ഒക്ടോബര്‍ 31 സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി, സ്വന്തം സുരക്ഷ ഭടന്മാരാല്‍ വെടിയേറ്റ് മരിച്ച ദിവസം. തുടര്‍ന്ന് മകന്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നു. എന്നാല്‍ ഒക്ടോബര്‍ 31 ഇന്ത്യയുടെ കറുത്ത ദിനങ്ങളിലൊന്നായി മാറുന്നതിന് കാരണം ഇത് മാത്രമല്ല, ഇന്ദിരാഗാന്ധിയെ കൊലപ്പെടുത്തിയത് സിഖ് വിഭാഗത്തില്‍പ്പെട്ടവരായതുകൊണ്ട് അവരെ തിരഞ്ഞു പിടിച്ച് കൊലപ്പെടുത്തുകയും ആക്രമിക്കുകയും സിഖുകാരുടെ വ്യാപര സ്ഥാപനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു.
ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ തന്നെ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. എന്നാല്‍ ഇതിനിടയിലാണ് നിസ്സംഗമായ ഭരണകൂട സംവിധാനത്തിന് മുന്നില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടത്. അതിലുമേറെ പേര്‍ ആക്രമിക്കപ്പെട്ടു. ആ ഇരുണ്ട ദിവസങ്ങളുടെ വാര്‍ഷിക ദിനം കൂടിയാണ് ഇന്ന്.
പഞ്ചാബിലെ ഖലിസ്ഥാന്‍ വാദികളെ അടിച്ചമര്‍ത്താന്‍ സുവര്‍ണക്ഷേത്രത്തിലേക്ക് സൈന്യത്തെ അയച്ചതിനുള്ള പ്രതികാരമായാണ് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്ന മണിക്കൂറുകള്‍ക്കുളളില്‍ തന്നെ സിഖുകാര്‍ക്കെതിരായ ആക്രമണവും വ്യാപകമായി. ഇന്ദിരാഗാന്ധിയുടെ മൃതദേഹം സൂക്ഷിച്ചിരുന്ന ഡല്‍ഹിയിലെ ഐയിംസില്‍ എത്തിയ രാഷ്ട്രപതി ഗ്യാനി സെയില്‍സിങിന് നേരെ പോലും ആക്രമണ ശ്രമമുണ്ടായി. മൂന്ന് ദിവസത്തോളമാണ് ആക്രമണങ്ങള്‍ അരങ്ങേറിയത്. വടക്കെ ഇന്ത്യയ്ക്ക് പുറമെ തെക്കെ ഇന്ത്യയിലെ സിഖ് കേന്ദ്രങ്ങള്‍ക്ക് നേരേയും ആക്രമണമുണ്ടായി.
നിരവധി അന്വേഷണ കമ്മീഷനുകളാണ് സിഖ് വംശഹത്യയെക്കുറിച്ച് അന്വേഷിക്കാന്‍ രൂപികരിക്കപ്പെട്ടത്. സുപ്രീം കോടതി ജഡ്ജിയായിരുന്ന രംഗനാഥ് മിശ്ര 1987 ല്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എല്ലാ ഉന്നതരെയും കുറ്റവിമുക്തരാക്കികൊണ്ടുള്ള റിപ്പോര്‍ട്ട് വ്യാപകമായ വിമര്‍ശനം ക്ഷണിച്ചുവരുത്തി. പലപ്പോഴായി രൂപികരിക്കപ്പെട്ട കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകള്‍ വിമര്‍ശിക്കപ്പെട്ടു.
ഇതേ തുടര്‍ന്ന് 2000 ത്തില്‍ സുപ്രീം കോടതി ജഡ്ജിയായിരുന്ന നാനാവതിയെ സിഖ് വിരുദ്ധ കലാപം അന്വേഷിക്കാന്‍ നിയമിച്ചു.കലാപത്തിന് പിന്നില്‍ കോണ്‍ഗ്രസുകരാണെന്ന് കമ്മീഷന്‍ കണ്ടെത്തി. സിഖുകാര്‍ക്കെതിരായ ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാവ് ജഗ്ദീഷ് ടൈറ്റ്‌ലര്‍ക്കും, സജ്ജന്‍കുമാറിനും പങ്കുണ്ടെന്ന് കണ്ടെത്തിയ കമ്മീഷന്‍ കോണ്‍ഗ്രസിന്റെ ഒന്നാംകിട നേതാക്കളെ കുറ്റവിമുക്തരാക്കുകയും ചെയ്തു. എന്നാല്‍ യുപിഎ ഭരണകാലത്ത് സിബിഐ ജഗ്ദീഷ് ടൈറ്റ്‌ലറെ കുറ്റവിമുക്തനാക്കി. അദ്ദേഹത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന പി ചിദംബരത്തിനുനേരെ മാധ്യമപ്രവര്‍ത്തകനായ ജര്‍ണൈയില്‍ സിങ് ഷൂ എറിഞ്ഞത് ഇതില്‍ പ്രതിഷേധിച്ചായിരുന്നു. പിന്നീട് അയാള്‍ക്ക് .മല്‍സരത്തില്‍നിന്ന് പിന്‍മാറേണ്ടി വന്നു.
കേസില്‍ ശിക്ഷിക്കപ്പെട്ടത് പ്രമുഖനായ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാര്‍ മാത്രമായിരുന്നു. സിഖ് വംശഹത്യയില്‍ നാലായിരത്തോളം ആളുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. എന്നാല്‍ ജീവന്‍നഷ്ടമായവരുടെ എണ്ണം ഏഴായിരിത്തിലേറെ വരുമെന്നാണ് അനൗദ്യോഗിക കണക്കുകള്‍ പറയുന്നത്.
2005 ല്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് പാര്‍ലമെന്റില്‍ മാപ്പ് പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ കൊലപാതകം വലിയ ദുരന്തമായിരുന്നുവെങ്കില്‍ തുല്യ ദുരന്തമായിരുന്നു പിന്നീടുള്ള സംഭവങ്ങള്‍ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.എന്നാല്‍ കലാപത്തിന് തൊട്ടുപിന്നാലെ രാജീവ് ഗാന്ധി പറഞ്ഞ വാക്കുകള്‍, അക്കാലത്തെ ഭരണകൂടത്തിന്റെ സമീപനം വ്യക്തമാക്കുന്നതായിരുന്നു. വന്‍ മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങുമെന്നായിരുന്നു നിസ്സഹായരായ ഒരു ജനതയോടുള്ള ആ അധികാരിയുടെ വാക്കുകള്‍.
പിന്നീട് ഇതേ രീതിയിലുള്ള പരാമര്‍ശം കേട്ടത്് ഗുജറാത്ത് വംശഹത്യയ്ക്ക് ശേഷമായിരുന്നു. ഗുജറാത്ത് കലാപം ഉണ്ടായതില്‍ ഖേദമുണ്ടായിരുന്നുവോ എന്ന വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ചോദ്യത്തിന് മോദി നല്‍കിയ മറുപടി മനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. കാറില്‍ പോകുമ്പോള്‍ അതിനടിയില്‍ ഒരു പട്ടി പെട്ടാല്‍ ഉള്ള ദുഃഖം തനിക്കുണ്ടെന്നായിരുന്നു മോദി 2014 ല്‍ നടത്തിയ പ്രതികരണം.
കലാപത്തില്‍ ആര്‍ക്കൊക്കെ പങ്ക് ?
സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസുകാര്‍ മാത്രമാണോ പങ്കെടുത്തത്. അല്ലെന്ന് കരുതുന്നവരുണ്ട്്. ആര്‍ എസ് എസ്സിന്റെ സൈദ്ധാന്തികനായിരുന്ന നാനാ ദേശ്മൂഖ് അക്കാലത്ത് പുറത്തിറക്കിയ രേഖയില്‍ സിഖ് വിരുദ്ധ കലാപത്തെ ന്യായികരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സിഖ് വിരുദ്ധ കലാപം കരുതിക്കൂട്ടിയുളളതല്ല. സ്വാഭാവികമായ രോഷ പ്രകടനമാണ്. സിഖുകാര്‍ അത് വിളിച്ചുവരുത്തിയതാണ്. എന്നൊക്കെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പഞ്ചാബിലെ കലാപത്തിന് സിഖ് സമുദായം മുഴുവന്‍ കുറ്റക്കാരാണെന്നുമായിരന്നു അദ്ദേഹം ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കായി തയ്യാറാക്കിയ കുറിപ്പില്‍ വ്യക്തമാക്കിയത്.
പിന്നീട് പഞ്ചാബ് മുഖ്യമന്ത്രിയും ഇപ്പോള്‍ ബിജെപിയിലേക്ക് ചേക്കേറുകയും ചെയ്ത അമരീന്ദര്‍ സിംങും ആക്രമണത്തില്‍ ആര്‍ എസ്് എസ്സുകാര്‍്ക്കും പങ്കുണ്ടെന്ന് ആരോപിച്ചിരിന്നു. ഇന്ത്യയുടെ ചരിത്രത്തിലെ നിര്‍ണായ വര്‍ഷമായിരുന്നു 1984. രാജീവ് ഗാന്ധി അധികാരത്തിലെത്തി. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ സീറ്റ്് നേടി അധികാരത്തിലെത്തി. 404 സീറ്റുകളാണ് അന്ന് കോണ്‍ഗ്രസ് നേടിയത്. ആ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ലഭിച്ചത് കേവലം രണ്ട് സീറ്റുകള്‍ ആയിരുന്നുവെന്നത് മറ്റൊരു സവിശേഷത.