OPINION

സർക്കസിലെ ശങ്കര ദിഗ് വിജയം

നൂറാം വയസ്സിന്റെ പടിവാതിൽക്കൽ അന്തരിച്ച ജെമിനി ശങ്കരന്റെ ജീവിതം സർക്കസിലേതു പോലെ വിസ്മയങ്ങൾ നിറഞ്ഞതാണെന്ന് ഓർക്കുന്നു അദ്ദേഹവുമായി സുദീർഘ സൗഹൃദമുള്ള ലേഖകൻ

കെ ബാലകൃഷ്ണൻ

ജെമിനി ശങ്കരന്‍ നൂറുവയസ്സു തികയുന്നതിന് മുമ്പ് മരിക്കുമെന്ന് കരുതിയതല്ല. കൊച്ചു കൊച്ചു കൂട്ടായ്മകളില്‍ നൂറാം പിറന്നാള്‍ വലിയ ആഘോഷമായി നടത്തണമെന്ന് പറയുമ്പോള്‍ അദ്ദേഹം ചിരിച്ചുകൊണ്ട് തലയാട്ടുമായിരുന്നു. തൊണ്ണൂറ്റൊമ്പതിലേക്ക് കടക്കുമ്പോള്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ചെറിയോരാഘോഷം സംഘടിപ്പിക്കുകയുണ്ടായി. തദ്ദേശഭരണ വകുപ്പ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്ത ആ പരിപാടി കഴിഞ്ഞ ശേഷം നടത്തിയ രാത്രിവിരുന്നിലും മുഴുവന്‍ സമയവും ശങ്കരേട്ടൻ പങ്കെടുത്തു.

അതിഥികള്‍ക്കെല്ലാം സ്വന്തം കൈകൊണ്ട് ഭക്ഷണപാനീയങ്ങള്‍ പകർന്നുനല്‍കാന്‍ അദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നു. തലമുറകളുടെ വിടവോ പ്രായവ്യത്യാസമോ അദ്ദേഹത്തിന്റെ നിഘണ്ടുവിന് അജ്ഞാതമായിരുന്നു. മാസത്തിലൊരിക്കലെങ്കിലും കണ്ടില്ലെങ്കില്‍ പിന്നീട് കാണുമ്പോള്‍ പോടാപ്പാ, എത്ര കാലമായി കാണാത്തതെന്നു ചോദിച്ച് ആശ്ലേഷിക്കും. മക്കളേക്കാള്‍ പ്രായംകുറഞ്ഞവരെപ്പോലും പേരു വിളിക്കാന്‍ മടി. ബാലേട്ടാ എന്ന വിളി ഇപ്പോഴും മനസ്സില്‍ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്.

പരിചയപ്പെട്ടവര്‍ക്കെല്ലാം ശങ്കരേട്ടനായ മൂര്‍ക്കോത്ത് വെങ്ങക്കാട്ട് ശങ്കരന്‍ സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുതില്‍ ഏറെ താല്പര്യമെടുത്തു. ഏതാനും മാസംമുമ്പ് ഒരു സായന്തനത്തില്‍ വാരത്തെ വീട്ടില്‍ പോയപ്പോള്‍ ഗുജറാത്തില്‍നിന്നുള്ള ഒരു മുസ്ലിം വൃദ്ധന്‍ അതിഥിയായി അവിടെയുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് സര്‍ക്കസ് കാണാനെത്തി പരിചയപ്പെട്ട് വളര്‍ന്ന ആത്മബന്ധമാണ്. ഭരണാധികാരികള്‍ മുതല്‍ ഏറ്റവും സാധാരാണക്കാര്‍ വരെ നീളുന്ന സുഹൃദ് വലയം. എല്ലാവരുടെയും തോളില്‍ കയ്യിട്ടു നടക്കുന്ന എളിമയും ഔന്നത്യവും.

