NEWS

മിഡില്‍ ഈസ്റ്റില്‍ ഇസ്രയേല്‍ മാത്രം പോരാ; ഗാസയില്‍ അമേരിക്കന്‍ 'മനംമാറ്റത്തിന്' പിന്നിലെന്ത്?

അറബ് മേഖലയില്‍ കൂടുതല്‍ സഹകരണം ലക്ഷ്യമിടുന്ന അമേരിക്കയ്ക്ക്, ഇസ്രയേലിനെ മാത്രം പിന്തുണച്ചാല്‍ മതിയാകില്ല.

വെബ് ഡെസ്ക്

ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് പിന്നാലെ, മിഡില്‍ ഈസ്റ്റില്‍ അമേരിക്കന്‍ സൈനിക നീക്കം ശക്തമാകുന്നു. സിറിയയിലും ഇറാഖിലും അമേരിക്ക സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുകയും ആക്രമണം നടത്തുകയും ചെയ്തു. ഇസ്രയേലിന് വന്‍തോതിലുള്ള സൈനിക സഹായങ്ങളും യുഎസിന്റെ ഭാഗത്തുനിന്നുണ്ടായി. മെഡിറ്ററേനിയന്‍ കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ചുറ്റിക്കറങ്ങുന്നുണ്ട്.

എന്നാല്‍, ഇസ്രയേലിന്റെ ഹമാസിന് എതിരായ യുദ്ധത്തെ പൂര്‍ണമായി പിന്തുണയ്ക്കുമ്പോഴും, ഗാസയില്‍ താത്ക്കാലികമായി മാനുഷിക വെടിനിര്‍ത്തല്‍ വേണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. യുദ്ധത്തിന് ശേഷം ഗാസയില്‍ ഇസ്രയേല്‍ സൈന്യം തുടരുന്നത് ശരിയല്ലന്ന നിലപാടാണ് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ സ്വീകരിച്ചത്. ഗാസയില്‍ നിന്ന് പലായനം ചെയ്തവര്‍ക്ക് തിരിച്ചെത്താന്‍ അവസരം ഒരുക്കണമെന്നും ബ്ലിങ്കന്‍ ആവശ്യപ്പെട്ടു. എന്താണ് യുഎസിന്റെ പെട്ടെന്നുള്ള മനംമാറ്റത്തിന് പിന്നില്‍?

'ഇസ്രയേല്‍ മാത്രം പോരാ'

അമേരിക്കയുടെ ഏറ്റവും ശക്തരായ സഖ്യകക്ഷിയാണ് ഇസ്രയേല്‍. മിഡില്‍ ഈസ്റ്റില്‍ അമേരിക്കന്‍ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇസ്രയേലിന് നിര്‍ണായക സ്ഥാനമുണ്ട്. എന്നാല്‍, അറബ് മേഖലയില്‍ കൂടുതല്‍ സഹകരണം ലക്ഷ്യമിടുന്ന അമേരിക്കയ്ക്ക്, ഇസ്രയേലിനെ മാത്രം പിന്തുണച്ചാല്‍ മതിയാകില്ല. മിഡില്‍ ഈസ്റ്റ് നയരൂപീകരണത്തില്‍ പരിഗണിക്കേണ്ട നിരവധി ഘടകങ്ങളുണ്ട്.

ഇറാനുമായുള്ള ബന്ധം, സുരക്ഷിതമായ ഇന്ധന, വാതക വിതരണ ചെലവുകള്‍, അന്താരാഷ്ട്ര കപ്പല്‍ച്ചാലുകളുടെ സുരക്ഷയും സ്വാതന്ത്ര്യവും, മിഡില്‍ ഈസ്റ്റില്‍ വര്‍ധിച്ചുവരുന്ന റഷ്യയുടേയും ചൈനയുടേയും സ്വാധീനത്തെ ചെറുക്കുക തുടങ്ങി സങ്കീര്‍ണമായ നിരവധി ഘടകങ്ങളാണ് അമേരിക്കയ്ക്ക് മുന്നിലുള്ളത്. പ്രശ്‌നങ്ങളില്ലാതിരിക്കുന്ന സമയത്തുപോലും മിഡില്‍ ഈസ്റ്റ് ബന്ധങ്ങള്‍ നിലനിര്‍ത്തിപ്പോരുക എന്നത് അമേരിക്കയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. മറ്റു പല വിഷയങ്ങളിലും ഭിന്നിച്ചുനില്‍ക്കുമ്പോഴും അറബ് രാഷ്ട്രങ്ങള്‍ ഗാസയുടെ കാര്യത്തില്‍ ഒരേനിലപാട് തന്നെയാണ് സ്വീകരിക്കുന്നതും. അതിനാല്‍, സ്ഥിതിഗതികള്‍ ഗൗരവതരമായി വേണം കൈകാര്യം ചെയ്യാനെന്ന് അമേരിക്ക കണക്കുകൂട്ടുന്നു.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

ട്രംപ് നശിപ്പിച്ച നയതന്ത്രം

വര്‍ഷങ്ങളുടെ 'കഠിനാധ്വനത്തിലൂടെ' നേടിയെടുത്ത സ്വാധീനം, അപക്വമായ തീരുമാനങ്ങളിലൂടെ കൈമോശം വന്നേക്കാമെന്ന് അമേരിക്കയ്ക്ക് നന്നായി അറിയാം. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമീപനങ്ങളെ തുടര്‍ന്ന് പ്രതിസന്ധിയിലായ പല മിഡില്‍ ഈസ്റ്റ് ബന്ധങ്ങളും അമേരിക്ക നേരേയാക്കി വരുന്നതേയുള്ളു. ട്രംപിന്റെ 'കുപ്രസിദ്ധമായ' ഇസ്രയേല്‍-പലസ്തീന്‍ സമാധാന പദ്ധതി ചെറിയ തരത്തിലൊന്നുമല്ല അറബ് രാഷ്ട്രങ്ങളെ ചൊടിപ്പിച്ചത്. ട്രംപിന്റെ പ്രധാന ഉപദേശകനായിരുന്ന മരുമകന്‍ ജാര്‍ഡ് കുഷ്‌നാര്‍ ആയിരുന്നു ഈ സമാധന പദ്ധതിക്ക് പിന്നില്‍. ജറുസലേം ഇസ്രയേലിന്റെ തലസ്ഥാനമായി തുടരുമെന്നും കിഴക്കന്‍ ജറുസലേമില്‍ പലസ്തീന് തലസ്ഥാനം രൂപീകരിക്കാമെന്നുമായിരുന്നു ട്രംപിന്റെ ഫോര്‍മുല.

ഡൊണാള്‍ഡ് ട്രംപ്

സ്വാധീനം വര്‍ധിപ്പിക്കുന്ന ഇറാന്‍

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം, മിഡില്‍ ഈസ്റ്റില്‍ അമേരിക്ക നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇറാനാണ്. ഇസ്രയേല്‍, സൗദി, കുവൈത്ത് എന്നിവര്‍ സോവിയറ്റ് കാലത്തും അമേരിക്കയ്‌ക്കൊപ്പം തന്നെയായിരുന്നു. സിറിയ, ഈജിപ്ത്, ഇറാഖ്, ലിബിയ എന്നിവര്‍ സോവിയറ്റ് യൂണിയനൊപ്പം നിലയുറപ്പിച്ചു. 1978ല്‍ ഇസ്രയേലുമായി സമാധാന കരാറുണ്ടാക്കി ഈജിപ്തിനെ തങ്ങള്‍ക്കൊപ്പം ചേര്‍ത്തുകൊണ്ടാണ് അമേരിക്ക മേഖലയില്‍ സ്വാധീനമുറപ്പിക്കാനുള്ള നീക്കങ്ങള്‍ കാര്യക്ഷമമാക്കിയത്. ആദ്യകാലത്ത് സുഹൃത്തായിരുന്ന ഇറാന്‍, ഏറ്റവും വലിയ ശത്രുവായതാണ് അമേരിക്കയ്ക്ക് കടുത്ത തിരിച്ചടിയായത്. 1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാന്‍ അമേരിക്കയെ മുഖ്യശത്രുവായി പ്രഖ്യാപിച്ചു. സദ്ദാം ഹുസൈന്റെ ഇറാഖും ഇറാനും തമ്മില്‍ 10 വര്‍ഷം നീണ്ടുനിന്ന യുദ്ധത്തില്‍ അമേരിക്ക, ഇറാഖിന് പൂര്‍ണ പിന്തുണ നല്‍കി കൂടെനിന്നു. ഇതേ സദ്ദാം ഹുസൈനെ തന്നെ അമേരിക്ക പിന്നീട് ഇല്ലാതാക്കുകയും ചെയ്തു.

സിറിയയില്‍ സര്‍ക്കാര്‍ വിരുദ്ധ സായുധ സംഘത്തിന് പിന്തുണ നല്‍കി അമേരിക്ക രംഗത്തെത്തിയപ്പോള്‍, സര്‍ക്കാരിനൊപ്പം റഷ്യ നിലയുറപ്പിച്ചു. എന്നാല്‍, ഇറാന്‍ പിന്തുണയോടെ പോരാടുന്ന സായുധ സംഘം സിറിയയില്‍ സ്വാധീനം ഉറപ്പിച്ചു. സൗദി അറേബ്യയും യെമനിലെ ഹൂതികളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിലും ലിബിയയിലെ ആഭ്യന്തര കലാപം ശമിപ്പിക്കുന്നതിലും അമേരിക്ക പരാജയപ്പെട്ടു.

അടുക്കുന്ന ഇറാനും സൗദിയും

ചൈന മുന്‍കൈയെടുത്ത് സൗദി-ഇറാന്‍ പോരിന് അയവു വരുത്തുകകൂടി ചെയ്തതോടെ, അമേരിക്ക അപകടം മണത്തു. നയതന്ത്ര ചര്‍ച്ചകള്‍ പുനരാരംഭിക്കുകയും എംബസികള്‍ വീണ്ടും തുറക്കുകയും ചെയ്ത ഇറാനും സൗദിയും സൗഹൃദത്തിന്റെ പാതയിലേക്ക് കൂടുതല്‍ അടുക്കുകയാണ്. ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സൗദിയില്‍ നടക്കുന്ന അറബ് രാഷ്ട്രങ്ങളുടെ അടിയന്തര യോഗത്തില്‍ ഇറാന്‍ പ്രസിഡന്റും പങ്കെടുക്കുന്നുണ്ട്. പലസ്തീന്‍ വിഷയത്തില്‍ അറബ് രാഷ്ട്രങ്ങള്‍ കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങിയാല്‍ യുഎസിനെ അത് പ്രതിസന്ധിയിലാക്കും. ഇതെല്ലാംകൊണ്ടുതന്നെ, സംയമനത്തിന്റെ സ്വരമുയര്‍ത്തുക എന്നതാണ് ഇനി അമേരിക്കയ്ക്ക് മുന്നിലുള്ള വഴി.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