കഴിഞ്ഞ കുറച്ചു കാലമായി ഗുണ്ടകളുടെ പേരിലാണ് തില്ലങ്കേരി ഗ്രാമം അറിയപ്പെടുന്നത്. എന്നാല്‍ ആകാശ് തില്ലങ്കേരിയുടെയും മറ്റു ക്രിമിനലുകളുടെയും പേരില്‍ കുപ്രസിദ്ധി നേടേണ്ട ഒരിടമല്ല തില്ലങ്കേരി.
ആകാശ് തില്ലങ്കേരിയും മറ്റു സഹഗുണ്ടകളും മാധ്യമ ശ്രദ്ധ നേടുന്നതിന് മുന്‍പ് തന്നെ തില്ലങ്കേരിയുടെ പേരില്‍ അറിയപ്പെട്ടിരുന്ന മറ്റൊരു രാഷ്ട്രീയ നേതാവുണ്ട്. ആകാശും കൂട്ടരും വിശ്വസിക്കുന്ന തത്വ സംഹിതയുടെ നേര്‍ വിപരീത ധ്രുവത്തിലുള്ള ആര്‍ എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരി. പക്ഷെ, വത്സനും പ്രശസ്തനായത് 'കണ്ണിന് കണ്ണ്, പല്ലിന് പല്ല്' തത്വത്തിന്റെ പ്രയോക്താവായാണ്.
ഈ ദുരവസ്ഥയിലേക്ക് നാടിനെ തള്ളിവിട്ടതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് രാഷ്ട്രീയക്കാര്‍ക്ക് ഒഴിഞ്ഞു നില്‍ക്കാനാവില്ല. പ്രത്യേകിച്ചും പ്രദേശത്ത് അപ്രമാദിത്വമുണ്ടായിരുന്ന സിപിഎമ്മിന്.
ഷുഹൈബ് വധം, ക്വട്ടേഷൻ തുടങ്ങി നിരവധി കേസുകളില്‍ അകപ്പെട്ട ആകാശ് എന്ന ഒരു ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ പെട്ടെന്ന് ഒരു ദിവസം ഫേസ്ബുക്കില്‍ ആകാശ് തില്ലങ്കേരി ആവുന്നതോടെയാണ് തില്ലങ്കേരി വര്‍ത്തമാനകാല കേരളത്തിന്റെ വാര്‍ത്താ റഡാറില്‍ പൊടുന്നനെ പ്രത്യക്ഷപ്പെടുന്നത്. കുറച്ചു വര്‍ഷം മുന്‍പുവരെ തില്ലങ്കേരിയെന്ന ഗ്രാമം ക്രിമിനലുകളുടെ നാടേ ആയിരുന്നില്ല. ഏത് രാത്രിയിലും ധൈര്യത്തോടെ ആര്‍ക്കും നടന്നുപോകാന്‍ പറ്റുന്നൊരിടമായിരുന്നു. എന്നാല്‍ ആര്‍ എസ് എസ് - സി പി എം സംഘര്‍ഷം, ഉളിയില്‍, പുന്നാട് കേന്ദ്രങ്ങളില്‍ ഉടലെടുത്ത ആര്‍ എസ് എസ് - എന്‍ ഡി പി, എസ് ഡി പി ഐ സംഘര്‍ഷം, ഇവയെത്തുടര്‍ന്നുണ്ടായ കൊലപാതങ്ങള്‍, തുടര്‍ ആക്രമണങ്ങള്‍ എന്നിവയൊക്കെയാണ് തില്ലങ്കേരിയെ കുപ്രസിദ്ധിയിലേക്ക് നയിച്ചത്.
