പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമായുള്ള കൂടിക്കാഴ്ചയ്ക്കായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേലിലെത്തി. ടെല്‍ അവീവിലെ വിമാനത്താവളത്തില്‍ നെതന്യാഹു നേരിട്ടെത്തി ബൈഡനെ സ്വീകരിച്ചു. ഗാസയിലെ ആശുപത്രിയില്‍ വ്യോമാക്രമണം നടത്തി കുട്ടികളും രോഗികളുമുള്‍പ്പെടെ നൂറുകണക്കിനാളുകളെ കൊലപ്പെടുത്തിയ ഇസ്രയേല്‍ നടപടിക്കെതിരെ വന്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് ബൈഡന്റെ ഇസ്രയേല്‍ സന്ദര്‍ശനം.
അതേസമയം, ഗാസയിലെ ആശുപത്രിയില്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസും ജോര്‍ദാന്‍ രാജാവ് അബ്ദുല്ലയും ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ നടക്കാനിരുന്ന കൂടിക്കാഴ്ചയാണ് റദ്ദാക്കിയത്. ഇസ്രയേല്‍ നടത്തിയത് പൊറുക്കാനാവാത്ത ക്രൂരകൃത്യമാണെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് പറഞ്ഞു.
അതേസമയം, ഇസ്രയേല്‍ - ഹമാസ് സംഘർഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഗാസയിലെ സാഹചര്യം നിയന്ത്രണാതീതമാകുകയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടനയുടെ തലവന്‍ ടെഡ്രോസ് അധാനോം ഗബ്രിയേസസ്. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടക്കണമെന്നും കാരണക്കാരെ കണ്ടെത്തണമെന്നും ലോകനേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
''എല്ലാ ഭാഗത്ത് നിന്നുമുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കേണ്ടത് ആവശ്യമാണ്. വൈദ്യസഹായം വൈകുന്ന ഓരോ നിമിഷവും നമുക്ക് ജീവനുകള്‍ നഷ്ടമാകുകയാണ്. നാല് ദിവസങ്ങളോളമായി ലോകാരോഗ്യസംഘടനയുടെ സാധനങ്ങള്‍ അതിർത്തിയില്‍ കുടുങ്ങിക്കിടക്കുന്നു. ജീവന്‍ രക്ഷിക്കാന്‍ സഹായകരമായ വസ്തുക്കളുടെ വിതരണത്തിന് ഉടനടി മാർഗമുണ്ടാകണം,'' ടെഡ്രോസ് അധാനോം വ്യക്തമാക്കി.
ഗാസയിലെ ആശുപത്രിയിലുണ്ടായ വ്യോമാക്രമണത്തില്‍ ദുഃഖം രേഖപ്പെടുത്തിയ യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉർസുല വോണ്‍ ഡെർ ലെയ്ന്‍ വസ്തുതകള്‍ സ്ഥാപിക്കേണ്ടതുണ്ടെന്നും ഉത്തരവാദികളെ കണ്ടത്തണമെന്നും പറഞ്ഞു. ആരോഗ്യപ്രവർത്തകരും സാധാരണക്കാരുമുള്ള ഒരു ആശുപത്രി ആക്രമിച്ചതില്‍ ഒരു ന്യായീകരണവും പറയാനാകില്ലെന്നും സമൂഹ മാധ്യമമായ എക്സില്‍ ഉർസുല കുറിച്ചു.
ആശുപത്രി ആക്രമണത്തില്‍ സമഗ്രമായ അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്ന് ജർമന്‍ ചാന്‍സലർ ഒലാഫ് ഷോള്‍സ് ആവശ്യപ്പെട്ടു. ഗാസയിലെ ആശുപത്രിയിലുണ്ടായ സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ എന്നെ ഭയപ്പെടുത്തുന്നു. സാധാരണക്കാരാണ് കൊല്ലപ്പെട്ടതും പരുക്കേറ്റതും. ബാധിക്കപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും ഒലാഫ് കൂട്ടിച്ചെർത്തു.
മൃതദേഹങ്ങളില്‍ പലതും കഷണങ്ങളായാണ് ആശുപത്രിയിലെത്തിയതെന്നാണ് ഗാസയിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടറുടെ പ്രതികരണത്തില്‍ നിന്ന് മനസിലാകുന്നത്. റാമി അബ്ദുള്‍ എന്ന എക്സ് അക്കൗണ്ടിലൂടെയാണ് ഡോക്ടറുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
''നിങ്ങള്‍ക്കെന്റെ പിന്നിലായി മൃതദേഹങ്ങള്‍ കാണാം. ഇവരെല്ലാം സുരക്ഷിതമായ ഇടം എന്ന നിലയിലാണ് ആശുപത്രിയില്‍ അഭയം പ്രാപിച്ചത്. പക്ഷെ അവർ ആക്രമിക്കപ്പെടുകയാണുണ്ടായത്. ജീവന്റെ അടയാളമില്ലാതെയാണ് മൃതദേഹങ്ങള്‍ ആശുപത്രികളിലെത്തിയത്. ഇത് ശരിക്കും വംശഹത്യയാണ്,'' ഡോക്ടർ വിശദീകരിച്ചു.
ഗാസയിലെ അല്‍അഹ്ലി അറബ് ആശുപത്രിക്ക് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ഞൂറിലധികം പേർ കൊല്ലപ്പെട്ടതായാണ് വിവരം. ചൊവ്വാഴ്ച രാത്രിയോടെ ആയിരുന്നു ഗാസയിലെ ആശുപത്രിക്ക് നേരെ ആക്രമണം ഉണ്ടായത്. 2008ന് ശേഷം ഇസ്രയേലിന്റെ ഒരു ആക്രമണത്തില്‍ ഏറ്റവുമധികം പേർ കൊല്ലപ്പെടുന്ന സംഭവമായി ഇത് മാറിയേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ആശുപത്രിയില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയത്തിന്റെ വക്താവ് ടെലഗ്രാമില്‍ പങ്കുവച്ച പ്രസ്താവനയില്‍ പറയുന്നു. ആക്രമണത്തില്‍ ബാധിക്കപ്പെട്ടവരുടെ എണ്ണം ആശുപത്രികള്‍ക്ക് താങ്ങാനാകുന്നതിലും അധികമാണെന്നും പ്രസ്താവനയില്‍ പറയുന്നു.