``കുട്ടനാടൻ പുഞ്ചയിലെ കൊച്ചു പെണ്ണേ കുയിലാളെ, കൊട്ടുവേണം കുഴൽ വേണം കുരവ വേണം...''
``കാവാലം ചുണ്ടൻ'' എന്ന ശശികുമാർ ചിത്രത്തിന് വേണ്ടി വയലാർ - ദേവരാജൻ ടീം ഒരുക്കിയ ആ സൂപ്പർ ഹിറ്റ് ഗാനം രേവതി സ്റ്റുഡിയോയിൽ പിറന്നുവീണിട്ട് അഞ്ചര പതിറ്റാണ്ടാകുന്നു. മലയാളത്തിലെ വഞ്ചിപ്പാട്ടുകളുടെ ചക്രവർത്തി. നാടൻ കള്ളുഷാപ്പുകൾ തൊട്ട് മെഗാ സംഗീത വേദികളിൽ വരെയുണ്ട് ആ പാട്ടിന് ആരാധകർ. റീമിക്സുകളും കവർ വേർഷനുകളും വഴി പുതു തലമുറയ്ക്കും ഏറെ പ്രിയങ്കരമായ ആ ഗാനം, ഇപ്പോൾ നമ്മൾ കേൾക്കുന്ന ഈണത്തിലും താളത്തിലുമല്ല ദേവരാജൻ മാസ്റ്റർ ആദ്യം ചിട്ടപ്പെടുത്തിയതെന്ന കൗതുകം പങ്കുവെച്ചത് ജിയോ പിക്ചേഴ്സ്സിന്റെ ബാനറിൽ നിരവധി സിനിമകൾ വിതരണം ചെയ്യുകയും നിർമിക്കുകയും ചെയ്തിട്ടുള്ള എൻ ജി ജോൺ എന്ന ജിയോ കുട്ടപ്പനാണ് -- മലയാള സിനിമാ ചരിത്രത്തിലെ ആദ്യകാല വിതരണക്കാരിൽ ഒരാളായ എൻ എക്സ് ജോർജ്ജിന്റെ മകൻ. സ്വന്തം പിതാവിനെ കുറിച്ചുള്ള ദീപ്തമായ ഓർമ്മ കൂടിയാണ് ജോണിന് ആ ഗാനം; പ്രത്യേകിച്ച് അതിലെ ``തിത്തിത്താരാ തിത്തിത്തൈ തിത്തൈ തിത്തൈ തകതൈ'' എന്ന വായ്ത്താരി.
തിരുപ്പൂരിൽ ബനിയൻ ഫാക്ടറി നടത്തിയിരുന്ന വി പി എം മാണിക്കം (ചിന്നമാപ്പിള) നിർമിച്ച ആദ്യ മലയാള ചിത്രമായ ``കാവാലം ചുണ്ട''ന്റെ (1967) വിതരണാവകാശം ജിയോ പിക്ചേഴ്സിനായിരുന്നു. കുട്ടനാട്ടിലെ വള്ളംകളി മത്സരങ്ങളുടെ പശ്ചാത്തലത്തിൽ രണ്ടു കുടുംബങ്ങൾ തമ്മിലുള്ള പകയുടെ കഥ പറഞ്ഞ സിനിമ. സത്യൻ, കൊട്ടാരക്കര, പി ജെ ആന്റണി, ശാരദ തുടങ്ങിയവർ അഭിനേതാക്കൾ. ഇന്ന് ആ സിനിമ ഓർക്കപ്പെടുന്നത് പോലും ``കുട്ടനാടൻ പുഞ്ചയിലെ'' എന്ന ഗാനത്തിന്റെ പേരിലല്ലേ? അതിലെ ``തിത്തിത്താരാ തിത്തിത്തൈ തിത്തൈ തിത്തൈ തകതൈ'' എന്ന വായ്ത്താരിയുടെ ഈണം സാഹോ എന്ന ബഹുഭാഷാ ചിത്രത്തിൽ ശ്രദ്ധാ കപൂർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പ്രമേയ സംഗീതമായി നാം കേട്ടത് അടുത്തിടെയാണ്. ``കുട്ടനാടൻ പുഞ്ച'' പുതിയ രൂപഭാവങ്ങളിൽ വേദികളിൽ അവതരിപ്പിക്കാറുള്ള ന്യൂജെൻ മ്യൂസിക് ബാൻഡുകൾ പോലും ``തിത്തിത്താരാ''യെ തൊട്ടുകളിക്കാൻ മുതിരാറില്ല എന്നോർക്കുക. ആ ഒരൊറ്റ വരിയാണല്ലോ ആ പാട്ടിന്റെ ജീവനും ആത്മാവും.
``കാവാലം ചുണ്ട''ന്റെ റെക്കോർഡിംഗിന് രേവതി സ്റ്റുഡിയോയിൽ ചെല്ലുമ്പോൾ പിതാവ് ജോർജ്ജുമുണ്ടായിരുന്നു ജോണിനൊപ്പം. കുട്ടനാടുമായി ഹൃദയബന്ധമുള്ള ആളാണ് ജോർജ്ജ്. പോരാത്തതിന് സംവിധായകൻ ശശികുമാറിന്റെ അടുത്ത സുഹൃത്തും. സിനിമയിൽ നെഹ്‌റു ട്രോഫി ജയിച്ചു വരുന്ന കാവാലം ചുണ്ടന് പാടാൻ ചോരത്തുടിപ്പുള്ള ഒരു സംഘഗാനം വേണം. വരികൾ വയലാർ എഴുതിക്കഴിഞ്ഞു. അത് ചിട്ടപ്പെടുത്തി ഗായകരെ പഠിപ്പിക്കുകയാണ് ദേവരാജൻ. പക്ഷേ പാട്ട് പാടിക്കേട്ടപ്പോൾ ജോർജ്ജ് പറഞ്ഞു: ``ഈണം ഗംഭീരം. എന്നാൽ ഇത് കുട്ടനാട്ടിലെ വള്ളംകളിപ്പാട്ടല്ല. ആറന്മുളക്കാരുടെ പാട്ടാണ്. കുട്ടനാടൻ പാട്ടിന്റെ താളം ഇതല്ല.'' വള്ളംകളിയുടെയും വഞ്ചിപ്പാട്ടിന്റേയും കാര്യത്തിൽ ജോർജ്ജിനുള്ള ആധികാരിക ജ്ഞാനത്തെ ഖണ്ഡിക്കാൻ പോയില്ല ദേവരാജൻ മാസ്റ്റർ. കുട്ടനാടിനു മാത്രമായി ഒരു വള്ളംകളിപ്പാട്ട് ഉണ്ടെന്നതുതന്നെ പുതിയ അറിവായിരുന്നു മാസ്റ്റർക്ക്.
എന്നാൽപ്പിന്നെ യഥാർത്ഥ കുട്ടനാടൻ വള്ളപ്പാട്ട് കേൾക്കട്ടെ എന്നായി ദേവരാജൻ. സ്റ്റുഡിയോയിലെ റിഹേഴ്‌സൽ മുറിയിൽ ഒരു കസേരയിലിരുന്ന് കൈകളുയർത്തി വീശി കാലുകൾ കൊണ്ട് താളമിട്ട് ആവേശപൂർവം പാടുന്ന പിതാവിനെ അത്ഭുതത്തോടെയാണ് താൻ നോക്കിനിന്നതെന്ന് ജോൺ. പ്രായത്തെ വെല്ലുന്ന ജോർജ്ജിന്റെ പ്രകടനം ആസ്വദിച്ചവരിൽ വയലാറും ദേവരാജനും ശശികുമാറും സൗണ്ട് എഞ്ചിനീയർ കണ്ണനും എല്ലാമുണ്ടായിരുന്നു.
``ഇടയ്ക്കിടെ ആവർത്തിക്കപ്പെടുന്ന തിത്തിത്താരാ തിത്തിത്തൈ തിത്തൈ തിത്തൈ തകതൈ എന്ന വായ്ത്താരിയായിരുന്നു പാട്ടിന്റെ ഏറ്റവും വലിയ ആകർഷണം. മാസ്റ്റർ അപ്പോൾ തന്നെ അതിന്റെ നൊട്ടേഷനുകൾ കുറിച്ചെടുത്തു. പുതിയ ഈണത്തിന് ഇണങ്ങും വിധം പാട്ടിന്റെ വരികൾ വയലാർ ചെറുതായി മാറ്റിയെഴുതുകയും ചെയ്തു. ഏതാനും നിമിഷങ്ങൾക്കകം പുതിയ പാട്ട് റെഡി.''-- ജോൺ ഓർക്കുന്നു. ജോർജ്ജ് പാടിക്കൊടുത്ത പാട്ടിന്റെ താളത്തിൽ സ്വന്തം പ്രതിഭാവിലാസം കൂടി അലിയിച്ചു ചേർത്താണ് ദേവരാജൻ മാസ്റ്റർ ആ ഗാനം ചിട്ടപ്പെടുത്തിയത്. എങ്കിലും തിത്തിത്താരാ എന്ന് തുടങ്ങുന്ന വായ്ത്താരി അതേ പടി നിലനിർത്താൻ ശ്രദ്ധിച്ചു അദ്ദേഹം. യേശുദാസും സഹഗായകരും ചേർന്ന് അത് പാടി ഭംഗിയാക്കുകയും ചെയ്തു. റെക്കോർഡിസ്റ്റ് കണ്ണൻ ഉൾപ്പെടെ സ്റ്റുഡിയോയിലുണ്ടായിരുന്ന സകലരും പാട്ടിന്റെ ചടുല താളത്തിനൊത്ത് കയ്യടിച്ചുപോയത് സ്വാഭാവികം.
ഡിജിറ്റൽ വാദ്യഘോഷത്തിന്റെ അകമ്പടിയോടെ ``കുട്ടനാടൻ പുഞ്ചയിലെ'' എന്ന ഗാനം വേദികളിലും ടെലിവിഷനിലും യൂട്യൂബിലുമെല്ലാം തകർത്തവതരിപ്പിച്ചുകൊണ്ടിരിക്കുന്നു പുതു ഗായകരും ബാൻഡുകളും. വിദ്യ വോക്‌സിന്റെ കവർ വേർഷനാണു കൂടുതൽ പ്രശസ്തം. കോടിക്കണക്കിനുണ്ട് വിദ്യയുടെ പാട്ടിന് യൂട്യൂബിൽ പ്രേക്ഷകർ. യഥാർത്ഥ സ്രഷ്ടാക്കൾ ആരെന്നറിയാതെ പരമ്പരാഗത വഞ്ചിപ്പാട്ട് എന്ന രീതിയിലാണ് പല ബാൻഡുകളും ഈ ഗാനം അവതരിപ്പിക്കാറുള്ളത് എന്നത് മറ്റൊരു കൗതുകം. സിനിമയിലെ കഥാ സന്ദർഭത്തിന് ഇണങ്ങും വിധം വയലാർ എഴുതിയ ലളിതസുന്ദരമായ വരികളും പാരമ്പര്യത്തിൽ ചുവടുറപ്പിച്ചു നിൽക്കുന്ന ഈണവും കുട്ടനാടിന്റെ സാംസ്‌കാരിക പൈതൃകവുമായി അത്രകണ്ട് താദാത്മ്യം പ്രാപിച്ചതാകാം കാരണം.