ജെമിനി ശങ്കരന്‍ മമ്മൂട്ടിക്കൊപ്പം

പ്രായമായെന്ന് പറഞ്ഞ് പിന്നോട്ടുവലിയുന്ന സ്വഭാവം ശങ്കരേട്ടന് ഇല്ലായിരുന്നു. കണ്ണൂര്‍ നഗരത്തില്‍ നടക്കുന്ന പൊതുപരിപാടികളില്‍ രണ്ടു മാസം മുമ്പുവരെ അദ്ദേഹത്തെ കാണാമായിരുന്നു. കൊല്ലത്തെ ടി കെ എം കോളേജുമായി ബന്ധപ്പെട്ട സാംസ്‌കാരികസംഘടന കഴിഞ്ഞമാസം ശങ്കരേട്ടന് ഒരു അവാഡ് നല്‍കുകയുണ്ടായി. അസുഖമായി ആശുപത്രിയിലായിരുന്ന അദ്ദേഹത്തിന് ആശുപത്രിയിലെത്തി അവാർഡ് സമ്മാനിക്കാനാണ് ടി കെ എം കോളേജ് അധികൃതര്‍ എത്തിയത്. പക്ഷേ പൊതുചടങ്ങ് നടത്തണമെന്ന് വാശിപിടിക്കുകയായിരുന്നു അദ്ദേഹം. ഡോക്ടറുടെ അനുമതിയോടെ ആംബുലന്‍സിലാണ് അവാഡ് സ്വീകരിക്കാന്‍ തന്റെ തന്നെ ഉടമസ്ഥതയിലുള്ള പാന്‍ഗ്രോവ് ഹോട്ടലിലെത്തിയത്. എപ്പോഴും ആളുകള്‍ക്ക് നടുവില്‍ കഴിയുന്ന, അങ്ങനെ ജീവിതം ആഘോഷമാക്കുന്ന ഒരു അസാധാരണ മനുഷ്യൻ. ജീവിതാസക്തിയാണ് ശങ്കരേട്ടനെ എന്നും മുന്നോട്ടുനയിച്ചത്. ജീവിതത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ ഫ്ലയിങ് ട്രപ്പീസിലേക്കെന്ന പോലെ മുകളിലോട്ടു നോക്കി ചിരിക്കും.

ജെമിനി ശങ്കരന്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനൊപ്പം

സര്‍ക്കസ്സിലേതുപോലെ വിസ്മയം നിറഞ്ഞതാണ് എം വി ശങ്കരന്റെ ജീവിതവും. ഇന്ത്യന്‍ സര്‍ക്കസിന്റെ ഈറ്റില്ലമെന്ന് വിശേഷിപ്പിക്കപ്പെട്ട തലശ്ശേരിയില്‍നിന്ന് തുടങ്ങിയ ജൈത്രയാത്രയുടെ കഥയാണത്. അഡോള്‍ഫ് ഹിറ്റ്‌ലര്‍ മലക്കപ്പിശാച് (ഡാന്‍സിങ്ങ് ഡെവിള്‍) എന്ന് വിളിച്ച കണ്ണന്‍ ബൊമ്പായിയുടെയും കീലേരി കുഞ്ഞിക്കണ്ണന്‍ ടീച്ചറുടെയും മാസ്മരിക സ്മരണയില്‍ സര്‍ക്കസ്സില്‍ കടന്നുവന്ന വ്യക്തിത്വം. രണ്ടാം ലോകയുദ്ധകാലത്ത് പട്ടാളത്തില്‍ വയര്‍ലസ് വിഭാഗത്തില്‍ നാലുവര്‍ഷം പ്രവര്‍ത്തിച്ച ശങ്കരന് പിന്നെയും പട്ടാളത്തില്‍ തുടരാമായിരുന്നെങ്കിലും കളരികള്‍ പുറകോട്ടു വിളിക്കുകയായിരുന്നു.

ജെമിനി സർക്കസ്

തലശ്ശേരി കൊളശ്ശേരിയിലെ സ്‌കൂള്‍ അധ്യാപകൻ രാമന്‍നായരുടെയും മൂര്‍ക്കോത്ത് വേങ്ങക്കണ്ടി കല്യാണിയമ്മയുടെയും മകനായി 1924 ജൂൺ 13-ന് ജനിച്ച ശങ്കരന്‍ സര്‍ക്കസ്സില്‍ ആകൃഷ്ടനായത് കൊളശ്ശേരിയിലെ ബോർഡ് സ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. അക്കാലത്ത് നാട്ടിൽ പ്രദര്‍ശനത്തിനെത്തിയ കിട്ടുണ്ണി സര്‍ക്കസ്സും കണാരി അഭ്യാസിയുടെ വെസ്റ്റേണ്‍ സര്‍ക്കസ്സും കണ്ടതോടെ അഭ്യാസിയാവണമെന്ന മോഹത്തോടെ കളരിപ്പയറ്റ് പഠിച്ചു. പിന്നീട്ട് കീലേരിയുടെ കീഴില്‍ സര്‍ക്കസ് പഠിക്കുതിനിടയിലാണ് പട്ടാളത്തില്‍ ചേര്‍ന്നത്. 1942-ല്‍ രണ്ടാം ലോകയുദ്ധകാലത്ത് പട്ടാളത്തില്‍ ചേരാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രഹസ്യ തീരുമാനമുണ്ടായിരുന്നതും അതിലേക്ക് നയിച്ചു. ശങ്കരന്റെ മൂത്ത സഹോദരന്‍ മൂര്‍ക്കോത്ത് കുഞ്ഞിരാമന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവും സൈദ്ധാന്തികാധ്യാപകനുമായിരുന്നു. അതേ തുടർന്ന് കുടുംബം പോലീസ് അതിക്രമത്തിന് ഇരയായിരുന്നു.

ജെമിനി സർക്കസ്-പഴയകാല ചിത്രം

രണ്ടാം ലോകയുദ്ധം അവസാനിച്ചതോടെ പട്ടാളത്തില്‍നിന്ന് വിട്ട ശങ്കരന്‍ നേരെയെത്തിയത് തലശ്ശേരി ചിറക്കരയിലെ സര്‍ക്കസ് വിദ്യാലയത്തില്‍. കീലേരി കുഞ്ഞിക്കണ്ണന്‍ ടീച്ചറില്‍നിന്ന് കുഞ്ഞുനാളില്‍ അഭ്യസിച്ച മലക്കംമറിച്ചല്‍ വിദ്യകള്‍ പട്ടാളത്തിലെ പരിശീലനത്തിലൂടെ ഒന്നുകൂടി ഉറച്ചിരുന്നു. ചിറക്കര സര്‍ക്കസ് സ്‌കൂളില്‍ കീലേരിയുടെ ശിഷ്യന്‍ എ കെ രാമന്‍ ഗുരുക്കളുടെ കീഴില്‍ തുടര്‍ പരിശീലനം പൂര്‍ത്തിയാക്കി കൊല്‍ക്കത്തയില്‍ ബോസ് ലയ സര്‍ക്കസ്സില്‍ ട്രപ്പീസ്-ഹൊറിസോല്‍ ബാര്‍ കലാകാരനായി ചേർന്നു.

കണ്ണഞ്ചിക്കുന്ന, ശ്വാസം പിടിച്ചുനിര്‍ത്തുന്ന ട്രപ്പീസ് പ്രകടനങ്ങളിലൂടെ സര്‍ക്കസ് ലോകത്ത് അതിവേഗം പ്രശസ്തനായ ശങ്കരനെ ഗ്രേറ്റ് റെയ്മന്‍ സര്‍ക്കസ് കമ്പനി ഉടമ കല്ലന്‍ ഗോപാലന്‍ റാഞ്ചി. പിന്നീട് നാഷണല്‍ സര്‍ക്കസില്‍ കുറച്ചുകാലം. തമ്പുകളില്‍നിന്ന് തമ്പുകളിലേക്കുള്ള ഇടതടവില്ലാത്ത യാത്രക്കിടയില്‍ ഒരാലോചന, എന്തുകൊണ്ട് സ്വന്തമായി ഒരു സര്‍ക്കസ് തുടങ്ങിക്കൂടാ? അങ്ങനെയാണ് 1951-ല്‍ സഹപ്രവര്‍ത്തകനായ സഹദേവനുമായി ചേർന്ന് മഹാരാഷ്ട്രയിലെ വിജയാ സര്‍ക്കസ് ആറായിരം രൂപ കൊടുത്ത് വാങ്ങുന്നത്.

ജെമിനി സർക്കസ്

ഗുജറാത്തിലെ ബില്ലിമോറയില്‍ ആ വര്‍ഷം സ്വാതന്ത്യ്രദിനത്തില്‍ ജെമിനി സര്‍ക്കസിന്റെ ആദ്യ പ്രദര്‍ശനം. അതോടെ സര്‍ക്കസ് ലോകത്ത് ഏറ്റവും പ്രതിഷ്ഠയുള്ള പേരായി ജെമിനിയുടെ തുടക്കം. ഇന്ത്യയിലെ ഏറ്റവും വലിയ സര്‍ക്കസായി അതിവേഗം വളര്‍ന്ന ജെമിനി വിദേശത്തും പ്രസിദ്ധമായി. 1977-ലെ ഗാന്ധിജയന്തിദിനത്തില്‍ ജെമിനിയുടെ സഹോദര സ്ഥാപനമായി ജംബോ സര്‍ക്കസും തുടങ്ങി. 1959-ല്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു ഡല്‍ഹിയില്‍ ജെമിനി സര്‍ക്കസ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാനെത്തിയത് എ കെ ജിയുടെ ക്ഷണപ്രകാരം. മുഴുവന്‍ സമയവുമിരുന്ന് സര്‍ക്കസ് കണ്ട നെഹ്‌റു സര്‍ക്കസ് കാണാന്‍ തന്റെ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരെ സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചതും അവര്‍ കാണാനെത്തിയതും അന്ന് വലിയ വാര്‍ത്തയായിരുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം പ്രധാനമന്ധ്രി ഇന്ദിരാഗാന്ധി കുട്ടികളായ രാജീവ് ഗാന്ധിയെയും സഞ്ജയ് ഗാന്ധിയെയും കൂട്ടി സര്‍ക്കസ് കാണാനെത്തി. അന്ന് കോൺഗ്രസിന്റെ കേരള എം പിമാരുടെ കൺവീനര്‍ രാമചന്ദ്രന്‍ കടന്നപ്പള്ളിയായിരുന്നു അവര്‍ക്കൊപ്പമുണ്ടായിരുന്നത്.

ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലും സര്‍ക്കസുമായി പര്യടനം നടത്തിയ ശങ്കരന്റെ അടുത്ത സൗഹൃദവലയത്തില്‍ നിരവധി വിദേശ ഭരണാധികാരികളുമുണ്ടായിരുന്നു. സര്‍ക്കസില്‍ വന്യമൃഗങ്ങളെ പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചത് ഇന്ത്യന്‍ സര്‍ക്കസ് കലയെ തകര്‍ത്തുവെന്ന് ശങ്കരേട്ടൻ പരാതിപ്പെട്ടിരുന്നു. സര്‍ക്കസിലെ മൃഗങ്ങളെ മനുഷ്യരേക്കാള്‍ സ്‌നേഹത്തോടെ പരിപാലിക്കുമായിരുന്നു അദ്ദേഹം. സര്‍ക്കസ് തമ്പിലുണ്ടായിരുന്ന പക്ഷികളെയും ചില മൃഗങ്ങളെയും സ്വന്തം വീട്ടുപറമ്പില്‍ പാര്‍പ്പിച്ച് പരിപാലിച്ചുപോന്നു. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും കൃത്യസമയത്ത് ഭക്ഷണം കൊടുക്കുന്നത് സ്വന്തം കൈകൊണ്ടാവണമെന്നു പോലും ശഠിച്ചു പോന്നു. ഒരേസമയത്ത് 18 ആനകളും 40 സിംഹങ്ങളും തന്റെ സര്‍ക്കസ് കമ്പനിയില്‍ ഉണ്ടായിരുന്നുവെന്നും ഒരിക്കലും ആക്ഷേപമുണ്ടായിട്ടില്ലെന്നും അഭിമാനത്തോടെ അദ്ദേഹം അനുസ്മരിക്കാറുണ്ടായിരുന്നു. 1951-ല്‍ ജെമിനി സര്‍ക്കസ് തുടങ്ങാനായി വിജയാ സര്‍ക്കസ് വാങ്ങുമ്പോള്‍ അതില്‍ ആകെയുണ്ടായിരുന്നത് ഒരാനയും രണ്ട് സിംഹങ്ങളും മാത്രമായിരുന്നു.

''നാട്ടു രാജാക്കന്മാര്‍ക്ക് അധികാരം നഷ്ടപ്പെടുകയായിരുന്ന അക്കാലത്ത് അവര്‍ സ്വകാര്യമൃഗശാലകളില്‍ പാര്‍പ്പിച്ചിരുന്ന മൃഗങ്ങളെ കയ്യൊഴിയുന്ന സ്ഥിതിവന്നു. അവര്‍ക്ക് കുതിരകളെയും സിംഹങ്ങളെയും ആവശ്യമില്ലാതായി. ഗുജറാത്തിലെ ജാംനഗര്‍ രാജാവ് വലിയ സര്‍ക്കസ് പ്രിയനായിരുന്നു. അദ്ദേഹം എനിക്ക് നാലു കുതിരകളെയും നാലു സിംഹത്തെയും തന്നു. ചില രാജാക്കന്മാര്‍ വില വാങ്ങി സിംഹങ്ങളെ തന്നു. അക്കാലത്ത് വന്യമൃഗങ്ങളെ പിടിച്ചു മെരുക്കി വില്‍ക്കുന്നതും പതിവായിരുന്നു. ബിഹാറിലെ സോപൂരില്‍ എല്ലാ വര്‍ഷവും വന്യമൃഗച്ചന്തയുണ്ടായിരുന്നു. എല്ലാ വര്‍ഷവും ഞാന്‍ സംബന്ധിക്കാറുണ്ടായിരുന്നു. ജിറാഫിനെയും ഒറാങ്ങ് ഉട്ടാനെയും ഹിപ്പോപൊട്ടാമസിനെയുമൊക്കെ വിദേശത്തുനിന്നാണ് വാങ്ങിയിരുന്നത്,'' ഏതാനും മാസം മുമ്പ് ഒരു കൂട്ടായ്മയില്‍ സംസാരിക്കുമ്പോള്‍ ശങ്കരേട്ടന്‍ പറഞ്ഞു.

ഇന്ത്യന്‍ സര്‍ക്കസിന്റെ കുലപതിയായി പരക്കെ അംഗീകരിക്കപ്പെട്ടിട്ടും ജെമിനി ശങ്കരന് പത്മശ്രീ പോലുള്ള ബഹുമതികള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെന്നത് ഒരു കുറച്ചിലായി നിലനില്‍ക്കുന്നു.

(കണ്ണൂർ സ്വദേശിയായ മുതിർന്ന മാധ്യമപ്രവർത്തകനാണ് ലേഖകൻ)

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം