TODAY IN HISTORY

ഒരു സമരാഗ്നിയുടെ ഓര്‍മയ്ക്ക്; മേയ് ദിനം: ചരിത്രവും പ്രാധാന്യവും

എണ്‍പതോളം രാജ്യങ്ങളാണ് മേയ് ഒന്ന് തൊഴിലാളി ദിനമായി ആചരിക്കുന്നത്

വെബ് ഡെസ്ക്

അതിജീവന സമരങ്ങളുടെ, നിരന്തര പോരാട്ടങ്ങളുടെ, നിലയ്ക്കാത്ത മുദ്രാവാക്യങ്ങളുടെ ഓര്‍മ പുതുക്കി ഒരു മേയ് ദിനം കൂടി കടന്നെത്തുന്നു. അവകാശങ്ങള്‍ നേടിയെടുക്കാന്‍ തൊഴിലാളികള്‍ മുഷ്ടിചുരുട്ടി തെരുവിലിറങ്ങിയ ചരിത്രം ഓര്‍മപ്പെടുത്തുകയാണ് ഓരോ തൊഴിലാളി ദിനവും. ഒരു അനുസ്മരണത്തിനപ്പുറം ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ക്ക് ദിശാ ബോധം നല്‍കുന്നതിന്റെ ആവശ്യകത കൂടി ഓര്‍മിപ്പിക്കുകയാണ് ഈ ദിനം.

തൊഴിലാളി സമൂഹത്തിന്റെ ജീവിതസാഹചര്യങ്ങള്‍ കൂടുതല്‍ ദയനീയമാകുന്ന കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. പലരും സമരം തന്നെ മറന്നിരിക്കുന്നു. പരുവപ്പെട്ടുപോയ തൊഴിലാളിസമൂഹങ്ങളെ പലനാടുകളില്‍ പലരൂപത്തില്‍ കാണാന്‍ സാധിക്കും. എന്നിട്ടും ചിലര്‍, കഴിഞ്ഞകാലങ്ങളില്‍ തെരുവുകളില്‍ മുഴങ്ങിയ മുദ്രാവാക്യങ്ങളുടെ ഓര്‍മകളുടെ കരുത്തില്‍ തൊഴിലാളി പോരാട്ടങ്ങള്‍ക്കു മുന്നിട്ടിറങ്ങുന്നു.

എണ്‍പതോളം രാജ്യങ്ങളാണ് മേയ് ഒന്ന് തൊഴിലാളി ദിനമായി ആചരിക്കുന്നത്. തൊഴിലാളി വര്‍ഗത്തിന്റെ കഠിനാധ്വാനത്തെ ആദരിക്കുന്നതിനൊപ്പം തൊഴില്‍ അവകാശങ്ങളെ കുറിച്ചും അവരുടെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുക എന്നീ ലക്ഷ്യങ്ങളും ഓര്‍മപ്പെടുത്തുകയും ചെയ്യുകയാണ് ഓരോ മേയ് ദിനവും.

ചരിത്ര പ്രാധാന്യം

പതിനെട്ട്, പത്തൊന്‍പത് നൂറ്റാണ്ടുകളിലാണ് ലോകം വ്യവസായിക മുന്നേറ്റത്തിനു സാക്ഷ്യം വഹിക്കുന്നത്. കൃഷി, വ്യാവസായിക ഉത്പാദനം, ഗതാഗതം എന്നിവയിലുണ്ടായ മുന്നേറ്റത്തെ വ്യവസായ വിപ്ലവം എന്ന പേരിലാണ് ചരിത്രം പിന്നീട് രേഖപ്പെടുത്തിയത്. വ്യാവസായിക വിപ്ലവത്തോടെ ഫാക്ടറി സംസ്‌ക്കാരവും രൂപപ്പെട്ടു. യൂറോപ്പില്‍നിന്ന് ആരംഭിച്ച ഇതിന്റെ അനുരണനങ്ങള്‍ പിന്നീട് വടക്കേ അമേരിക്കയിലേക്കും തുടര്‍ന്ന് ലോകമെമ്പാടും വ്യാപിക്കുകയായിരുന്നു. 'കൂടുതല്‍ ഉത്പന്നങ്ങള്‍ കൂടുതല്‍ ലാഭം' എന്ന ചിന്തയിലേക്ക് ലോകം വളര്‍ന്നതോടെ തൊഴിലാളികള്‍ മണിക്കൂറുകള്‍ ജോലി ചെയ്യേണ്ടി വന്നു. ലാഭവിഹിതവും മുതലാളിത്തം കയ്യാളിയപ്പോള്‍ തൊഴിലാളികളുടെ ജീവിതം ദുസ്സഹമായി തുടങ്ങി. 20 മണിക്കൂര്‍ ജോലിയും നാല് മണിക്കൂര്‍ വിശ്രമവും എന്ന മുതലാളിത്ത നിയമത്തെ എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിനോദം, എട്ട് മണിക്കൂര്‍ വിശ്രമം എന്ന് തിരുത്തിയെഴുതിയത് തൊഴില്‍ സമരങ്ങളിലൂടെയാണ്. മുതലാളിത്തവും സോഷ്യലിസവും എന്ന വിഭാഗീയതയിലേക്ക് ലോകത്തെ കൊണ്ടെത്തിച്ച സമയമായിരുന്നു ആ കാലഘട്ടം.

