TODAY IN HISTORY

ഗാല്‍വാനിലെ ഇന്തോ- ചൈന സംഘർഷത്തിന് മൂന്നാണ്ട്

ഇന്ത്യയുടെ 20 സൈനികർ കൊല്ലപ്പെട്ടതിന്റെ ഓർമദിനം കൂടിയാണ് ജൂൺ 15

മുഹമ്മദ് റിസ്‌വാൻ

ഗാൽവാൻ താഴ്‌വരയിലെ ഇന്തോ- ചൈന സംഘർഷത്തിന് ഇന്നേക്ക് മൂന്ന് വർഷം തികയുകയാണ്. ഇന്ത്യയുടെ 20 സൈനികർ കൊല്ലപ്പെട്ടതിന്റെ ഓർമദിനം കൂടിയാണ് ജൂൺ 15.

മൂന്ന് വർഷം മുൻപ് ഗാൽവാൻ താഴ്‌വരയിൽ ഉണ്ടായ സംഘർഷം പ്രധാനമായും രണ്ട് തരത്തിലാകും ഓർമിക്കപ്പെടുക. അന്നുണ്ടായ സംഘർഷവും സൈനികരുടെ രക്തസാക്ഷിത്വവും തന്നെയാണ് ഒന്നാമത്തേത്. രണ്ടാമത്തേത് ഇന്ത്യയുടെ രാഷ്ട്രീയ- സൈനിക നേതൃത്വം അതിനോട് എങ്ങനെ പ്രതികരിച്ചു എന്നതാണ്.

സംഘർഷമുണ്ടായത് എങ്ങനെ?

സംഘർഷമുണ്ടായ 2020 ജൂൺ 15ന് മുൻപുതന്നെ ഗാൽവാൻ മേഖലയിലെ കയ്യേറ്റം സംബന്ധിച്ച പിരിമുറുക്കങ്ങൾ നിലനിന്നിരുന്നു. ചൈന തങ്ങളുടെ പ്രദേശം കയ്യേറിയെന്ന് ഇന്ത്യ അവകാശപ്പെട്ടു. അതിന്റെ ഭാഗമായാണ് ജൂൺ ആറിന് പ്രാദേശികമായി സൈനിക മേധാവികൾ ചർച്ച നടത്തി സമാധാനം പുനഃസ്ഥാപിച്ചത്.

ചർച്ചയുടെ ഭാഗമായി ബഫർ സോൺ തിരിക്കാനുള്ള നടപടികള്‍ നടക്കുന്നതിനിടെയാണ് ചൈനയുടെ ടെന്റുകൾ ഇന്ത്യൻ അതിർത്തിയിൽ കണ്ടെത്തുന്നത്. ഇത് പരിശോധിക്കാൻ 16TH ബിഹാർ റെജിമെന്റിലെ കമാന്‍റിങ് ഓഫീസർ കേണൽ സന്തോഷ് ബാബു നേരിട്ടെത്തി ചൈനയുമായി ചർച്ചയ്ക്കെത്തി. എന്നാൽ ടെന്റുകൾ നീക്കം ചെയ്യാൻ ചൈന തയ്യാറായില്ലെന്ന് മാത്രമല്ല ചർച്ച കയ്യേറ്റത്തിലേക്ക് നീളുകയും ചെയ്തു.

കമാന്‍റിങ് ഓഫീസർ കേണൽ സന്തോഷ് ബാബുവും കൊല്ലപ്പെട്ട ജവാന്‍മാരും

ഇങ്ങനെയൊരു സംഘർഷം ഉണ്ടായേക്കാമെന്ന് മുൻകൂട്ടി കണ്ടിരുന്ന ചൈന, 1993ലെ സമാധാന കരാറിന്റെ ലംഘനമാകാതിരിക്കാൻ തോക്കുകളൊന്നും ഉപയോഗിക്കാതെ കല്ലും ഇരുമ്പുദണ്ഡുകളും ഉപയോഗിച്ചാണ് ഇന്ത്യൻ സൈന്യത്തെ നേരിട്ടത്. ഇന്ത്യൻ സൈന്യവും അതേ രീതിയിൽ തന്നെ തിരിച്ചടിച്ചു. ഏറ്റുമുട്ടലിൽ കമാന്‍റിങ് ഓഫീസർ ഉൾപ്പെടെ 20 ഇന്ത്യൻ സൈനികർക്കാണ് ജീവൻ നഷ്ടമായി. പത്തോളം പേരെ ചൈന തടവുകാരായി പിടിച്ചുവയ്ക്കുകയും ചെയ്തു.

മറുഭാഗത്ത് 43 മരണമുണ്ടായെന്ന് ഇന്ത്യൻ മാധ്യമങ്ങളും 35 എന്ന് അമേരിക്കൻ ഇന്റലിജന്‌സും റിപ്പോർട്ട് ചെയ്തു. കണക്കുകൾ ചൈന ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് 2021ല്‍ നാല് സൈനികരെങ്കിലും കൊല്ലപ്പെട്ടതായി അംഗീകരിച്ചു.

സംഘർഷത്തില്‍ പരുക്കേറ്റവരെ മോദി സന്ദർശിക്കുന്നു (പഴയ ചിത്രം)

സംഘർഷത്തിന്റെ അനന്തരഫലം

സംഘർഷവും തുടർന്നുണ്ടായ സൈനികരുടെ മരണവും രാജ്യത്തെയും സർക്കാരിനെയും പിടിച്ചുലച്ചെങ്കിലും ഞെട്ടിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണമായിരുന്നു. ആരും നമ്മുടെ അതിർത്തിയിലേക്ക് കടന്നിട്ടില്ല എന്നായിരുന്നു സംഭവം നടന്ന് നാല് ദിവസങ്ങൾക്ക് ശേഷം മോദിയുടെ ആദ്യ പ്രതികരണം. നരേന്ദ്ര മോദി സർക്കാരിന്റെ ഒൻപത് വർഷത്തെ ഭരണ നേട്ടങ്ങളെ കുറിച്ച് വാചാലനായ ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയശങ്കറും അടുത്തിടെ സമാന നിലപാട് ആവർത്തിച്ചിരുന്നു.

കിഴക്കൻ ലഡാക്കിലെ ഏകദേശം 3,500 കിലോമീറ്റർ ദൈർഘ്യമുള്ള യഥാർത്ഥ നിയന്ത്രണ രേഖയിൽ സൈനിക അടിസ്ഥാന സൗകര്യങ്ങൾ, നിരീക്ഷണ സംവിധാനങ്ങൾ എന്നിവയിലെല്ലാം ഇന്ത്യ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നതും സംഘർഷത്തിന് ശേഷമാണ്. ഈ മേഖലയില്‍ 2020ന് മുൻപ് 15,000 ആയിരുന്ന സൈനിക ബലം 50,000 ആക്കി വർധിപ്പിച്ചു. റോഡുകൾ, ട്രാക്കുകൾ, പാലങ്ങൾ ഉൾപ്പെടെ സൈന്യത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതൽ മെച്ചപ്പെടുത്തി. കൂടാതെ ഈ സാമ്പത്തിക വർഷം കിഴക്കൻ ലഡാക്കിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി മാത്രം കേന്ദ്രം മാറ്റിവച്ചിരിക്കുന്നത് 5000 കോടി രൂപയാണ്.

സമാധാന ചർച്ചകൾ

അതിർത്തിയിലെ സംഘർഷം ലഘൂകരിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യയും ചൈനയും ചർച്ചകൾ ഇപ്പോഴും തുടരുന്നുണ്ട്. ഇതുവരെ 18 റൗണ്ട് ചർച്ചകൾ നടന്നുകഴിഞ്ഞു. ചില മേഖലകളിൽ സൈനിക പിന്മാറ്റം പൂർത്തിയായിട്ടുണ്ടെങ്കിലും അതിർത്തി മേഖലകളിൽ പൂർണതോതിൽ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത. കിഴക്കൻ ലഡാക്കിലെ അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ  ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലാക്കുമെന്ന പ്രതീക്ഷ അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രി അടുത്തിടെ നടത്തിയ പ്രസ്താവന അതിനുദാഹരണമാണ്.

മുൻ ആഭ്യന്തരമന്ത്രി പി ചിദംബരം

ആരോപണങ്ങൾ

ഗാൽവാനിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ റഷ്യയുടെ മധ്യസ്ഥതയിൽ ഇന്ത്യയും ചൈനയും 2020 സെപ്റ്റംബറിൽ ഒപ്പുവച്ച സംയുക്ത പ്രസ്താവനയ്ക്കെതിരെ അന്ന് തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു. അഞ്ച് നിർദേശങ്ങളുള്ള കരാറിൽ അഞ്ചും ചൈനയ്ക്ക് അനുകൂലമാണെന്നായിരുന്നു ചൂണ്ടിക്കാട്ടിയിരുന്ന പ്രധാന വിഷയം.

ഇന്റലിജൻസ് വിഭാഗത്തിന് വീഴ്ച സംഭവിച്ചതായി മുൻ ആഭ്യന്തരമന്ത്രി പി ചിദംബരവും ഇന്‌റലിജൻസ് വിഭാഗം മുൻ മേധാവി എം കെ നാരായണൻ ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടിരുന്നു. കിഴക്കൻ ലഡാക്കിലെ സംഘർഷം സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ ഇന്നും ഉത്തരം കിട്ടാതെ തുടരുന്നുണ്ട്. ഇന്ത്യൻ സൈന്യത്തിന്റെ കൈവശം തോക്കുകൾ ഉണ്ടായിരുന്നിട്ടും അന്നെന്തുകൊണ്ട് ഉപയോഗിച്ചില്ല എന്നതിൽ തുടങ്ങി ചൈന കയ്യേറ്റം നടത്തിയിട്ടില്ലെന്ന പ്രധാനമന്ത്രിയുടെയും കേന്ദ്ര സർക്കാരിന്റെയും അവകാശവാദം വരെ ചോദ്യം ചെയ്യപ്പെടുന്നവയിൽ ഉൾപ്പെടുന്നു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം