OPINION

2022- ലെ മികച്ച വായനയായ വസുധേന്ദ്രയുടെ 'തേജോ തുംഗഭദ്ര' എന്ന നോവലിനെ കുറിച്ച്

പ്രതീക്ഷയുടെ മുനമ്പിലൂടെ (Cape of Good Hope) ഇന്ത്യൻ മഹാസമുദ്രത്തിൽ എത്തിച്ചേർന്ന കപ്പൽവ്യൂഹങ്ങളുടെ സഞ്ചാരചരിത്രം പറയുന്നു തേജോ തുംഗഭദ്ര

രാഹുൽ രാധാകൃഷ്ണൻ

ഒരു സമുദ്രയാത്രയിലൂടെ കരുത്തുറ്റ വിദേശരാജ്യത്തിന്റെ സൈന്യം അതുവരെ കണ്ടുപിടിക്കപ്പെടാത്ത മറ്റൊരു രാജ്യത്ത് എത്തിച്ചേരുകയും ക്രമേണ അവിടെ അധികാരം സ്ഥാപിക്കുകയും ചെയ്യുന്നതോടെ അധിനിവേശത്തിന്റെ പ്രാരംഭ നടപടി പൂർത്തിയാവുകയാണ്. അധികാരവും വിശേഷാവകാശങ്ങളും പ്രത്യേക ഉദ്ദേശ്യലക്ഷ്യങ്ങൾക്കായി ഉരുവപ്പെടുന്ന കാഴ്ചയാണ് ഈ സാഹചര്യത്തിൽ വികസിക്കുന്നത്. അതുപോലെതന്നെയാണ് ഒരു സാമ്രാജ്യത്തിന്റെ അധികാരി സ്വന്തം വംശത്തിന്റെ ഭാവി കാത്തുസൂക്ഷിക്കാനായി സാധാരണക്കാരുടെ ജീവന് വില പറയുന്നത്. അധിനിവേശം ചെയ്യുന്ന വർഗ്ഗവും, അധിനിവേശം ചെയ്യപ്പെട്ട ജനതയുമായുള്ള സന്ധികളും സംഭാഷണങ്ങളും എപ്പോഴും ഒരേ ദിശയിൽ സഞ്ചരിക്കുന്നതും ജനാധിപത്യസംവാദം പുലർത്താത്തവയുമാണ്.

ഇന്ത്യയും യൂറോപ്പുമായുമുള്ള വ്യാപാരം അറബികളും ഫിനീഷ്യക്കാരുമാണ് തുടങ്ങിവെച്ചത്. ചെങ്കടലും ഇന്ത്യൻ മഹാസമുദ്രവും പേർഷ്യൻ ഗൾഫും കേന്ദ്രീകരിച്ച് അറബികളും മെഡിറ്ററേനിയൻ കടലിലൂടെ ഫിനീഷ്യക്കാരും കച്ചവടം ചെയ്തു. കച്ചവടസാധ്യത മുതലെടുത്തുകൊണ്ട് മലബാർ തീരത്തിലേക്ക് കപ്പൽവ്യൂഹമടുപ്പിച്ചവർക്ക് ജലഗതാഗതയോഗ്യമായ നദികളും അറബിക്കടലും സഹായകമായി. എട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ അറബികൾ ഇന്നത്തെ പാകിസ്താന്റെ ഭാഗമായ സിന്ധ് മേഖലയിലേക്ക് അതിക്രമിച്ച് കയറിയിരുന്നു. മാസിഡോണിയയിലെ അലക്‌സാണ്ടർ ചക്രവർത്തിയുടെ ശ്രമഫലമായി കിഴക്കൻ രാജ്യങ്ങളിലെ കച്ചവടത്തിന്റെ മേൽക്കോയ്മ ഫിനീഷ്യക്ക് നഷ്ടപ്പെട്ടു. ചക്രവർത്തി അലക്‌സാൺഡ്രിയയിൽ തുറമുഖം നിർമിക്കുകയും കച്ചവടത്തിന്റെ മുനമ്പ് അവിടേക്കാക്കുകയും ചെയ്തു. താമസിയാതെ ഈജിപ്ത് കേന്ദ്രമാക്കി ഒരു മേഖല ശക്തിപ്പെടുകയായിരുന്നു. അലക്‌സാണ്ടർ ചക്രവർത്തിയുടെ മരണശേഷം ടോളമി ഫിലാഡൽഫസിന്റെ നേതൃത്വത്തിലാണ് കച്ചവടം ശക്തി പ്രാപിച്ചത്. ബെരെനിക്കേ എന്ന നഗരം നിർമിച്ചുകൊണ്ട് ഇന്ത്യയുമായുള്ള വ്യാപാരം സജീവമാക്കാൻ അദ്ദേഹം യത്നിച്ചു.

പോർച്ചുഗലിലെ ഹെൻറി രാജകുമാരൻ മാർക്കോപോളോ തയ്യാറാക്കിയ മാപ്പുകൾ സശ്രദ്ധം പഠിച്ചുകൊണ്ടാണ് ‘പ്രതീക്ഷയുടെ മുനമ്പ്’ (Cape of Good Hope) വഴിയുള്ള ഇന്ത്യൻ യാത്രയ്ക്കുള്ള മാർഗനിർദേശം സജ്ജമാക്കുന്നത്

റോമൻ സാമ്രാജ്യത്തിന്റെ കുത്തക അവസാനിപ്പിച്ചുകൊണ്ട് അറബികൾ കിഴക്കൻ വ്യാപാരം ഏറ്റെടുത്തതോടെ അലക്‌സാൻഡ്രിയ യൂറോപ്യന്‍ ശക്തികൾക്ക് ബാലികേറാമലയായി. വെനീസിന്റെ ശ്രദ്ധ ഈജിപ്തിലേക്കും അലക്‌സാൻഡ്രിയയിലേക്കും വരുന്നതോടെ കിഴക്കൻ വാണിജ്യത്തിന്റെ കുത്തകാവകാശം അവർക്ക് കൈവന്നു. ഏതാണ്ട് പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കം വരെ അവർ പ്രസ്തുതാധിപത്യം നിലനിർത്തി. ബാഗ്ദാദിന്റെ പ്രഭാവം നശിപ്പിച്ചു കൊണ്ട് മംഗോൾ സാമ്രാജ്യം കയറിവന്നത് പേർഷ്യൻ ഗൾഫും മലബാർ തീരവുമായുള്ള വാണിജ്യ ബന്ധത്തിനു വിഘാതമായി. ഇതേത്തുടർന്ന് അലക്‌സാൻഡ്രിയ, കെയ്‌റോ,ചെങ്കടൽ തുടങ്ങിയ പ്രദേശങ്ങളിലെ വ്യാപാരികൾ കോഴിക്കോട് എത്താനാരംഭിച്ചു. പതിമൂന്നാം നൂറ്റാണ്ടിന്റെ മധ്യത്തോടെ കോഴിക്കോട് തന്ത്രപ്രധാനമായ ഒരിടമായി വികസിച്ചു. ഇരുന്നൂറുകൊല്ലത്തോളം ഈ സ്ഥിതി തുടർന്നു. പോർച്ചുഗലിലെ ഹെൻറി രാജകുമാരൻ മാർക്കോപോളോ തയ്യാറാക്കിയ മാപ്പുകൾ സശ്രദ്ധം പഠിച്ചുകൊണ്ടാണ് ‘പ്രതീക്ഷയുടെ മുനമ്പ്’ (Cape of Good Hope) വഴിയുള്ള ഇന്ത്യൻ യാത്രയ്ക്കുള്ള മാർഗനിർദേശം സജ്ജമാക്കുന്നത്. 1488ൽ ആഫ്രിക്കയുടെ തെക്കേ അറ്റം ചുറ്റുന്ന ആദ്യത്തെ യൂറോപ്യൻ നാവികനായി പോർച്ചുഗലിലെ ബാർത്തലോമിയു ഡയസ് ചരിത്രപുരുഷനായി മാറി. ഇങ്ങനെ വലിയൊരു ഗാഥയായ ഇന്ത്യയിലേക്കുള്ള സഞ്ചാരചരിത്രം, പാഠപുസ്തകങ്ങൾക്കും ഗവേഷണങ്ങൾക്കും മാത്രമല്ല ഫിക്ഷന്റെ അനന്തസാധ്യതകളിലേക്കു കൂടിയുമാണ് വഴി വെട്ടിയൊരുക്കുന്നത്.

രണ്ടു ഭൂഖണ്ഡങ്ങളിലെ മനുഷ്യർ, രണ്ടു നദികൾ, രണ്ടു സംസ്കൃതികൾ എന്നിവ തമ്മിലുള്ള പരസ്പര്യവും ബന്ധവും ഏതെല്ലാം വിധത്തിലാണ് ചേർന്നിരിക്കുന്നത് എന്നൂഹിക്കാൻ പ്രയാസമാണ്. അധിനിവേശത്തിലൂടെയും പലായനത്തിലൂടെയും എത്തിപ്പെടാവുന്ന ദൂരവും അടുപ്പവും ഏതൊക്കെ ഘടകങ്ങളെയാണ് ആശ്രയിച്ചിരിക്കുന്നത് എന്ന് കൃത്യതയോടെ വ്യാഖ്യാനിക്കുന്ന ആഖ്യാനപരിസരമാണ് വസുധേന്ദ്രയുടെ ‘തേജോ തുംഗഭദ്ര’ എന്ന നോവൽ. കന്നടയിൽ എഴുതിയ ഈ നോവൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് മൈത്രേയി കർണൂരാണ്. നിയമാനുസൃതമല്ലാത്ത അവകാശങ്ങൾ കരഗതമാക്കുന്നവരുടെ നിഗൂഢമായ ഉദ്ദേശ്യങ്ങൾ സങ്കുചിതവും സ്വാർത്ഥവുമാണെന്നു ബോധ്യപ്പെടുത്തുന്നതാണ് നോവലിന്റെ കാതൽ. തദ്ദേശീയ വികാരങ്ങൾക്ക് പ്രാധാന്യം കൊടുക്കാതെ സ്വന്തം ഇച്ഛകളുടെ പൂർത്തീകരണത്തിനായി ന്യായരഹിതമായ ചെയ്തികളെ പ്രോത്സാഹിപ്പിക്കുന്ന ചക്രവർത്തിയും അധിനിവേശം ചെയ്യാനെത്തുന്ന കുടിലമോഹികളും തമ്മിലുള്ള താരതമ്യപഠനത്തിനു നോവൽ വഴിയൊരുക്കുന്നു.

രണ്ടു നദികളിലൂടെ ഒഴുകിപ്പടർന്ന ഉണ്മയുടെ വ്യാഖ്യാനങ്ങളാണ് നോവലിന്റെ സത്ത എന്നു പറയാം. 1492 മുതൽ 1518 വരെയുള്ള കാലയളവിലാണ് നോവലിലെ സംഭവങ്ങൾ രൂപപ്പെടുന്നത്

ഇപ്പറഞ്ഞ പരിസരങ്ങളിൽ സ്വാഭാവികമായ നീതി നിഷേധിക്കപ്പെട്ട മനുഷ്യരുടെ ചുവടുവെയ്പുകൾക്ക് ബലമില്ലാതാവുകയാണ്. സ്വാഭാവികമായും അത്തരം പരിസരങ്ങളെ ചുറ്റിപറ്റിയുള്ള സിദ്ധാന്തങ്ങളും ശ്രദ്ധേയമായി. ഫ്രഞ്ച് -ട്യൂണിഷ്യൻ എഴുത്തുകാരനായ ആൽബർട്ട് മെമ്മിയുടെ അധിനിവേശചിന്തകൾ ഗണനീയമാണ്. ('The Colonizer and The Colonized, 1957). ധനലാഭം, വിശേഷാവകാശം, അപഹരണം എന്നീ തൂണുകളിൽ ഉറപ്പിച്ചു നിർത്തിയ പ്രസ്തുതവിചാരങ്ങൾ അധികാരവും അധിനിവേശവും സാധാരണക്കാരിൽ അടിച്ചേൽപ്പിക്കുന്ന പ്രമാണങ്ങളുടെ അനൈതികതയാണ് ചർച്ചയ്ക്ക് വെക്കുന്നത്. മേൽപ്പറഞ്ഞ ആശയം അടിസ്ഥാനശിലയാവുന്ന ആഖ്യാനത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ ഇഴകൾ വേർതിരിച്ചറിയാൻ പ്രയാസമില്ല. രണ്ടു നദികളിലൂടെ ഒഴുകിപ്പടർന്ന ഉണ്മയുടെ വ്യാഖ്യാനങ്ങളാണ് നോവലിന്റെ സത്ത എന്നു പറയാം. 1492 മുതൽ 1518 വരെയുള്ള കാലയളവിലാണ് നോവലിലെ സംഭവങ്ങൾ രൂപപ്പെടുന്നത്.

നദീതടത്തിൽ വികസിതമായ സംസ്കൃതിയുടെ പ്രാധാന്യത്തെ ഊന്നിപ്പറഞ്ഞുകൊണ്ട് പോർച്ചുഗലിന്റെയും ഇന്ത്യയിലെ വിജയനഗര സാമ്രാജ്യത്തിന്റെയും ചരിത്രത്തെ വിവരിക്കുകയാണ് ഈ കൃതിയിൽ. നദിയുടെ നീരൊഴുക്കിലും ഉറവയിലും പൊട്ടിമുളയ്ക്കുന്ന സംസ്കാരവും ജീവിതരീതിയും സാരവത്തായ തലങ്ങളിലേക്കുയരുന്ന കാഴ്ചയാണ് ഉരുത്തിരിയുന്നത്. അന്നുവരെ അപരിചിതമായ ഒരു ഭൂപ്രദേശത്തെ കീഴ്‌പ്പെടുത്തി, അവിടത്തെ കുടിയേറ്റക്കാരും പിന്നീട് അധികാരകേന്ദ്രങ്ങളുമായി പരിണമിക്കുന്ന അധിനിവേശരാഷ്ട്രത്തിന്റെ നയവൈദഗ്‌ദ്ധ്യം പോർച്ചുഗലിന്റെ ഇന്ത്യയിലേക്കുള്ള വരവിൽ സുവ്യക്തമാണ്. മതവും രാഷ്ട്രീയവും ഭിന്നിപ്പിച്ചുനിർത്തിയ ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിൽ വിജയനഗര സാമ്രാജ്യത്തിന്റെ സാധ്യത പോർച്ചുഗീസുകാർക്ക് വ്യക്തമായിരുന്നു.

വാസ്കോഡഗാമയുടെ വരവോടെ ഇന്ത്യയുമായുള്ള പോർച്ചുഗലിന്റെ വ്യവഹാരത്തിന് തുടക്കം കുറിക്കപ്പെട്ടു. സമുദ്രതീരത്തെ ആധാരമാക്കിയുള്ള അധിനിവേശവും വ്യാപാരവും അതോടുകൂടി വ്യവസ്ഥാപിതമായി. അറബ് വ്യാപാരികളുടെ കീഴിലായിരുന്നു അന്നത്തെ ഇന്ത്യൻ വിപണി. ബാബറിന്റെ സാരഥ്യത്തിൽ മുഗൾ വംശം അധികാരം സ്ഥാപിക്കുന്നതേ ഉണ്ടായിരുന്നുള്ളു. വടക്കേ ഇന്ത്യയിൽ അഫ്‌ഗാനിൽ നിന്നുള്ള മുസ്ലിം ഭരണാധികാരികൾ സ്ഥാനമുറപ്പിച്ചിരുന്നു. പോർച്ചുഗീസുകാർ ആദ്യമായി ഇന്ത്യയിലെത്തുമ്പോൾ ഡെക്കാൻ പീഠഭൂമി അടക്കി വാണിരുന്നത് ബാഹ്മണി സുൽത്താന്മാരും വിജയനഗര സാമ്രാജ്യം ഭരിച്ചിരുന്നത് നരസിംഗരായയുമായിരുന്നു. അധികം വൈകാതെ ഡെക്കാൻ പ്രദേശം അഞ്ചു പ്രവിശ്യകളായി വിഭജിക്കപ്പെട്ടു. അഹ്മദ് നഗറും ബെരാരും ഉത്തരഭാഗത്തും, ബിജാപ്പൂരും ഗോൽക്കണ്ടയും ദക്ഷിണഭാഗത്തും ബീദർ മധ്യഭാഗത്തുമായി നിലകൊണ്ടു.

നാഗരികതയെ സംബന്ധിച്ച മനുഷ്യകുലത്തിന്റെ പുരാവൃത്തങ്ങളിലെല്ലാം ജലദൈവങ്ങളും മൽസ്യകന്യകകളും മറ്റും ഇഴചേർന്നു കിടക്കുന്നു

ഈ ഒരു കാലത്താണ് പുതിയ തീരങ്ങൾ തേടിയുള്ള 1498 ലെ ആ യാത്ര കോഴിക്കോടിനടുത്ത് നങ്കൂരമിട്ടത്. തത്ഫലമായി സുഗന്ധവ്യജ്ഞനങ്ങളുടെ വലിയ വ്യാപാരശൃംഖല പിറവിയെടുത്തു. മൊറോക്കോയിലെയും വെനീസിലേയും കച്ചവടക്കാർ ഇത്തരം വസ്തുക്കൾക്ക് കൊള്ളവില ഈടാക്കുന്നതും സ്വന്തമായ ഒരു പാത വെട്ടിത്തെളിക്കാൻ പോർച്ചുഗീസുകാർക്ക് പ്രേരണയേകിയിരുന്നു. അഫോൺസോ ഡി അൽബുക്കർക് എന്ന പോർച്ചുഗീസ് പട്ടാളമേധാവിയുടെ കീഴിൽ ഇന്ത്യയിലേക്ക് സംഘടിതമായ രീതിയിൽ കടൽ മാർഗമുള്ള യാത്രകൾ ഉണ്ടായി. പോർച്ചുഗലിന്റെ ദേശീയതയുമായി ബന്ധപ്പെട്ടാണ് ഈ അധിനിവേശത്തെ അപഗ്രഥിച്ചിരിക്കുന്നത്. സമുദ്രയുദ്ധത്തിൽ വ്യക്തമായ മേധാവിത്വം സജ്ജമാക്കുക എന്ന ലക്ഷ്യത്തെ ആധാരമാക്കിയായിരുന്നു അൽബുക്കറിന്റെ പ്രവർത്തനങ്ങൾ. നാഗരികതയെ സംബന്ധിച്ച മനുഷ്യകുലത്തിന്റെ പുരാവൃത്തങ്ങളിലെല്ലാം ജലദൈവങ്ങളും മൽസ്യകന്യകകളും മറ്റും ഇഴചേർന്നു കിടക്കുന്നു. ഇതുമായി നേരിട്ട് ബന്ധമില്ലാത്ത മറ്റൊരു കാര്യം കൂടി സൂചിപ്പിക്കുന്നത് ഉചിതമായിരിക്കും.

വാസ്കോഡഗാമ ഇന്ത്യയിലേക്കു വഴി കണ്ടെത്തിയതിനെ ആഘോഷിച്ചുകൊണ്ട് ലൂസിയാദ്‌ എന്ന ഇതിഹാസകാവ്യം തന്നെ രൂപപ്പെട്ടത് ഇവിടെ ഓർക്കേണ്ടതാണ്. റ്റാഗസ് എന്ന പേരിലും അറിയപ്പെട്ട തേജോ നദിയിൽ അധിവസിച്ചിരുന്ന ജലകന്യകമാരോട് പ്രാർത്ഥിച്ചതിന് ശേഷമാണു ലൂസിയാദിന്റെ സൃഷ്ടി നടത്തിയത് എന്ന് രചയിതാവായ ലൂയിഷ് വാഷ് ദ് കമോയിങ്ഷ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ സുഗന്ധദ്രവ്യങ്ങൾ പോർച്ചുഗലിൽ വ്യാപകമാവാൻ 'ദൈവം' അനുഗ്രഹിച്ചിരുന്നു എന്ന ഒരു 'തത്വം' നോവലിൽ സൂചിപ്പിക്കുന്നുണ്ട്. പോർച്ചുഗൽ രാജാവിനെ പ്രലോഭിപ്പിച്ച് പാപം ചെയ്യാൻ പ്രേരിപ്പിക്കുന്ന സ്ത്രീവേഷത്തിലെത്തുന്ന സാത്താനെ കബളിപ്പിക്കാൻ ദൈവം രാജാവിന്റെ അടുക്കള ഇന്ത്യയിലെ കറിക്കൂട്ടുകൾ കൊണ്ട് നിറച്ചു. ഇതോടുകൂടി തന്റെ ഉദ്യമം മറന്നുകൊണ്ട് സാത്താൻ ഈ വസ്തുക്കൾ മോഷ്ടിക്കാൻ തുടങ്ങുകയാണ്. ഇതിനിടയിൽ സാത്താൻ പിടിയിലാകുന്നു. എന്നാൽ ദയാലുവായ രാജാവ് അയാൾക്ക് മാപ്പ് നൽകുകയും സംപ്രീതനായ സാത്താൻ പോർച്ചുഗലിൽ എന്നെന്നും ഇന്ത്യയിലെ സുഗന്ധവ്യഞ്ജനങ്ങൾ ലഭ്യമാവട്ടെ എന്ന് അനുഗ്രഹിക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ നിന്നുള്ള കറിക്കൂട്ടുകളുടെ കീർത്തി സ്ഥാപിക്കാനായി പറഞ്ഞ സന്ദർഭമാണെങ്കിലും പ്രസ്തുതരാജ്യം കീഴടക്കാനുള്ള പോർച്ചുഗലിന്റെ തീരുമാനത്തെ അത് തീവ്രമായി ഉറപ്പിക്കുന്നുണ്ട്.

നിർബന്ധിതമായി സ്വരാജ്യം ഉപേക്ഷിക്കേണ്ടി വന്ന ജൂതസമൂഹത്തിന് ലിസ്ബണിൽ കച്ചവടം ചെയ്യാനുള്ള എല്ലാ സൗകര്യവും പോർച്ചുഗലിലെ രാജാവ് ചെയ്തുകൊടുത്തു. അതുവഴി താറുമാറായ രാജ്യത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുത്താമെന്നു അയാൾ കരുതി

ഇങ്ങനെ കിഴക്കു നിന്ന് കൊണ്ടുവന്ന ദ്രവ്യങ്ങളാൽ സംജാതമായ സുഗന്ധപൂരിതമായ അന്തരീക്ഷത്തിലാണ് പോർച്ചുഗീസുകാരനായ ഗബ്രിയേലിന്റെയും സ്പെയിനിൽ നില നിന്ന ജൂതവിരോധത്തെ തുടർന്ന് അവിടെനിന്നു പലായനം ചെയ്ത ജൂതപെൺകുട്ടിയായ ബെല്ലയുടെയും പ്രണയം തളിർത്തത്. നിർബന്ധിതമായി സ്വരാജ്യം ഉപേക്ഷിക്കേണ്ടി വന്ന ജൂതസമൂഹത്തിന് ലിസ്ബണിൽ കച്ചവടം ചെയ്യാനുള്ള എല്ലാ സൗകര്യവും പോർച്ചുഗലിലെ രാജാവ് ചെയ്തുകൊടുത്തു. അതുവഴി താറുമാറായ രാജ്യത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുത്താമെന്നു അയാൾ കരുതി. രാജ്യത്ത് അഭയം പ്രാപിച്ച ജൂതരുടെയടുത്ത് നിന്ന് നികുതിപ്പണവും ഭരണകൂടം ഈടാക്കിയിരുന്നു.

ബെല്ലയുടെ പിതാവ് ബെൽഷാമാണ് പോർച്ചുഗലിൽ ആദ്യത്തെ അച്ചുകൂടം ആരംഭിച്ചത്. അക്കാലമായപ്പോഴേക്കും കടലാസിന്റെ ഉപയോഗത്തെ കുറിച്ചുള്ള ധാരണ ബലപ്പെട്ടിരുന്നു. ഈ പുരോഗതി സാകൂതം വീക്ഷിച്ചു കൊണ്ടിരുന്ന ശില്പിയായ അന്തോണിയോ മകനായ ഗബ്രിയേലിനെ എഴുത്തും പുസ്തകനിർമാണവും പഠിപ്പിക്കാൻ പള്ളിയിൽ വിട്ടു. കല്ലുകളിൽ ചരിത്രത്തിലെ തീയതികൾ കുറിച്ചുവെക്കാൻ നിയോഗിക്കപ്പെട്ട അയാൾ അച്ചടിയുടെ സാധ്യത തന്റെ ജോലിക്കായി പ്രയോഗിക്കാൻ ആലോചിക്കുന്നുണ്ട്. എന്നാൽ ഇതിനിടയിൽ ക്രിസ്ത്യൻസമൂഹവും ജൂതരുമായുള്ള ഭിന്നത വർധിച്ചു. ജൂതരെ ദൈവനിഷേധികളായി കാണുകയും അവരുടെ ആചാരങ്ങളിൽ ക്രിസ്തുമതക്കാർ അസഹിഷ്ണുത പ്രകടിപ്പിക്കുകയും ചെയ്തു. അക്കാലത്തായിരുന്നു സ്പെയിനിലെ രാജകുമാരിയെ പോർച്ചുഗലിലെ മാനുവൽ രാജാവ് വിവാഹം കഴിക്കാൻ ആഗ്രഹിച്ചത്. എന്നാൽ പോർച്ചുഗലിലേക്ക് പലായനം ചെയ്ത ജൂതരെല്ലാവരും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്തിയാലേ വിവാഹത്തിന് സമ്മതം കൊടുക്കൂ എന്നായിരുന്നു ഇസബെല്ലാ രാജ്ഞിയുടെ ഉറച്ച നിലപാട്.

പോർച്ചുഗലിൽ ജീവിച്ചിരുന്ന ഇരുപതിനായിരത്തോളം ജൂതർ ഇതോടെ അങ്കലാപ്പിലാവുകയാണ്. മതമോ ജീവനോ വലുത് എന്ന ചോദ്യം അവരിൽ സംഘർഷം സൃഷ്ടിച്ചു. പലായനത്തിനും സ്വത്വനഷ്ടത്തിനും ശാന്തിയോ സമാധാനമോ പകരാൻ സാധിച്ചില്ല എന്നത് അവരെ അലട്ടുന്ന വെല്ലുവിളിയായിത്തീർന്നു. മതം മാറാൻ തയ്യാറാവാത്തവരെ നിഷ്കരുണം കൊന്നൊടുക്കാനും പോർച്ചുഗൽ ഭരണകൂടത്തിന് മടിയില്ലാതായി. ഗത്യന്തരമില്ലാതെ ബെൽഷാമും കുടുംബവും ക്രിസ്തുമത വിശ്വാസികളായി മാറി. അതുവരെ കുപ്പായത്തിന്റെ മടക്കിൽ നക്ഷത്രചിഹ്നമുള്ള ബാഡ്ജ് ധരിച്ചുകൊണ്ടുവേണമായിരുന്നു ജൂതർ പുറത്തിറങ്ങേണ്ടത്.

വാസ്കോഡഗാമ ഇന്ത്യയിലേക്കുള്ള കടൽമാർഗം കണ്ടുപിടിച്ചതോടെ പോർച്ചുഗലിന്റെ സ്ഥിതി മെച്ചപ്പെട്ടു. ഒരുപിടി കുരുമുളക് കൊണ്ട് മാസങ്ങളോളം ഒരു കുടുംബം പുലർത്താമെന്ന അവസ്ഥ രൂപപ്പെട്ടു

എന്നാൽ മതം മാറിയതോടെ അത്തരം നിബന്ധനകൾ ഇല്ലാതായെങ്കിലും വിവേചനം അവസാനിച്ചിരുന്നില്ല. വാസ്കോഡഗാമ ഇന്ത്യയിലേക്കുള്ള കടൽമാർഗം കണ്ടുപിടിച്ചതോടെ പോർച്ചുഗലിന്റെ സ്ഥിതി മെച്ചപ്പെട്ടു. ഒരുപിടി കുരുമുളക് കൊണ്ട് മാസങ്ങളോളം ഒരു കുടുംബം പുലർത്താമെന്ന അവസ്ഥ രൂപപ്പെട്ടു. കടൽയാത്രയ്ക്കുള്ള ചെലവിന്റെ ഏതാണ്ട് അറുപതിരട്ടി ലാഭമാണ് ഗാമ കൊണ്ടുവന്നത് എന്നൊരു പറച്ചിൽ പരന്നു. ദരിദ്രരാഷ്ട്രമായ പോർച്ചുഗൽ അങ്ങനെ യൂറോപ്പിലെ സമ്പന്നരാജ്യമായി പരിണമിക്കുകയാണ്.

ഗാമയുടെ മടങ്ങിവരവിന് ശേഷം കൂടുതൽ ലാഭം കൊയ്യാനായി തുടർന്നും ഇന്ത്യയിലേക്കുള്ള കപ്പൽയാത്രക്ക് പോർച്ചുഗൽ ഭരണകൂടം പച്ചക്കൊടി വീശി. എന്നാൽ സന്തോഷത്തിന് മേല്‍ കരിനിഴൽ പതിപ്പിച്ചുകൊണ്ട് പ്ലേഗ് എന്ന മഹാമാരി രാജ്യത്തെ ഭയാശങ്കയിലാക്കി. ഉറ്റവരും വേണ്ടപ്പെട്ടവരുമൊക്കെ പ്ലേഗിന്റെ കരാള ഹസ്തങ്ങളിൽ പെടുകയായിരുന്നു. കപ്പലിന്റെ രേഖകൾ കാത്തുസൂക്ഷിക്കുന്ന എഴുത്തുകാരന്റെ കർത്തവ്യം ഏറ്റെടുത്തുകൊണ്ട് ഗബ്രിയേലും ഇന്ത്യയിലേക്കുള്ള യാത്രയുടെ ഭാഗമാവുകയാണ്. ബെല്ലയുമായുള്ള വിവാഹത്തിനു അനുമതി തേടിയ അയാൾക്ക് അവളുടെ അച്ഛന്റെ അടുത്തു നിന്നുമേറ്റ അപമാനവും ഈ പ്രയാണത്തിന് അയാളെ നയിച്ചു. പണമില്ലാത്ത സാഹചര്യത്തിൽ നിന്ന് കരകയറണം എന്ന് അയാൾ നിശ്ചയിച്ചിരുന്നു. സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത കപ്പലിൽ ഗബ്രിയേൽ കയറുന്നതിനു തൊട്ടുമുൻപ്, പ്ലേഗ് വന്നു മരണപ്പെട്ട അമ്മയുടെ ശവത്തിനരികിൽ നിന്ന് ബെല്ല കാമുകനെ കാണാൻ ഓടിവരുന്നുണ്ട്. ഏറ്റവും പ്രിയപ്പെട്ട ബെല്ലയെ ഹ്രസ്വകാലത്തേക്കെങ്കിലും പിരിഞ്ഞുകൊണ്ട് അയാൾ കപ്പലിലേറുകയാണ്.

ക്രൂരമായ ഭാവഹാവാദികളോടെ ചുറ്റുപാടുകൾ പ്രണയത്തിനു തടസ്സം നിൽക്കുന്ന സന്ദർഭത്തിന്റെ ഇരകളാണ് ഗബ്രിയേലും ബെല്ലയും. കപ്പലിലെ അരാജകത്വം നിറഞ്ഞ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ ഗബ്രിയേൽ പ്രയാസപ്പെടുമെന്നു തീർച്ചയാണ്. പട്ടാളക്കാരുടെ കുത്തഴിഞ്ഞ ജീവിതവും പൊതുവെയുള്ള വൃത്തി കുറഞ്ഞ ചുറ്റുപാടുകളും അയാളെ അലോസരപ്പെടുത്തി. വാസ്കോഡഗാമയുടെ ആദ്യത്തെ യാത്രയിൽ ഇന്ത്യയിലെ കാലാവസ്ഥയെ കുറിച്ച് യാതൊരു ഊഹവും ഇല്ലാത്തതിനാൽ കാലവർഷം പ്രതികൂലമായി ബാധിച്ചിരുന്നു. ഇത്തവണ അത്തരത്തിലുള്ള ഘടകങ്ങളൊക്കെ ശ്രദ്ധിക്കാൻ യാത്രാസംഘം ശ്രദ്ധിച്ചു.

ഈ മീനുകൾക്ക് നമ്മളെ കുറിച്ചെല്ലാം അറിയാം. ഞാൻ അവരോട് എല്ലാം പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലേക്ക് ഇവരെ കൂടെ കൊണ്ടുപോകണം. എന്നെ കുറിച്ച് ഓർക്കുമ്പോഴൊക്കെ അവരോട് സംസാരിക്കണം

കപ്പലിൽ അനുഭവിക്കേണ്ടി വന്ന അനിയന്ത്രിതമായ എലിശല്യത്തെ തരണം ചെയ്യാൻ രണ്ടുപൂച്ചകളെ കൂട്ടത്തിൽ ചേർക്കുകയും ചെയ്തു. അവയുടെ ചുമതല ഗബ്രിയേലിനാണ് നൽകിയത്. മടങ്ങിപ്പോകുന്നതിനു മുൻപായി വെള്ളം നിറഞ്ഞ ഒരു കൊച്ചു ചില്ലുപാത്രത്തിൽ രണ്ടു സ്വർണമൽസ്യങ്ങളെ ബെല്ല ഗബ്രിയേലിനു സ്നേഹത്തോടെ സമ്മാനിക്കുന്നുണ്ട്. "ഈ മീനുകൾക്ക് നമ്മളെ കുറിച്ചെല്ലാം അറിയാം. ഞാൻ അവരോട് എല്ലാം പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലേക്ക് ഇവരെ കൂടെ കൊണ്ടുപോകണം. എന്നെ കുറിച്ച് ഓർക്കുമ്പോഴൊക്കെ അവരോട് സംസാരിക്കണം. തേജോ നദിയിൽ നിന്ന് പിടിച്ച ഇവരെ ഇന്ത്യയിലെ ഏതെങ്കിലും പുണ്യനദിയിൽ ഒഴുക്കണം" എന്ന് ബെല്ല ചട്ടംകെട്ടുകയും ചെയ്തു.

മഹാമാരി നിമിത്തം യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് അതിഥിതൊഴിലാളികളെ ജോലിക്കായി ലഭിച്ചിരുന്നില്ല. ഒടുവിൽ ജയിലുകളിലെ അന്തേവാസികളെ പുറത്തെത്തിക്കാനും കപ്പലിലെ ജോലിക്ക് ഏർപ്പാടാക്കാനും തീര്‍ച്ചപ്പെടുത്തി. ഇവർക്കൊപ്പം ലൈംഗികത്തൊഴിലാളികളുടെ തൊഴിൽരഹിതരായ മക്കളും ജോലിക്കായി ചേരുകയാണ്. ഇവരുടെ സ്ഥാവര ജംഗമവസ്തുക്കൾ തിട്ടപ്പെടുത്തേണ്ട കർമം ഗബ്രിയേലിൽ അധിഷ്ഠിതമായി. വഴിമധ്യേ കിഴക്കൻ ആഫ്രിക്കയിലും മറ്റും നടത്തിയ കൊള്ളയും കലാപവും വീരേതിഹാസമായി സ്ഥാപിക്കപ്പെടാതിരിക്കാൻ ഗബ്രിയേൽ സവിശേഷശ്രദ്ധ പുലർത്തുന്നുണ്ട്. പതിനഞ്ചാം നൂറ്റാണ്ടോടെ പ്രാബല്യത്തിൽ വന്ന വെള്ളം വലിക്കുന്ന യന്ത്രങ്ങളും മറ്റും കപ്പലിൽ ഉണ്ടായിരുന്നു. ജാക്കോം എന്ന കേരളത്തിൽ വേരുകളുള്ള ഒരു ജോലിക്കാരൻ ഉണ്ടായിരുന്നു. ഒരു പ്രത്യേക ഘട്ടത്തിൽ അപകടത്തിൽ പെട്ട അയാളെ പരിപാലിച്ചത് ഗബ്രിയേലും സംസാരശേഷിയില്ല എന്ന് നടിച്ച ഹെൻറിക്കുമാണ്. ജാക്കോമിന്റെ ശുശ്രൂഷയ്ക്കായി എത്തുമ്പോഴാണ് ഹെൻറിക്കിനെ പറ്റി ഗബ്രിയേലിനു കൃത്യമായ കാഴ്ചപ്പാടുണ്ടാകുന്നത്.

ഹെൻറിക്കുമായി ബന്ധപ്പെട്ട ദൂരൂഹതയുടെ ചുരുളഴിയുന്നതും ഹെൻറിക്ക് യാഥാർത്ഥത്തിൽ ആരാണെന്നുള്ളതും ആഖ്യാനത്തിന്റെ ഉദ്വേഗം വർധിപ്പിക്കുന്നു. ദൗർഭാഗ്യവശാൽ വാസ്കോഡഗാമയുടെ പിടിയിലകപ്പെട്ട് പോർച്ചുഗലിലേക്ക് വരേണ്ടി വന്ന മീൻപിടിത്തക്കാരനായിരുന്നു ജാക്കോം. കോഴിക്കോട്ടെ സാമൂതിരിമാരുമായുള്ള അറബികളും പേർഷ്യക്കാരും അടങ്ങുന്ന വാണിജ്യസംഘത്തിന്റെ വ്യാപാര മേൽക്കോയ്മ തകർക്കാൻ ഗാമ ശ്രമിക്കുന്നതിന്റെ ചരിത്രം അയാൾ സൂചിപ്പിക്കുന്നുണ്ട്. പ്രാദേശികഭാഷയിൽ സംവദിക്കാൻ സാധിക്കാത്തത് വാണിജ്യബന്ധങ്ങൾ വികസിപ്പിക്കാൻ വിനയാവുന്നെന്ന് കണ്ട പോർച്ചുഗീസുകാർ ജാക്കോമിനെ ദ്വിഭാഷിയായി നിശ്ചയിച്ചു. അയാളുടെ മതവും അവർ മാറ്റി. പക്ഷെ യഥാർത്ഥത്തിലുള്ള ജാതി അയാളെ ചതിക്കുകയാണ്. ജാതിയിൽ താഴ്ന്ന സ്‌ഥാനമുണ്ടായിരുന്ന അയാൾ പരിഗണനകൾക്ക് പുറത്തായിരുന്നു. വിവേചനത്തിന്റെ പ്രഥമ ഉപാധിയായി ജാതിയെ കണക്കാക്കിയ തദ്ദേശീയരും രാജകുടുംബവും ജാക്കോമിനെ അംഗീകരിച്ചില്ല. ക്രിസ്ത്യാനിയായി പരിവർത്തനം ചെയ്താലും മൂലജാതി എന്താണെന്നുമാത്രമേ സമൂഹം ശ്രദ്ധിച്ചുള്ളു.

മനുഷ്യരെ ജാതിയുടെ വേലിക്കെട്ടിൽ തരം തിരിക്കുന്ന സാമൂഹ്യവ്യവസ്ഥയിൽ അയാൾക്ക് അയാൾക്ക് അയിത്തം കല്പിക്കപ്പെട്ടു. ഇങ്ങനെയുള്ള, മതത്തിലും ജാതിയിലും അടിസ്ഥാനപ്പെടുത്തിയ അന്തരങ്ങളെ കുറിച്ച് ഒട്ടൊക്കെ അത്ഭുതത്തോടെയാണ് ഗബ്രിയേൽ മനസിലാക്കുന്നത്. ജനിച്ച ജാതിയിൽ നിന്നൊരു പരിവർത്തനത്തിന് സ്വന്തം മണ്ണിൽ അംഗീകാരമെന്നത് അചിന്ത്യമായ കാലമായിരുന്നു അത്. കേവലം ഒരു ജോലിക്കാരനായി അയാൾക്ക് കപ്പലിൽ ശിഷ്ടജീവിതം നയിക്കേണ്ടി വരുകയാണ്. കോഴിക്കോട് നിന്നുള്ള വാസ്കോഡഗാമയുടെ മടക്കയാത്രയിൽ മലബാറിൽ നിന്നുള്ള ചിലരെ ബന്ദികളാക്കി കൊണ്ടുപോയിരുന്നു എന്ന് 'ലൂസിയാദി'ൽ പരാമർശിക്കുന്നുണ്ട് എന്നത് ഇവിടെ കൂട്ടിവായിക്കണം.

1515ൽ ഗോവയിൽ ഗവർണറായ അൽബുക്കർക് സതി നിയമവിരുദ്ധമാക്കിയിരുന്നു. ബാർബോസ മലയാളം എന്ന ഏകഭാഷ സംസാരിക്കുന്ന മലബാറിലെ ജനങ്ങളെ കുറിച്ച് എഴുതിയിട്ടുണ്ട്

ഇതേ കാലത്ത് ജീവിച്ച ബാർബോസ എന്ന പോർച്ചുഗീസ് എഴുത്തുകാരൻ ഇന്ത്യയിൽ പ്രചാരത്തിലുള്ള ജാതിവ്യവസ്ഥയെ കുറിച്ച് മനസിലാക്കിയിരുന്നു. വിജയനഗരയിൽ ജീവിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് ഈ ബോധ്യപ്പെടലുണ്ടായത്. സതി പോലെയുള്ള അനാചാരങ്ങളെ സംബന്ധിച്ച് അദ്ദേഹം രേഖപ്പെടുത്തി. ഇത്തരത്തിലുള്ള ദുഷ്‌കര്‍മ്മങ്ങൾക്കെതിരെ പോർച്ചുഗീസുകാർ നിലകൊണ്ടു എന്നതും പ്രസക്തമാണ്. 1515ൽ ഗോവയിൽ ഗവർണറായ അൽബുക്കർക് സതി നിയമവിരുദ്ധമാക്കിയിരുന്നു. ബാർബോസ മലയാളം എന്ന ഏകഭാഷ സംസാരിക്കുന്ന മലബാറിലെ ജനങ്ങളെ കുറിച്ച് എഴുതിയിട്ടുണ്ട്. എന്നാൽ നോവലിൽ മലബാറിന് പകരം കേരളം എന്നാണു സൂചിപ്പിച്ചിരിക്കുന്നത്. മാത്രമല്ല പതിനഞ്ചാം നൂറ്റാണ്ടിൽ തന്നെ കഥകളി ഉണ്ടായിരുന്നുവെന്ന പരാമർശവും നോവലിസ്റ്റിന്റെ വ്യക്തതക്കുറവിനെയാണ് കാണിക്കുന്നത്.

പോർച്ചുഗലിൽ ജൂതരുടെ സാഹചര്യം അനുദിനം വഷളായിക്കൊണ്ടിരിക്കുകയായിരുന്നു. സ്വൈര്യവും സ്വസ്ഥതയും അനുഭവിക്കാൻ യോഗമില്ലാത്തത് പോലെ അവരെ തെരുവുകളിൽ പീഡിപ്പിച്ചു. ഇന്ത്യയിലേക്കുള്ള കപ്പൽയാത്രകളിലൂടെ കൊണ്ടുവന്ന സമ്പത്ത് ക്രിസ്ത്യാനികൾക്കേ കൈവശം വെയ്ക്കാനായുള്ളു എന്ന തരത്തിൽ അന്തച്ഛിദ്രം രൂക്ഷമായി. കവർച്ചയും കൊലപാതകങ്ങളും മൂലം എങ്ങും സംഘർഷത്തിന്റെ അന്തരീക്ഷമായി. പോർച്ചുഗലിലെ അരാജകമായ സാഹചര്യങ്ങളിൽ ബെല്ലയും മറ്റുള്ളവരും എങ്ങനെ ജീവിക്കുന്നുവെന്നു ഗബ്രിയേൽ ആശങ്കപ്പെടുന്നുണ്ട്. പ്രണയത്തിന്റെ ശക്തിയിൽ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലാത്ത ഗബ്രിയേലിന് ബെല്ലയെ മറക്കാനാവില്ല. ജാക്കോമിൽ നിന്ന് ഇന്ത്യയിലെ പുണ്യനദികളെ പറ്റി ഗബ്രിയേൽ ചോദിച്ചറിയുന്നു. പ്രണയിനി നൽകിയ തേജോനദിയിലെ മത്സ്യങ്ങളെ കർണാടകയിലെ തുംഗഭദ്രയിൽ ഒഴുക്കാൻ വേശ്യാവൃത്തിക്കായി വിജയനഗര സാമ്രാജ്യത്തിലേക്ക് പോകുന്ന ഹെൻറിക്കിനോട് ഗബ്രിയേൽ അഭ്യർത്ഥിക്കുകയാണ്.

യാത്ര തുടങ്ങി രണ്ടുവർഷം കഴിഞ്ഞാണ് സംഘം ഇന്ത്യയിൽ എത്തിച്ചേരുന്നത്. മൂന്നുവർഷം ഗബ്രിയേൽ അടക്കമുള്ളവർ ഇന്ത്യയിൽ കഴിഞ്ഞു. വഴിനീളെ, കിഴക്കേ ആഫ്രിക്കയിലും അറേബ്യയിലും പേർഷ്യയാണ് തീരത്തും മുസ്ലിം സമൂഹത്തെ പീഡിപ്പിച്ചും ഉപദ്രവിച്ചും കവർച്ച നടത്തിയുമാണ് അവർ ഇന്ത്യയിലെത്തിയത്. കോഴിക്കോട്ടെയും കൊച്ചിയിലെയും കച്ചവടബന്ധം സുദൃഢമായതോടെ മറ്റു ഭാഗങ്ങളെ പിടിച്ചടക്കാനുള്ള യത്നം പോർച്ചുഗീസ് പട്ടാളം ആരംഭിച്ചു. എന്നാൽ ഗോവയെ കീഴ്‌പ്പെടുത്താനുള്ള ശ്രമം ബിജാപുരിലെ സുൽത്താൻ സമർത്ഥമായി തടഞ്ഞു. എങ്കിലും ഗോവ കൈപ്പിടിയിലൊതുക്കുക എന്നത് അൽബുക്കർകിന്റെ അഭിലാഷമായിരുന്നു. വിജയനഗര സാമ്രാജ്യത്തിന്റെ ചക്രവർത്തിയായ കൃഷ്ണദേവരായരുടെ ആക്രമണത്തെ പ്രതിരോധിക്കാനായി ഗോവയിലെ സൈന്യം നീങ്ങിയ വേളയിൽ പോർച്ചുഗീസ് പട്ടാളം ഗോവയിൽ അധികാരം സ്ഥാപിക്കുകയാണ്.

തേജോയും തുംഗഭദ്രയും തമ്മിൽ നടക്കുന്ന മാനുഷിക വ്യവഹാരങ്ങളുടെ ആഖ്യാനമാണ് ഈ നോവൽ

തേജോയും തുംഗഭദ്രയും തമ്മിൽ നടക്കുന്ന മാനുഷിക വ്യവഹാരങ്ങളുടെ ആഖ്യാനമാണ് ഈ നോവൽ. കൃഷ്ണദേവരായരുടെ വിജയനഗര സാമ്രാജ്യത്വത്തിന്റെയും ചുറ്റുപാടുകളുടെയും പശ്ചാത്തലത്തിലുള്ള ആഖ്യാനം നോവലിൽ സമാന്തരമായി നീങ്ങുന്നു. തുംഗഭദ്ര എന്ന നദിയുടെ തീരത്തെ ജീവിതവും സംസ്കാരവുമാണ് ഈ ഭാഗത്ത് അനാവൃതമാവുന്നത്. മതപരവും ആത്മീയവുമായ വ്യവഹാരങ്ങളിൽ അങ്ങേയറ്റം ശ്രദ്ധ പതിപ്പിച്ച ഒരു സമൂഹമായിരുന്നു അവിടത്തേത്. വിജയനഗര സാമ്രാജ്യം ഇന്നത്തെ രൂപത്തിലാക്കുന്നതിനു മുൻപ്, ഏഴാം നൂറ്റാണ്ടു മുതൽ പമ്പ എന്ന പേരിലറിയപ്പെടുന്ന ദേവതയായിരുന്നു പ്രസ്തുതയിടത്തെ ആരാധനാമൂർത്തി.

വിജയനഗരത്തിലെ തെമ്പകപുര എന്ന സ്ഥലത്തെ ആസ്പദമാക്കിയാണ് ഈ ഖണ്‌ഡം വികസിക്കുന്നത്. ബൃഹദ്‌സാമ്രാജ്യമായ വിജയനഗരയുടെ അടരുകളെ ആവാഹിക്കുന്ന വിധത്തിലാണ് തെമ്പകപുര എന്ന ഇടത്തിന്റെ ചിത്രീകരണം. ശിവപാർവ്വതിമാരുടെ അവതാരങ്ങളായ തെമ്പകസ്വാമിയും ദിബ്ബക്കയും ആണ് ഗ്രാമത്തെ സംരക്ഷിച്ചിരുന്ന മൂർത്തികൾ. ഭക്തർ കുരുമുളകാണ് പ്രസ്തുത ക്ഷേത്രത്തിൽ കാണിക്കയായി സമർപ്പിച്ചിരുന്നത്. കുരുമുളകിന് പകരം സ്വർണം ലഭിക്കുമെന്ന വിശ്വാസം അവിടെ നിലനിന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് സകല വ്യവഹാരങ്ങളും മുന്നോട്ട് പോയിരുന്നത് എന്നത് പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്.

വസുധേന്ദ്ര

വൈഷ്ണവ-ശൈവ വിഭാഗങ്ങൾ തമ്മിലുള്ള സ്പർദ്ധ മറ നീക്കി പുറത്തുവരുന്ന ഒരു കാലമായിരുന്നു അത്. കിഴക്കുനിന്നും തെക്കുനിന്നും വൈഷ്ണവ ഭക്തർ കർണാടകയിലേക്ക് കുടിയേറിത്തുടങ്ങി. അധികം വൈകാതെ കൃഷ്ണദേവരായർ തെമ്പകപുരയിൽ ഒരു വൈഷ്ണവക്ഷേത്രം നിർമിക്കാൻ തീരുമാനിക്കുകയാണ്. പദ്ധതി അനുസരിച്ച് ശില്പങ്ങൾ നിറഞ്ഞ ക്ഷേത്രസമുച്ചയമാണ് അവിടെ കെട്ടാൻ ഉദ്ദേശിച്ചത്. മുഖ്യശില്പിയെ സഹായിക്കാനായി കേശവ എന്ന യുവശില്പി നിയോഗിക്കപ്പെടുകയാണ്.

ഹംപമ്മ എന്ന പെൺകുട്ടിയെ വേൾക്കാൻ വേണ്ടി നടന്ന രണ്ടു യോദ്ധാക്കളുടെ പോർവിളിയും, തുടർന്നുള്ള മരണങ്ങളും പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും ഉൾമടക്കുകളെ സ്പഷ്ടമാക്കുന്നു. കച്ചവടക്കാരുടെ അംഗരക്ഷകനായി ജോലി ചെയ്യുന്ന, ഭാരോദ്വഹനത്തിലും മറ്റും നിഷ്ണാതനായ ഗുസ്തിക്കാരനായ മാപ്പള നായക്കും കേശവയുമാണ് ഹംപമ്മയെ ചൊല്ലി മല്ലയുദ്ധത്തിലേർപ്പെട്ടത്. ഈ പോരിൽ മാപ്പള കൊല്ലപ്പെടുകയും അയാളുടെ ഭാര്യ തെമ്പക്ക സതി അനുഷ്ഠിക്കുകയും ചെയ്തു. തെമ്പക്കയുടെയും നായക്കിന്റെയും മകളായ ഈശ്വരിയെ സംരക്ഷിക്കേണ്ട ചുമതല ഹംപമ്മ-കേശവ ദമ്പതികൾ ഏറ്റെടുത്തു. മാപ്പള മരിച്ചതും ക്ഷേത്രത്തിലെ പുതിയ ശില്പങ്ങളും മറ്റും അപ്രതീക്ഷിതമായി ആരോ നശിപ്പിച്ചതും കേശവയെ തളർത്തി. ശില്പകലയിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട അയാൾ സൈന്യത്തിൽ ചേരുകയാണ്.

അസാധാരണമായ ഒരു സന്ദർഭത്തിൽ കൃഷ്ണദേവരായചക്രവർത്തിക്ക് മകൻ ജനിക്കാനായി ഈടുനിൽക്കുന്ന സമ്പ്രദായത്തിൽ കേശവ പങ്കാളിയാവുന്നുണ്ട്. സന്താനഭാഗ്യം സിദ്ധിക്കാനായി ഓരോ ദിക്കിലും സ്വാഭാവികമായും ബലി നൽകാനായി ഓരോരുത്തരെ നിശ്ചയിച്ചിരുന്നു. അങ്ങനെ ചക്രവർത്തിക്ക് പുത്രഭാഗ്യം ലഭിച്ചപ്പോൾ കേശവയ്ക്ക് ജീവത്യാഗം ചെയ്യേണ്ടി വരുകയാണ്. ഇതിനിടയിൽ അഹ്മദ്ഖാൻ എന്നൊരാളുമായി ഹംപമ്മ പരിചയപ്പെടുന്നുണ്ട്. അയാളുടെ ചെവിയുടെ കീഴ്ഭാഗവും മൂക്കും ഛേദിച്ച നിലയിലായിരുന്നു.അയാളുടെ മകനെയും അയാൾക്കൊപ്പം ഇപ്പോഴും കാണപ്പെട്ടു. ഹംപമ്മയ്ക്കും കൂട്ടുകാർക്കും അപരിചിതമായ പച്ചമുളക് എന്ന 'വിചിത്രഫല’ത്തെ ആദ്യമായി അവതരിപ്പിച്ചത് അയാളാണ്. ഭർത്താവിന്റെ മരണാന്തരം സതി അനുഷ്ഠിക്കാൻ തയാറാവുന്ന വേളയിലാണ് ഹംപമ്മ, താൻ ഗർഭിണിയാണെന്നു മനസിലാക്കുന്നത്. അതോടുകൂടി ആ ഉദ്യമത്തിൽ നിന്ന് പിന്മാറുന്ന അവർ അഹ്മദ്ഖാന്റെ കൂടെ രക്ഷപ്പെടുകയാണ്.

സുഗന്ധദ്രവ്യങ്ങളും സമ്പത്തും മോഹിച്ച് യൂറോപ്യൻ ശക്തികൾ കിഴക്കോട്ടേക്ക് നടത്തുന്ന പ്രയാണത്തിന്റെ ഉള്ളൊഴുക്കുകളാണ് നോവലിന്റെ കാമ്പ്

1493ൽ പോപ്പ് അലക്‌സാണ്ടർ പുറപ്പെടുവിച്ച അനുശാസനപ്രകാരം ഏതൊരു പ്രദേശമാണോ ക്രിസ്ത്യൻ ഭരണത്തിന് കീഴിലില്ലാത്ത അവ ക്രിസ്ത്യൻ അധികാരികൾക്ക് കണ്ടുപിടിച്ച പിടിച്ചെടുക്കാമെന്ന വ്യവസ്ഥ നിലവിൽ വന്നു. ഓരോ തവണയും ഓരോ വഴികൾ തുറന്നു കൊണ്ട് അധിനിവേശത്തിന്റെ മാർഗങ്ങൾ കണ്ടുപിടിക്കുന്നവർക്ക് സ്വാർഥേച്ഛ മാത്രമല്ലേ ഉണ്ടാകൂ. സുഗന്ധദ്രവ്യങ്ങളും സമ്പത്തും മോഹിച്ച് യൂറോപ്യൻ ശക്തികൾ കിഴക്കോട്ടേക്ക് നടത്തുന്ന പ്രയാണത്തിന്റെ ഉള്ളൊഴുക്കുകളാണ് നോവലിന്റെ കാമ്പ്. അധിനിവേശം എന്ന പ്രക്രിയയ്ക്ക് നേതൃത്വം കൊടുക്കുന്നവരെയും ഇരകളാവേണ്ടി വരുന്നവരെയും ബാധിക്കുന്ന അവസ്ഥയെ കുറിച്ച് ആൽബർട്ട് മെമ്മി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അധിനിവേശത്തിന്റേതായ സാഹചര്യം അധികാരവും കോളനികളും സൃഷ്ടിക്കുന്നതിനെ കുറിച്ചുള്ള ആലോചനയും അദ്ദേഹം നടത്തുന്നു. സമാനമായ ചുറ്റുപാടിലാണ് ഗബ്രിയേലിന്റെയും മറ്റും പരിസരത്തെ വായിക്കേണ്ടത്. നിക്ഷിപ്തമായ ലക്‌ഷ്യം മുൻനിർത്തി അധിനിവേശപദ്ധതികൾ ആസൂത്രണം ചെയ്യുന്നവർ കാണാതെപോകുന്നത് മനുഷ്യബന്ധങ്ങളുടെ വൈപുല്യത്തെയാണ്.

അധികാരത്തിന്റെയും പലായനത്തിന്റെയും മദ്ധ്യേ ജീവിതത്തിന്റെ സമതുലിതാവസ്ഥ നഷ്ടപ്പെട്ടവരെയാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. അടിച്ചമർത്തൽ എന്നാൽ അടിച്ചമർത്തപ്പെട്ടവരോടുള്ള പീഡകരുടെ വെറുപ്പ് എന്ന തത്വം ഇവിടെയും നിലനിൽക്കുന്നു. സമ്പത്തിനും തിരിച്ച് സ്വരാജ്യത്ത് വന്ന് സ്വസ്ഥമായ ജീവിതം നയിക്കാനും വേണ്ടിയായിരുന്നു ഈ യാത്രാസംഘത്തിൽ ഗബ്രിയേൽ ചേരുന്നത്. എന്നാൽ അയാളുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായിട്ടുള്ള കാര്യങ്ങളാണ് സംഭവിച്ചത്. നോവൽ ഇങ്ങനെ ചരിത്രത്തെ ആശ്ലേഷിച്ചു മുന്നേറുന്ന കാഴ്ച പ്രകടമാകുകയാണ്.

ഒരുപക്ഷെ ഈ സമുദ്രവ്യാപാരത്തിലൂടെ സ്വാർത്ഥലാഭത്തിനല്ലാതെ മറ്റേതങ്കിലും തരത്തിലുള്ള വിനിമയത്തിനായി അധിനിവേശശക്തികൾ ശ്രമിച്ചോ എന്ന് സംശയമാണ്. സാമൂഹികമായും സാംസ്കാരികമായും ഇന്ത്യയെ അറിയാൻ പോർച്ചുഗീസുകാർക്കയോ എന്ന ഒരു ചോദ്യം സഞ്ജയ് സുബ്രമണ്യം Europe's India എന്ന പുസ്തകത്തിൽ ആരായുന്നതിൽ സാംഗത്യമുണ്ട്. കൊളോണിയലിസത്തിന്റെ തിക്തഫലങ്ങളെ ചൂണ്ടിക്കാണിക്കുകയും യൂറോപ്യൻ അധിനിവേശത്തിന്റെ നേരിട്ടും പാർശ്വവുമായ ആഘാതങ്ങൾ ഇന്ത്യയെ പോലൊരു രാജ്യത്തെ ബാധിച്ചതിനെ ചരിത്രത്തെ ആലോചനയിൽ കൊണ്ട് വരുകയാണ് വസുധേന്ദ്രയുടെ ആഖ്യാനം.

ഭൂതകാലത്തെ, വ്യത്യസ്തവും പരസ്പരബന്ധമില്ലാത്തതുമായ സന്ദർഭങ്ങളെ സർഗ്ഗാത്മകമായ കൂട്ടിയിണക്കിയ തരത്തിലാണ് നോവലിന്റെ ഘടന

അവിടെ വ്യക്തിയും സമൂഹവുമായുള്ള സംഘർഷം ഉടലെടുക്കുന്ന പാതകൾ മറഞ്ഞുപോകുകയും സമ്മര്‍ദ്ദം മായാതിരിക്കുകയും ചെയ്യുന്നു. ഭൂതകാലത്തെ, വ്യത്യസ്തവും പരസ്പരബന്ധമില്ലാത്തതുമായ സന്ദർഭങ്ങളെ സർഗ്ഗാത്മകമായ കൂട്ടിയിണക്കിയ തരത്തിലാണ് നോവലിന്റെ ഘടന. പ്രതീക്ഷയുടെ മുനമ്പിലൂടെ (Cape of Good Hope) ഇന്ത്യൻ മഹാസമുദ്രത്തിൽ എത്തിച്ചേർന്ന കപ്പൽവ്യൂഹങ്ങളുടെ സഞ്ചാരചരിത്രം കൂടിയാണ് നോവലിൽ തെളിയുന്നത്. ഫിക്ഷന്റെ വായന ചരിത്രവുമായി ബന്ധപ്പെട്ട ചില ആലോചനകൾക്ക് പര്യാപ്തമാക്കാൻ പ്രേരിപ്പിക്കുന്നു എന്നത് ഈ നോവലിന്റെ സവിശേഷതയായി കാണാം. മറ്റൊരു തരത്തിൽ, നോവലിന്റെ വായന ചരിത്രവായനയിലേക്ക് നയിക്കുന്നു.

വഖഫ് ബിൽ: സംയുക്ത പാർലമെന്ററി യോഗത്തിൽ ഏറ്റുമുട്ടി തൃണമൂൽ-ബിജെപി എംപിമാർ, ചില്ലുകുപ്പി അടിച്ചുടച്ച് കല്യാൺ ബാനർജി; സസ്പെൻഷൻ

ആന്റണി ബ്ലിങ്കന്റെ ഇസ്രയേൽ സന്ദർശനത്തിന് മണിക്കൂറുകൾ മുൻപ് ഹിസ്‌ബുള്ള ആക്രമണം; ഭാവിയെന്തെന്നറിയാതെ പശ്ചിമേഷ്യ

സെബിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് ആരോപണം: 'കുറ്റകരമായ ഒന്നും കണ്ടെത്താനായില്ല', മാധബി ബുച്ചിനെതിരെ നടപടി ഉണ്ടാകില്ല

2034 ഫുട്ബോള്‍ ലോകകപ്പിനൊരുങ്ങുന്ന സൗദി; അറബ് രാജ്യത്തെ തൊഴില്‍ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഫിഫ അവഗണിക്കുന്നതായി ആരോപണം

'ഞാൻ കലൈഞ്ജറുടെ കൊച്ചുമകൻ, മാപ്പുപറയില്ല'; സനാതന ധർമ പരാമർശത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ഉദയനിധി