1884ലാണ് അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് ട്രേഡ്‌സ് ആന്‍ഡ് ലേബര്‍ യൂണിയനുകള്‍ തൊഴിലിടങ്ങളിലെ സമയം എട്ട് മണിക്കൂറാക്കി പരിഷ്‌കരിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത്.

തൊഴിലാളി സമരങ്ങളും മേയ് ദിനവും

1884ലാണ് അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് ട്രേഡ്‌സ് ആന്‍ഡ് ലേബര്‍ യൂണിയനുകള്‍ തൊഴിലിടങ്ങളിലെ സമയം എട്ട് മണിക്കൂറാക്കി പരിഷ്‌കരിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. അവകാശം അനുവദിക്കാത്തതിനെ തുടര്‍ന്ന് 1886 ല്‍ തൊഴിലാളികള്‍ സംഘടിച്ചു,സമരം ചെയ്തു. 1886 ചിക്കാഗോയില്‍ മെയ് ഒന്ന് മുതല്‍ നാല് വരെ ഹേമാര്‍ക്കറ്റ് കൂട്ടക്കൊല എന്നും ഹേമാര്‍ക്കറ്റ് കലാപം എന്നും പിന്നീട് അറിയപ്പെട്ട സംഘര്‍ഷം തൊഴിലാളികളും പോലീസുകാരും തമ്മില്‍ അരങ്ങേറി.

മേയ് നാലിന് മക്കോര്‍മിക് ഹാര്‍വെസ്റ്റിങ് മെഷീന്‍ കമ്പനിയില്‍ തൊഴിലാളി പ്രക്ഷോഭം നടന്നു. സമരക്കാരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഈ സംഭവത്തെ തുടര്‍ന്ന് തൊഴിലാളികള്‍ അടുത്ത ദിവസം ഹേമാര്‍ക്കറ്റ് സ്‌ക്വയറില്‍ ഒരു ബഹുജന യോഗം വിളിച്ചുചേര്‍ത്തു. പ്രതിഷേധത്തിന് ശേഷം മടങ്ങിപ്പോകാന്‍ തുടങ്ങിയ തൊഴിലാളികള്‍ക്കിടയിലേക്ക് അജ്ഞാതനായ ഒരു വ്യക്തി ബോംബ് എറിഞ്ഞതോടെ വീണ്ടും സംഘര്‍ഷം ആരംഭിച്ചു. പോലീസും തൊഴിലാളികളും ഏറ്റുമുട്ടി. നിരവധി തൊഴിലാളികളും ഏഴ് പോലീസുകാരും സംഭവസ്ഥലത്ത് മരിച്ചു.

പോലീസ് കുറ്റം തൊഴിലാളികളുടെ മേല്‍ ആരോപിച്ചു. കോടതി കുറ്റക്കാരായി വിധിച്ച ഏഴുപേരില്‍ നാല് പേരെ തൂക്കിലേറ്റി. ഒരാള്‍ ആത്മഹത്യ ചെയ്തു. ചരിത്രമായ ഈ സംഭവം ലോകത്തെമ്പാടുമുള്ള തൊഴിലാളികളെ ഇളക്കിമറിച്ചു. ലോകത്തെ ഞെട്ടിച്ച് ഹേ മാര്‍ക്കറ്റ് കൂട്ടക്കൊലയാണ് മേയ് ഒന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കുന്നതിലേക്ക് എത്തിച്ചത്. 1893ല്‍ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി പിന്നീട് സ്മാരകവും പണികഴിക്കപ്പെട്ടു.

ഇതേവര്‍ഷം തന്നെയാണ് ഓഗസ്റ്റില്‍ ജനീവയിലെ ഇന്റര്‍നാഷണര്‍ വര്‍ക്കിങ് മെന്‍സ് അസോസിയേഷന്റെ സമ്മേളനത്തില്‍ എട്ട് മണിക്കൂര്‍ ജോലി എന്ന ആവശ്യം തൊഴിലാളികള്‍ ഉന്നയിക്കുന്നത്. ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ക്ക് ഇതിന്റെ അനന്തരഫലമായി ജോലിസമയം ക്രമീകരിക്കപ്പെടാന്‍ ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോളം വരെ സമയമെടുത്തു. ലോകത്തിന്റെ വിവിധയിടങ്ങളില്‍ സമാനതകളില്ലാത്ത സമരങ്ങളായിരുന്നു അതുവരെ നടന്നത്.

യൂറോപ്പിലും അമേരിക്കയിലുമുള്ള തൊഴിലാളികളെ മുതലാളിത്തത്തിനെതിരെ ഒറ്റക്കെട്ടാകാന്‍ പ്രോത്സാഹിപ്പിക്കുമെന്ന വിശ്വാസത്തിലാണ് സോവിയറ്റ് യൂണിയന്‍ മേയ് ഒന്ന് തൊഴിലാളി ദിനമായി ആചരിച്ചു തുടങ്ങിയത്

യൂറോപ്പിലും അമേരിക്കയിലുമുള്ള തൊഴിലാളികളെ മുതലാളിത്തത്തിനെതിരെ ഒറ്റക്കെട്ടാകാന്‍ പ്രോത്സാഹിപ്പിക്കുമെന്ന വിശ്വാസത്തിലാണ് സോവിയറ്റ് യൂണിയന്‍ മേയ് ഒന്ന് തൊഴിലാളി ദിനമായി ആചരിച്ചു തുടങ്ങിയത്. സോവിയറ്റ് യൂണിയനിലും ഈസ്റ്റേണ്‍ ബ്ലോക് രാജ്യങ്ങളിലും ലോകശ്രദ്ധയാകര്‍ഷിച്ച പരേഡുകള്‍ ഉള്‍പ്പടെയുള്ള ആഘോഷങ്ങളുമായി തൊഴിലാളി ദിനം പ്രധാനപ്പെട്ട അവധി ദിനമായി കൊണ്ടാടി. ഫ്രാന്‍സില്‍ മേയ് ഒന്ന് തൊഴിലാളികളുടെ അന്താരാഷ്ട്ര ഐക്യത്തിനും ഐക്യദാര്‍ഢ്യത്തിനും വേണ്ടിയുള്ള ദിനമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു.

ഇന്ത്യയിലെ മേയ് ദിനം

ഇന്ത്യയില്‍ 1923 മേയ് ഒന്ന് മുതലാണ് തൊഴിലാളി ദിനം ആചരിച്ച് തുടങ്ങിയത്. ലേബര്‍ കിസാന്‍ പാര്‍ട്ടി ഹിന്ദുസ്ഥാന്റെ നേതൃത്വത്തിലായിരുന്നു ഇത്. ഈ ദിനത്തിലാണ് ഇന്ത്യയില്‍ ആദ്യമായി ചെങ്കൊടി ഉയര്‍ന്നതും. കിസാന്‍ പാര്‍ട്ടി ഓഫ് ഹിന്ദുസ്ഥാന്‍ നേതാവ് ശിങ്കാരവേലു ചെട്ടിയാരുടെ നേതൃത്വത്തിലായിരുന്നു മെയ് ദിനാഘോഷം നടന്നത്. മദ്രാസ് ഹൈക്കോടതിയുടെ മുന്നിലും ട്രിപ്ലിക്കന്‍ ബീച്ചിന്റെ മുന്നിലുമായി രണ്ട് സമ്മേളനങ്ങളാണ് നടന്നത്. ആ ദിനത്തിലാണ് മേയ് ഒന്ന് ഇന്ത്യയില്‍ തൊഴിലാളി ദിനമാക്കണമെന്നും ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്നും ആവശ്യവുമുയര്‍ന്നത്. വി പി സിങ് പ്രധാനമന്ത്രിയായിരിക്കെയാണ് മേയ് ദിനം ദേശീയ അവധി ദിനമായി പ്രഖ്യാപിച്ചത്.

സാങ്കതിക വിപ്ലവകാലത്തെ തൊഴിലാളികള്‍

വ്യാവസായിക വിപ്ലവ കാലത്തുനിന്ന് സാങ്കേതിക വിപ്ലവ കാലത്തേക്ക് നമ്മള്‍ കടന്നിരിക്കുകയാണ്. 2020 ലെ കോവിഡ് വ്യാപനം ലോകത്തിലെ എല്ലാ നിയമങ്ങളെയും മാറ്റിമറിച്ചു. സാധാരണ ജീവിതത്തിലേക്ക് മനുഷ്യര്‍ കടന്നുവരാന്‍ പിന്നെയും സമയമെടുത്തു. മഹാവ്യാധിയുടെ വ്യാപനത്തിന്റെ പേരില്‍ പല രാജ്യങ്ങളും തൊഴില്‍ നിയമങ്ങള്‍ മാറ്റിക്കുറിച്ചു. ഒപ്പം സാമ്പത്തിക പ്രതിസന്ധിയെന്ന കാരണം ചൂണ്ടിക്കാണിച്ച് നിരവധി ജീവനക്കാരെയും വലിയ കമ്പനികള്‍ പിരിച്ചുവിട്ടു.

യൂറോപ്യന്‍ രാജ്യങ്ങളിലേതും അമേരിക്കയിലേതുമുള്‍പ്പെടെ നിരവധി ടെക് ഭീമന്മാരടക്കം യാതൊരു മുന്നറിയപ്പും കൂടാതെ ജീവനക്കാരെ പിരിച്ച് വിട്ടുകൊണ്ടിരിക്കുകയാണ്. ടെക് ഭീമന്മാരായ ഗൂഗിളും ട്വിറ്ററും ആമസോണും ആപ്പിളുമൊക്കെ പിരിച്ചുവിട്ടത് നിരവധി ജീവനക്കാരെയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനികളില്‍ ശമ്പളം ഇല്ലാതെ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ നിന്നാണ് ഒരു മേയ് ദിനം കൂടി ആചരിക്കുന്നത്.

മനുഷ്യ വിഭവത്തിനു തന്നെ പ്രഹരമേല്‍പ്പിച്ചുകൊണ്ട് സാങ്കേതികവിദ്യ വളരുന്ന കാലഘട്ടത്തിലാണ് നമ്മള്‍ കഴിയുന്നത്. നിര്‍മിതബുദ്ധി എല്ലാം മേഖലകളെയും അടക്കിവാഴാന്‍ പോകുന്നതിന്റെ സൂചനകള്‍ നല്‍കിക്കഴിഞ്ഞു. മനുഷ്യന്റെ സര്‍ഗാത്മകതയെ പോലും വെല്ലുവിളിച്ചാണ് ചാറ്റ് ബോട്ടുകളുടെ കടന്നുവരവ്. ഈ മാറ്റങ്ങളെല്ലാം തന്നെ തൊഴിലാളി വര്‍ഗത്തിന്റെ വയറ്റത്തടിക്കുമെന്ന ആശങ്ക ലോകത്ത് പടര്‍ത്തിയിട്ടുണ്ട്. ജോലിയെടുക്കുന്നതിന്റെ മൗലിക അവകാശമായ വേതനം പോലും ലഭിക്കാത്ത ഈ കാലഘട്ടത്തില്‍ തൊഴില്‍ ദിനത്തിന്റെ പ്രസക്തി ഓര്‍മിപ്പിക്കുക തന്നെ വേണം.

പാലക്കാട് സി കൃഷ്ണകുമാറിന്റെ മുന്നേറ്റം, ലീഡ് ആയിരം കടന്നു | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആത്മവിശ്വാസത്തില്‍ ഇന്ത്യ മുന്നണി| Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