''Everything I write has a precedent in truth.''
Ian Fleming
ഡബിള്‍ ഒ സെവന്‍, ബോണ്ട്, ജെയിംസ് ബോണ്ട്. വയസ് എഴുപത് ! പക്ഷേ, നോവലിലൂടേയും ചലച്ചിത്രങ്ങളിലൂടേയും നമ്മളെ ത്രസിപ്പിച്ച ജെയിംസ് ബോണ്ടിന്റെ വീരസാഹസികതയ്ക്ക് ഇന്നും നിത്യയൗവനമാണ്. മാറ്റമൊന്നുമില്ലാത്ത ഈ വീരനായകന്‍ ഇന്നും ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനാണ്.
ലോക സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും പ്രസിദ്ധമായ ഡയലോഗാണ് 'മൈ നെയിം ഈസ് ബോണ്ട്, ജെയിംസ് ബോണ്ട്' എന്നത്. അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒരു സര്‍വേയില്‍ ഹോളിവുഡ് ചരിത്രത്തിലെ എക്കാലത്തെയും പ്രശസ്തമായ ഡയലോഗുകളിലൊന്നായി തിരഞ്ഞെടുത്തത് ഈ ഉദ്ധരണിയാണ്.
ഇന്നേയ്ക്ക് കൃത്യം 70 വര്‍ഷം മുന്‍പ്, 1953 ഏപ്രില്‍ 13ന് പുറത്തുവന്ന ഇയാന്‍ ഫ്‌ലെമിങ് എന്ന ബ്രിട്ടീഷ് എഴുത്തുകാരന്റെ 'കസിനോ റോയല്‍' എന്ന നോവലിലാണ് ജെയിംസ് ബോണ്ട് എന്ന സീക്രട്ട് എജന്റ് കഥാപാത്രം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഇത് വന്‍ വിജയമായി. തുടര്‍ന്ന് ജയിംസ് ബോണ്ട് 007 നായകനായി തുടര്‍ച്ചയായി 14 നോവലുകള്‍ പുറത്തുവന്നു. ലോകം കീഴടക്കിയ, കോടിക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ ബോണ്ട് കഥകളുടെ ചലച്ചിത്രാവിഷ്‌ക്കരണങ്ങളും വന്‍ വിജയമായിരുന്നു. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി മുതല്‍ വടക്കന്‍ കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഇല്‍ വരെ ജെയിംസ് ബോണ്ടിന്റെ ആരാധകരായിരുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോണ്‍ എഫ് കെന്നഡി കടുത്ത ബോണ്ട് ആരാധകനായിരുന്നു. വെടിയേറ്റ് കൊല്ലപ്പെടുന്നതിന് തലേന്ന് കെന്നഡി കണ്ട സിനിമ ഒരു ബോണ്ട് ചിത്രമാണ് - ' ഫ്രം റഷ്യ വിത്ത് ലൗ'.
ലോക ജനതയിലെ ഇരുപത് ശതമാനമെങ്കിലും ഒരു ബോണ്ട് ചിത്രമെങ്കിലും കണ്ടിട്ടുണ്ടാകുമെന്നാണ് കണക്ക്. തങ്ങളുടെ വീര നായകന്റെ 70ാം ജന്മദിനം വന്‍ ആഘോഷമാക്കാന്‍ ഇപ്പോള്‍ ഫ്‌ലെമിംഗിന്റെ നോവലുകളുടെ അവകാശം കയ്യാളുന്ന ഇയാന്‍ ഫ്‌ലെമിങ്ങിന് പ്രൈവറ്റ് ലിമിറ്റഡ് മുന്നോട്ടിറങ്ങി കഴിഞ്ഞു. ഏപ്രിലില്‍ ബോണ്ടിന്റെ എല്ലാ നോവലുകളും പുനഃപ്രസിദ്ധീകരിക്കും. വംശീയമായ പരാമര്‍ശങ്ങളും പദങ്ങളും ഒഴിവാക്കിയാണ് നോവലുകളുടെ പുതിയ പതിപ്പുകള്‍ പുറത്തു വരിക.
1908ല്‍ ലണ്ടനില്‍ ഒരു ധനിക കുടുംബത്തില്‍ ജനിച്ച ഇയാന്‍ ലങ്കാസ്റ്റര്‍ ഫ്‌ലെമിങ് എന്ന ഇയാന്‍ ഫ്‌ലെമിങ് പഠനത്തിന് ശേഷം റോയിട്ടേഴ്‌സില്‍ പത്രപ്രവര്‍ത്തകനായും പിന്നീട് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഓഹരി ബ്രോക്കറായും ജോലി നോക്കി. ആഡംബര ജീവിത ശൈലിക്കാരനായിരുന്ന അയാള്‍ യാത്രകളും സാഹസികതയും എന്നും ഇഷ്ടപ്പെട്ടിരുന്നു.
1939ല്‍ ബ്രിട്ടീഷ് നേവല്‍ ഇന്റലിജെന്‍സിലെ രഹസ്യാന്വേഷകനായ റിയര്‍ അഡ്മിറല്‍ ജോണ്‍ ഗോഡ് ഫ്രൈയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായി ഫ്‌ലെമിങ് ജോലിയില്‍ പ്രവേശിച്ചു. രണ്ടാം മഹാലോക യുദ്ധത്തില്‍ 17 എ എന്ന രഹസ്യ നാമത്തില്‍ ബ്രിട്ടിഷ് ഇന്റലിജെന്‍സിന് വേണ്ടി ശ്രദ്ധേയമായ സേവനം കാഴ്ചവെച്ച ഫ്‌ലെമിങ് അപ്പോഴേക്കും നേവല്‍ കമാന്‍ഡര്‍ പദവിയിലേക്ക് ഉയര്‍ന്നിരുന്നു.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഫ്‌ലെമിങ് യാത്ര ചെയ്ത ഇടങ്ങളില്‍ ജമൈക്കയും ഉണ്ടായിരുന്നു. ജമൈക്കയുടെ പ്രകൃതി സൗന്ദര്യത്തില്‍ ആകൃഷ്ടനായ അദ്ദേഹം അവിടെ വടക്കന്‍ തീരത്ത് ഒരു എസ്റ്റേറ്റ് വാങ്ങി അവിടെ ഒരു സൗധവും പണിതീര്‍ത്തു. 'ഗോള്‍ഡന്‍ ഐ' എന്നാണ് അതിന് പേരിട്ടത്. ഫ്‌ലെമിങ്ങിന് വല്ലാത്തൊരു ആകര്‍ഷണം ഈ പേരിനോടുണ്ടായിരുന്നു. യുദ്ധകാലത്ത് രഹസ്യ ഓപ്പറേഷനുകളില്‍ അദ്ദേഹം ഉപയോഗിച്ചിരുന്ന കോഡ് വാക്കായിരുന്നു ഗോള്‍ഡന്‍ ഐ.
1944ല്‍ സുഹൃത്തായ റോബര്‍ട്ട് ഹാര്‍ളിങിനോടൊത്ത് വടക്കന്‍ ഫ്രാന്‍സില്‍ യാത്ര ചെയ്യവേ ഒരു സംഭാഷണമധ്യേയാണ് അത് സംഭവിച്ചത്. ഭാവി പദ്ധതികളെ പറ്റി സംസാരിക്കുകയായിരുന്നു ഇരുവരും. പെട്ടെന്ന് ഫ്‌ലെമിങ് പറഞ്ഞു 'I am going to write the spy story to end all spy stories'. അര നൂറ്റാണ്ടായി ലോകത്തെമ്പാടുമുള്ള ആരാധകരെ രസിപ്പിച്ച ജെയിംസ് ബോണ്ട് എന്ന വീരനായകന്റെ ലളിതമായ തുടക്കം അതായിരുന്നു.
പക്ഷേ, ഉടനെയൊന്നും ഫ്‌ലെമിങ് എഴുതാന്‍ ആരംഭിച്ചില്ല. പകരം കരീബിയന്‍ ദ്വീപുകളിലെ കിങ്‌സ് ലീ പത്ര ഗ്രൂപ്പിന്റെ വിദേശകാര്യ ലേഖകനായി മറ്റ് വിഷയങ്ങള്‍ എഴുതി. അപ്പോഴൊക്കെ അദ്ദേഹത്തിന്റെ മനസ് യുദ്ധകാലത്ത് താന്‍ നടത്തിയ സാഹസികമായ ചാരവൃത്തിയിലെ നിറമാര്‍ന്ന സംഭവങ്ങള്‍ ക്രമത്തിലായി അടക്കിയെടുക്കുകയായിരുന്നു.
ഒടുവില്‍ 1952 ഫെബ്രുവരിയില്‍ 'ഗോള്‍ഡന്‍ ഐ' യില്‍ ഇരുന്ന് ഫ്‌ലെമിങ് തന്റെ ആദ്യ നോവലായ 'കസിനോ റോയാല്‍' എഴുതാനാരംഭിച്ചു. ഒറ്റയിരുപ്പിന് എഴുതിയത് 2000 വാക്കുകള്‍! ഒറ്റ മാസം കൊണ്ട് നോവല്‍ പൂര്‍ത്തിയാക്കി.' അങ്ങനെ അവന്റെ പിറവി: ബോണ്ട് , ജെയിംസ് ബോണ്ട് - കൊല്ലാന്‍ അനുമതിയുള്ളവന്‍!
ജെയിംസ് ബോണ്ട് എന്ന പേര് തന്റെ നായകന് നല്‍കാന്‍ ഫ്‌ലെമിങ്ങിന് ആശയം കിട്ടിയതിന് പിന്നിലൊരു കഥയുണ്ട്. മറ്റൊരു മേഖലയില്‍ ഈ പേര് പ്രശസ്തമായിരുന്നു. പക്ഷി നീരീക്ഷണത്തില്‍ തല്‍പരനായിരുന്ന ഫ്‌ലെമിങ് പ്രശസ്തനായ പക്ഷി നിരീക്ഷകനായിരുന്ന ജെയിംസ് ബോണ്ടിന്റെ ' വെസ്റ്റ് ഇന്‍ഡീസിലെ പക്ഷികള്‍' എന്ന പുസ്തകം വായിച്ചിരുന്നു. തന്റെ നായകന് ജെയിംസ് ബോണ്ട് എന്ന പേര് തികച്ചും അനുയോജ്യമാണെന്ന് ഫ്‌ലെമിങ്ങിന് തോന്നി.
'എന്റെ നായകന് ചുറ്റും നടക്കുന്നത് അസാധാരണ കാര്യങ്ങളാണ്. അത്തരമൊരാള്‍ക്ക് തികച്ചും ലളിതവും അരസികനായ ഒരു പേരാണ് വേണ്ടതെന്ന് എനിക്ക് തോന്നി,' ഫ്‌ലെമിങ് പിന്നീട് പറഞ്ഞു. കഥാപാത്രവും കഥാകൃത്തും പഠിച്ചത് ഒരേ സ്‌കൂളില്‍. ഒരേ ഭക്ഷണം ഇഷ്ടമായിരുന്ന ഇരുവരും പുകവലിക്കാരും മദ്യപിക്കുന്നവരുമായിരുന്നു. സാഹസിക ജീവിതം നയിച്ച ഇരുവരും ഒരേ തരം ജോലികള്‍ ചെയ്തു. സേനയില്‍ കമാന്‍ഡര്‍ പദവിയിലായിരുന്നു ജയിംസ് ബോണ്ടും ഇയാന്‍ ഫ്‌ലെമിങ്ങും.
എഡിന്‍ബറോയില്‍ വൈദ്യശാസ്ത്രം പഠിക്കുമ്പോള്‍ താന്‍ കണ്ട അസാധ്യ കഴിവുള്ള അധ്യാപകനായ ഡോ. ജോസഫ് ബെല്ലിനെ മാതൃകയാക്കിയാണ് ആര്‍തര്‍ കോനന്‍ ഡോയല്‍ വിഖ്യാതനായ ഷെര്‍ലക് ഹോംസിനെ സൃഷ്ടിച്ചെതെങ്കില്‍, യുദ്ധകാലത്തെ സാഹസികാനുഭവങ്ങള്‍ ഉള്‍പ്പടുത്തി, തന്റെ തന്നെ പ്രതിരൂപമായാണ് ഇയാന്‍ ഫ്‌ലെമിങ് ജയിംസ് ബോണ്ടിനെ സൃഷ്ടിച്ചത്.
ബ്രിട്ടനിലെ സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസ് M16 എന്ന പേരില്‍ അറിയപ്പെടുന്നു. അതിലെ ജെയിംസ് ബോണ്ടിന്റെ രഹസ്യ കോഡാണ് 007. ആദ്യ രണ്ട് പൂജ്യങ്ങള്‍ സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസ് കോഡും 7 എന്നത് ബോണ്ടിന്റെ നമ്പറുമാണ്. ലണ്ടനാണ് ബോണ്ടിന്റെ ആസ്ഥാനം. പക്ഷേ, തന്റെ ദൗത്യം പൂര്‍ത്തിയാക്കാനായി ലോകം മുഴുവന്‍ അയാള്‍ സഞ്ചരിക്കുന്നു. ലക്ഷ്യം നേടാന്‍ ഏത് മാര്‍ഗവും അയാള്‍ സ്വീകരിക്കും. സന്മാര്‍ഗ ജീവിത രീതിയൊന്നും അയാളുടെ വഴിയിലില്ല. 'ലൈസന്‍സ് ടു കില്‍' ഉള്ള ഒരു ആക്ഷന്‍ ഹീറോയാണയാള്‍.
പാശ്ചാത്യ രീതിയിലുള്ള എല്ലാ ആയോധന കലയിലും പ്രഗല്‍ഭനാണ് അയാള്‍ - ജൂഡോ, കുങ്ഫൂ, തായ് കോണ്ടോ, ബോക്‌സിങ്ങ്, ഗുസ്തി, തുടങ്ങിയവയില്‍ വിദഗ്ധനാണ് ബോണ്ട്. മഞ്ഞിലൂടെയുള്ള സ്‌കിയിങ്ങില്‍ അയാളെ വെല്ലാന്‍ ആരുമില്ല. വേഗത ഇഷ്ടപ്പെടുന്ന അയാള്‍ ബൈക്ക് ഓടിക്കല്‍ തൊട്ട് വിമാനം വരെ പറത്തും. നീന്തല്‍ വിദ്ഗധനനും അന്തര്‍വാഹിനി വരെ ഓടിക്കുന്നവനും ആണ്.
ബോണ്ടിന്റെ സ്വകാര്യ ജീവിതത്തെ പല നോവലുകളിലായി കുറച്ചു മാത്രമെ പരാമര്‍ശിക്കുന്നുള്ളൂ. സ്‌കോട്ട്‌ലന്‍ഡുകാരനായ ആന്‍ഡ്രുവിന്റെയും സ്വിറ്റ്‌സര്‍ലന്‍ഡുകാരിയായ മൊണിക്യുവിന്റെയും മകനാണ് ബോണ്ട് എന്ന് ഒരു നോവലില്‍ പരാമര്‍ശിക്കുന്നുണ്ട്. റോയല്‍ നേവല്‍ കോളേജിലും ഓക്‌സ്ഫഡിലും കേംബ്രിഡ്ജിലും ഏഷ്യന്‍ ഭാഷകള്‍ പഠിപ്പിക്കുന്ന ഒരു കോളേജിലും പഠിച്ചതായി സൂചിപ്പിക്കുന്നുമുണ്ട്.
മുതിര്‍ന്നവര്‍ക്കുള്ള ഒരു യക്ഷിക്കഥയെന്ന് ബോണ്ട് കഥകളെ വിശേഷിപ്പിക്കാം. നായകനും നായികയും വില്ലനും ഉള്ള യക്ഷിക്കഥ . ''അവിശ്വസനീയമായ കഥ ലളിതമായി പറയുകയാണ് ഞാന്‍,'' ബി ബി സിയിലെ അഭിമുഖത്തില്‍ ഫ്‌ലെമിങ് പറഞ്ഞു. തന്റെ കൃതികള്‍ അസാമാന്യമാണെന്നോ മികച്ച സാഹിത്യരൂപമാണെന്നോയെന്ന ധാരണയോ അവകാശവാദമോ അദ്ദേഹത്തിനില്ലായിരുന്നു.
തന്റെ രണ്ടാമത്തെ നോവല്‍ 'ലീവ് ആന്റ് ലെറ്റ് ഡൈ' പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന് അയച്ചപ്പോള്‍ കൂടെ വെച്ച ഒരു കുറിപ്പില്‍ എഴുതി. 'വായനക്കാരന് യാതൊരു മാനസികാസ്വാദനവും നല്‍കാത്ത ഒരു ത്രില്ലര്‍'. തന്റെ സന്തോഷത്തിനും ആത്മസംതൃപ്തിക്കും പിന്നെ, പണത്തിനും വേണ്ടിയാണ് താന്‍ എഴുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. യാതൊരു ബാധ്യതയോ, കെട്ടുപാടുകളോ ഇല്ലാതെ സ്വാതന്ത്ര്യത്തോടെ, തന്റെ സന്തോഷത്തിന് വേണ്ടി ജീവിച്ച, വിജയിച്ച ഒരു എഴുത്തുകാരനായിരുന്നു ഇയാന്‍ ഫ്‌ലെമിങ്.
ബ്രിട്ടീഷ് രഹസ്യാന്വേഷണ വകുപ്പിലെ രഹസ്യ ഏജന്റായ ജെയിംസ് ബോണ്ട് വടക്കന്‍ ഫ്രാന്‍സിലെ റോയെലെസ് ഇയോക്‌സില്‍ (സാങ്കല്‍പ്പിക നഗരം) എത്തുന്നു. ലെ ഷിഫര്‍ എന്ന റഷ്യന്‍ ചാരനെ പന്തയം വെച്ച് ചീട്ട് കളിയില്‍ തോല്‍പ്പിച്ച്, പാപ്പരാക്കി അപമാനിക്കുന്നു. ഫ്രഞ്ച് രഹസ്യാന്വേഷകന്‍ ഡക്‌സ്മി ബ്യൂറോയും അമേരിക്കന്‍ ചാര സംഘടനയായ സി ഐ എയുടെ ഫിലിക്‌സ് ലിതറും വെസ്പര്‍ലാന്റ് എന്നൊരു യുവതിയും ബോണ്ടിനെ ഈ ദൗത്യത്തില്‍ സഹായിക്കുന്നു. കളിയില്‍ പരാജയമടഞ്ഞ ലെ ഷിഫര്‍ ബോണ്ടിനെ ആക്രമിച്ച് തടവിലാക്കുന്നു. അയാളുടെ കൊടും മര്‍ദനങ്ങള്‍ നേരിടുന്ന നേരത്ത് റഷ്യന്‍ ചാരവിരുദ്ധ സംഘടനയിലെ ഒരു ഏജന്റ് ഷിഫറെ വെടിവെച്ച് കൊല്ലുകയും, ബോണ്ടിനെ വെറുതെ വിടുകയും ചെയ്യുന്നു. രക്ഷപെട്ട ബോണ്ട് വെസ്പര്‍ലാന്റിനോട് വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും താന്‍ റഷ്യന്‍ ഡബിള്‍ എജന്റാണെന്ന കുറിപ്പ് എഴുതി വെച്ച് അവള്‍ ആത്മഹത്യ ചെയ്യുന്നു. ഇതാണ് കസിനോ റോയലെയുടെ കഥ.
'ആവേശകരം, അങ്ങേയറ്റം പരിഷ്‌കൃതം' എന്നാണ് ടൈംസ് ലിറ്റര്‍ലി സപ്ലിമെന്റ് ഈ നോവലിനെ വിശേഷിപ്പിച്ചത്. ഇന്റിലിജന്‍സ് ഡയറക്ടറായ അഡ്മിറല്‍ ഗോഡ് ഫ്രൈയും ഫ്‌ലെമിങ്ങും ചേര്‍ന്ന് പോര്‍ച്ചുഗലില്‍ നടത്തിയ ചില യാത്രകളില്‍ നടന്ന സംഭവങ്ങളും സാഹസങ്ങളും തന്റെ ആശയങ്ങളുമായി കലര്‍ത്തി മനോഹരമായി എഴുതിയതാണ് കസിനോ റോയലെ എന്ന നോവല്‍.
വില്യം ഫ്‌ലോവര്‍ എന്നൊരു സ്‌നേഹിതനാണ് ആദ്യമായി 'കസിനോ റോയലേ' യുടെ കയ്യെഴുത്തുപ്രതി ആദ്യമായി വായിച്ചത്. ആരോടും പറയരുത് എന്നൊരു വ്യവസ്ഥയിലായിരുന്നു ഫ്‌ലെമിംഗ് അത് വായിക്കാന്‍ നല്‍കിയത് എന്നാല്‍ ഒരു കവിയും എഴുത്തുകാരനുമായിരുന്ന ഫ്‌ലോമറിന് വായന കഴിഞ്ഞപ്പോള്‍ നോവല്‍ വ്യത്യസ്തമായ ഒരു രചനയായി തോന്നി. അയാള്‍ അത് പ്രശസ്ത പ്രസാധകരായ ലണ്ടനിലെ ജോനാഥന്‍ കേപ്പിന് നല്‍കി. സാധാരണ നിലയില്‍ ഒരു പുതിയ എഴുത്തുകാരന്റെ രചന അവര്‍ പ്രസിദ്ധീകരിക്കുന്നത് അപൂര്‍വമാണ്. ഈ കൃതി വായനക്കാര്‍ സ്വീകരിക്കുമോ എന്നൊരു സംശയം പ്രസാധകര്‍ക്കുണ്ടായി.
ഇയാന്‍ ഫ്‌ലെമിങ്ങിന്റെ സഹോദരന്‍ പീറ്റര്‍ ഫ്‌ലെമിങ് പത്രപ്രവര്‍ത്തകനും അറിയപ്പെടുന്ന സഞ്ചാര സാഹിത്യകാരനുമായിരുന്നു. ആ പരിഗണനയില്‍ പുസ്തകം പ്രസിദ്ധീകരിക്കാന്‍ ജോനാഥന്‍ കേപ്പ് തയ്യാറായി. പിന്നീടുള്ളത് ചരിത്രമാണ്.
1953 ഏപ്രില്‍ 13ന് ലണ്ടനിലെ പുസ്തകക്കടകളില്‍ കസിനോ റോയലെ വില്‍പ്പനക്കെത്തി. ഇയാന്‍ ഫ്‌ലെമിങ് തന്നെ രൂപകല്‍പ്പന ചെയ്ത കവര്‍ ചിത്രവുമായി പുറത്തിറങ്ങിയ പുതിയ നോവല്‍ 5000 കോപ്പികളോളം ആദ്യ പതിപ്പായി അച്ചടിച്ചു. ഒരു മാസം തികയും മുന്‍പ് അവ മുഴുവന്‍ വിറ്റുപോയി. പിന്നിട് പല പതിപ്പുകള്‍ വന്നു. അപ്പോഴേക്കും ജയിംസ് ബോണ്ട് വളരെ ജനപ്രീതി നേടിയ കഥാപാത്രമായി ഉയര്‍ന്നിരുന്നു. ബ്രിട്ടിഷുകാരന്റെ സാഹസികതയുടെ ആള്‍രൂപമായി, ലോകം അംഗീകരിച്ച വീരനായകനായി ബോണ്ട്. ഈ വിജയം പിന്നീട് തുടര്‍ച്ചയായ 12 വര്‍ഷം ബോണ്ട് നോവലുകള്‍ എഴുതാന്‍ ഫ്‌ലെമിങ്ങിനെ പ്രേരിപ്പിച്ചു.
നോവലുകളും അതിന്റെ ചലച്ചിത്രാവിഷ്‌ക്കാരങ്ങളും ജെയിംസ് ബോണ്ടിനെ ഒരു കഥാപാത്രത്തില്‍ നിന്ന് ആഗോള പ്രതിഭാസമാക്കി മാറ്റി. അക്കാലത്തെ ഏറ്റവും ബെസ്റ്റ് സെല്ലറുകളായ ബോണ്ട് നോവലുകള്‍ അതിന്റെ സ്രഷ്ടാവിന് പേര് മാത്രമല്ല അളവറ്റ പണവും നേടിക്കൊടുത്തു. 1965 ആയപ്പോഴേക്കും 2.7 കോടി ബോണ്ട് നോവലുകളാണ് വിറ്റുപോയത്.
എല്ലാ ബോണ്ട് കഥകളും ആവര്‍ത്തന ശൈലിയിലും ഘടനയിലുമുള്ളതായിട്ടും അവ ഇന്നും ലോകമെങ്ങുമുള്ള ജനതയുടെ ഇഷ്ട വിഷയമാകാന്‍ കാരണമെന്താണ്? ഉത്തരം ലളിതമാണ്. സാഹസികത മനുഷ്യന്‍ എന്നും ഇഷ്ടപ്പെടുന്നു, അത് ആസ്വദിക്കുന്നതില്‍ ആവേശവും ആനന്ദവും കണ്ടെത്തുന്നു. ''സാഹസികതയോട് ഒരിക്കലും നോ പറയരുത്. എല്ലായ്പോഴും യെസ് പറയുക, അല്ലാത്തപക്ഷം നിങ്ങള്‍ നയിക്കുന്നത് വളരെ വിരസമായ ജീവിതമായിരിക്കും,'' ഇയാന്‍ ഫ്‌ലെമിങ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ബോണ്ടിനെ കൂടുതല്‍ വിശ്വപ്രസിദ്ധനാക്കിയത് നോവലുകളുടെ ചലച്ചിത്രാവിഷ്‌ക്കാരങ്ങളാണ്. അവയാകട്ടെ പണം വാരിയ പടങ്ങളുടെ ചരിത്രവും. 1961ല്‍ കാനഡക്കാരനായ നിര്‍മാതാവ് ഹാരി സാള്‍ട്‌സ്മാന്‍ നോവലുകള്‍ ചലച്ചിത്രമാക്കാന്‍ അവകാശം വാങ്ങിയെങ്കിലും നിര്‍മാണത്തിന് പണം കണ്ടെത്താനായില്ല. അപ്പോഴാണ് ബോണ്ട് കഥകളെ ഇഷ്ടപ്പെട്ടിരുന്ന മറ്റൊരു നിര്‍മാതാവ് ആല്‍ബര്‍ട്ട് ക്യൂബി ബ്രോക്കോളി രംഗത്തെത്തിയത്. ബോണ്ടിന്റെ നാലാമത്തെ നോവലായ 'തണ്ടര്‍ ബോള്‍ട്' സിനിമയാക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ ഈ നോവലിന്റെ അവകാശത്തെ സംബന്ധിച്ച് നിയമപ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ ആ കഥ ഒഴിവാക്കി ഡോക്ടര്‍ നോ തിരഞ്ഞെടുക്കുകയായിരുന്നു. ബോണ്ടിനെ ആരാണ് അവതരിപ്പിക്കുകയെന്നത് കുറച്ച് ആശയക്കുഴപ്പമുണ്ടാക്കി. ഹോളിവുഡിലെ അന്നത്തെ താരരാജാക്കന്മാരായ റിച്ചാഡ് ബര്‍ട്ടനേയും ഗാരി ഗ്രാന്റിനേയും ബോണ്ട് വേഷത്തിന് പരിഗണിച്ചെങ്കിലും, ഒടുവില്‍ സ്‌ക്കോട്ട്‌ലണ്ടുകാരനായ ഷോണ്‍ കോണറിയെ ജെയിംസ് ബോണ്ടായി തിരഞ്ഞെടുക്കുകയായിരുന്നു.
എന്നാല്‍ ഫ്‌ലെമിങ്ങിന്റെ ആഗ്രഹം ഡേവിഡ് നീവന്‍ ബോണ്ടായി അഭിനയിക്കണമെന്നായിരുന്നു. 1967ല്‍ ആദ്യം, പുറത്തുവന്ന 'കസിനോ റോയലില്‍' ബോണ്ടായി വേഷമിട്ടത് ഡേവിഡ് നീവനായിരുന്നു. പക്ഷേ, ഈ ചിത്രം ബോണ്ട് ചിത്രങ്ങളുടെ ഔദ്യോഗിക കമ്പനിയായ ഇയോണ്‍ പ്രൊഡക്ഷന്റെതല്ലാത്തതിനാല്‍ ബോണ്ട് ചിത്രങ്ങളുടെ പട്ടികയില്‍ വരുന്നില്ല. 1961ല്‍ ആല്‍ബര്‍ട്ട് ബ്രോക്കോളി - ഹാരി സാള്‍ട്ട്‌സ്മാന്‍ എന്നിവര്‍ ലണ്ടനില്‍ സ്ഥാപിച്ച ഇയോണ്‍ പ്രൊഡക്ഷന്‍സ് ആണ് മറ്റ് ബോണ്ട് ചിത്രങ്ങളുടെ നിര്‍മാതാക്കള്‍.
ഷോണ്‍ കോണറി മുതല്‍ ഡാനിയല്‍ ക്രെഗ് വരെ 6 നടന്‍മാര്‍ ഇതുവരെ പുറത്തുവന്ന 24 ചിത്രങ്ങളില്‍ അഭിനയിച്ചു. പ്രേക്ഷകരുടെ സര്‍വേകളില്‍ ഏറ്റവും മികച്ച ജെയിംസ് ബോണ്ട് ചിത്രം 1963ല്‍ പുറത്തുവന്ന' ഫ്രം റഷ്യ വിത്ത് ലൗ' ആണ് . അതിലഭിനയിച്ച ഷോണ്‍ കോണറിയെയാണ് മികച്ച ബോണ്ട് നടനായി പ്രേക്ഷകര്‍ തിരഞ്ഞെടുത്തതും.
'ഡോക്ടര്‍ നോ' യിലെ വില്ലനെ അവതരിപ്പിക്കാന്‍ തന്റെ സുഹൃത്തും പ്രശസ്ത നാടകകൃത്തുമായ നോയല്‍ കവാര്‍ഡിനെ ക്ഷണിച്ച ഫ്‌ലെമിങ്ങിന് ലഭിച്ച റോയല്‍ കവാര്‍ഡിന്റെ മറുപടി ടെലഗ്രാം ഇങ്ങനെയായിരുന്നു: 'Dear Ian, the answer to Dr No is No! No !No!'. പിന്നീട് ജോസഫ് വൈസ് മാന്‍ എന്ന നടന്‍ വില്ലന്‍ വേഷം ചെയ്തു.
'ഡോക്ടര്‍ നോ'യില്‍ സില്‍വിയ ട്രഞ്ച് എന്ന കഥാപാത്രം പേര് ചോദിച്ചപ്പോള്‍ ബോണ്ടിന്റെ മറുപടി ഇതായിരുന്നു. 'ബോണ്ട്, ജെയിംസ് ബോണ്ട് '. 70 വര്‍ഷമായി ചലച്ചിത്ര ലോകത്തിന് ഏറ്റവും പരിചിതമായ വാക്കുകള്‍ ! ജെയിംസ് ബോണ്ടിനെ പരിചയപ്പെടുത്തുന്ന, പിന്നിട് അനശ്വരമായ ഡയലോഗ് അങ്ങനെ വെള്ളിത്തിരയില്‍ ആദ്യമായി പ്രേക്ഷകര്‍ കേട്ടു. ആദ്യ ചിത്രം തന്നെ ബോക്‌സോഫീസ് ഹിറ്റായി മാറി. 2005ല്‍ ഗാര്‍ഡിയന്‍ പത്രത്തില്‍ വന്ന ഒരു ലേഖനത്തില്‍ പറയുന്നത് 5 ബില്യണ്‍ ഡോളര്‍ 'ഡോക്ടര്‍ നോ' ബോക്‌സോഫീസ് കളക്ഷന്‍ നേടി എന്നാണ്.
ചലച്ചിത്രങ്ങളില്‍ നിന്ന് ഇയാന്‍ ഫ്‌ലെമിങ്ങിന് പ്രതിഫലമായി ലഭിച്ചിരുന്നത് ഒരു ചിത്രത്തിന് ഒരു ലക്ഷം ഡോളര്‍ ആയിരുന്നു, കൂടാതെ ചിത്രത്തിന്റെ ലാഭത്തിന്റെ അഞ്ച് ശതമാനവും. ഉര്‍സല ആന്‍ഡ്രസ് ആണ് ജെയിംസ് ബോണ്ടിന്റെ ആദ്യ നായിക. ഹോളിവുഡിലെ പ്രശസ്ത നടിമാരെല്ലാം കാലാകാലങ്ങളില്‍ ബോണ്ട് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നവരാണ്. കാരണം ഉയര്‍ന്ന പ്രതിഫലവും പ്രശസ്തിയും തന്നെ. അത് എന്നും ബോണ്ട് ചിത്രങ്ങളുടെ മുഖമുദ്രയായിരുന്നു. 2002 ല്‍ പുറത്തുവന്ന ' ഡൈ അനതര്‍ ഡേ' യില്‍ നായികയായി അഭിനയിച്ച ഹോളിവുഡിലെ പ്രശസ്ത നടിയായ ഹാലിബെറിയാണ് കറുത്ത വര്‍ഗക്കാരിയായ ആദ്യ നായിക.
ബോണ്ട് ചിത്രങ്ങളില്‍ നായകനോളം പ്രാധാന്യം വില്ലനുമുണ്ട് എന്നൊരു പ്രത്യേകതയുണ്ട്. 6 ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട എണസ്റ്റ് സ്റ്റാ വോ ബ്ലോ ഫീല്‍ഡ് ആണ് ഇവരില്‍ കേമന്‍. ഡ്രാക്കുളയെ അനശ്വരനാക്കിയ ക്രിസ്റ്റര്‍ ഫര്‍ ലീ തൊട്ട് ഓസ്‌കാര്‍ നേടിയ നടന്‍ ക്രിസ്റ്റഫര്‍ വാള്‍ക്കന്‍സ് വരെ ബോണ്ട് വില്ലനായി വേഷമിട്ടിട്ടുണ്ട്.
എല്ലാ ബോണ്ട് ചിത്രങ്ങളും ആരംഭിക്കുന്നത് 'തോക്കിന്‍ കുഴല്‍ സ്വീക്വന്‍സ്' എന്നറിയപ്പെടുന്ന രംഗത്തില്‍ നിന്നാണ്. നടന്നു പോകുന്ന ബോണ്ട് പെട്ടെന്ന് തിരിഞ്ഞ് വെടിയുതിര്‍ക്കുന്നു. രക്തം ഒഴുകി തോക്കിന്‍ കുഴലില്‍ വൃത്തമായി അലിഞ്ഞ് ചേരുന്നു. ഡോക്ടര്‍ നോവില്‍ ആരംഭിച്ച ഈ സ്വീകന്‍സ് ബോണ്ട് ചിത്രങ്ങളുടെ പരമ്പരാഗത മുദ്രയായ് മാറി.
വോഡ്ക മാര്‍ട്ടിനിയെന്ന മികച്ച മദ്യവും ഷാമ്പെയിനും മികച്ച സിഗരറ്റായ ചെസ്റ്റര്‍ഫീല്‍ഡും പുകയ്ക്കുന്ന ജെയിംസ് ബോണ്ടിന്റെ ഇഷ്ട വിഭവങ്ങളാണ് കാപ്പിയും ഞണ്ടും കൊഞ്ചും. വില പിടിച്ച സ്യൂട്ട്, വാച്ച്, കൂളിങ് ഗ്ലാസ്സ് എന്നിവ ബോണ്ട് ജീവിത രീതിയുടെ ഭാഗമാണ്. ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 എന്ന കാറാണ് ബോണ്ട് ഡ്രൈവ് ചെയ്യുന്നത്. പല ചിത്രങ്ങളില്‍ വ്യത്യസ്ത രൂപത്തില്‍ ഈ വാഹനം പ്രത്യക്ഷപ്പെടുന്നു. ബോണ്ട് ഉപയോഗിക്കുന്ന ആയുധം വാള്‍ട്ടര്‍ പിപികെ എന്ന കൈതോക്കാണ്. അഡോള്‍ഫ് ഹിറ്റ്‌ലര്‍ സ്വയം വെടി വെച്ച് മരിച്ചത് ഇതേ മാതൃകയിലുള്ള തോക്കുപയോഗിച്ചാണ്. 1995 ല്‍ പുറത്തിറങ്ങിയ ' ഗോള്‍ഡന്‍ ഐ' എന്ന ചിത്രമാണ് കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ആദ്യമായി ഉപയോഗിച്ച ബോണ്ട് ചിത്രം.
ഇതിനിടെ ജെയിംസ് ബോണ്ട് ഇന്ത്യയിലുമെത്തിയിരുന്നു. റോജര്‍ മൂര്‍ ബോണ്ടായി വേഷമിട്ട 'ഒക്ടോപസി' (1983) എന്ന ബോണ്ട് ചിത്രം ഭൂരിഭാഗവും ഇന്ത്യയില്‍ വെച്ചാണ് ചിത്രീകരിച്ചത്. രാജസ്ഥാനിലെ ഉദയ്പൂര്‍ ജഗ് മന്ദിര്‍ പാലസില്‍ വെച്ചായിരുന്നു പ്രധാനമായും ചിത്രീകരണം. ഒരു ബോണ്ട് ചിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ നടന്‍ അഭിനയിച്ചു എന്ന ഖ്യാതിയുമുണ്ട് ഈ ചിത്രത്തിന്. ബോളിവുഡ് നടന്‍ കബീര്‍ ബേദി യാണ് ഒരു വില്ലന്‍ വേഷത്തില്‍ ഇതില്‍ അഭിനയിച്ചത്. പ്രശസ്ത ഇന്ത്യന്‍ ടെന്നീസ് കളിക്കാരന്‍ വിജയ് അമൃത് രാജും ഈ ചിത്രത്തില്‍ അഭിനയിച്ചു.
2012 ല്‍ പുറത്തുവന്ന 'സ്‌കൈ ഫാള്‍' ആണ് ഏറ്റവും കൂടുതല്‍ പണം വാരിയ ബോണ്ട് ചിത്രം. ഏകദേശം 7, 700 കോടി രൂപ ബോക്‌സോഫീസ് വരുമാനം! 2015ല്‍ വന്ന 'സ്‌പെക്റ്റര്‍' രണ്ടാം സ്ഥാനത്ത് 6,100 കോടി. മൂന്നാം സ്ഥാനം 'കസിനോ റോയലെ' എന്ന ചിത്രം.
തന്റെ നായകന്‍ ചക്രവാള സീമകള്‍ കടന്ന്, വിശ്വ പ്രശസ്തനാകുന്നത് കാണാതെ 1964 ഓഗസ്റ്റ് 12ന് ഹൃദയാഘാതം മൂലം ഇയാന്‍ ഫ്‌ലെമിങ് അന്തരിച്ചു. വെറും 56 വയസ് വരെയെ ഇയാന്‍ ഫ്‌ലെമിങ് ജീവിച്ചിരുന്നുള്ളൂ. തന്റെ സന്തോഷത്തിന് വേണ്ടി മാത്രം എഴുതിയവ കാലത്തെ അതിജീവിച്ച്, അനശ്വരമാകുമെന്ന് അദ്ദേഹം, സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. തന്റെ പ്രസിദ്ധിയിലോ, എഴുത്തുകാരന്‍ എന്ന നിലയിലോ അദ്ദേഹം ഒരിക്കലും അമിതാവേശം പ്രകടിപ്പിച്ചില്ല.' ചാരമാണ് സുഹൃത്തേ, എല്ലാം വെറും ചാരം' ഒരു സ്‌നേഹിതന് ഇതേക്കുറിച്ച് ഫ്‌ലെമിങ് എഴുതി.
12 നോവലും രണ്ട് ചെറുകഥാ സമാഹാരങ്ങളും എഴുതിയ ഫ്‌ലെമിങ് കുട്ടികള്‍ക്ക് വേണ്ടി എഴുതിയ മികച്ച നോവലാണ് ' ചിട്ടി ചിട്ടി ബാങ് ബാങ്. ഇത് പിന്നീട് സിനിമയായി.
ഫ്‌ലെമിങ്ങിന്റെ മരണശേഷം, ബോണ്ട് കൃതികള്‍ എഴുതിയത് കിങ്‌സിലി ആമിസ്, ജോണ്‍ ഗാഡ്‌നര്‍, റെയ്മണ്ട് ബെന്‍സന്‍ എന്നിവരാണ്. ഫ്‌ലെമിങ്ങിന്റെ ശൈലിയില്‍ എഴുതിയ ഇവയാണ് പിന്നീടുള്ള ചലച്ചിത്രങ്ങള്‍ക്ക് ഉപയോഗിച്ചത്.