TODAY IN HISTORY

ജനുവരി 22: 'മതനിരപേക്ഷത' എന്ന പദത്തിന്റെ ഉപജ്ഞാതാവ് മരിച്ച ദിനം

വെബ് ഡെസ്ക്

ഇന്ന് ജനുവരി 22, സെക്കുലറിസം (മതനിരപേക്ഷത) എന്ന വാക്കിന്റെ ഉപജ്ഞാതാവ് ജോർജ്‌ ജേക്കബ്‌ ഹോളിയോക്ക് ലോകത്തോട് വിടപറഞ്ഞ ദിവസം. മതേതരവാദി, പത്രപ്രവർത്തകൻ എന്നീ നിലകളില്‍ യൂറോപ്പില്‍ പ്രസിദ്ധനായ ജോർജ്‌ ജേക്കബ്‌ ഹോളിയോക്ക് ലോകത്തിന് മുന്നില്‍ കൂടുതല്‍ അറിയപ്പെടുന്നത് മതനിരപേക്ഷത എന്ന വാക്ക് കണ്ടുപിടിച്ച വ്യക്തി എന്ന നിലയിലാണ്. 1846-ലായിരുന്നു ജോർജ്‌ ഹോളിയോക്ക് 'ചോദ്യങ്ങളുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്ന ഒരു അഭിപ്രായരൂപം' എന്ന നിലയ്ക്കാണ് 'മതനിരപേക്ഷത' എന്ന വാക്ക് പരിചയപ്പെടുത്തുന്നത്.

ജോർജ്‌ ജേക്കബ്‌ ഹോളിയോക്ക്

മതേതരത്വം അഥവാ മതനിരപേക്ഷതയ്ക്ക് മുൻപായി മതേതരവത്കരണം (സെക്യൂലറൈസേഷന്‍) എന്ന പദമാണ് ആദ്യമായി പ്രയോഗത്തിൽ ഉണ്ടായിരുന്നത്. 1648ൽ റോമാ സാമ്രാജ്യത്തിലായിരുന്നു വാക്ക് ഉപയോഗിച്ച് തുടങ്ങുന്നത്. നിലവിൽ സാമൂഹ്യ ശാസ്ത്രകാരന്മാർ സെക്യൂലറൈസേഷന് നൽകിയിരുന്ന നിർവചനമായിരുന്നില്ല അന്നത്തേത്. സാമ്രാജ്യത്തിലെ രാജകുമാരന്മാർക്ക് സ്വത്തുക്കൾ കൈമാറ്റം ചെയ്യുന്നതിനെ സൂചിപ്പിക്കാനായിരുന്നു മതേതരവത്കരണം പ്രയോഗിച്ചത്.

ഫ്രഞ്ച് വിപ്ലവമാണ് കാര്യങ്ങളെ മാറ്റിമറിക്കുന്നത്. 1789ന് ശേഷം ഈ വാക്കിന്റെ അർത്ഥതലങ്ങളിൽ മാറ്റമുണ്ടായി. ഒടുവിൽ ഏകദേശം ആറ് ദശാബ്ദങ്ങൾക്കപ്പുറം 1846ൽ ജോർജ് ഹോളിയോക് സെക്കുലറിസം എന്ന പുതിയ പദം പാശ്ചാത്യ ലോകത്തിന് പരിചയപ്പെടുത്തി. യൂറോപ്യൻ രാജ്യങ്ങളിലെ മതാധിഷ്ടിത സമൂഹങ്ങൾക്കിടയിൽ യുക്തിപരവും പുരോഗമനപരവുമായ ചിന്താധാര ഉണ്ടാകുക എന്ന നിലയിലായിരുന്നു 'മതനിരപേക്ഷത' എന്ന പദം നിലനിന്നിരുന്നത്.

ജോർജ്‌ ജേക്കബ്‌ ഹോളിയോക്ക് സ്ഥാപിച്ച മാസിക

തൊഴിലാളികൾക്ക് പ്രയോജനമുണ്ടാകുന്നതാകണം ഭരണകൂടങ്ങളുടെ പ്രവർത്തനങ്ങൾ എന്നായിരുന്നു ഹോളിയോക്ക് പ്രധാനമായും വാദിച്ചിരുന്നത്. മതങ്ങൾ പറയുന്നതുപോലെ മരണാന്തര ജീവിതത്തിൽ ഉണ്ടായേക്കാമെന്ന് കരുതുന്ന ആവശ്യങ്ങൾക്കല്ല പ്രാമുഖ്യം നല്‍കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. "മതേതരത്വം" എന്ന പദത്തിന്റെ ആദ്യകാല പ്രയോഗം മറ്റേതെങ്കിലും ജീവിതത്തെക്കുറിച്ചുള്ള ഊഹക്കച്ചവടത്തിനുപകരം ഭൂമിയിലെ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ആശയത്തെ മുറുകെ പിടിക്കുന്നതായിരുന്നു.

1851 ഓടെ തന്നെയും തന്റെ സഹപ്രവർത്തകരെയും "മതേതരവാദി" (secularist) എന്ന പദമുപയോഗിച്ച് വിശേഷിപ്പിക്കാൻ ഹോളിയോക് ആരംഭിച്ചിരുന്നു

ആദ്യകാലങ്ങളിൽ ഒരു നിരീശ്വരവാദി ആയിരുന്നില്ലെങ്കിലും ചാൾസ് സൗത്ത് വെല്‍ എന്ന സഹപ്രവർത്തകനുമായുള്ള ബന്ധം അദ്ദേഹത്തിൽ പല മാറ്റങ്ങളും വരുത്തിയിരുന്നു. ഇക്കാലത്താണ് ഹോളിയോക് ജയിലിലാകുന്നത്. ബൈബിളിന് എതിരായി സംസാരിച്ചതായിരുന്നു കേസ്. ജയിലിൽ വച്ച് ഹോളിയോക്കിനെ വിശ്വാസിയാക്കാൻ പല ശ്രമങ്ങളും നടന്നെങ്കിലും യുക്തി ചിന്തകനായായിരുന്നു അദ്ദേഹം പുറത്തിറങ്ങിയത്. തുടർന്ന് ലണ്ടനിൽ സ്ഥിരതാമസമായ അദ്ദേഹം പുരോഗമന ആശയങ്ങൾ സംവദിക്കാൻ വിവിധ പുരോഗമന പത്രങ്ങൾ സ്ഥാപിച്ചു. 'റീസണർ' അത്തരത്തിൽ ഒന്നായിരുന്നു.

1851 ഓടെ തന്നെയും തന്റെ സഹപ്രവർത്തകരെയും "മതേതരവാദി" (secularist) എന്ന പദമുപയോഗിച്ച് വിശേഷിപ്പിക്കാൻ ഹോളിയോക് ആരംഭിച്ചിരുന്നു. "ഈ ജീവിതവുമായി ബന്ധപ്പെട്ട, പൂർണ്ണമായും മാനുഷിക പരിഗണനകളിൽ സ്ഥാപിതമായ" ഒരു പദമെന്ന നിലയ്ക്കാണ് അദ്ദേഹം മതേതരത്വത്തെ നിർവചിച്ചിരുന്നത്. സ്ത്രീകളുടെ അവകാശങ്ങൾ, രാഷ്ട്രീയ പരിഷ്കരണം, ഏകപക്ഷീയത, വിദ്യാഭ്യാസം, മറ്റ് പരിഷ്കാരങ്ങൾ എന്നിവയ്ക്കായി പോരാടിയ വ്യക്തി കൂടിയായിരുന്നു ജോർജ് ഹോളിയോക്. ജീവിക്കാനും രാഷ്ട്രീയ സാമൂഹിക പ്രവർത്തനങ്ങൾക്കുമുള്ള പോസിറ്റീവ് തത്വചിന്ത എന്ന നിലയ്ക്കായിരുന്നു മതേതരത്വത്തെ അദ്ദേഹം പ്രോത്സാഹിപ്പിച്ചത്.

1906 ജനുവരി 22നാണ് ബ്രിട്ടനിലെ മതേതര, സ്വതന്ത്ര ചിന്ത പ്രസ്ഥാനത്തിന് നേതൃത്വം വഹിച്ചവരിൽ ഒരാളായ ഹോളിയോക് മരിക്കുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും