NEWS

'മനംമാറ്റം' വന്ന ആള്‍ട്ട്മാന്‍ ബാധ്യതയാകുമെന്ന് കരുതിയോ? സിഇഒയുടെ പുറത്താകലിന് പിന്നിലെന്ത്?

ഓപ്പണ്‍ എഐയെ ഇക്കാണുംവിധം വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആള്‍ട്ട്മാനെ മാറ്റിയ തീരുമാനത്തിലേക്ക് കമ്പനിയെ നയിച്ച ഘടകങ്ങള്‍ എന്തെല്ലാമായിരിക്കും?

വെബ് ഡെസ്ക്

ലോകം അത്ഭുതത്തോടെ നോക്കിക്കണ്ട ഒരു വരവായിരുന്നു ചാറ്റ് ജിപിടിയുടേത്. മനുഷ്യ ജീവിതത്തിന്റെ സകല മേഖലയിലേക്കും നിര്‍മിത ബുദ്ധിയുടെ കടന്നുവരവ് ചര്‍ച്ചയാക്കിയ വിപ്ലവാത്മക ചുവടുവയ്പ്പ്. ചാറ്റ് ജിപിടിയുടെ അഞ്ചാം പതിപ്പിനെ കുറിച്ചുള്ള ചൂടന്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കേ ആ വാര്‍ത്ത പുറത്തുവന്നു, ചാറ്റ് ജിപിടിയുടെ ഉപജ്ഞാതാക്കളായ ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാനെ സ്ഥാനത്ത് നിന്ന് നീക്കിയിരിക്കുന്നു. ഓപ്പണ്‍ എഐയെ ഇക്കാണുംവിധം വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആള്‍ട്ട്മാനെ മാറ്റിയ തീരുമാനത്തിലേക്ക് കമ്പനിയെ നയിച്ച ഘടകങ്ങള്‍ എന്തെല്ലാമായിരിക്കും?

ഓപ്പണ്‍ എഐ മുഖ്യ ശാസ്ത്രജ്ഞ ഇല്യ സുറ്റ്‌സ്‌കെവര്‍, ക്വാറ സിഇഒ ആദം ഡി ഏന്‍ജലോ, ടെക് സംരഭക ടാഷാ മെക്കൗളി, ജോര്‍ജ്ടൗണ്‍ സെന്റര്‍ ഫോര്‍ സെക്യൂരിറ്റി ആന്റ് എമര്‍ജിങ് ടെക്‌നോളജി ഡറക്ടര്‍ ഹെലര്‍ ടോണര്‍ എന്നിവര്‍ അടങ്ങിയ ഡയറക്ടര്‍ ബോര്‍ഡ് ആണ് ആള്‍ട്ട്മാനെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. 'ആശയവിനിമയം നടത്തുമ്പോള്‍ സത്യസന്ധത പുലര്‍ത്തുന്നില്ല' എന്ന് ചൂണ്ടിക്കാട്ടിയാണ് ആള്‍ട്ട്മാനെ പുറത്താക്കിയത്. ഓപ്പണ്‍ എഐയെ നയിക്കാനുള്ള ആള്‍ട്ട്മാന്റെ കഴിവില്‍ ബോര്‍ഡിന് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് കമ്പനി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. ആള്‍ട്ട്മാന്റെ പൈരുമാറ്റം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തിലാണെന്നും അംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചു.

'ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് എല്ലാവര്‍ക്കും പ്രയോജനപ്പെടുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതാണ് ഓപ്പണ്‍ എഐയുടെ ദൗത്യം. ഈ ദൗത്യം മുന്നോട്ടുകൊണ്ടുപോകാന്‍ ബോര്‍ഡ് പ്രതിജ്ഞാബദ്ധമാണ്. ഓപ്പണ്‍ എഐ സ്ഥാപിക്കുന്നതിലും വളര്‍ച്ചയിലും സാമിന്റെ സംഭാവനകളില്‍ ഞങ്ങള്‍ക്ക് നന്ദിയുണ്ട്.'- ബ്ലോഗ് പോസ്റ്റില്‍ കമ്പനി വ്യക്തമാക്കി. ആള്‍ട്ട്മാന്റെ പുറത്താകലിന് പിന്നാലെ, ഓപ്പണ്‍ എഐയുടെ സഹസ്ഥാപകന്‍ ഗ്രെഗ് ബ്രോക്ക്മാന്‍ രാജിവച്ചു. പുതിയ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ രാജിവയ്ക്കുകയാണ് എന്നാണ് ബ്രോക്ക്മാന്‍ എക്‌സില്‍ കുറിച്ചത്.

