TODAY IN HISTORY

"രാജാ ഓടിക്കോ" എന്നാരോ വിളിച്ചത് കേട്ടു; പോലീസ് രാജനെ കൊണ്ടുപോയി കൊന്നു

ഇന്നും കേരളത്തിന്റെ യുവത്വത്തിനിടയില്‍ പ്രതിഷേധമായി ഇരമ്പുന്ന രാജൻ കേസിന് 48 വയസ്. രാജന്റെ അച്ഛൻ ഈച്ചരവാര്യരുടെ വർഷങ്ങൾ നീണ്ട പോരാട്ടം ഓർമിക്കപ്പെടുന്ന ദിവസം കൂടിയാണിത്

വെബ് ഡെസ്ക്

ഒരു വിദ്യാർഥിയുടെ തിരോധാനത്തിൽ തുടങ്ങി കെ കരുണാകരനെന്ന ആഭ്യന്തരമന്ത്രിയുടെ അധികാരം നഷ്ടപ്പെടുന്നതിലേക്കു നയിച്ച കേരളത്തിൽ അടിയന്തരാവസ്ഥക്കാലത്ത് നടന്ന സമാനതകളില്ലാത്ത പോലീസ് ക്രൂരതയും ഭരണകൂട കൊലപാതകവും നടന്നിട്ട് 48 വർഷം കഴിയുകയാണ്. ഇന്നും കേരളത്തിന്റെ യുവത്വത്തിനിടയില്‍ പ്രതിഷേധമായി ഇരമ്പുന്ന രാജൻ കേസിന് 48 വയസ്. രാജന്റെ അച്ഛൻ ഈച്ചരവാര്യരുടെ വർഷങ്ങൾ നീണ്ട പോരാട്ടം ഓർമിക്കപ്പെടുന്ന ദിവസം കൂടിയാണിത്.

1976 മാർച്ച് ഒന്നാം തീയതിയാണ് കോഴിക്കോട് റീജിയണൽ എഞ്ചിനീയറിംഗ് കോളജിൽ നിന്ന് രാജനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഫെബ്രുവരി 28 നു നടന്ന കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ രാജന് പങ്കുണ്ടെന്നാരോപിച്ചാണ് പോലീസ് രാജനെ കസ്റ്റഡിയിലെടുത്തത്. നക്‌സലൈറ്റുകള്‍ കായണ്ണ സ്റ്റേഷൻ ആക്രമിച്ച് പോലീസിന്റെ ആയുധങ്ങൾ കൈക്കലാക്കി രക്ഷപ്പെടുന്നതിനിടെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ആരോ "രാജാ ഓടിക്കോ" എന്ന് പറഞ്ഞത് കേട്ടാണ് രാജനെ അന്വേഷിച്ച് പോലീസ് വന്നത്. അന്ന് കസ്റ്റഡിയിലെടുത്ത് കക്കയം ക്യാമ്പിലെത്തിച്ചവരിൽ രാജനെന്നു പേരുള്ള ഒന്നിലധികം ആളുകളുണ്ടായിരുന്നു എന്ന് രാജനൊപ്പം കസ്റ്റഡിയിൽ കഴിഞ്ഞവർ പറയുന്നു. കോഴിക്കോട് സർവകലാശാലയിൽ ധനതത്വശാസ്ത്രത്തിൽ ഗവേഷണം ചെയ്തിരുന്ന എബ്രഹാം ബെൻഹറും കെ വേണുവുമുൾപ്പെടെയുള്ളവർ രാജനൊപ്പം കക്കയം ക്യാമ്പിൽ കസ്റ്റഡിയിലുണ്ടായിരുന്നു.

ആകെ ഇരുന്നൂറോളം ആളുകളെ കസ്റ്റഡിയിലെടുത്തതായാണ് പറയപ്പെടുന്നത്. അതിൽ ഭൂരിഭാഗംപേരും കായണ്ണ, കൂരാച്ചുണ്ട്, കക്കയം ചാത്തമംഗലം പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. കേസിന്റെ അന്വേഷണ ചുമതല ഡിഐജി ജയറാം പടിക്കലിനായിരുന്നു. കക്കയം ക്യാമ്പിന്റെ ചുമതലയും പടിക്കലിന് തന്നെ. മാർച്ച് ഒന്നിന് കസ്റ്റഡിയിലെടുത്ത രാജനെ ചോദ്യം ചെയ്തത് പുലിക്കോടൻ നാരായണൻ എന്ന ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. രാജനൊപ്പം കസ്റ്റഡിയിലുണ്ടായിരുന്ന വ്യക്തിയാണ് വാഹനവ്യാപാര സ്ഥാപനമായ പോപ്പുലറിന്റെ പങ്കാളികളിലൊരാളായ പോൾ ചാലിയുടെ മകൻ ജോസഫ് ചാലി. ക്യാംപസിൽ നിന്ന് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട് എന്നറിഞ്ഞ് കോളേജ് പ്രിൻസിപ്പൽ കെ എം ബഹാവുദ്ദീനും അധ്യാപകനായ കെ കെ അബ്ദുൽ ഗഫൂറും കക്കയം ക്യാമ്പിലെത്തിയിരുന്നു. എന്നാൽ അവിടെ ജോസഫ് ചാലിയെ മാത്രമേ കാണാൻ സാധിച്ചുള്ളൂ എന്നും രാജൻ അവിടെയുണ്ടായിരുന്നില്ല എന്നും അവർ സാക്ഷ്യപ്പെടുത്തുന്നു. രാജൻ അവിടെ നിന്നും ഓടി പോയതാണെന്നാണ് ഡിഐജി ജയറാം പടിക്കൽ അധ്യാപകരോട് പറഞ്ഞത്.

രാജ്യത്തെമ്പാടും ഇന്ദിര ഗാന്ധി സർക്കാരിന്റെ നേതൃത്വത്തിൽ ശക്തമായ പോലീസ് രാജ് നടപ്പാക്കുകയും, വ്യക്തി സ്വാതന്ത്ര്യം ഇല്ലാതാക്കപ്പെടുകയും ചെയ്യപ്പെട്ട കാലത്ത്, സർക്കാരിനെതിരെ രംഗത്തെത്തിയ നക്‌സലൈറ്റുകളെ പിടിക്കുക എന്ന ഉദ്ദേശത്തോടെയാണ് കക്കയത്തും ശാസ്തമംഗലത്തും പോലീസ് ക്യാമ്പുകൾ ആരംഭിച്ചത്. കക്കയം ക്യാമ്പിൽ മലബാർ സ്പെഷ്യൽ പോലീസിനെ ആയിരുന്നു വിന്യസിച്ചിരുന്നത്.

അതിക്രൂരമായ ഉരുട്ടിക്കൊല

കക്കയം ക്യാമ്പിൽ എത്തിച്ചവരെ ചോദ്യം ചെയ്ത സബ് ഇൻസ്‌പെക്ടർ പുലിക്കോടൻ നാരായണന്റെയും സംഘത്തിന്റെയും ക്രൂരമർദനവും ഉരുട്ടലും കാരണമാണ് രാജൻ കൊല്ലപ്പെട്ടതെന്നാണ് അന്ന് കൂടെ കസ്റ്റഡിയിലുണ്ടായിരുന്നവർ പുറത്ത് വിട്ട വിവരങ്ങൾ. പുലിക്കോടൻ നാരായണനൊപ്പം, വേലായുധൻ, ജയരാജൻ, ലോറൻസ് എന്നീ പോലീസുകാരും ചേർന്നാണ് രാജനെ കൊലപ്പെടുത്തിയത് എന്നാണ് പിന്നീട് പുറത്തു വന്ന വിവരം. ബീരാൻ എന്ന പോലീസുകാരൻ രാജന്റെ ശബ്ദം പുറത്തു വരാതിരിക്കാൻ തുണിയുപയോഗിച്ച് വായ അടച്ചുപിടിച്ചിരിക്കുകയായിരുന്നെന്നും, കുറച്ച് സമയം കഴിഞ്ഞ് പ്രതികരിക്കാതായ രാജൻ മരിച്ചെന്നു മനസിലാക്കി അവർ ഉരുട്ടുന്നത് നിർത്തി എന്നും സഹതടവുകാർ സാക്ഷ്യപ്പെടുത്തുന്നു.

രാജൻ

മരിച്ചതായി മനസിലാക്കിയതോടെ രാജന്റെ മൃതദേഹം പോലീസ് ജീപ്പിൽ മറ്റെങ്ങോട്ടോ കൊണ്ടുപോയി എന്നും കസ്റ്റഡിയിലുണ്ടായിരുന്ന മറ്റുള്ളവർ പറയുന്നു. പിന്നീട് രാജന്റെ മൃതദേഹം പോലും പുറംലോകം കണ്ടിട്ടില്ല. രാജന്റെ മൃതദേഹം ഒരിക്കലും കണ്ടെത്താതിരിക്കാൻ വയറുകീറി കുറ്റ്യാടി പുഴിയിലേക്കിട്ടു എന്നും, അതല്ല പഞ്ചസാരയിട്ട് പൂർണ്ണമായി കത്തിച്ചു കളഞ്ഞെന്നും, അതുമല്ല മൃതദേഹം കക്കയംഡാമിനടുത്ത് ഉരക്കുഴി വെള്ളച്ചാട്ടത്തിനരികിൽ കുഴിച്ചിട്ടെന്നും, ശേഷം പുറത്തെടുത്ത് പെട്രോളൊഴിച്ച് കത്തിച്ച് അവശിഷ്ടം വെള്ളച്ചാട്ടത്തിൽ ഒഴുക്കിക്കളഞ്ഞെന്നുമെല്ലാമുള്ള വെളിപ്പെടുത്തലുകളും വാദങ്ങളുമുണ്ട്.

എന്നാൽ അടിയന്താരാവസ്ഥ കാലത്ത് കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിൽ കരാർ അടിസ്ഥാനത്തിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ബെന്നി എന്ന വ്യക്തി നടത്തിയ മറ്റൊരു വെളിപ്പെടുത്തൽ കൂടിയുണ്ട്. രാജന്റെ മൃതദേഹം മുളകരയ്ക്കുംപോലെ അരച്ച് പന്നികൾക്ക് തീറ്റയായി നൽകിയെന്നായിരുന്നു ആ പോലീസ് ഡ്രൈവറുടെ വെളിപ്പെടുത്തൽ. മരണ ശേഷം ഐസ് ചേംബറിൽ സൂക്ഷിച്ച മൃതദേഹം ഇത്തരത്തിൽ പന്നികൾക്ക് തീറ്റയായി കൊടുത്തത് തെളിവുകളൊന്നും ലഭിക്കരുത് എന്ന ഉദ്ദേശത്തിലാണെന്നും ഇദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. എസ്ഐ ആയിരുന്ന ഞാറയ്ക്കൽ ഐസക്കിന്റെ നിർദേശപ്രകാരം മുത്തുവേലി പാലത്തിനു സമീപം വച്ച് അർധരാത്രി മറ്റു പോലീസുകാർക്കൊപ്പം രാജന്റെ മൃതദേഹം പോലീസ് ജീപ്പിൽ കയറ്റിയാണ് മാംസ സംസ്കരണ കേന്ദ്രത്തിലെത്തിച്ചതെന്നും ഈ പോലീസ് ഡ്രൈവർ വെളിപ്പെടുത്തുന്നു.

അന്വേഷണം

എറണാകുളത്ത് താമസിച്ചിരുന്ന രാജന്റെ അച്ഛൻ ഈച്ചരവാര്യരാണ് കേസിലൂടെ സന്ധിയില്ലാത്ത സമരം നടത്തിയത്. തന്റെ മകന്റെ ഘാതകരെ കണ്ടെത്താതെ ഒരടി പിന്നോട്ടില്ല എന്ന് പ്രഖ്യാപിച്ച് സർക്കാരിനും അന്നത്തെ ആഭ്യന്തര മന്ത്രി കെ കരുണാകരനുമെതിരെ ശക്തമായി അദ്ദേഹമ രംഗത്തെത്തി. തന്റെ മകനെ പോലീസ് പിടിച്ചുകൊണ്ടുപോയി എന്നറിഞ്ഞ് ഈച്ചരവാര്യർ കക്കയം ക്യാമ്പിലെത്തിയെങ്കിലും രാജനെ കണ്ടെത്താനായില്ല. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോനെ കാര്യങ്ങൾ അറിയിച്ചെങ്കിലും യാതൊരു വിധത്തിലുമുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല എന്നാണ് ഈച്ചരവാര്യർ പറയുന്നത്. 'എനിക്ക് ഉടുപ്പിട്ട് പോയി പിടിക്കാൻ കഴിയില്ലല്ലോ?' എന്നാണ് അച്യുതമേനോൻ തിരിച്ചു ചോദിച്ചതെന്ന് ഈച്ചരവാര്യർ തന്റെ ആത്മകഥയിൽ പറയുന്നത്.

മരിക്കുന്നതിന് തൊട്ടു മുമ്പ് തന്റെ മകൻ എപ്പോൾ വരും എന്നാണ് ഭാര്യ രാധ ചോദിച്ചതെന്ന് ഈച്ചരവാര്യർ തന്റെ ആത്മകഥയിൽ പറയുന്നുണ്ട്

1977 മാർച്ച് 25നാണ് ഈച്ചരവാര്യർ തന്റെ മകനെ കാണാനില്ലെന്ന് പറഞ്ഞ് ഹേബിയസ് കോർപസ് ഫയൽ ചെയ്യുന്നത്. കോഴിക്കോട് ജില്ലാ പോലീസ് സൂപ്രണ്ട് ആയിരുന്ന ജി ലക്ഷ്മണ, ഡിഐജി ജയറാം പടിക്കൽ, ആഭ്യന്തര മന്ത്രി കെ കരുണാകരൻ, എസ്ഐ പുലിക്കോടൻ നാരായണൻ തുടങ്ങിയവരൊക്കെ കേസിന്റെ ഭാഗമായിരുന്നു. അന്നത്തെ റീജിയണൽ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പലായിരുന്ന കെ എം ബഹാവുദ്ദീന്റെ ഇടപെടൽ രാജന്റെ മരണത്തിൽ സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ വലിയ തോതിൽ സഹായിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് കക്കയത്ത് പോലീസ് ക്യാമ്പ് പ്രവർത്തിച്ചിട്ടില്ല എന്ന സർക്കാർ വാദം പൊളിയുന്നത്.

രാജൻ മരിച്ചിട്ടില്ല എന്നാണ് ആദ്യം കെ കരുണാകരൻ കോടതിയിൽ നൽകിയ സത്യവാങ്മൂലം. എന്നാൽ പിന്നീട് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ആ വാദം പിൻവലിക്കേണ്ടി വരികയും, രാജൻ മരിച്ചെന്ന് അംഗീകരിക്കുകയും ചെയ്യേണ്ടി വന്നു. രാജന്റെ മൃതദേഹം കണ്ടെടുക്കാൻ സാധിക്കാഞ്ഞതുകൊണ്ടു തന്നെ പ്രതികളുടെ മർദ്ദനമേറ്റാണ് രാജൻ കൊല്ലപ്പെട്ടതെന്ന് കോടതിയിൽ തെളിയിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ നിലപാട് മാറ്റിപ്പറയേണ്ടി വന്ന സാഹചര്യത്തിൽ കെ കരുണാകരന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങൾ വിശ്വസിക്കുകയാണ് താൻ ചെയ്തത് എന്നായിരുന്നു കരുണാകരൻ നിരന്തരം പറഞ്ഞത്. എന്നാൽ എല്ലാം മുകളിൽ നിന്ന് ലഭിച്ച നിർദ്ദേശത്തിനനുസരിച്ച് ചെയ്തതാണെന്ന് ഉദ്യോഗസ്ഥരും പറഞ്ഞു. ജയറാം പടിക്കൽ കാര്യങ്ങൾ ബോധിപ്പിക്കാൻ കരുണാകരനെ വിളിക്കുന്നതിന്‌ വേണ്ടി ട്രങ്ക് കോൾ ബുക്ക് ചെയ്തതിനുള്ള തെളിവുകളും കോടതിയിൽ സമർപ്പിക്കപ്പെട്ടു.

കൃത്യമായ അന്വേഷണം നടക്കാതെ പോയതിനാലാണ് രാജന്റെ മരണം തെളിയാതെ പോയതെന്ന് വർഗീസ് വധക്കേസിൽ തടവിലായിരുന്ന അടിയന്തരാവസ്ഥകാലത്ത് കോഴിക്കോട് എസ്പി ആയിരുന്ന ലക്ഷ്മണ പിന്നീട് പുറത്തിറങ്ങിയപ്പോൾ പറഞ്ഞിരുന്നു. ആഭ്യന്തരമന്ത്രിയായിരുന്ന കരുണാകരൻ ഇത് അറിഞ്ഞിരുന്നില്ല എന്നും ലക്ഷ്മണ പറഞ്ഞിരുന്നു. രാജന്റെ അച്ഛൻ ഈച്ചരവാര്യർ 2006-ൽ മരണപ്പെട്ടു. ഈച്ചരവാര്യരുടെ ഭാര്യ, രാജന്റെ അമ്മ രാധ 2000-ൽ തന്നെ മരണപ്പെടുകയും ചെയ്തു. മരിക്കുന്നതിന് തൊട്ടു മുമ്പും തന്റെ മകൻ എപ്പോൾ വരും എന്നാണ് ഭാര്യ രാധ ചോദിച്ചതെന്ന് ഈച്ചരവാര്യർ തന്റെ ആത്മകഥയിൽ പറയുന്നുണ്ട്.

