NEWS

ഇസ്രയേലിന് എതിരെ സംസാരിച്ചു; പലസ്തീന്‍ വംശജയായ ജനപ്രതിനിധി സഭാംഗം റാഷിദ ത്‌ലൈബിനെ 'വായടപ്പിച്ച്' യുഎസ്

വെബ് ഡെസ്ക്

ഹമാസുമായുള്ള യുദ്ധത്തില്‍ ഇസ്രയേലിന് എതിരെ വിമര്‍ശനം ഉന്നയിച്ച പലസ്തീന്‍ വംശജയായ യുഎസ് ജനപ്രതിനിധി സഭംഗം റാഷിദ ത്‌ലൈബിനെ സെന്‍സര്‍ ചെയ്ത് ഹൗസ് ഓഫ് റപ്രസന്റീവ്‌സ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മേല്‍ക്കൈയുള്ള ജനപ്രതിനിധി സഭയില്‍, റാഷിദ പ്രതിനിധീകരിക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയും റാഷിദയ്ക്ക് എതിരായ നിലപാട് സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് കോണ്‍ഗ്രസിലെ പ്രസംഗം ബഹിഷ്‌കരിച്ച ജനപ്രതിനിധികളില്‍ ഒരാളാണ് ത്‌ലൈബ്.

'അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷിയായ ഇസ്രയേലിനെ കുറിച്ചും ഒക്ടോബര്‍ ഏഴിലെ ആക്രമണത്തെ കുറിച്ചും അവിശ്വസനീയ നുണകളാണ്' റാഷിദ പ്രചരിപ്പിക്കുന്നതെന്ന് പ്രമേയം അവതരിപ്പിച്ച റിപ്പബ്ലിക്കന്‍ പ്രതിനിധി റിച്ച് മെക്‌കോര്‍മിക് ആരോപിച്ചു.

എന്നാല്‍, തനിക്കതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ തള്ളിക്കളഞ്ഞ റാഷിദ, ഗാസയിലെ ജനങ്ങള്‍ക്ക് വേണ്ടി അമേരിക്കന്‍ ജനപ്രതിനിധികള്‍ ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടതെന്ന് ആവശ്യപ്പെട്ടു. 'ഞാന്‍ നിശബ്ദയാകില്ല. എന്റെ വാക്കുകള്‍ വളച്ചൊടിക്കാന്‍ ഞാന്‍ അനുവദിക്കില്ല'- റാഷിദ പറഞ്ഞു. ഒരു സര്‍ക്കാരും വിമര്‍ശനത്തിന് അതീതമല്ല. ഇസ്രയേല്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ജൂതവിരുദ്ധമാണെന്ന ആശയം പ്രചരിപ്പിക്കുന്നത് അപകടകരമാണ്. ഇത് മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി സംസരിക്കുന്നവരെ നിശബ്ദമാക്കാന്‍ ഉപയോഗിക്കുകയാണ്'- റാഷിദ പറഞ്ഞു. ഇസ്രയേല്‍ ജനതയ്ക്ക് നേരെ ഹമാസ് നടത്തിയ ആക്രമണങ്ങളെ താന്‍ പലപ്പോഴും വിമര്‍ശിച്ചിട്ടുണ്ടെന്നും റാഷിദ ചൂണ്ടിക്കാട്ടി.

അമേരിക്കയെ ചൊടിപ്പിച്ച വിമര്‍ശനം

മൂന്നു തവണ യുഎസ് ജനപ്രതിനിധി സഭാംഗമായ റാഷിദ, 2018ലാണ് ആദ്യമായി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സ്ത്രീപക്ഷ പുരോഗമന നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വനിതാ ജനപ്രതിനിധികളുടെ കൂട്ടായ്മയായ സ്‌ക്വാഡിന്റെ നേതാവ് കൂടിയാണ് റാഷിദ.

പലസ്തീന്‍ ദേശീയ പ്രക്ഷോഭകാരികള്‍ ഉയര്‍ത്തുന്ന 'നദി മുതല്‍ കടല്‍ വരെ' എന്ന മുദ്രാവാക്യം പരാമര്‍ശിച്ചുകൊണ്ടാണ് ഇസ്രയേല്‍ ആക്രമണത്തിന് എതിരെ റാഷിദ എക്‌സില്‍ വീഡിയോ പങ്കുവച്ചത്. സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും സമാധാനപരമായ സഹവര്‍ത്തിത്വത്തിനും വേണ്ടിയുള്ള ആഹ്വാനമാണ് പുഴമുതല്‍ കടല്‍ വരെയെന്ന ആഹ്വാനം. അല്ലാതെ മരണത്തിനും നാശത്തിനും വേണ്ടിയുള്ളതല്ല. എല്ലാവര്‍ക്കും നീതിയും അന്തസ്സും വേണമെന്ന കാഴ്ചപ്പാടിലാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്'- എന്നായിരുന്നു റാഷിദയുടെ കുറിപ്പ്.

മോദിയെ ബഹിഷ്‌കരിച്ച റാഷിദ

കഴിഞ്ഞ ജൂണില്‍ അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് കോണ്‍ഗ്രസിലെ പ്രസംഗം റാഷിദ ബഹിഷ്‌കരിച്ചിരുന്നു. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് റാഷിദ മോദിയുടെ പ്രസംഗം ബഹിഷ്‌കരിച്ചത്. യുഎസ് കോണ്‍ഗ്രസ് സംയുക്ത സമ്മേളനത്തെയാണ് മോദി അഭിസംബോധന ചെയ്തത്.

യുഎസ് കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി സംസാരിക്കുന്നു

യുഎസ് ജനപ്രതിനിധി സഭ മതാന്ധതയും വിദ്വേഷവും പ്രചരിപ്പിക്കാനുള്ള വേദിയായി ഉപയോഗിക്കുന്ന അംഗീകരിക്കാനാവില്ലെന്ന് റാഷിദ നിലപാട് സ്വീകരിച്ചു.

നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും ഭരണത്തിന് കീഴില്‍ കഴിഞ്ഞ നാല് വര്‍ഷമായി ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ രൂക്ഷമായ ആക്രമണങ്ങള്‍ അരങ്ങേറുകയാണ്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഇന്ത്യയെ യുഎസ് നിയമപ്രകാരം പ്രത്യേക ആശങ്ക രേഖപ്പെടുത്തേണ്ട രാജ്യമായി പ്രഖ്യാപിക്കേണ്ടതാണ്. എന്നാല്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും അന്ന് റാഷിദ ത്ലൈബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും