2006 ഡിസംബറില്‍ അന്നത്ത പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നടത്തിയ പ്രസ്താവനയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇതിനകം കുപ്രസിദ്ധമായ വിദ്വേഷപ്രസംഗത്തിന് കാരണമായത്. ദേശീയ വികസന കൗണ്‍സിലിലായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ പ്രസംഗം. വിഭവങ്ങള്‍ നീതിപൂര്‍വമായി വിനിയോഗിക്കേണ്ടതിനെക്കുറിച്ചായിരുന്നു ആ പ്രസംഗം.
അതിങ്ങനെയായിരുന്നു: ''നമ്മുടെ മുന്‍ഗണനകള്‍ എന്തെന്ന കാര്യത്തില്‍ വ്യക്തതയുണ്ടെന്ന് തോന്നുന്നു. കൃഷി, ജലസേചനം, ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമീണമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍, പൊതുവായുള്ള അടിസ്ഥാന സൗകര്യങ്ങള്‍, എസ് സി- എസ് ടി വിഭാഗങ്ങളുടെയും മറ്റു പിന്നാക്കവിഭാഗങ്ങളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം ഉറപ്പാക്കണം. പട്ടിക ജാതി-വർഗ വിഭാഗങ്ങളുടെ പ്രത്യേക ഫണ്ട് കൂടുതല്‍ സജീവമാകണം. വികസനത്തിന്റെ പങ്ക് തുല്യമായി ന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ്ലിംങ്ങള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. വിഭവങ്ങള്‍ക്കുമേല്‍ അവര്‍ക്ക് പ്രാഥമികമായ അവകാശമുണ്ട്.''
ഈ പ്രസ്താവന അന്ന് തന്നെ പല മാധ്യമങ്ങളും വിവാദമാക്കി. ബിജെപി ഉള്‍പ്പെടെയുളള പാര്‍ട്ടികള്‍ അതുപയോഗിച്ച് പ്രചാരണം നടത്തി. ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണവുമിറക്കി.
വിഭവങ്ങള്‍ക്കുമേല്‍ ആദ്യ അവകാശമുണ്ടെന്നു പറഞ്ഞത് എസ് സി- എസ് ടി വിഭാഗങ്ങൾ, സ്ത്രീകള്‍, കുട്ടികള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്ക് മൊത്തതിലാണെന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് ആവര്‍ത്തിച്ചു. സാമ്പത്തിക വികസനത്തിലുണ്ടാകുന്ന നേട്ടം സമൂഹത്തിലെ എല്ലാ വിഭാഗത്തിനും ലഭിക്കണമെന്നതാണ് പ്രധാനമന്ത്രി പറഞ്ഞത്.
''സമൂഹത്തിലെ മെച്ചപ്പെട്ട അവസ്ഥയുള്ളവര്‍ക്കു സാമ്പത്തിക വികസനത്തിന്റെ നേട്ടം സ്വാഭാവികമായി ലഭിക്കും. എന്നാല്‍ അത് അരികുവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കും ആ നേട്ടം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇന്ത്യ തിളങ്ങണം. എന്നാല്‍ ഇന്ത്യ എല്ലാവര്‍ക്കും വേണ്ടി തിളങ്ങണമെന്ന് പ്രധാനമന്ത്രി നേരത്തെയും പറഞ്ഞതാണ്,'' പ്രസ്താവനയില്‍ അന്നത്തെ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.
മൻമോഹൻ സിങ്ങിന്റെ പ്രസ്താവനയ്ക്ക് ഒരു അടിസ്ഥാനമുണ്ട്. അക്കാലത്തായിരുന്നു മുസ്ലിങ്ങളുടെ പിന്നാക്കവാസ്ഥയെക്കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് സച്ചാര്‍ അധ്യക്ഷനായി ഏഴംഗ കമ്മിഷനെ നിയമിച്ചതും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും. ഇതിനുശേഷമായിരുന്നു ദേശീയ വികസന സമിതിയുടെ യോഗം. മുസ്ലിങ്ങളുടെ പിന്നാക്കാവസ്ഥ ഏതൊക്കെ മേഖലയിലെന്ന് വ്യക്തമാക്കി ചൂണ്ടിക്കാണിക്കുന്നതായിരുന്നു റിപ്പോര്‍ട്ട്.
ഇതുകൂടി പരിഗണിച്ചാവണം, വികസനത്തിന്റെ ഗുണം എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭിക്കണമെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞത്. അതിനെയാണ് പ്രധാനമന്ത്രി മോദി, സ്വത്തുക്കള്‍ മുസ്ലിങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ് വിതരണം ചെയ്യുമെന്ന് പരാമര്‍ശത്തോടെ വിദ്വേഷപ്രസംഗത്തിന് ഉപയോഗിച്ചത്.