ഈ ദുരവസ്ഥയിലേക്ക് നാടിനെ തള്ളിവിട്ടതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് രാഷ്ട്രീയക്കാര്‍ക്ക് ഒഴിഞ്ഞു നില്‍ക്കാനാവില്ല. പ്രത്യേകിച്ചും പ്രദേശത്ത് അപ്രമാദിത്വമുണ്ടായിരുന്ന സിപിഎമ്മിന്. പ്രദേശത്ത് സി പി എമ്മിന്റെ ആദ്യകാല മുഖമായിരുന്ന വഞ്ഞേരി രവീന്ദ്രന്റെ മകനാണ് ആകാശ് തില്ലങ്കേരി. ആകാശിന്റെ അമ്മയും സി പി എമ്മിന്റെ പ്രാദേശിക നേതാവും മുന്‍ പഞ്ചായത്ത് മെമ്പറുമായിരുന്നു. പലപ്പോഴും വേറിട്ട വഴി വെട്ടാന്‍ ശ്രമിക്കുകയും അക്രമം പ്രോത്സാഹിപ്പിക്കുകയും ചെയ്തതിന്റെ പേരില്‍ പാര്‍ട്ടി പലതവണ നടപടി സ്വീകരിച്ച പ്രാദേശിക നേതാവാണ് വഞ്ഞേരി രവീന്ദ്രന്‍. സിപിഎമ്മിന്റെ വനിതാ പ്രവര്‍ത്തകര്‍ക്കിടയില്‍ തീപ്പൊരിയായിരുന്ന പി ദാക്ഷായണിയെ വിവാഹം ചെയ്യാനുള്ള രവീന്ദ്രന്റെ തീരുമാനം അക്കാലത്ത് പാര്‍ട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. പാര്‍ട്ടി നേതൃത്വം വിവാഹത്തില്‍ നിന്ന് പിന്‍വലിയാന്‍ ഇരുസഖാക്കളോടും ആവശ്യപ്പെട്ടുവെന്ന് അന്ന് ഇരുവരുടെയും സഹപ്രവര്‍ത്തകരായിരുന്നവര്‍ ഓര്‍ക്കുന്നു. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ മുന്നറിയിപ്പിനെ അവഗണിച്ചുകൊണ്ട് വഞ്ഞേരി രവീന്ദ്രനും ദാക്ഷായണിയും വിവാഹിതരായി.
1948 ഏപ്രില്‍ 15 ന് കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന കര്‍ഷക പോരാട്ടത്തില്‍ ഏഴു പേര്‍ പിടഞ്ഞു വീണുമരിച്ച ഭൂമിയാണ് തില്ലങ്കേരി.
തില്ലങ്കേരി പഞ്ചായത്തിലെ ഒരു സ്ഥലമാണ് വഞ്ഞേരി. ഒരു പക്ഷേ, അച്ഛന്റെ സര്‍നെയിം മകന്‍ ആകാശ് സ്വീകരിച്ചിരുന്നുവെങ്കില്‍ ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് വഞ്ഞേരി ആയേനെ. അങ്ങനെ തില്ലങ്കേരിക്കും രക്ഷയായേനെ. വഞ്ഞേരിയുടെ മകന്‍ തില്ലങ്കേരിയായപ്പോള്‍ വീര്യം കൂടിയ പാര്‍ട്ടി ഭക്തനായി. ആകാശ് വളരെ ചെറുപ്പത്തില്‍ തന്നെ ചെന്നു പെട്ടത് പി ജയരാജന്‍ എന്ന പുലിയുടെ മടയിലുമായി. അതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. പി ജയരാജന്റെ ഇഷ്ടക്കാരനായ ആകാശിന്റെ തുടര്‍ പ്രവര്‍ത്തന കേന്ദ്രം കൂത്തുപറമ്പിലെ സി പി എം ഓഫീസായിരുന്നു.
പുന്നപ്ര-വയലാര്‍, കയ്യൂര്‍-കരിവെള്ളൂര്‍ എന്നൊക്കെ പറയും പോലെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ വിപ്ലവകാരികളുടെ ചോര വീണ് ചുവന്ന മണ്ണാണ് തില്ലങ്കേരിയിലേതും. 1948 ഏപ്രില്‍ 15 ന് കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന കര്‍ഷക പോരാട്ടത്തില്‍ ഏഴു പേര്‍ പിടഞ്ഞു വീണുമരിച്ച ഭൂമിയാണ് തില്ലങ്കേരി. കടുത്ത ക്ഷാമ കാലത്ത് ജന്മിമാര്‍ക്ക് വച്ചു കാണല്‍ (നെല്ല് ചാക്കുകള്‍ ജന്മി വീടുകളില്‍ സമര്‍പ്പിക്കുന്ന സമ്പ്രദായം) ഇനി തുടരേണ്ടെന്ന് കര്‍ഷക സംഘം തീരുമാനിച്ചു. ഇതേ തുടര്‍ന്നുണ്ടായ പ്രകടനത്തിന് നേരെയുണ്ടായ പോലീസ് വെടിവയ്പില്‍ കര്‍ഷക സംഘം പ്രവര്‍ത്തകരായ സി അനന്തന്‍, സി ഗോപാലന്‍, കുണ്ടാഞ്ചേരി ഗോവിന്ദന്‍, പോരുകണ്ടി കൃഷ്ണന്‍, വെള്ളുവക്കണ്ടി രാമന്‍, കാറാട്ട് കുഞ്ഞമ്പു, നമ്പിടിക്കുന്നുമ്മല്‍ നാരായണന്‍ നമ്പ്യാര്‍ എന്നിവര്‍ കൊല്ലപ്പെട്ടു. ഈ ഏഴുപേരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ പോലും തീര്‍ത്തും ജന്മിമാരുടെ സ്വാധീന വലയത്തിലായിരുന്ന പോലീസ് വിസമ്മതിച്ചു.
കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ജയിലില്‍ അടക്കപ്പെട്ട അഞ്ചു തില്ലങ്കേരി സഖാക്കള്‍ പേര്‍ പിന്നീട് സേലം ജയിലില്‍ വെച്ചു വെടിയേറ്റു മരിച്ച ചരിത്രവുമുണ്ട്. 1950 ഫെബ്രുവരി പതിനൊന്നിന് സേലം ജയിലില്‍ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ട ഇരുപത്തി രണ്ടു പേരില്‍ ഉള്‍പ്പെട്ട നക്കായി കണ്ണന്‍, അമ്പാടി ആചാരി, കൊയിലോടന്‍ നാരായണന്‍ നമ്പ്യാര്‍, പുല്ലാഞ്ഞിയോടന്‍ ഗോവിന്ദന്‍ നമ്പ്യാര്‍, പുല്ലാഞ്ഞിയോടന്‍ കുഞ്ഞപ്പ നമ്പ്യാര്‍ എന്നിവര്‍ തില്ലങ്കേരിക്കാരായിരുന്നു. നാല് വര്‍ഷത്തിന് ശേഷം നടന്ന ഫ്രഞ്ച് വിരുദ്ധ പോരാട്ടത്തിനിടെ ചെറുകല്ലായിയിലെ പട്ടാള ക്യാമ്പ് പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ തില്ലങ്കേരിയില്‍ നിന്നുള്ള മറ്റു രണ്ട് സഖാക്കള്‍ വെടിയേറ്റ് മരിച്ചു.
അങ്ങനെ സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരെ പോരാടിയ ധീരര്‍ ജീവന്‍ വെടിഞ്ഞ, ഐതിഹാസികമായ സമര പാരമ്പര്യമുള്ള ഒരു ഗ്രാമമാണ് തില്ലങ്കേരി. പഴശ്ശി രാജാക്കന്മാരുടെ പൂര്‍വികര്‍ തില്ലങ്കേരി പുരളിമല ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്നു എന്നാണ് ചരിത്രഗവേഷകരുടെ നിഗമനം. മുത്തപ്പന്റെ ചരിത്രത്തിലും തില്ലങ്കേരി പുരളിമല ഒരു പ്രധാന ഇടമാണ്.
അങ്ങനെ സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരെ പോരാടിയ ധീരര്‍ ജീവന്‍ വെടിഞ്ഞ, ഐതിഹാസികമായ സമര പാരമ്പര്യമുള്ള ഒരു ഗ്രാമമാണ് തില്ലങ്കേരി.
മലയാളികള്‍ തില്ലങ്കേരിയെന്ന സ്ഥലപ്പേര് വ്യാപകമായി കേള്‍ക്കുന്നത് ഒരു പക്ഷേ, ശബരിമലയിലെ സ്ത്രീ വിലക്കുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭങ്ങളുടെ കാലത്തായിരിക്കും. ആര്‍ എസ് എസിന്റെ സംസ്ഥാനത്തെ പ്രധാന നേതാവായ വത്സന്‍ തില്ലങ്കേരിയുടെ ഇടപെടലുകളിലൂടെ തില്ലങ്കേരിയെന്ന പേര് മലയാളികള്‍ കേട്ടു തുടങ്ങി. പി കെ വത്സൻ എന്ന ആര്‍ എസ് എസ് നേതാവ് വളര്‍ച്ചയുടെ ഒരു ഘട്ടം പിന്നിട്ടപ്പോള്‍ വല്‍സന്‍ തില്ലങ്കേരിയായി. ഒരു കേസുമായി ബന്ധപ്പെട്ട് പത്രത്തില്‍ വന്ന വാര്‍ത്തയിലാണ് പി കെ വല്‍സനെ ആദ്യം വല്‍സന്‍ തില്ലങ്കേരിയെന്ന് വിശേഷിപ്പിച്ചു കണ്ടത്.
ആകാശും ഒരു കേസുമായി ബന്ധപ്പെട്ടാണ് ആകാശ് തില്ലങ്കേരിയെന്ന പേരില്‍ ആദ്യം അറിയപ്പെട്ടത്. ആകാശിന്റെ സഹഗുണ്ടകളെല്ലാം പേരിനു പിറകെ തില്ലങ്കേരിയെന്ന പേര് ചേര്‍ക്കാന്‍ തുടങ്ങിയതോടെ തില്ലങ്കേരിയെന്ന പേര് ഗുണ്ടകളുടെ പൊതു സര്‍ നെയിം ആയി മാറി. കഴിഞ്ഞ ദിവസം സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ കോടതി ജാമ്യം അനുവദിച്ച ആകാശിന്റെ കൂട്ടുപ്രതികളുടെ പേര് ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിങ്ങനെയാണ് ഇന്ന് സകലമാന മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ആരാണ് ഒരു സാധാരണ ഡി വൈ വൈ എഫ് ഐ പ്രവര്‍ത്തകനായ ആകാശിനെ ഇന്ന് മലയാളികളെല്ലാം അറിയുന്ന ഗുണ്ടയാക്കി വളര്‍ത്തിയതെന്ന് ആത്മപരിശോധന നടത്തണം.
ആകാശുമായി സഹകരിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുനേരെ ശക്തമായ നടപടിയുണ്ടാവുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പ്രഖ്യാപിച്ചിരിക്കയാണ്. മട്ടന്നൂര്‍ ചാലോടിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരി പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തൽ നടത്തിയത് നാണക്കേടുണ്ടാക്കിയെന്നാണ് സിപിഎം നേതൃത്വം ഇപ്പോള്‍ തിരിച്ചഞ്ഞിരിക്കുന്നത്. ആഹ്വാനം ചെയ്തവര്‍ക്ക് പാര്‍ട്ടി സഹകരണ സ്ഥാപനങ്ങളിള്‍ ജോലിയും നടപ്പാക്കിയവര്‍ക്ക് പട്ടിണിയും പിണ്ഡംവയ്ക്കലുമെന്നായിരുന്നു ഫേസ് ബുക്കില്‍ ആകാശിന്‌റെ കമന്‌റ്.
അങ്ങനെ സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനുമെതിരെ പോരാടിയ ധീരര്‍ ജീവന്‍ വെടിഞ്ഞ, ഐതിഹാസികമായ സമര പാരമ്പര്യമുള്ള ഒരു ഗ്രാമമാണ് തില്ലങ്കേരി. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇടം നേടിയ തില്ലങ്കേരിയെന്ന ഗ്രാമത്തെ ഇത്രയും മോശാവസ്ഥയിലേക്ക് എത്തിച്ചത് ആരാണെന്ന ചോദ്യം സി പി എം സ്വയം വിമര്‍ശനപരമായി ചോദിക്കണം. ആരാണ് ഒരു സാധാരണ ഡി വൈ വൈ എഫ് ഐ പ്രവര്‍ത്തകനായ ആകാശിനെ ഇന്ന് മലയാളികളെല്ലാം അറിയുന്ന ഗുണ്ടയാക്കി വളര്‍ത്തിയതെന്ന് ആത്മപരിശോധന നടത്തണം. സ്വര്‍ണക്കടത്തും ഗുണ്ടായിസവും നടത്തി ആകാശ് സ്വരൂപിച്ച പണത്തിന്റെ ഉറവിടം വ്യക്തമാക്കണം. അതിന് സ്വതന്ത്രമായൊരു ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം. ആകാശിന് ബന്ധമുള്ള നേതാക്കള്‍ ആരൊക്കെയാണെന്ന് ഇനിയെങ്കിലും പാര്‍ട്ടി അന്വേഷണം നടത്തി ജനങ്ങളോട് പറയാന്‍ തയ്യാറാവണം. അത്രയെങ്കിലും മര്യാദ തില്ലങ്കേരിയിലെ അനശ്വര രക്തസാക്ഷികള്‍ അര്‍ഹിക്കുന്നുണ്ട്.
(എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ലേഖകന്‍ തില്ലങ്കേരി സ്വദേശിയാണ്)