വിദ്യാസാഗര്‍ 
ONAM

ഈ ഈണമില്ലാതെ മലയാളികൾക്കെന്ത് ഓണം?

കാൽ നൂറ്റാണ്ടോളമായി ഓണപ്പൂക്കളം പോലെ, ഓണസദ്യപോലെ, ഓണവുമായി ചേർന്നുനിൽക്കുന്ന എല്ലാ മിത്തുകളെയും ബിംബങ്ങളെയും പോലെ ആ സംഗീത ശകലവും നമ്മുടെ ജീവിതത്തിന്റെ ഭാഗം

രവി മേനോന്‍

ഇത്തിരിപ്പോന്ന ഒരു സംഗീത ശകലത്തിന്റെ ചിറകിലേറി പ്രസാദമധുരമായ ഒരു കാലത്തിലേക്ക് തിരിച്ചുനടന്നിട്ടുണ്ട് പലതവണ. നടന്നു എന്ന് പറഞ്ഞുകൂടാ. പറക്കുകയായിരുന്നു; സ്വയം മറന്ന്, ബോധാബോധതലങ്ങൾക്കിടയിലൂടെ.

സംഗീതത്തിന് മാത്രം പകർന്നുനൽകാൻ കഴിയുന്ന അപൂർവസുന്ദര അനുഭൂതികളിലൊന്ന്.

എട്ടു വർഷം മുൻപത്തെ ഒരു വിദേശസന്ദർശനം. പകൽ നേരത്തെ കഠിനയാത്രകൾ സമ്മാനിച്ച ക്ഷീണവുമായി ഹോട്ടൽ മുറിയിൽ ഉറങ്ങിക്കിടക്കുമ്പോൾ ഒപ്പമുള്ള കൂട്ടുകാരന്റെ മൊബൈൽ ഫോൺ ശബ്ദിക്കുന്നു. സുഖകരമായ മയക്കം മുറിഞ്ഞുപോയതിന്റെ ആഘാതത്തിൽ അറിയാതെ പൊട്ടിത്തെറിച്ചു പോകേണ്ടതാണ്. പക്ഷേ അതല്ല ഉണ്ടായത്. ഫോണിലെ റിംഗ് ടോണിന്റെ ഇന്ദ്രജാലമാകാം, നിമിഷാർദ്ധം കൊണ്ട് പഴയൊരു ഓണക്കാലത്തേക്ക് യാത്രയാകുന്നു മനസ്സ്. ഉൾക്കണ്ണിൽ നിരവധി ഗൃഹാതുരചിത്രങ്ങൾ തെളിയുന്നു. ഓണത്തിന്റെ പ്രസാദാത്മകദൃശ്യങ്ങൾ നിറഞ്ഞുതുളുമ്പുന്ന വർണ്ണ ചിത്രങ്ങളുടെ ഒരു പരമ്പര. അവയിൽ പൂക്കളുണ്ട്, പൂപ്പടയുണ്ട്, പൂവിളിയുണ്ട്... ഓണത്തെക്കുറിച്ചുള്ള എല്ലാ മോഹനസങ്കല്പങ്ങളുമുണ്ട്. ഉറക്കം അതോടെ അതിന്റെ പാട്ടിനുപോയി. മാഞ്ഞുപോയ ഓർമ്മകൾക്ക് പിന്നാലെയായിരുന്നു മനസ്സ്.

പ്രിയസുഹൃത്തും സംഗീതസംവിധായകനുമായ വിദ്യാസാഗറിന് നന്ദി. തിരുവോണക്കൈനീട്ടം (1998) എന്ന ആൽബത്തിലെ ''പറനിറയെ പൊന്നളക്കും പൗർണമി രാവായീ'' എന്ന പാട്ടിന് വേണ്ടി അനവദ്യസുന്ദരമായ ആ പശ്ചാത്തല സംഗീത ശകലം സൃഷ്ടിച്ചത് അദ്ദേഹമാണല്ലോ. കഷ്ടിച്ച് മുപ്പത് സെക്കന്‍ഡ് മാത്രം നീളുന്ന ഒരു മ്യൂസിക്കൽ ബിറ്റ് ലോകമലയാളികളുടെ മുഴുവൻ ഓണക്കാല ഓർമ്മകളുടെ സിഗ്നേച്ചർ ട്യൂൺ ആയി മാറി എന്നത് വിദ്യാജിക്ക് പോലും വിസ്മയം പകരുന്ന കാര്യം. കാൽ നൂറ്റാണ്ടോളമായി ഓണപ്പൂക്കളം പോലെ, ഓണസദ്യപോലെ, ഓണവുമായി ചേർന്നുനിൽക്കുന്ന എല്ലാ മിത്തുകളെയും ബിംബങ്ങളെയും പോലെ ആ സംഗീത ശകലവും നമ്മുടെ ജീവിതത്തിന്റെ ഭാഗം.

അഞ്ചോ ആറോ മിനിറ്റ് ദൈർഘ്യമുള്ള ആ പാട്ടിലെ ഒരു കൊച്ചു മ്യൂസിക്കൽ ഫ്രേസ് അത്രകണ്ട് മലയാളികളെ സ്പർശിച്ചു എന്നത് എന്നെപ്പോലും അത്ഭുതപ്പെടുത്തുന്ന കാര്യം. ദൈവാനുഗ്രഹം എന്നേ പറയാനാകൂ
വിദ്യാസാഗര്‍

എന്താവാം ഈ പ്രതിഭാസത്തിന്റെ പൊരുളെന്ന് ചോദിച്ചിട്ടുണ്ട് സംഗീത സംവിധായകൻ വിദ്യാസാഗറിനോട്. ചിരിച്ചൊഴിഞ്ഞതേ ഉള്ളൂ അദ്ദേഹം. ``എവിടെനിന്നാണ് ആ സംഗീത ശകലം ആ നിമിഷം എന്റെ മനസ്സിൽ, ചിന്തകളിൽ ഒഴുകിയെത്തിയത് എന്നറിയില്ല. എക്കാലവും അത് ജീവിക്കുമെന്ന് സങ്കല്പിച്ചിട്ടുമില്ല. ഓണത്തിന്റെ ഓർമ്മകൾ ഉണർത്തുന്ന ഒരു പാട്ട് ചെയ്യണമെന്നേയുണ്ടായിരുന്നുള്ളൂ മനസ്സിൽ. അഞ്ചോ ആറോ മിനിറ്റ് ദൈർഘ്യമുള്ള ആ പാട്ടിലെ ഒരു കൊച്ചു മ്യൂസിക്കൽ ഫ്രേസ് അത്രകണ്ട് മലയാളികളെ സ്പർശിച്ചു എന്നത് എന്നെപ്പോലും അത്ഭുതപ്പെടുത്തുന്ന കാര്യം. ദൈവാനുഗ്രഹം എന്നേ പറയാനാകൂ.''

നവീൻ വായിച്ച ഫ്ലൂട്ട് പീസാണ് ആ സംഗീത ശകലത്തിന്റെ ആത്മാവ്. ഒരാഴ്ചക്കുള്ളിൽ ചിട്ടപ്പെടുത്തിയവയാണ് തിരുവോണക്കൈനീട്ടത്തിലെ ഗാനങ്ങൾ എന്നു പറയുന്നു വിദ്യാസാഗർ. ``ഓണത്തെക്കുറിച്ച് പറഞ്ഞുകേട്ട ഐതിഹ്യങ്ങളും കേട്ടുകേൾവികളും മാത്രമായിരുന്നു ഗാനങ്ങളൊരുക്കാൻ ഇരിക്കുമ്പോൾ എന്റെ കൈമുതൽ. ഒട്ടും പരിചിതമല്ലാത്ത അന്തരീക്ഷം. പക്ഷേ ഗിരീഷിന്റെ വരികളിൽ എനിക്ക് വേണ്ടതെല്ലാം ഉണ്ടായിരുന്നു. സംഗീതബോധമുള്ള ആളായതുകൊണ്ട്, നമുക്ക് ചിട്ടപ്പെടുത്താൻ പാകത്തിലാണ് ഗിരീഷ് പാട്ടെഴുതിത്തരിക. എന്റെ സംഗീത സംവിധാന രീതികൾ അദ്ദേഹത്തിന് നന്നായി അറിയുകയും ചെയ്യാം. അതുകൊണ്ട് അധികം പ്രയാസപ്പെടേണ്ടി വന്നില്ല ഈണമിടാൻ.''-- വിദ്യാസാഗർ. രുദ്രവീണയും പുല്ലാങ്കുഴലും ഇടക്കയും നാദസ്വരവും പോലുള്ള ഉപകരണങ്ങളേ പാട്ടുകളുടെ പശ്ചാത്തലത്തിൽ ഉപയോഗിച്ചിട്ടുള്ളൂ. വാദ്യവിന്യാസത്തിൽ ഒട്ടും ആർഭാടം വേണ്ടെന്ന് നേരത്തെ തീരുമാനിച്ചിരുന്നു.

യേശുദാസും സുജാതയും പാടിയ ``പറ നിറയെ'' ഉൾപ്പെടെ തിരുവോണക്കൈനീട്ടത്തിലെ ഗാനങ്ങളെല്ലാം ആദ്യമെഴുതി ഈണമിട്ടവയാണ്. നാട്ടിൽ നിന്ന് പാട്ടുകൾ എഴുതി അയച്ചുതരികയായിരുന്നു ഗിരീഷ്. ``അന്ന് സിനിമയിൽ വലിയ തിരക്കാണ് എനിക്കും അദ്ദേഹത്തിനും. ഒരുമിച്ചിരുന്ന് കംപോസ് ചെയ്യാൻ കഴിയാത്തതിൽ ദുഖമുണ്ടായിരുന്നു ഞങ്ങൾക്ക്. പക്ഷേ ഗിരീഷിന്റെ വരികളുടെ ആത്മാവ് ഉൾക്കൊണ്ടുതന്നെ പാട്ടുകൾ ചിട്ടപ്പെടുത്താൻ കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം. ആ രചനകൾ അത്രകണ്ട് എന്നെ സ്പർശിച്ചതാകാം കാരണം.'' ഇന്നും മലയാളികൾ ആ പാട്ടുകളെ കുറിച്ച് ഗൃഹാതുരത്വത്തോടെ സംസാരിച്ചുകേൾക്കുമ്പോൾ സന്തോഷം തോന്നും. ``ജന്മം കൊണ്ടല്ലെങ്കിലും മനസ്സുകൊണ്ട് ഞാനും ഒരു മലയാളി തന്നെയല്ലേ?''- വിദ്യാസാഗർ ചിരിക്കുന്നു.

പഠിക്കുന്ന കാലത്ത് സംസ്ഥാനാടിസ്ഥാനത്തിൽ നടന്ന തമിഴ് ഭാഷാ പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ചരിത്രമുണ്ട് വിദ്യാസാഗറിന്. അക്കാലത്തേ ഇംഗ്ലീഷിലേയും തമിഴിലേയും ക്ലാസിക്ക് കൃതികൾ ഭൂരിഭാഗവും താൻ വായിച്ചുതീർത്തിരുന്നുവെന്ന് വിദ്യാജി. മഹാകവിയുടെ രചനകളും ഉണ്ടായിരുന്നു അക്കൂട്ടത്തിൽ. പിൽക്കാലത്ത് സിനിമാ സംഗീത സംവിധായകനായി പേരെടുത്തപ്പോഴും കവിതയുടെ അർത്ഥഭംഗി ചോർന്നുപോകാതെ പാട്ടുകൾ ചിട്ടപ്പെടുത്തണം എന്നൊരു നിർബന്ധം ഉള്ളിൽ കൊണ്ടുനടന്നതും അതുകൊണ്ടുതന്നെ. ഈണത്തിനൊത്ത് പാട്ടെഴുതിക്കേണ്ടി വരുമ്പോഴും ഈ വിശ്വാസപ്രമാണത്തോട് പരമാവധി നീതി പുലർത്താൻ ശ്രമിക്കാറുണ്ട് താനെന്ന് വിദ്യാസാഗർ.

ഗിരീഷ് പുത്തഞ്ചേരി

ആൽബത്തിലെ മറ്റു പാട്ടുകളിലുമുണ്ട് ഗിരീഷ് - വിദ്യ കൂട്ടുകെട്ടിന്റെ ഇന്ദ്രജാലസ്പർശം. ആരോ കമഴ്ത്തി വെച്ചോരോട്ടുരുളി, ആറന്മുള പള്ളിയോടം, പൂമുല്ലക്കോടിയുടുക്കേണം, തേവാരമുരുവിടും തത്തേ, വില്ലിന്മേൽ താളം കൊട്ടി, ചന്ദനവളയിട്ട, ഇളക്കുളങ്ങരെ ഇന്നലെ എന്നിങ്ങനെ എട്ടു സുന്ദര ഗാനങ്ങൾ. ഗായകരായി യേശുദാസിന് പുറമേ വിജയ് യേശുദാസും സുജാതയും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