഒമ്പത് പേരും വിമാന അപകടത്തില്‍ കൊല്ലപ്പെട്ട കാര്യം പുറത്തുവന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