OPINION

പ്രത്യയശാസ്ത്രത്തിനു മേൽ യുക്തിയെ പ്രതിഷ്ഠിച്ച നേതാവ്; സി അച്യുതമേനോന്റെ 110-ാം ജന്മദിനം

ഇന്ന് മുൻ മുഖ്യമന്ത്രി സി അച്യുതമേനോന്റെ 110-ാം ജന്മദിനം. ഹൃദയം കൊണ്ട് ജനങ്ങളെ അറിഞ്ഞ, ബുദ്ധി കൊണ്ട് ഭരിച്ച മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം

പി രാംകുമാർ

ഒരു കാലത്ത് അച്യുതമേനോൻ ഒന്നു മിണ്ടി, ചിരിച്ചു, കുശലമന്വേഷിച്ചു എന്നതെല്ലാം കമ്യൂണിസ്റ്റ് പാർട്ടിയിൽ വാർത്തയായിരുന്നു. മുഖ്യമന്ത്രിയായപ്പോൾ അത് നിർബന്ധമായി ചെയ്യാൻ തുടങ്ങി. എന്നിട്ടും മിതഭാഷിയായ മുഖ്യമന്ത്രിയായി അറിയപ്പെട്ടു. ശിക്ഷണത്തെക്കാളുപരി, അത് അദ്ദേഹത്തിന്റെ ശീലമാണ്. 1969-ൽ ഇ എം എസ് രാജിവെച്ചപ്പോഴാണ്, പാർട്ടി തീരുമാനപ്രകാരം അന്ന് രാജ്യസഭാംഗമായ അച്യുതമേനോൻ കേരളത്തിലെത്തി മുഖ്യമന്ത്രിയാവുന്നത്.

കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ ഒരിടത്തു അഷ്ടവൈദ്യന്മാരുടെ ചികിത്സാ നൈപുണ്യത്തെ കുറിച്ച് പറയുന്നുണ്ട്. ഒരാൾ അഷ്ടാംഗഹൃദയം വ്യാഖ്യാനത്തിൽ കേമൻ. മറ്റൊരാൾ രോഗം എതെന്ന് കണ്ടുപിടിക്കുന്നതിൽ കേമൻ, ഇനിയൊരാൾ ഔഷധം നിശ്ചയിക്കുന്നതിൽ വിദഗ്ദ്ധൻ. കഴിവിന്റെ കാര്യത്തിൽ, അതേ പോലെയായിരുന്നു അക്കാലത്തെ സിപിഐയിലെ നേതാക്കൾ. പാർട്ടി തന്ത്രങ്ങളാവിഷ്ക്കരിക്കാൻ എം എൻ ഗോവിന്ദൻ നായർ, നടപ്പിലാക്കാൻ ടി വി തോമസ്, വ്യാഖ്യാനിക്കാൻ എൻ ഇ ബലറാമോ, സി ഉണ്ണി രാജയോ, ജനങ്ങളിലേക്കിറങ്ങി ചെല്ലാൻ പി കെ വി, ഇ ചന്ദ്രശേഖരൻ നായർ തുടങ്ങിയ സൗമ്യരായവർ. ഇവരെയെല്ലാം കൂട്ടിയിണക്കി കൊണ്ടുപോകുന്ന ക്യാപ്റ്റനായി അച്യുതമേനോൻ. ജനങ്ങളുടെ പ്രശ്നങ്ങൾ ആദ്യം ഹൃദയം കൊണ്ടറിയാനും ബുദ്ധികൊണ്ട് അവയ്ക്ക് പരിഹാരമുണ്ടാക്കാനും അച്യുതമേനോന്റെ നേതൃത്വത്തിൽ മന്ത്രിമാർക്ക് കഴിഞ്ഞു. കേരളത്തിൽ വികസനത്തിന് കുതിപ്പുണ്ടായ കാലമായിരുന്നു അത്.

ജനങ്ങളുടെ പ്രശ്നങ്ങൾ ആദ്യം ഹൃദയം കൊണ്ടറിയാനും ബുദ്ധികൊണ്ട് അവയ്ക്ക് പരിഹാരമുണ്ടാക്കാനും അച്യുതമേനോന്റെ നേതൃത്വത്തിൽ മന്ത്രിമാർക്ക് കഴിഞ്ഞു.

സാഹിത്യകാരനായ സി ജെ തോമസ് ഒരിക്കൽ ഇ എം എസിനെക്കുറിച്ച് പറഞ്ഞു, 'അതറീല്യാ,' എന്ന് പറഞ്ഞാൽ അങ്ങനെ ഒന്നില്ല എന്നാണർത്ഥമെന്ന്. ഇതിന് നേരെ വിപരീതമായിരുന്നു അച്യുതമേനോൻ. 'എനിക്ക് അതേ പറ്റി ഒരു ചുക്കും അറിഞ്ഞു കൂടാ’ എന്ന് സംശയലേശമന്യേ പറയുന്ന അപൂർവം രാഷ്ട്രീയ നേതാക്കളിലൊരാളായിരുന്നു അദ്ദേഹം.1990 കളുടെ തുടക്കത്തിൽ രൂപയുടെ മൂല്യം 20 ശതമാനം വെട്ടിക്കുറച്ച കേന്ദ്ര ഗവ. നടപടിയെ കുറിച്ച് എഴുത്തും വായനയുമായി കഴിയുന്ന, മുൻ മുഖ്യമന്ത്രിയായ അച്യുതമേനോൻ ഇരിഞ്ഞാലക്കുടയിലെ ചന്ദ്രിക സോപ്പിന്റെ ഉടമയും വ്യവസായിയുമായ സി ആർ കേശവൻ വൈദ്യർക്കെഴുതി. “ഒരു കയറ്റുമതി വ്യവസായിയായ താങ്കൾക്ക് ഇതിന്റെ ഗുണദോഷങ്ങളെ കുറിച്ച് നന്നായി അറിയാൻ പറ്റും, അത് അറിയാൻ താൽപ്പര്യപ്പെടുന്നു. വീറോടെ അഭിപ്രായം പറയുന്ന ഞങ്ങൾ രാഷ്ട്രീയക്കാർക്കതില്ലല്ലോ”.

മാർക്സിനെയും ലെനിനെയും ഏറ്റവും കുറച്ചു മാത്രം എഴുത്തിൽ ഉദ്ധരിച്ച കമ്യൂണിസ്റ്റ് നേതാവായിരുന്നു അച്യുതമേനോൻ.

അദ്ദേഹത്തിന്റെ പാർട്ടി ഈ കാര്യത്തിൽ നിലപാട് പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. പക്ഷെ, അതൊന്നും അദ്ദേഹത്തെ തൃപ്തനാക്കാൻ പര്യാപ്തമല്ലായിരുന്നു. പ്രത്യയശാസ്ത്രമോ, പാർട്ടിയോ പുസ്തകങ്ങളോ ആയിരുന്നില്ല അച്യുതമേനോന്റെ ആധാരം. അദ്ദേഹം ലോകത്തെ നിരീക്ഷിച്ചു പഠിച്ചു; യുക്തിയുപയോഗിച്ച് തീരുമാനത്തിലെത്തി. തനിക്ക് വിശ്വാസമുള്ളതോ, അനുഭവമുള്ളതോ ആയ കാര്യങ്ങളെക്കുറിച്ചു മാത്രമെ അദ്ദേഹം എഴുതിയുളളൂ. പാണ്ഡിത്യ പ്രകടനമോ ബുദ്ധിജീവി നാട്യങ്ങളൊ ഒരു ലേഖനത്തിലും പ്രദർശിപ്പിച്ചില്ല. മാർക്സിനെയും ലെനിനെയും ഏറ്റവും കുറച്ചു മാത്രം എഴുത്തിൽ ഉദ്ധരിച്ച കമ്യൂണിസ്റ്റ് നേതാവായിരുന്നു അച്യുതമേനോൻ. പി ഗോവിന്ദപിള്ള അദേഹത്തിന്റെ എഴുത്തിനെ കുറിച്ച് പറഞ്ഞത്, “എഴുതിയതെല്ലാം കൃത്യം, അച്ചട്ട്, ക്ലിനിക്കൽ പ്രിസിഷനാണ്” എന്നാണ്.

തന്റെ ലേഖനങ്ങളിലൂടെ അദ്ദേഹം ആരെയും വ്യക്തിപരമായി ആക്രമിച്ചിരുന്നില്ല. തനിക്ക് പറയാനുള്ളത് മുഖം നോക്കാതെ കാര്യകാരണ സഹിതം പറയും. ഒരിക്കൽ മാത്രം അത് ലംഘിച്ചു. ജനയുഗം വാരികയിൽ തന്റെ പംക്‌തിയിൽ 'ദൈവമനുഷ്യർ' എന്നൊരു ലേഖനമെഴുതി. മുഖ്യമന്ത്രിയായിരിക്കെ, തന്റെ ഒരു ഡൽഹി യാത്രയിൽ മദ്രാസ് എയർ പോർട്ടിൽ (ഇപ്പോൾ ചെന്നൈ) വിശ്രമമുറിയിൽ ഇരിക്കുമ്പോൾ കണ്ട ഒരു ദിവ്യനെയും അദേഹത്തിന് ചുറ്റും കണ്ട പരിവാരങ്ങളെയും കുറിച്ചായിരുന്നു ലേഖനം. സ്വാമി ചിന്മയാനന്ദനായിരുന്നു ലേഖനത്തിലെ ദിവ്യൻ. കാവി വസ്ത്രമണിഞ്ഞ അദ്ദേഹം അവിടെ വന്ന തന്റെ പരിവാരങ്ങളിൽ നിന്ന് പുഷ്പങ്ങളും ഫലവർഗ്ഗങ്ങളും സ്വീകരിച്ച്, അവരുടെ പരിചരണം ഏറ്റു വാങ്ങുന്നതൊക്കെ വിശദീകരിച്ച അദ്ദേഹം എഴുതി, “ആ പ്രഥമ ദർശനം തന്നെ, എന്നിൽ അനുകൂലമായ പ്രതികരണമല്ല സൃഷ്ടിച്ചത്”.

എന്തിനാണ് അദ്ദേഹം ചിന്മയാ മിഷൻ സ്ഥാപിച്ചത് ? എന്താണ് അദ്ദേഹത്തിന്റെ ദൗത്യം? ശങ്കരാചാര്യരും തിലകനും വ്യാഖ്യാനിച്ചു കഴിഞ്ഞ ഭഗവദ് ഗീതാ വ്യാഖ്യാനത്തിൽ നിന്ന് വൃത്യസ്തമായി എന്താണ് അദ്ദേഹത്തിന് എന്താണ് വ്യാഖ്യാനിക്കാനുളളത്? എന്നിങ്ങനെ പോയി ലേഖനത്തിലെ ചോദ്യങ്ങൾ. “സ്വാമി രംഗാനന്ദയെപ്പോലുള്ളവർ സാധാരണ മനുഷ്യനെപ്പോലെ ജീവിച്ച് നമ്മുടെ ആദരം പറ്റും. എന്നാൽ ചിന്മയനെപ്പോലുള്ള ദൈവമനുഷ്യർ ഭാരതത്തിന്റെ ശാപമാണ്,” അദ്ദേഹത്തിന്റെ ലേഖനം ഇങ്ങനെ അവസാനിക്കുന്നു. കേരളത്തിലെ യുക്തിവാദികൾ പോലും ചിന്മയാനന്ദനെ ഇത്ര നിശിതമായി വിമർശിച്ചിട്ടില്ല. വാക്കുകളും പ്രയോഗങ്ങളും അളന്നുതൂക്കി മാത്രം പ്രയോഗിക്കുന്ന അച്യുതമേനോന്റെ ഈ പ്രകോപനത്തിന് കാരണം അക്കാലത്ത് ഒരു 'ഹിന്ദു സംഘടനയെ 'കാവിയുടുക്കാത്ത 'സന്യാസിമാർ' എന്ന് ചിന്മയാനന്ദൻ വിശേഷിപ്പിച്ചതായിരുന്നു. വർഗീയ വിഷം പ്രചരിപ്പിക്കുന്ന ഒന്നായാണ് ആ പ്രസ്ഥാനത്തെ അച്യുതമേനോൻ കണ്ടിരുന്നത്. ആ രോഷത്തിന്റെ പ്രതിഫലനമായിരുന്നു ലേഖനം.

ഒത്തു കിട്ടിയാൽ എതിരാളിയെ വ്യക്തിഹത്യ നടത്തി, അടിമുടി തകർക്കുന്ന രാഷ്ട്രീയക്കാരെ ധാരാളം കാണാറുള്ള കേരളത്തിൽ അപൂർവമായ മാതൃക

തൃശൂരിലെ ഒരു തറവാടായ പൂതാമ്പിള്ളിയിലെ ബാലകൃഷ്ണമേനോനെ (പൂർവ്വാശ്രമത്തിലെ ചിന്മയാനന്ദന്റെ പേര്) മറ്റൊരു തൃശൂർക്കാരനായ ചേലാട്ട് അച്യുതമേനോന് നന്നായി അറിയാം. രണ്ട് പേരും സെന്റ് തോമസ് കോളേജിൽ എതാണ്ട് ഒരേ കാലത്ത് പഠിച്ചവർ. എന്നിട്ടും അദ്ദേഹത്തിന്റെ പൂർവാശ്രമത്തെക്കുറിച്ച് ലേഖനത്തിൽ ഒന്നും എഴുതിയില്ല. വ്യക്തി വിദ്വേഷം അദ്ദേഹത്തിനില്ലായിരുന്നു. അദ്ദേഹം വിശേഷിപ്പിച്ച ആൾദൈവത്തിന്റെ പഴയ വേരുകൾ എന്തെങ്കിലും തപ്പിയെടുത്ത് എഴുതി മലീമസമാക്കാൻ ലേഖനത്തിൽ ഒരു വരി മതിയായിരുന്നു. അത് ചെയ്തില്ല. ഒത്തു കിട്ടിയാൽ എതിരാളിയെ വ്യക്തിഹത്യ നടത്തി, അടിമുടി തകർക്കുന്ന രാഷ്ട്രീയക്കാരെ ധാരാളം കാണാറുള്ള കേരളത്തിൽ അപൂർവമായ മാതൃകയായിരുന്നു അദ്ദേഹം.

തിരുവിതാംകൂർ മഹാരാജാവ് ബാലരാമവർമ്മ അന്തരിച്ചപ്പോൾ എല്ലാവരും ക്ഷേത്ര പ്രവേശന വിളംബരം ചെയ്ത മഹാരാജാവിനെ പ്രശംസിച്ച് എഴുതിയപ്പോൾ, അച്യുതമേനോൻ എഴുതിയ ലേഖനത്തിൽ അതിനു പിന്നിൽ പ്രവർത്തിച്ച സർ സി പി രാമസ്വാമി അയ്യരുടെ സേവനങ്ങളെ എടുത്തു പറഞ്ഞു

സാഹിത്യത്തിലും കലയിലും അഗാധമായ താൽപ്പര്യമുള്ള അദ്ദേഹത്തിന്റെ ശൈലി, ലളിതവും പ്രസാദ സുന്ദരവുമാണ്. തത്വശാസ്ത്ര വിജ്ഞാനം നന്നായുണ്ട്. പക്ഷേ, അതിന്റെ ഭാഷയിൽ സംസാരിക്കുകയോ എഴുതുകയോ ഇല്ല. തിരുവിതാംകൂർ മഹാരാജാവ് ബാലരാമവർമ്മ അന്തരിച്ചപ്പോൾ എല്ലാവരും ക്ഷേത്ര പ്രവേശന വിളംബരം ചെയ്ത മഹാരാജാവിനെ പ്രശംസിച്ച് എഴുതിയപ്പോൾ, അച്യുതമേനോൻ എഴുതിയ ലേഖനത്തിൽ അതിനു പിന്നിൽ പ്രവർത്തിച്ച സർ സി പി രാമസ്വാമി അയ്യരുടെ സേവനങ്ങളെ എടുത്തു പറഞ്ഞു. അതിന് പശ്ചാത്തലമൊരുക്കിയ ശ്രീനാരായണ ഗുരുവിനെയും ടി കെ മാധവനേയും അനുസ്മരിക്കുകയും ചെയ്തു. സർ സി പിയെ ആജീവനാന്തം എതിർത്ത പാർട്ടിയാണ് അദ്ദേഹത്തിന്റേത്. എന്നിട്ടും സി പി ചെയ്ത നല്ല കാര്യം അംഗീകരിക്കാനുള്ള നന്മ അദ്ദേഹത്തിനുണ്ടായിരുന്നു.

1957-ൽ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ച് വിടുന്നതിന് മുൻപ് ധനകാര്യ മന്ത്രിയായ അച്യുതമേനോന്റെ മുൻപിൽ ഒരു ഫയൽ വന്നു. സ്വകാര്യ സ്കൂൾ അധ്യാപകർക്ക് പെൻഷൻ അനുവദിക്കണമെന്നായിരുന്നു അതിൽ. ധനകാര്യ വകുപ്പിന് ഇത് പഠിക്കാൻ സമയം ലഭിച്ചിരുന്നില്ല. ഇതിന് വേണ്ട ധനം എങ്ങനെ കണ്ടെത്തുമെന്നതും അറിയില്ലായിരുന്നു. മന്ത്രിസഭ ഒഴിഞ്ഞ് പോകുന്ന ഘട്ടത്തിൽ അത് നടപ്പിലാക്കാൻ ഉത്തരവിട്ടാൽ പിന്നീട് വരുന്ന സർക്കാരിന് അധിക ബാധ്യത വരുത്തുന്ന ഒന്നായിരിക്കും. അത് ധാർമ്മികമല്ലെന്നും ക്രമവിരുദ്ധമാണെന്നും അറിയാവുന്ന അച്യുതമേനോൻ ഒപ്പിടാൻ തയ്യാറായില്ല. പിന്നീട് വന്ന മന്ത്രിസഭയിൽ മുഖ്യമന്ത്രിയായ പട്ടം താണുപിള്ള ഈ ഫയലിലെ നോട്ട് കാണുകയും പ്രതിപക്ഷത്തിരിക്കുന്ന അച്യുതമേനോനെ അഭിനന്ദിക്കുകയും ചെയ്തു. ഒരു പക്ഷെ, പട്ടം താണുപിള്ള അഭിനന്ദിച്ചിട്ടുള്ള ഏക ഇടതു നേതാവ് അച്യുതമേനോനായിരിക്കും.

കെ ബാലകൃഷ്ണൻ ഒരിക്കൽ തനിക്കറിയാവുന്ന ചില മന്ത്രിമാരെ കുറിച്ച് പരിഹാസത്തോടെ എഴുതി. മന്ത്രി സ്വീകരണ മുറിയിൽ ചുമരിൽ തറച്ച് വെച്ചിരിക്കുന്ന കലമാനിന്റെ കൊമ്പ് പോലെ ഇരിപ്പുറക്കും. സംസാരമെല്ലാം വകുപ്പ് ഉദ്യോഗസ്ഥന്മാരായിരിക്കും; എന്നാൽ പിന്നെ അവരോട് പോരെ സംസാരം എന്ന് സന്ദർശകർക്ക് തോന്നും. എന്നാൽ മുഖ്യമന്ത്രിയായ അച്യുതമേനോന്റെ ഓഫിസിൽ ഉദ്യോഗസ്ഥ ഭരണമല്ലായിരുന്നു. ഏത് മേഖലയിലും തങ്ങളേക്കാൾ പ്രഗൽഭനാണ് മുഖ്യമന്ത്രിയെന്ന് തിരിച്ചറിഞ്ഞ ബ്യൂറോക്രസി അദ്ദേഹത്തെ അനുസരിച്ചു. ഭയന്നിട്ടല്ല. മറിച്ച്, സ്നേഹവും ബഹുമാനവും കൊണ്ടായിരുന്നു. അവിടെ പാർട്ടി താൽപ്പര്യങ്ങളേക്കാൾ പരിഗണന അല്ലെങ്കിൽ മുൻഗണന രാജ്യതാൽപ്പര്യങ്ങൾക്കായിരുന്നു.

അടിയന്തരാവസ്ഥക്കാലത്ത് പി ഗോവിന്ദപിള്ളയെ ചോദ്യം ചെയ്യാൻ ജയറാം പടിക്കലിന്റെ പോലീസ് പിടിച്ച് കൊണ്ടു പോയപ്പോൾ അന്നത്തെ പോലീസ് ഐ ജി രാജനെ ഫോണിൽ നേരിട്ട് വിളിച്ച്, മുഖ്യമന്ത്രിയായ അച്യുതമേനോൻ പറഞ്ഞു, 'തോന്ന്യാസം കാണിക്കരുത്!' തക്കസമയത്ത് ഇടപെട്ടതിനാൽ തല്ല് കൊള്ളാതെ പിജി രക്ഷപ്പെട്ടു. കെൽട്രോൺ ആരംഭിച്ച സമയത്ത് സ്ഥാനത്തും അസ്ഥാനത്തും കടമ്പകളുമായി നിരന്ന ബ്യൂറോക്രസിയേയും അൽപ്പ ബുദ്ധികളായ രാഷ്ട്രീയക്കാരേയും നിലക്ക് നിറുത്തി കെൽട്രോണിനെ ഒന്നാം നിര സ്ഥാപനമാക്കി വിജയത്തിലേക്ക് നയിച്ച അച്യുതമേനോൻ എന്ന മുഖ്യമന്ത്രിയെ കുറിച്ച് കെൽട്രോണിന്റെ സർവ്വാധികാരിയായ കെ പി പി നമ്പ്യാർ ആത്മകഥയിൽഎഴുതിയിട്ടുണ്ട്. അച്യുതമേനോൻ താൽപ്പര്യമെടുത്ത് 1971 ൽ തുടങ്ങിയ സെന്റർ ഫോർ ഡെവലപമെന്റ് സ്റ്റഡീസാണ് കേരളത്തിന്റെ വികസന പ്രശ്നങ്ങളെ പറ്റി ആദ്യമായി ഗഗനമായ പഠനം നടത്തി കാർഷിക രംഗത്തും ജലസേചന രംഗത്തും പല പരിഷ്ക്കാരങ്ങളും നടപ്പിലാക്കിയത്.

സി ഡി എസിന്റെ മേധാവിയായ ഡോ. കെ എൻ രാജ് അച്യുതമേനോന്റെ ആവശ്യപ്രകാരം 1969-ൽ ഡൽഹി സർവകലാശാല ചാൻസലർ പദവി രാജി വെച്ചാണ് കേരളത്തിലെത്തിയത്. അദ്ദേഹം ഒരിക്കൽ പറഞ്ഞു, “അച്യുതമേനോൻ ഒരു ടേം കുടി മുഖ്യമന്ത്രിയായിരിക്കുകയോ, അദ്ദേഹത്തെപ്പോലെ ഒരാളെങ്കിലും രാഷ്ടീയ നേതൃത്വത്തിൽ ഉണ്ടായിരിക്കുകയോ ചെയ്തെങ്കിൽ കേരളം വികസന കാര്യങ്ങളിൽ ഏറെ മുന്നോട്ട് പോയിരുന്നേനെ”. ഒരു മുന്നണിയെ വ്യക്തിബലം കൊണ്ട് നയിച്ച ആളായിരുന്നു അച്യുത മേനോൻ. ഐക്യ കേരളത്തിന്റെ ആദ്യ മന്ത്രിസഭയിലെ രണ്ടാമനായിരുന്ന അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള ഭരണം കേരളത്തിന്റെ വികസനത്തിന്റെ സുവർണകാലമായിരുന്നു. പത്തിരുപത് വർഷമായി കേരളത്തിന്റെ വികസനത്തെ കുറിച്ച് എഴുതുന്ന ഏതൊരു ലേഖനത്തിലും അച്യുതമേനോൻ ഒരു പരാമർശമായി കടന്നുവരുന്നത് അത് കൊണ്ടു തന്നെ.

1975-ലെ അടിയന്തരാവസ്ഥ ഒരു കരിനിഴലായ് അദ്ദേഹത്തിനും പാർട്ടിക്കും കുറെ നാൾ ദുർദശ നൽകിയെന്ന് മാത്രമല്ല അതിലുൽഭവിച്ച രാജൻ കേസ് അദ്ദേഹത്തിനേൽപ്പിച്ച ആഘാതം ഏറെ വലുതായിരുന്നു. അതിൽ നിന്ന് അവസാനം വരെ അദ്ദേഹം മോചിതനായിരുന്നില്ല. തന്റെ നാട്ടുകാരനായ ഈച്ചരവാര്യരുടെ മകന്റെ തിരോധാനത്തിൽ ഒന്നും ചെയ്യാൻ അദേഹത്തിനായില്ല. അതിനെ നീതികരിക്കാനോ നിഷേധിക്കാനോ നിന്നില്ല. മരണശേഷം പ്രസിദ്ധീകരിച്ച ആയിരത്തിനടുത്ത് പേജുള്ള, 13 കൊല്ലത്തെ അദ്ദേഹത്തിന്റെ ഡയറികുറിപ്പുകളിൽ രാജൻ സംഭവത്തെ കുറിച്ച് ഒരു വരി പോലും ഇല്ല. അദ്ദേഹം ആത്മകഥയും എഴുതാൻ തയ്യാറായില്ല. ആ ദുരന്തത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം സ്വയം അംഗീകരിച്ച് മൗനം പാലിച്ചു.

സജീവ രാഷ്ട്രീയത്തിൽ നിന്ന് സമയോചിതമായി വിരമിച്ച്, എഴുത്തും വായനയുമായി കഴിഞ്ഞ അദ്ദേഹം ജനങ്ങളുടെ പ്രശ്നങ്ങളെ കുറിച്ചും , ബുദ്ധിമുട്ടുകൾക്ക് പരിഹാരങ്ങൾ നിർദ്ദേശിച്ചും നിരന്തരം ലേഖനങ്ങളെഴുതി. 'ബാല്യകാല സ്മരണകൾ' എഴുതി കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം നേടിയ അദേഹം വിവർത്തനം ചെയ്ത പ്രശസ്ത കൃതിയാണ് ഗോർഡൻ ചൈൽസിന്റെ 'മനുഷ്യൻ സ്വയം നിർമ്മിക്കുന്നു.'

അറുപതുകളുടെ മദ്ധ്യം. പാർട്ടി പിളരുന്ന ഘട്ടം. തലമുതിർന്ന കമ്യൂണിസ്റ്റ് നേതാക്കൾ കേരളത്തിൽ ഇരു വിഭാഗമായി ചേരിതിരിഞ്ഞ് നിൽക്കുന്നു. ഒരു യോഗത്തിൽ അച്യുത മേനോൻ പാർട്ടിയുടെ ഭാവിയെ കുറിച്ച് അഭിപ്രായം പറഞ്ഞു. അന്നുവരെ ശിഷ്യനായിരുന്ന സഖാവ് മറുചേരിയിൽ നിന്ന് പ്രതികരിച്ചു. “മേന്നെ, കാര്യം എന്തൊ ആവട്ടെ, ഇനി മുതൽ നിങ്ങൾ അമ്മിണിയമ്മയുടെ ഭർത്താവാണ്. നമ്മുടെ നേതാവല്ല.” അച്യുതമേനോൻ ഒന്നും മിണ്ടിയില്ല. അച്യുതമേനോൻ അന്തരിച്ചപ്പോൾ മാതൃഭൂമിയുടെ ഡൽഹി ലേഖകനായിരുന്ന വി കെ മാധവൻ കുട്ടി അനുസ്മരണത്തിൽ എഴുതിയതാണിത്. ഈ സഖാവ്, മാധവൻ കുട്ടിയോട് പിന്നീട് പറഞ്ഞു, “ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു. ഞാനാരോടാണ് അത് പറഞ്ഞത് ? വാക്കുകൾ വായയിൽ നിന്ന് വീണു പോയതാണ്. ഇന്നും ആ ഖേദം മാറിയിട്ടില്ല. മാറുകയുമില്ല.”

ഇഎംഎസ് നമ്പൂതിരിപ്പാട്, സി അച്യുതമേനോൻ, കെ ആർ ഗൗരി അമ്മ

രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് എതിരാളികളുണ്ടായിരുന്നു; സ്വാഭാവികമായി വിമർശകരും. പക്ഷേ, അവർക്കൊക്കെ ഇതേ പോലെ പിന്നീട് ഖേദിക്കേണ്ടി വന്നിട്ടുണ്ട്. പ്രായത്തിനൊത്ത്, അനുഭവത്തിനൊത്ത് വളർന്നു വലുതായ ഒരു നേതാവായിരുന്നു അദ്ദേഹം. അച്യുതമേനോൻ അവസാന കാലത്ത് ഒരു ചെറു ലേഖനത്തിൽ ‘പൊതു ജീവിതത്തിൽ ദീക്ഷിക്കേണ്ട കാര്യങ്ങൾ' എന്ന ശീർഷകത്തിൽ ഇങ്ങനെ എഴുതി, “പൊതുപ്രവർത്തനം ഒരു തപസ്യയാണ്. നിർഭാഗ്യവശാൽ അത് ഇന്നൊരു തമാശയായി മാറിയിരിക്കുന്നു.” കേരള സംസ്ഥാനത്തെ വികസനത്തിന്റെ വഴിയിലൂടെ ശരിയായ് നയിച്ച അച്യുതമേനോനെപ്പോലുള്ളവർ കഥയിൽ മാത്രം ജീവിച്ചിരിക്കുന്നവരായി തോന്നുന്ന കാലത്താണ് നാം ഇപ്പോൾ ജീവിക്കുന്നത് !

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം