ചരിത്രത്തിലെ ഏറ്റവും വലിയ ആണവ വിപത്തായ ചെർണോബിൽ ദുരന്തത്തിന് ഇന്ന് 37 വയസ്. ദുരന്തത്തിൽ 28 പേർ മരിച്ചതായും നൂറിലധികം പേർക്ക് പരുക്കേറ്റെന്നുമാണ് ആദ്യം പുറത്ത് വന്ന വാർത്തകൾ. എന്നാൽ തുടർന്നുള്ള നാളുകളിൽ റേഡിയേഷൻ ഏറ്റതുമൂലം കുട്ടികളും കൗമാരക്കാരുമടക്കം 6000 പേർക്ക് തൈറോയ്ഡ് ക്യാൻസർ ബാധിച്ചുവെന്നാണ് ദുരന്തത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് പഠിച്ച യുഎൻ സമിതിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഉയർന്ന തോതിൽ റേഡിയേഷൻ ബാധിക്കാനിടയായ നാലായിരത്തോളം പേരും കുറഞ്ഞ ആളവിൽ റേഡിയേഷൻ ബാധിച്ച അയ്യായിരത്തോളം പേരും ക്യാൻസർ ബാധിച്ച് മരിച്ചുവെന്നും വിദഗ്ധർ വിലയിരുത്തുന്നു. വർഷമിത്ര പിന്നിട്ടിട്ടും ദുരന്തത്തിന്റെ വ്യാപ്തി സംബന്ധിച്ച പഠനം ഇന്നും തുടരുകയാണ്. റേഡിയേഷൻ ഏറ്റവരുടെ പിൻതലമുറയ്ക്കും പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടിവന്നു എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആണവോർജത്തിൽ വൻതോതിൽ നിക്ഷേപം നടത്താനായിരുന്നു സോവിയറ്റ് യൂണിയന്റെ തീരുമാനം. ഇന്ന് വടക്കൻ യുക്രെയ്നിലുള്ള ചെർണോബിൽ അന്ന് യുഎസ്എസ്ആറിന്റെ ഭാഗമായിരുന്നു. വനപ്രദേശമായ ചെർണോബിലാണ് ലോകത്തിലെ ഏറ്റവും വലിയ ആണവ നിലയം സ്ഥാപിക്കാനായി റഷ്യൻ സർക്കാർ തിരഞ്ഞെടുത്തത്. അങ്ങനെ 1970ൽ യുക്രെയ്നിലെ പ്രിപ്യാറ്റ് നദീതീരത്ത് വി ഐ ലെനിൻ ആണവനിലയം സ്ഥാപിക്കപ്പെട്ടു. 1000 മെഗാ വാട്ട് വൈദ്യുത ശക്തി ഉത്പാദിപ്പിക്കാൻ കെല്പുള്ള നാല് ആണവ റിയാക്ടറുകളാണ് ഇവിടെയുണ്ടായിരുന്നത്.
1986 ഏപ്രിൽ 25ന് സംഭവിച്ചതെന്ത്?
ആണവനിലയത്തിലെ നാലാമത്തെ റിയാക്ടറിൽ അറ്റകുറ്റപ്പണി നടത്താൻ തീരുമാനിച്ചിരുന്നു. റിയാക്ടറിന്റെ പ്രവർത്തനം അടിയന്തരമായി നിർത്തേണ്ടി വരുമ്പോൾ ഇന്ധന അറയിലെ ചൂട് കുറയ്ക്കാനായി വെള്ളം പമ്പ് ചെയ്യണം. ഇതിനായി പ്രവർത്തിക്കുന്ന പമ്പുകൾക്ക് പവർ നൽകുന്ന ജനറേറ്ററുകൾ അതിന്റെ മുഴുവൻ ശേഷിയിലെത്താൻ ഒന്നര മിനിട്ടാണ് എടുക്കുക. ഇത് പരമാവധി മുപ്പത് സെക്കന്റായി കുറയ്ക്കാനായിരുന്നു പരീക്ഷണം.
എന്നാൽ പരീക്ഷണത്തിനിടെ വിചാരിച്ചതിലും കൂടുതലായി പവർ കുറഞ്ഞു. കൈവിട്ടുപോകുകയാണെന്ന് മനസ്സിലായിട്ടും മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാതെ പരീക്ഷണം തുടരാൻ മേലധികാരികൾ തീരുമാനിച്ചു. പ്രവർത്തന ശേഷിയിലും അനേകം ഇരട്ടി കടന്ന് പവർ 10,000 മെഗാ വാട്ടിലെത്തിയപ്പോൾ റിയാക്ടറിന് മർദം താങ്ങാനായില്ല. ഒടുവിൽ ഏപ്രിൽ 26ന് വെളുപ്പിന് ഏകദേശം 1.30ന് വി ഐ ലെനിൻ ആണവ നിലയത്തിന്റെ നാലാമത്തെ റിയാക്ടർ പൊട്ടിത്തെറിച്ചു.
നിമിഷങ്ങൾക്കുള്ളിൽ റിയാക്ടറിലെ കൂറ്റൻ മെറ്റീരിയൽ ലിഡ് കത്തിനശിച്ചു. തുടർന്ന് ഗ്രാഫൈറ്റ് റിയാക്ടറിൽ തീപിടിക്കുകയും റേഡിയോ ആക്റ്റീവ് വസ്തുക്കൾ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കുകയും ചെയ്തു. സ്‌ഫോടനത്തിൽ രണ്ട് പ്ലാന്റ് തൊഴിലാളികൾ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കിയത്. തീ അണയ്ക്കാനെത്തിയ നിരവധി അഗ്നിശമനസേനാംഗങ്ങളേയും റേഡിയേഷനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദുരന്തമുണ്ടായ നാൾ മുതൽ മണൽ, ബോറോൺ, കളിമണ്ണ്, ഈയം എന്നിവയുപയോഗിച്ച് തീയണയ്ക്കാനുള്ള നിരന്തര ശ്രമമായിരുന്നു. ഈ ശ്രമങ്ങളെല്ലാം വിഫലമായപ്പോൾ റിമോട്ട് കൺട്രോൾ റോബോട്ടുകളെ ഉപയോഗിച്ചും പരിസരം വൃത്തിയാക്കാൻ ശ്രമിച്ചു. എന്നാൽ വിഷാംശമുള്ള അന്തരീക്ഷമായതിനാൽ റോബോട്ടുകൾക്ക് തകരാർ സംഭവിക്കാൻ തുടങ്ങി. തുടർന്ന് കൂട്ടത്തോടെ ജീവനക്കാരെ എത്തിച്ച് 100 ടണ്ണോളം റേഡിയോ ആക്ടീവ് വസ്തുക്കളാണ് പ്രദേശത്തുനിന്ന് നീക്കം ചെയ്തത്.
പൊട്ടിത്തെറിച്ച നാലാമത്തെ റിയാക്ടർ മറച്ചു വയ്ക്കാനായി വർഷാവസാനത്തോടെ ലോകത്തെ ആദ്യത്തെ സ്റ്റീൽ നിർമിത കണ്ടെയ്നർ നിർമിച്ചു. എന്നാൽ ഘടനാപരമായി ശരിയല്ലാതിരുന്നിട്ടും 2016ൽ ഒരു പുതിയ കണ്ടെയ്നർ നിർമിക്കുന്നത് വരെ പഴയത് അവിടെ നിലനിന്നിരുന്നു. ഈ സംരക്ഷണമുണ്ടെങ്കിൽപ്പോലും റിയാക്ടറിന് ചുറ്റുമുള്ള മേഖല 2000 വർഷത്തേക്ക് വാസയോഗ്യമല്ലെന്നാണ് കണക്കാക്കപ്പെടുന്നത്.
ടെക്നീഷ്യന്മാരുടെ ഭാഗത്തു നിന്നുണ്ടായ തെറ്റുകളും മറ്റു സുരക്ഷാ പരാജയങ്ങളുമാണ് വൻ ദുരന്തത്തിന് കാരണമായത്. അപകടം നടന്നതിനു ശേഷം ആളുകൾ പിന്നീട് പ്രിപ്യാറ്റിൽ താമസം ഉപേക്ഷിച്ചു. റിയാക്ടറിന് ചുറ്റുമുള്ള 19 മൈൽ പ്രവേശന നിരോധിത മേഖലയായി സോവിയറ്റ് യൂണിയൻ പ്രഖ്യാപിച്ചു. ദുരന്തത്തെ തുടർന്ന് മൂന്നര ലക്ഷത്തിലധികം ആളുകളെയാണ് ഒഴിപ്പിക്കേണ്ടിവന്നത്. അടുത്ത 30 വർഷമെങ്കിലും ദുരന്തത്തിൽ നിന്ന് വമിച്ച വിഷപ്പുക അന്തരീക്ഷത്തിൽ നിലനിൽക്കുമെന്നാണ് കണ്ടെത്തൽ.
ചെർണോബിലിന്റ ചരിത്രമറിഞ്ഞെത്തുന്ന ഏതാനും ശാസ്ത്രജ്ഞരെയും വിനോദസഞ്ചാരികളെയും ഒഴിച്ചു നിർത്തിയാൽ വൈദ്യുത നിലയത്തിന് ചുറ്റുമുള്ള മേഖല ഇപ്പോഴും നിശബ്ദമാണ്. അനുമതിയില്ലാതെ ആർക്കും തന്നെ പ്രവേശനം അനുവദിക്കില്ല. ഇന്ന് ചെർണോബിൽ ഒരു ശവപ്പറമ്പിന് തുല്യമാണ്. ജീവൻ രക്ഷിക്കാനായി ഓടി രക്ഷപ്പെട്ട ആളുകളുടെ പല വസ്തുക്കളും ഇന്നും ആ ദുരന്തത്തിന്റെ ഓർമയായി ചെർണോബിലിൽ നിലകൊള്ളുന്നു.