ടെക് ഭീമന്‍ ഗൂഗിളിന് മുന്നില്‍ കാലാന്തരത്തില്‍ അടിയറവ് പറയേണ്ടി വന്ന ഇന്റര്‍നെറ്റിലെ പ്രതാപിയാണ് യാഹൂ. 1995 ജനുവരി 18 യാഹൂവിനെ സംബന്ധിച്ച് ചരിത്രപരമായ അടയാളപ്പെടുത്തലായിരുന്നു. അന്നാണ് യാഹൂ.കോം എന്ന ഡൊമെയ്ന്‍ നിലവില്‍ വരുന്നത്. 10 ലക്ഷം ഡോളറിന് ഗൂഗിളിനെ ഏറ്റെടുക്കാന്‍ വിസമ്മതിച്ചു 1998ല്‍ യാഹൂ. അന്ന് യാഹൂ ഭീമന്മാരും ഗൂഗിള്‍ തുടക്കകാരും. എന്നാല്‍ 2021ല്‍ 500 കോടി ഡോളറിന് യാഹൂ വില്‍ക്കേണ്ടി വന്നിടത്ത് കാര്യങ്ങള്‍ ചെന്നെത്തി. 12,500 കോടി ഡോളര്‍ മൂല്യമുണ്ടായിരുന്നിടത്തുനിന്നാണ് 500 കോടി ഡോളറിലേക്കുള്ള ആ വീഴ്ച. ഇന്റനെറ്റും ശാസ്ത്ര സാങ്കേതിക വിദ്യയും കുതിച്ചുയരുന്ന കാലത്ത് യാഹൂവിനെ എങ്ങനെ ഓര്‍ക്കാതിരിക്കാനാകും.
1994 ജനുവരിയില്‍ സ്റ്റാന്‍ഫോര്‍ഡ് ബിരുദ വിദ്യാര്‍ഥികളായ ജെറി യാങ്ങും ഡേവിഡ് ഫിലോയും ചേര്‍ന്നാണ് വേള്‍ഡ് വൈഡ് വെബില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ജെറി ആന്‍ഡ് ഡേവിഡ്‌സ് ഗൈഡ് റ്റു വേള്‍ഡ് വൈഡ് വെബ് എന്ന പേരില്‍ യാഹുവിന്റെ ആദ്യ രൂപത്തിന് തുടക്കം കുറിക്കുന്നത്. മറ്റ് വെബ്‌സൈറ്റുകളുടെ പേരുകള്‍ ഒന്നിന് പുറകെ ഒന്നായി അടുക്കിവെച്ച തരത്തില്‍ വെബ് ഡയറക്ടറി രൂപത്തിലായിരുന്നു ജെറി യാങ്ങും ഡേവിഡ് ഫിലോയും അന്ന് വെബ് പോര്‍ട്ട് തയ്യാറാക്കിയത്. ഇതിന് ജനപ്രീതി വര്‍ധിച്ചതോടെ 1994 ഏപ്രിലില്‍ പോര്‍ട്ടലിന്റെ പേര് യാഹൂ എന്നാക്കി മാറ്റി.'യെറ്റ് അനദര്‍ ഹൈറാര്‍ക്കിയല്‍ ഒഫീഷ്യസ് ഒറാക്കിള്‍' എന്നതിന്റെ ചുരുക്കപേരാണ് യാഹൂ. പിന്നീടാണ് ഇന്റര്‍നെറ്റ് സേവനത്തിലെ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടുക്കൊണ്ട് യാഹൂ ഡോട് കോം വരുന്നത്.
വെറും വെബ് ഡയറക്ടറി ആയി മാത്രം തുടക്കമിട്ട യാഹൂവിന്റെ പിന്നീടുള്ള വളര്‍ച്ച ദ്രുതഗതിയിലായിരുന്നു. ഗൂഗിള്‍ ഇന്ന് പ്രവര്‍ത്തിക്കുന്ന രീതിയില്‍ അന്ന് എല്ലാ മേഖലയിലും യാഹൂ ആധിപത്യം സ്ഥാപിച്ചു. സേര്‍ച്ച് എഞ്ചിന്‍, ഇ-മെയില്‍, വാര്‍ത്തകള്‍ തുടങ്ങി നിരവധി സേവനങ്ങള്‍ യാഹൂ നല്‍കിയിരുന്നു. 1998കളില്‍ യാഹൂ ജനപ്രിയ സേര്‍ച്ച് എഞ്ചിന്‍ ആയി മാറി. ചൈനീസ് ഇ-കൊമേഴ്‌സ് ഭീമനായ ആലിബാബയുടെ 40 ശതമാനം ഓഹരികളടക്കം നിരവധി ഏറ്റെടുക്കലുകള്‍ യാഹൂ നടത്തി.
ഡോട് കോം പ്രചാരം നേടിയ സമയത്ത് യാഹൂ ഓഹരി കുതിച്ചുയര്‍ന്നിരുന്നു. എന്നാല്‍ 2000ന്റെ അവസാനമായപ്പോഴേക്കും അത് ഇടിഞ്ഞു. ഫേസ്ബുക്കും ഗൂഗിളും നേടിയ ജനപ്രീതിയാണ് യാഹൂവിന് വിപണിയില്‍ തിരിച്ചടിയായത്. 2008 ഫെബ്രുവരിയില്‍ 4,460 കോടി യുഎസ് ഡോളറിന് യാഹൂവിനെ ഏറ്റെടുക്കാന്‍ മൈക്രോസോഫ്റ്റ് ശ്രമിച്ചുവെങ്കിലും കമ്പനി അത് നിരസിച്ചു. അര്‍ഹിക്കുന്ന വിലയല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍ നിരന്തര ചര്‍ച്ചകള്‍ക്കൊടുവില്‍ 2009ല്‍ ഇരു കമ്പനികളും കരാറിലെത്തി. മൈക്രോസോഫ്റ്റിന്റെ സെര്‍ച്ച് എഞ്ചിനായ ബിങ്, യാഹൂ ഉപയോഗിക്കുമെന്നും പകരം മൈക്രോസോഫ്റ്റ് വെബ്‌സൈറ്റിലെ പരസ്യങ്ങള്‍ അവര്‍ കൈകാര്യം ചെയ്യുമെന്നുമായിരുന്ന കരാര്‍. ഗൂഗിളിനെ തറപറ്റിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു 10 വര്‍ഷത്തേക്കുള്ള കരാര്‍.
പഴയ പ്രതാപം പോയതോടെ ജീവനക്കാരെ പിരിച്ചുവിടല്‍ അടക്കം പല പരിഷ്‌കാരങ്ങളും യാഹൂ നടപ്പാക്കി. തലപ്പത്ത് പല മേധാവികളുമെത്തി. യാഹൂവില്‍ നിന്ന് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വരുന്നത് 2016ലാണ്. 2013ല്‍ 100 കോടി ഉപയോക്താക്കളുടേയും 2014ല്‍ 50 കോടി ഉപയോക്താക്കളുടെയും വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടു. ഇന്റര്‍നെറ്റ് ലോകത്ത് അന്നുവരെ സംഭവിച്ചതിലെ ഏറ്റവും വലിയ സുരക്ഷ വീഴ്ചയായിരുന്നു അത്. സുരക്ഷാ വീഴ്ചയും ജനപ്രീതിയിലെ ഇടിവും വിപണി നഷ്ടവും യാഹൂവിനെ വലിയ തകര്‍ച്ചയിലേക്ക് നയിച്ചു.
2017ല്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായ വെറിസണ്‍ യാഹൂ ഏറ്റെടുക്കുന്നത് 480 കോടി ഡോളറിനാണ്. 2021ല്‍ അപ്പോളോ ഗ്ലോബല്‍ മാനേജ്മെന്റിലേക്ക് ഉടമസ്ഥത മാറി. 500 കോടി ഡോളറിനായിരുന്നു ഈ കൈമാറ്റം.
1998ല്‍ 10 ദശലക്ഷം ഡോളറിന് ഗൂഗിളിനെ ഏറ്റെടുക്കാന്‍ വിസമ്മതിച്ച യാഹൂ, വര്‍ഷങ്ങള്‍ക്കിപ്പുറം ഗൂഗിളിന്റെ ജനപ്രീതിക്ക് മുന്നില്‍ നിഷ്പ്രഭമാവുകയായിരുന്നു. വാര്‍ത്ത, മെസെഞ്ചര്‍, മെയില്‍, ഫ്ലിക്കര്‍, യാഹൂ ആന്‍സര്‍ തുടങ്ങി പല സേവനങ്ങളും കാലക്രമേണ പിന്‍വലിക്കുകയോ വില്‍ക്കുകയോ ചെയ്യേണ്ടിവന്നു. ഇന്റര്‍നെറ്റ് ലോകത്തെ അതികായനില്‍ നിന്നുള്ള യാഹുവിന്റെ വീഴ്ച അവിശ്വസനീയമാണ്. 20 വര്‍ഷക്കാലം തലയെടുപ്പോടെ വിപണി വാണ യാഹൂവിന് തിരിച്ചടിയായത്, നേതൃതലത്തിലെ മോശം തീരുമാനങ്ങളെന്നാണ് വിലിരുത്തപ്പെടുന്നത്.