1919 ഏപ്രില്‍ 13. ജാലിയന്‍വാലബാഗ് മൈതാനത്ത് നിരായുധരായ നൂറുകണക്കിനുപേര്‍ ജനറല്‍ ഡയറിന്റെ പട്ടാളത്തോക്കുകള്‍ക്ക് ഇരയായ ദിനം. യാതൊരു പ്രകോപനവുനമില്ലാതിരുന്നിട്ടും ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കാന്‍ ജനറല്‍ ഡയര്‍ ഉത്തരവിടുകയായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ ഏറ്റവും രക്തരൂഷിതമായ അധ്യായമെന്നാണ് ഈ കൂട്ടക്കൊലയെ ചരിത്രം അടയാളപ്പെടുത്തിയത്.
1919 മാര്‍ച്ചില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ റൗലറ്റ് ആക്റ്റ് എന്ന കരിനിയമം പാസാക്കി. വാറന്റ് കൂടാതെ ആരെയും അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ തുറങ്കിലടയ്ക്കാനും അനുവദിക്കുന്നതായിരുന്നു ഈ നിയമം. റൗലറ്റ് ആക്റ്റ് പിന്‍വലിക്കുംവരെ പോരാടുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ ജനത രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തി. പ്രതിഷേധങ്ങളെത്തുടര്‍ന്ന് 1919 ഏപ്രില്‍ 13ന് പഞ്ചാബില്‍ പട്ടാളനിയമം ഏര്‍പ്പെടുത്തി. പൊതുയോഗങ്ങളും ഘോഷയാത്രകളും നാലുപേരിലധികം കൂട്ടംകൂടുന്നതും നിരോധിച്ചു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് അന്ന് പഞ്ചാബിലെ അമൃത്സറിലുള്ള ജാലിയന്‍വാലാബാഗ് മൈതാനത്ത് ആയിരങ്ങള്‍ യോഗം ചേര്‍ന്നു.
സമാധാനപരമായി പ്രതിഷേധിക്കാനാണ് യോഗം ചേര്‍ന്നത്. യോഗം തുടങ്ങി ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും അമൃത്സറിലെ സൈനിക കമാന്‍ഡറായിരുന്ന ജനറല്‍ റെജിനാള്‍ഡ് എഡ്വേര്‍ഡ് ഹാരി ഡയറിന്റെ നേതൃത്വത്തില്‍ സൈന്യം മൈതാനം വളഞ്ഞു. മതിലുകളാല്‍ ചുറ്റപ്പെട്ട ഈ മൈതാനത്ത് ഇടുങ്ങിയ വഴികളും സ്ഥിരമായി അടച്ചിട്ടിരിക്കുന്ന വാതിലുകളുമാണുള്ളത്. പ്രധാന വാതില്‍ സൈനികര്‍ അടച്ചിരുന്നു. തന്റെ ഉത്തരവ് ലംഘിച്ചതിനാല്‍ യോഗം പിരിഞ്ഞുപോകാന്‍ മുന്നറിയിപ്പ് നല്‍കാതെ തന്നെ നിരായുധരായ ജനക്കൂട്ടത്തിന് നേരെ ജനറല്‍ ഡയര്‍ വെടിവയ്പിന് ഉത്തരവിട്ടു. യോഗം പിരിച്ചുവിടുക എന്നതിലുപരി ഇന്ത്യക്കാരെ ഒരു പാഠം പഠിപ്പിക്കുകയായിരുന്നു ഉദ്ദേശമെന്ന് ഡയര്‍ പിന്നീട് വെളിപ്പെടുത്തി.
1800 ലേറെ പേര്‍ മരണപ്പെട്ടുവെന്നും ആയിരത്തിലധികം പേര്‍ക്ക് പരുക്കേറ്റെന്നുമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പറഞ്ഞത്
വെടിക്കോപ്പുകള്‍ തീരുന്നതുവരെ വെടിയുതിര്‍ക്കാനായിരുന്നു ഉത്തരവ്. 1650 തവണയാണ് പട്ടാളക്കാര്‍ വെടിയുതിര്‍ത്തത്. 379 പേര്‍ വെടിവയ്പ്പില്‍ മരിച്ചുവെന്നാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ കണക്കുകള്‍. എന്നാല്‍ 1800 ലേറെ പേര്‍ മരിച്ചുവെന്നും ആയിരത്തിലധികം പേര്‍ക്ക് പരുക്കേറ്റെന്നുമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പറഞ്ഞത്. വെടിവയ്പില്‍നിന്ന് രക്ഷപ്പടാനായി മൈതാത്തിനകത്തെ കിണറ്റിലേക്ക് നിരവധിപേര്‍ എടുത്തു ചാടി. 120 മൃതദേഹമാണ് ഈ കിണറ്റില്‍നിന്ന് മാത്രം ലഭിച്ചത്.
അമൃത്സറിലെ ഒരുകൂട്ടം വിപ്ലവകാരികളുമായി ബ്രിട്ടീഷ് സൈന്യം ഏറ്റുമുട്ടിയെന്നായിരുന്നു കൂട്ടക്കൊലയെക്കുറിച്ച് ഡയര്‍ തന്റെ മേലധികാരിക്ക് അയച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞത്. പഞ്ചാബിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍, ഡയറുടെ ഈ നടപടി ശരിവയ്ക്കുകയും ചെയ്തു. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്കെതിരായി രാജ്യമെങ്ങും പ്രതിഷേധം അലയടിച്ചു. കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് രവീന്ദ്രനാഥ ടാഗോര്‍ സര്‍ സ്ഥാനം ഉപേക്ഷിച്ചു. മൃഗീയം എന്നാണ് ജാലിയന്‍വാലാബാഗ് സംഭവത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ വിശേഷിപ്പിച്ചത്. നിരായുധരായ സ്ത്രീകളും കുട്ടികളും അടങ്ങുന്ന പൊതുജനത്തെ യാതൊരു പ്രകോപനവും കൂടാതെ വെടിവച്ചതില്‍ ജനറല്‍ ഡയറെ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സ് കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.
വെടിക്കോപ്പുകള്‍ തീരുന്നതുവരെ വെടിവയ്പ് തുടരാന്‍ നിര്‍ദേശിച്ച ഡയര്‍ കടുത്ത അപരാധമാണ് ചെയ്തതെന്ന് കമ്മിഷന്‍ കണ്ടെത്തി
ഇതോടെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഹണ്ടര്‍ കമ്മിഷനെ നിയോഗിച്ചു. ജനക്കൂട്ടം ജാലിയന്‍ വാലാബാഗില്‍ ഒത്തുകൂടിയിട്ടുണ്ടെങ്കില്‍ അവിടെ വെടിവയ്പ് നടത്താന്‍ കരുതി തന്നെയാണ് താന്‍ പോയതെന്നായിരുന്നു ഡയര്‍ കമ്മിഷന് നല്‍കിയ മൊഴി. ജനക്കൂട്ടത്തിന്റെ അപഹാസ്യപരമായ പെരുമാറ്റമാണ് വെടിയുതിര്‍ക്കാനുള്ള ഉത്തരവിടാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ഡയര്‍ മറുപടി നല്‍കി. വെടിക്കോപ്പുകള്‍ തീരുന്നതുവരെ വെടിവയ്പ് തുടരാന്‍ നിര്‍ദേശിച്ച ഡയര്‍ കടുത്ത അപരാധമാണ് ചെയ്തതെന്ന് കമ്മിഷന്‍ കണ്ടെത്തി. എന്നാല്‍ കമ്മിഷനിലെ അംഗങ്ങള്‍ തമ്മില്‍ ഇതേച്ചൊല്ലി ഭിന്നാഭിപ്രായമുണ്ടായിരുന്നു. കലാപം തുരത്താന്‍ വേണ്ടിയാണ് ഡയര്‍ ഈ നടപടിക്ക് മുതിര്‍ന്നതെന്ന് കമ്മിഷനിലെ ചില അംഗങ്ങള്‍ വാദിച്ചു. ജനറല്‍ ഡയറിനെതിരെ യാതൊരുവിധ ശിക്ഷാ നടപടികളും കമ്മിഷന്‍ ശുപാര്‍ശ ചെയ്തില്ല.
1940 മാര്‍ച്ച് 13ന് ഈസ്റ്റ് ഇന്ത്യാ അസോസിയേഷന്‍, റോയല്‍ സെന്‍ട്രല്‍ ഏഷ്യന്‍ സൊസൈറ്റി എന്നിവയുടെ സമ്മേളനത്തിന്റെ വേദിയായിരുന്ന ലണ്ടനിലെ കാസ്റ്റന്‍ ഹാളില്‍ വച്ച് ജനറല്‍ ഡയറിനുള്ള ശിക്ഷ നടപ്പാക്കപ്പെട്ടു. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയിലെ പ്രധാന സൂത്രധാരന്‍ ആയ മൈക്കല്‍ ഒ ഡയറിനെ ഈ വേദിയില്‍ വച്ച് ഉദ്ദം സിങ് വെടിവച്ചു കൊന്നു.
''എന്റെ പേര് ഉദ്ധം സിങ്. ഞാന്‍ തന്നെയാണ് മൈക്കല്‍ ഓ' ഡയറിനെ വെടിവച്ച് കൊലപ്പെടുത്തിയത്. എനിക്ക് മരിക്കാന്‍ ഒരു മടിയുമില്ല. ജന്മനാടിനുവേണ്ടി ജീവത്യാഗം ചെയ്യുന്നതില്‍പ്പരം ഒരു പുണ്യം വേറെയുണ്ടോ..?' എന്നായിരുന്നു,'' വിചാരണക്കോടതിയില്‍ ഉദ്ദം സിങ്ങിന്റെ മറുപടി. 1940 ജൂലൈ 31ന് ഉദ്ധം സിങ്ങിന്റെ വധശിക്ഷ നടപ്പാക്കപ്പെട്ടു.
ചരിത്രത്തിലെ എറ്റവും ക്രൂരമായ ഏടുകളില്‍ ഒന്നാണ് 1919 ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയെന്നാണ് തെരേസ മേയ് പറഞ്ഞത്
ജാലിയന്‍ വാലാബാഗ് കൂട്ടകൊല നൂറ് വര്‍ഷം പിന്നിട്ടപ്പോഴാണ് ബ്രിട്ടന്‍ ഖേദപ്രകടനത്തിന് തയ്യാറായത്. 2019 ഏപ്രിലില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി തെരേസ മേയ് ഖേദം പ്രകടിപ്പിച്ച് പ്രസ്താവന നടത്തി. ചരിത്രത്തിലെ എറ്റവും ക്രൂരമായ ഏടുകളില്‍ ഒന്നാണ് 1919 ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയെന്നാണ് അവര്‍ പറഞ്ഞത്. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ ഖേദം പ്രകടിപ്പിച്ചാല്‍ മാത്രം പോരെന്നും നിരുപാധികം മാപ്പ് പറയണമെന്നുമുള്ള ആവശ്യം ലോകത്തിന്റെ പല ഭാഗങ്ങളിലും ശക്തമായിരുന്നു. എന്നാല്‍ ഈ ക്രൂരതയ്ക്ക് മാപ്പ് പറയാന്‍ ബ്രിട്ടന്‍ ഇന്നും തയ്യാറായിട്ടില്ല.