സുരക്ഷാ നിയമങ്ങള്‍ക്കനുസരിച്ചു ഉപഭോക്താക്കള്‍ റോഡ് ഉപയോഗിക്കുകയെന്ന് ഉറപ്പാക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സുരക്ഷാ എന്‍ഫോഴ്സ്മെന്റ്. മുന്നറിയിപ്പ് നല്‍കുന്നതില്‍ തുടങ്ങി പിഴ അടയ്ക്കുക, ലൈസന്‍സ് റദ്ദ് ചെയ്യുക എന്നിവ ഉള്‍പ്പെടെയുള്ള നടപടികള്‍ അതില്‍ പ്രധാനമാണ്. റോഡ് നിയമം ലംഘിക്കുന്നവരെ വീഡിയോ തെളിവുകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തുന്നതിനും പിഴ ഈടാക്കുന്നതിനുമായി എഐ ക്യാമറകള്‍ സ്ഥാപിച്ചതിന് വ്യാപക വിമര്‍ശനങ്ങളും ആരോപണങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയരുന്നത്.
ഇതിലെ വസ്തുതകളെയും സാധ്യതകളെയും തിരിച്ചറിയാതെയാണ് ഇത്തരം വിമര്‍ശനങ്ങളെന്നതു വളരെ ഖേദകരമായ ഒന്നാണ്. ഈ പദ്ധതിയെ തകര്‍ക്കുന്നതിനു സമാനമായ നീക്കങ്ങളാണു ചില കേന്ദ്രങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. എന്തൊക്കെയാണ് എഐ ക്യാമറകള്‍ ചെയ്യുന്നതെന്നും സാധാരണക്കാരനെ ഇത് മോശമായി ബാധിക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരാകേണ്ടത് അത്യാവശ്യമാണ്.
റോഡില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളിലൂടെ സുരക്ഷാ ലംഘനങ്ങളും വാഹനത്തിന്റെ നമ്പറും മറ്റു ദൃശ്യങ്ങളും 3ജി/4ജിയിലൂടെ സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമിലേക്ക് അയയ്ക്കുന്നു
എഐ ക്യാമറ ഉപയോഗിച്ചുള്ള ഡിറ്റെക്ഷന്‍ എന്നത്, പുറമേ കാണുന്ന ക്യാമറ മാത്രമല്ല. അതിനൊരു സംയോജിത സംവിധാനമുണ്ട്. റോഡില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളിലൂടെ സുരക്ഷാ ലംഘനങ്ങളും വാഹനത്തിന്റെ നമ്പറും മറ്റു ദൃശ്യങ്ങളും 3ജി/4ജിയിലൂടെ സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമിലേക്ക് അയയ്ക്കുന്നു. അവിടെ വാഹന്‍ സോഫ്റ്റ്‌വെയര്‍ സഹായത്തോടെ, രജിസ്‌ട്രേഡ് ഉടമയെ സ്ഥിരീകരിച്ച് നിയമലംഘനം കൃത്യമായി പരിശോധിച്ച് ചലാന്‍ ജനറേറ്റ് ചെയ്ത് സര്‍ക്കാരിന്റെ പേയ്മെന്റ് ഗേറ്റ്‌വേയിലൂടെ ഓണ്‍ലൈനായോ നേരിട്ടോ പിഴ ഈടാക്കുന്നു. ഇതിനായി ഐടി വിദഗ്ധര്‍ മുതല്‍ ഫീല്‍ഡ് മാനേജര്‍മാര്‍, ഡേറ്റ ഓപ്പറേറ്റര്‍മാര്‍, ഡെസ്പാച്ച് വിങ് തുടങ്ങിയ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനം പോലീസിനു കീഴില്‍ വരും. വളരെ സുതാര്യമായതും എളുപ്പമുള്ളതും തെളിവുകളുള്ളതുമായ ഈ പ്രക്രിയയ്‌ക്കെതിരായ ആരോപണങ്ങള്‍ പലതാണ്.
മറ്റൊരു പ്രധാന ആരോപണം പ്രമുഖര്‍ ക്യാമറയുടെ പരിധിയില്‍നിന്ന് ഒഴിവാക്കപ്പെടും എന്നതാണ്. സത്യത്തില്‍ അതൊരു തെറ്റായ ധാരണയാണ്.
അതില്‍ പ്രധാനം, നിശ്ചിത സമയത്തില്‍ ഒന്നില്‍ കൂടുതല്‍ ക്യാമറയില്‍ പതിയുന്ന നിയമലംഘനങ്ങള്‍ക്ക് അത്രയും തവണ പിഴ ഈടാക്കും എന്നാണ്. ഒരിക്കലുമില്ല എന്നതാണ് യാഥാര്‍ഥ്യം. കുറഞ്ഞ സമയത്തിനുള്ളില്‍ ഒന്നില്‍ കൂടുതല്‍ തവണ, ഒരേ കാര്യത്തിനു ക്യാമറയില്‍ കുടുങ്ങിയാല്‍ അത്രയും തവണത്തെ പിഴ ഉപഭോക്താവ് അടയ്‌ക്കേണ്ടി വരില്ല. മറിച്ച് ഒരു സ്ഥലത്ത് ക്യാമറ സീറ്റ് ബെല്‍റ്റ് ലംഘനം കണ്ടെത്തുകയും അതേ യാത്രയില്‍ മറ്റൊരു ക്യാമറയില്‍ അമിതവേഗം കണ്ടെത്തുകയും ചെയ്താല്‍ രണ്ട് ചലാന്‍ ലഭിക്കും.
മറ്റൊരു പ്രധാന ആരോപണം പ്രമുഖര്‍ ക്യാമറയുടെ പരിധിയില്‍നിന്ന് ഒഴിവാക്കപ്പെടും എന്നതാണ്. സത്യത്തില്‍ അതൊരു തെറ്റായ ധാരണയാണ്. ക്യാമറയില്‍ പ്രമുഖരെ തിരിച്ചറിയാന്‍ പ്രത്യേക സംവിധാനങ്ങളില്ല. അവിടെ ഒരുപക്ഷേ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസഥരുടെയും വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ നേരത്തെ ഫീഡ് ചെയ്താല്‍ ഈ വാഹനങ്ങള്‍ ക്യാമറയുടെ പരിധിക്കു പുറത്താകും. പക്ഷേ ഒരു മാനദണ്ഡപ്രകാരമല്ലാതെ സര്‍ക്കാരിന് ഈ നമ്പറുകള്‍ ഫീഡ് ചെയ്യാന്‍ കഴിയില്ല. ഇപ്പോള്‍ പോലീസ് ഒരു കാരണവശാലും ഇവരുടെ വാഹനങ്ങള്‍ പരിശോധിക്കുന്നില്ലെന്നു മാത്രമല്ല, അവര്‍ക്കു സുഗമമായി കുതിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയാണ് ചെയ്യുന്നത്.
ക്യാമറകള്‍ വന്നാല്‍ പോലീസ് ഇന്നു കടത്തിവിടുന്ന പലരും ക്യാമറയില്‍ കുടുങ്ങും. അതായത് നിയമലംഘനം നടത്തിയ വ്യക്തി പരിചയക്കാരനായതുകൊണ്ടോ, രാഷ്ട്രീയക്കാരനോ, വക്കീലോ, സിനിമാക്കാരനോ അതോ പത്രപ്രവര്‍ത്തകനോ ആണെന്ന് വിചാരിച്ചു കണ്ണടച്ചേക്കാമെന്ന് ഒരു പോലീസുകാരനും കരുതാന്‍ സാധിക്കില്ല. കാരണം ഈ വിവരമടങ്ങിയ ഡോക്യുമെന്റ് കമ്പ്യൂട്ടറില്‍ സേവ് ചെയ്തിരിക്കും. അത് ഒരിക്കലും മാറ്റാന്‍ സാധിക്കില്ല. ചുരുക്കിപ്പറഞ്ഞാല്‍ ചലാന്‍ അടയ്ക്കാതെ ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയില്ലെന്ന് അര്‍ത്ഥം.
ഇവിടെ പെട്രോളിന് നികുതി കൂട്ടാം, നിത്യോപയോഗ സാധനങ്ങള്‍ക്കു വില വര്‍ധിപ്പിക്കാം. പക്ഷേ നിയമലംഘനത്തിന് പിഴ ഈടാക്കാന്‍ പറ്റില്ലെന്നത് ഒരു തരം ഹിപോക്രസിയാണ്.
ജനങ്ങളില്‍നിന്ന് പണം പിടിച്ചുപറിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണിതെന്നാണ് അടുത്ത ആരോപണം. ഇവിടെ പെട്രോളിന് നികുതി കൂട്ടാം, നിത്യോപയോഗ സാധനങ്ങള്‍ക്കു വില വര്‍ധിപ്പിക്കാം. പക്ഷേ നിയമലംഘനത്തിന് പിഴ ഈടാക്കാന്‍ പറ്റില്ലെന്നത് ഒരു തരം ഹിപോക്രസിയാണ്. നിയമലംഘനത്തിന് പിഴ ഈടാക്കുന്ന സാഹചര്യമുണ്ടാകുമ്പോള്‍ റോഡില്‍ സുരക്ഷയും വര്‍ധിക്കുന്ന ഒരവസ്ഥയും കൂടി ഉണ്ടാവുകയാണെന്നതു മറന്നുകൂടാ. അതിലൂടെ ഒരു സംസ്ഥാനത്തിനുണ്ടാകുന്ന ലാഭം വളരെ വലുതാണ്.
2009 ല്‍ റോഡ് സേഫ്റ്റി നിയമങ്ങള്‍ പാസ്സാക്കി കേരള റോഡ് സേഫ്റ്റി അതോറിറ്റി ഉണ്ടാക്കിയ രാജ്യത്തിലെ ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം.
കേരളം എല്ലാ കാര്യത്തിലും പുതുമ കാണിക്കുന്ന ഒരു സംസ്ഥാനമാണ്. 2009 ല്‍ റോഡ് സേഫ്റ്റി നിയമങ്ങള്‍ പാസ്സാക്കി കേരള റോഡ് സേഫ്റ്റി അതോറിറ്റി ഉണ്ടാക്കിയ രാജ്യത്തിലെ ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഈ നിയമം പാസ്സാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം. നമ്മുടെ ജനങ്ങള്‍ സുരക്ഷിതരാവാന്‍ വേണ്ടിയാണ് ഇത്തരത്തിലുള്ള നിയമങ്ങളും സംവിധാനങ്ങളും കൊണ്ടുവരുന്നത്. ഓരോ തവണ പിഴത്തുക അടയ്ക്കുമ്പോഴും വീണ്ടും നിയമം ലംഘിക്കാനുള്ള സാഹചര്യം കുറയുകയാണ് ചെയ്യുക. റോഡ് സുരക്ഷാ മേഖലയില്‍ അതുണ്ടാക്കുന്ന മാറ്റങ്ങള്‍ ചെറുതല്ല.
അടുത്ത ആശങ്ക, ഇത് വല്ലതും നടക്കുമോ? പൂര്‍ണമായും വര്‍ക്ക് ചെയ്യുമോ? പഞ്ചിങ് മെഷീനുകള്‍ അടക്കമുള്ള പലതും നേരത്തെ വന്നിട്ടുണ്ട്. എന്നാല്‍ അന്നൊന്നും ഇത് നടന്നിട്ടില്ലല്ലോ? ഏതൊരു പുതിയ സംവിധാനം വരുമ്പോഴും ഇത്തരത്തിലുള്ള നിരവധി സംശയങ്ങള്‍ മലയാളികള്‍ക്ക് സ്വാഭാവികമായും ഉണ്ടാകാറുണ്ട്. എന്നാല്‍ ഒരു സംശയവും വേണ്ട. ഇത് നടന്നിരിക്കും. ഇത് വിജയകരമായ രാജ്യങ്ങള്‍ നിരവധിയാണ്. ഇന്നത്തെ ലോകത്ത് വീഡിയോ അനലിറ്റിക്‌സ് സാധ്യതകള്‍ വര്‍ധിക്കുകയാണ്. നാളെ കൂടുതല്‍ നിയമലംഘനം കണ്ടെത്തുന്നതിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ് ഈ ക്യാമറകള്‍.
കേരളത്തില്‍ എഐ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത് കെല്‍ട്രോണ്‍ മുഖേനെയാണ്. സര്‍ക്കാരാണ് കെല്‍ട്രോണിനെ ബിഡ്ഡിങ്ങിലൂടെ തിരഞ്ഞെടുത്തത്. കരാര്‍ അടിസ്ഥാനത്തിലാണു കെല്‍ട്രോണിന്റെ പ്രവര്‍ത്തനം. പോലീസിനോ മോട്ടോര്‍ വാഹന വകുപ്പിനോ സ്വന്തമായി ഇത്തരത്തിലൊരു സംവിധാനം കൊണ്ടുവരാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള സാഹചര്യം നിലവിലില്ലാത്തതുകൊണ്ടാണ്. ക്യാമറകള്‍ അയയ്ക്കുന്ന ഫയലുകള്‍ പരിശോധിക്കുന്നതിനായി 24/7 ഡേറ്റ ഓപ്പറേറ്റേഴ്‌സ് ഉണ്ടാകുമെങ്കിലും ചലാന്‍ അയയ്ക്കുന്നത് അടക്കമുള്ള മറ്റു നടപടികള്‍ ചെയ്യുന്നതിനു പോലീസിനു മാത്രമേ സാധിക്കുകയുള്ളൂ.
ഒരു യാഥാര്‍ഥ്യം നാം തിരിച്ചറിയേണ്ടതുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ റോഡുകളിലെയും നിയമലംഘനം കണ്ടെത്താന്‍ ആവശ്യമായ പോലീസ് സംവിധാനം നമുക്കില്ല. പോലീസിനു കൂടുതല്‍ പരിഗണന നല്‍കേണ്ട ക്രസമാധാനപ്രശ്‌നങ്ങളില്‍ കൂടുതല്‍ ശ്രദ്ധനല്‍കേണ്ടി വരുമ്പോള്‍ റോഡ് സുരക്ഷാവിഷയങ്ങളില്‍ വീഴ്ചവരിക സ്വാഭാവികമാണ്. ഓട്ടോമേഷന്‍ നടപ്പാക്കുമ്പോള്‍ പോലീസിന്റെ പൂര്‍ണമായും റോഡില്‍ ചെലവഴിക്കേണ്ടി വരില്ലെന്നതും വലിയ ആശ്വാസമാണ്.
മാതാപിതാക്കള്‍ യാത്രയിൽ കുട്ടിയെക്കൂടി ബൈക്കില്‍ കൊണ്ടുപോയാല്‍ എന്താണ് തെറ്റ്? കാര്‍ വാങ്ങാനുള്ള സാമ്പത്തികം ഇല്ലാത്തതുകൊണ്ടല്ലേ?
അടുത്ത പ്രധാന പരാതി മൂന്നുപേരുടെ ബൈക്ക് യാത്രയും നിയമലംഘനത്തിന്റെ പരിധിയില്‍ വരുന്നുവെന്നതാണ്. മാതാപിതാക്കള്‍ യാത്രയില്‍ കുട്ടിയെക്കൂടി ബൈക്കില്‍ കൊണ്ടുപോയാല്‍ എന്താണ് തെറ്റ്? കാര്‍ വാങ്ങാനുള്ള സാമ്പത്തികം ഇല്ലാത്തതുകൊണ്ടല്ലേ? എന്നൊക്കെയുള്ള വാദങ്ങളാണ് ഇവിടെ ഉയരുന്നത്. റോഡ് സുരക്ഷാ മാനദണ്ഡപ്രകാരം ഇരുചക്രവാഹനങ്ങളില്‍ മൂന്നു പേര്‍ യാത്ര ചെയ്യുന്നത് നിയമവിരുദ്ധമാണ്. പക്ഷേ നമ്മുടെ സാമൂഹ്യ സാഹചര്യം വച്ച് കണ്ണടയ്ക്കുകയാണ്. ഒരു കാര്യം മനസിലാക്കുക, ഇത്തരത്തിലുള്ള യാത്രകളിലുണ്ടാകുന്ന അപകടങ്ങളില്‍ ഒന്നുമറിയാത്ത കുട്ടികളാണ് ഇരയാകുന്നത്. നമ്മുടെ കുഞ്ഞുങ്ങളുടെ ജീവന്‍ മുന്നിലിട്ടാണ് ഇത്തരത്തിലുള്ള സാഹസിക യാത്രകള്‍ക്കു നാം മുതിരുന്നത്. നിശ്ചയമായും ഭാവിയില്‍ ഇത്തരത്തിലുളള യാത്രളെല്ലാം ഒഴിവാക്കേണ്ടി വരുമെന്നതില്‍ തര്‍ക്കമില്ല.
പോലീസുകാര്‍ക്കു റോഡില്‍നിന്ന് പിഴ ഈടാക്കേണ്ടതിന്റേയോ വാക്തര്‍ക്കങ്ങളില്‍ ഏര്‍പ്പെടേണ്ടതിന്റെയോ ആവശ്യം വരുന്നില്ല. ചോദ്യവും പറച്ചിലും ഇല്ലാതെ നേരിട്ട് പിഴ അടയ്ക്കേണ്ടി വരും
നിരവധി പോലീസുകാരുടെ ജോലിയാണ് എഐ ക്യാമറകള്‍ ചെയ്യുന്നത്. വാഹനപരിശോധനയ്ക്കിടെ പോലീസുകാരുമായുള്ള കയ്യാങ്കളികള്‍ നിരവധി ഉണ്ടാകാറുണ്ട്. ഉന്നതസ്വാധീനമുള്ള വ്യക്തിയുടെ വാഹനങ്ങള്‍ പിടികൂടിയതിന്റെ പേരില്‍ പോലും ഇനി ഒരു പോലീസുകാരനും ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നില്ലെന്നതാണ് പുതിയ സംവിധാനത്തിന്റെ മറ്റൊരു ഗുണം. പോലീസുകാര്‍ക്കു റോഡില്‍നിന്ന് പിഴ ഈടാക്കേണ്ടതിന്റേയോ വാക്തര്‍ക്കങ്ങളില്‍ ഏര്‍പ്പെടേണ്ടതിന്റെയോ ആവശ്യം വരുന്നില്ല. ചോദ്യവും പറച്ചിലും ഇല്ലാതെ നേരിട്ട് പിഴ അടയ്ക്കേണ്ടി വരും.
അതുകൂടാതെ വാഹനപരിശോധനയെന്നത് വലിയൊരു കടമ്പയാണ്. എഐ ക്യാമറകള്‍ കൂടുതല്‍ വ്യാപകമായി വരുമ്പോള്‍ റോഡില്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കേണ്ട ആവശ്യം കുറയുകയാണ് ചെയ്യുന്നത്. അത് യാത്രക്കാരുടെയും ഒപ്പം പോലീസുകാരുടെയും സമയനഷ്ടം ഭാവിയില്‍ ഒഴിവാക്കും.
റോഡുകളിലെ നിയമലംഘനങ്ങള്‍ മാത്രമല്ല എഐ ക്യാമറകള്‍ കണ്ടുപിടിക്കുന്നത്. മോഷ്ടിച്ച വാഹനങ്ങള്‍ കണ്ടെത്താനും ഈ ക്യാമറകള്‍ക്ക് സാധിക്കും. മോഷണം പോയ വാഹനത്തിന്റെ നമ്പര്‍ കണ്‍ട്രോള്‍ റൂമില്‍ ഫീഡ് ചെയ്തു കഴിഞ്ഞാല്‍ പിന്നീട് ഈ വാഹനം ക്യാമറ പരിധിയിലെത്തിയാല്‍ അത് തിരിച്ചറിയാനും ലൊക്കേഷന്‍ അടക്കം കണ്‍ട്രോള്‍ റൂമില്‍ അലര്‍ട്ട് ചെയ്യാനും കഴിയും.
നാം മുന്നോട്ടാണ് ചിന്തിക്കേണ്ടത്. സാങ്കേതികവിദ്യ എങ്ങനെ നാടിനും ജനങ്ങള്‍ക്കും സുരക്ഷയ്ക്കുതകാന്‍ കഴിയുന്നുവെന്ന് തിരിച്ചറിയുമ്പോള്‍ ഒപ്പം നില്‍ക്കുകയാണു വേണ്ടത്.