മനം മാറ്റം വന്ന ആള്‍ട്ട്മാന്‍, പുറത്താക്കി കമ്പനി

1985 ഏപ്രില്‍ 22ന് ചിക്കാഗോയില്‍ ജനിച്ച സാം ആള്‍ട്ട്മാന്‍, എഐ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഖമാണ്. 2015ല്‍ നോണ്‍ പ്രോഫിറ്റ് റിസര്‍ച് ലബോറട്ടിയായി ഓപ്പണ്‍ എഐ സ്ഥാപിതമാകുന്നത് മുതല്‍ ആള്‍ട്ട്മാന്‍ കമ്പനിക്കൊപ്പമുണ്ട്. സാം ആള്‍ട്ട്മാന്‍, ഗ്രേഗ് ബ്രോക്ക്മാന്‍, ജെസ്സിക ലിവിങ്‌സ്ടണ്‍, പീറ്റര്‍ തയ്ല്‍, ഇലോണ്‍ മസ്‌ക് എന്നിവരായിരുന്നു ഓപ്പണ്‍ എഐയുടെ രൂപീകരണത്തിന് നേതൃത്വം നല്‍കിയത്. സാവധാനം ട്രാക്കിലായ ഓപ്പണ്‍ എഐ പിന്നീട് പ്രോഫിറ്റ് അടിസ്ഥാനത്തിലുള്ള കമ്പനിയായി മാറി. ഇതിനിടെ, 2018ല്‍ ഇലോണ്‍ മസ്‌ക് ഓപ്പണ്‍ എഐയുമായുള്ള ബന്ധം അവസാനിപ്പിച്ചു.

2020ലാണ് ഓപ്പണ്‍ എഐയുടെ സിഇഒ സ്ഥാനത്തേക്ക് ആള്‍ട്ട്മാന്‍ എത്തുന്നത്. 2022 നവംബര്‍ 30ന് ചാറ്റ് ജിപിടിയുടെ വരവോടെ, ഓപ്പണ്‍ എഐയും ആള്‍ട്ട്മാനും ലോകശ്രദ്ധ നേടി. ചാറ്റ് ജിപിടി തരംഗമായതോടെ, സേവനങ്ങളില്‍ എഐ പിന്തുണ ഉറപ്പാക്കാന്‍ കമ്പനികള്‍ മത്സരിച്ചു. ഗൂഗിളിന് പോലും ഭീഷണിയാകുന്ന തരത്തില്‍ ചാറ്റ് ജിപിടി വളര്‍ന്നു. ഓപ്പണ്‍ എഐ കമ്പനിക്ക് പിന്തുണ നല്‍കിയിരുന്ന മൈക്രോസോഫ്റ്റ് തങ്ങളുടെ ബിങ്, എഡ്ജ് സേവനങ്ങളില്‍ എഐ അവതരിപ്പിക്കുകകൂടി ചെയ്തതോടെ, ലോകം സാം ആള്‍ട്ട്മാന്റെ വാക്കുകള്‍ക്ക് കൂടുതല്‍ കാതോര്‍ത്തു തുടങ്ങി. എന്നാല്‍, ആള്‍ട്ട്മാനും ഓപ്പണ്‍ എഐ ബോര്‍ഡ് അംഗങ്ങളും തമ്മില്‍ അത്ര നല്ല ബന്ധത്തില്‍ ആയിരുന്നില്ലെന്ന് വേണം കരുതാന്‍.

'നിര്‍മിത ബുദ്ധിയെ പേടിക്കണം' എന്ന ആള്‍ട്ട്മാന്റ് പ്രസ്താവനയാകാം ബോര്‍ഡിന് സിഇഒയുമായുള്ള അകല്‍ച്ച വര്‍ധിപ്പിക്കാന്‍ കാരണമായത്. എഐയുടെ പ്രത്യാഘാതങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കി അക്കാദമിക് വിദഗ്ധരും എക്‌സിക്യൂട്ടീവുകളും പുറത്തിറക്കിയ പ്രസ്താവനയില്‍ ആള്‍ട്ട്മാനും ഒപ്പിട്ടിരുന്നു. തൊഴില്‍ നഷ്ടം, പൊതുജനാരോഗ്യ ഭീഷണി, ആള്‍മാറാട്ടം എന്നിവയ്ക്ക് ഇതു കാരണമാകുമെന്നും നിയന്ത്രണം ആവശ്യമാണെന്നും പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ചാറ്റ് ജിപിടി നാള്‍ക്കുനാള്‍ ജനപ്രീതി ആകര്‍ഷിച്ച് മുന്നേറുന്നതിനിടയില്‍, ഇത്തരമൊരു പ്രതികരണം അസ്ഥാനത്തായിപ്പോയെന്ന് ബോര്‍ഡ് അംഗങ്ങള്‍ വിലിയിരുത്തിയിട്ടുണ്ടാകാം. ചിന്തയില്‍ മാറ്റം വന്ന സിഇഒ തങ്ങള്‍ക്കൊരു ബാധ്യതയായി മാറുമെന്നും കമ്പനി കണക്കുകൂട്ടിയിട്ടുണ്ടാകണം.

മീറ മുറഡിയാണ് കമ്പനിയുടെ താത്ക്കാലിക സിഇഒ. സ്ഥിരം സിഇഒയെ കണ്ടെത്തുന്നതുവരെ മീറയായിരിക്കും സിഇഒയെന്ന് ഓപ്പണ്‍ എഐ വ്യക്തമാക്കുന്നു. എഐ രംഗത്തെ അനുഭവ പരിചയവും കമ്പനിയോടുള്ള അടുത്ത ഇടപെടലുകളും സ്ഥിരം സിഇഒയെ കണ്ടെത്തുന്നതുവരെ കമ്പനിയെ സഹായിക്കുമന്നും ഓപ്പണ്‍ എഐ കൂട്ടിച്ചേര്‍ക്കുന്നു.

മൈക്രോ സോഫ്റ്റ് അറിഞ്ഞുകൊണ്ടുള്ള നീക്കമോ?

ഓപ്പണ്‍ എഐയുടെ പ്രധാന സാമ്പത്തിക സ്രോതസ്സായ മൈക്രോ സോഫ്റ്റ് ഈ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടാകാം എന്നാണ് സൂചന. എന്നാല്‍, വിഷയത്തില്‍ സൂക്ഷിച്ചുള്ള പ്രതികരണമാണ് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയുടെ ഭാഗത്തുനിന്നുണ്ടായത്. മൈക്രോസോഫ്റ്റിന്റെ ഇന്നോവേഷന്‍ അജണ്ടയില്‍ ഓപ്പണ്‍ എഐയുമായി ദീര്‍ഘനാളത്തെ കരാറാണുള്ളത്. അത് തുടരുമെന്നാണ് സത്യ നദെല്ലയുടെ പ്രതികരണം. ഓപ്പണ്‍ എഐയുമായി ചേര്‍ന്ന് സാങ്കേതിക വിദ്യയുടെ അര്‍ഥവത്തായ നേട്ടങ്ങള്‍ ലോകത്തിന് നല്‍കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓപ്പണ്‍ എഐയുമായി ചേര്‍ന്ന് മൈക്രോസോഫ്റ്റ് പുറത്തിറക്കുന്ന എഐ ചിപ്പിനെ കുറിച്ച് ചര്‍ച്ചകള്‍ ഇരു കമ്പനികളും നടത്തിവരവെയാണ് ആള്‍ട്ട്മാനെ സ്ഥാനത്ത് നിന്നു നീക്കിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