ഈച്ചരവാര്യരുടെ ആത്മകഥ

തോമസ് ജോർജ്: രാജൻ കേസിലെ നിർണായക സാക്ഷി

തോമസ് ജോർജാണ് രാജൻ കേസിൽ സാക്ഷിയായ ഏക വിദ്യാർഥി. 1977 ഏപ്രിൽ 2നാണ് ഈച്ചരവാര്യർ തോമസ് ജോർജിനെ കാണാൻ ക്യാംപസിലെത്തുന്നത്. പരീക്ഷയടുത്തിരിക്കുന്ന സമയത്താണ് ഹോസ്റ്റൽ പരിസരത്തേക്ക് ഈച്ചരവാര്യർ എത്തുന്നത്. തോമസ് ജോർജാണ് തനിക്കെതിരെ നടന്നു വരുന്നതെന്നുറപ്പിച്ച ശേഷം ഈച്ചരവാര്യർ ആദ്യം ചോദിക്കുന്നത് "ഞാൻ ഈച്ചരവാര്യർ, പോലീസ് അറസ്റ്റ് ചെയ്ത രാജന്റെ അച്ഛനാണ്.. രാജനെ കൊണ്ടുപോകുന്നത് തോമസ് കണ്ടിരുന്നോ?" എന്നാണ്. 'അതെ' എന്ന് പറഞ്ഞ തോമസ് ജോർജിനോട് അതൊന്ന് കോടതിയിൽ പറയാമോ എന്ന് ചോദിക്കുകയായിരുന്നു ഈച്ചരവാര്യർ. പരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിയുള്ള ഈ സമയത്ത് തനിക്ക് കോടതി കയറിയിറങ്ങാൻ സാധിക്കില്ല എന്ന് പറഞ്ഞതോടെ ഈച്ചരവാര്യർ അവിടെ നിന്ന് പൊട്ടിക്കരയാൻ തുടങ്ങി എന്നും അത് തനിക്ക് സഹിക്കാൻ സാധിക്കാതെ വന്നപ്പോഴാണ് സാക്ഷി പറയാൻ തയാറാണെന്ന് പറഞ്ഞതെന്നും തോമസ് ജോർജ് പിന്നീട് പറഞ്ഞിരുന്നു.

തന്റെ സീനിയർ ബാച്ചിൽ പഠിച്ചിരുന്ന വ്യക്തി എന്നതിനപ്പുറം രാജനെ അറിയാതിരുന്ന തോമസ് ജോർജ് ഈച്ചരവാര്യരുടെ സങ്കടം കണ്ടു മാത്രമാണ് സാക്ഷി പറയാൻ സമ്മതിക്കുന്നത്. ഈച്ചരവാര്യർ സമീപിച്ച മറ്റു വിദ്യാർഥികൾ അതിനു തയാറായിരുന്നില്ല എന്നുകൂടി ഇതിനോട് ചേർത്ത് വായിക്കണം. നേരിട്ട് സർക്കാരിനും ആഭ്യന്തരമന്ത്രിക്കുമെതിരെയുള്ള കേസിലാണ് താൻ ഭാഗമാകുന്നതെന്നും തന്റെ പരീക്ഷ ഇതോടെ തീരുമാനമാകുമെന്ന് അപ്പോൾ തന്നെ അദ്ദേഹത്തിന് മനസ്സിലായിരുന്നു എന്നും തോമസ് ജോർജ് പിന്നീട് പറഞ്ഞിട്ടുണ്ട്. എന്നാൽ താൻ കണ്ട കാര്യം കോടതിക്ക് മുന്നിൽ പറയാമെന്ന് തോമസ് ജോർജ് തീരുമാനിച്ചതുകൊണ്ടാണ് രാജൻ കേസിൽ യാഥാർഥ്യം പുറത്തുവന്നത്.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം