എന്‍ എസ് മാധവന്റെ ഹിഗ്വിറ്റ എന്ന കഥാശീര്‍ഷകവും വിഖ്യാത കൊളംബിയന്‍ ഗോള്‍ കീപ്പറുടെ ഹിഗ്വിറ്റ എന്ന പേരും തമ്മിലുള്ള കാതലായ വ്യത്യാസം തിരിച്ചറിയാനാകാത്തത് കൊണ്ടു കൂടി കൊഴുത്ത ഒരു വിവാദമാണ് നമ്മുടെ മുന്നില്‍ ഇപ്പോള്‍ അരങ്ങേറുന്നത്. 'ഹിഗ്വിറ്റ മാധവന്‍ മടിയിലിരുത്തി വിളിച്ച പേരാണോ' എന്ന തീര്‍ത്തും ഉപരിതലസ്‌പര്‍ശിയായ അപഹാസം ഒരു മുഖ്യധാരാ പത്രത്തിന്റെ കാര്‍ട്ടൂണില്‍ പോലും വെളിപ്പെടും വിധം ഈ വിവാദം ഇത്രമാത്രം നിഷേധാത്മകമായി തീര്‍ന്നതിന് ഒരു കാരണം ഈ വ്യത്യാസം മനസിലാക്കാനുള്ള ശ്രമം ഉണ്ടാകാത്തതാണ്
ഹിഗ്വിറ്റ എന്ന പേരിനെ മാധവന്റെ കഥയുമായി ചേര്‍ത്തുവെച്ചല്ലാതെ ഓര്‍മിക്കാനാകാത്ത രൂപകസൃഷ്‌ടിയാണ് ഒരു മലയാളി വായനക്കാരനെ സംബന്ധിച്ചിടത്തോളം അവിടെ ഉണ്ടായത്
വൈകാരികവും നിഷേധാത്മകവുമായ സ്വരം മാധവന്റെ പ്രതികരണങ്ങളിലും ഉണ്ടായിരുന്നു. തന്റെ പ്രശസ്‌തമായ കഥയുടെ പേര് ഒരു സിനിമയ്ക്ക് തിരഞ്ഞെടുത്തപ്പോള്‍ എഴുത്തുകാരന്‍ എന്ന നിലയിലുണ്ടായ ദു:ഖവും വേദനയും വിമര്‍ശകര്‍ക്ക് തികഞ്ഞ തമാശയായി തോന്നിയത് തന്റെ മനോഗതി കൃത്യമായി വിശദീകരിക്കാന്‍ അദ്ദേഹം പരാജയപ്പെട്ടതു കൊണ്ടു കൂടിയാണ്
എന്‍.എസ്.മാധവന്‍ തന്റെ കഥയ്‌ക്ക് ഹിഗ്വിറ്റ എന്ന് പേരിട്ടില്ലായിരുന്നുവെങ്കില്‍ ഹേമന്ത് ജി നായര്‍ തന്റെ സിനിമയ്ക്ക് ഇങ്ങനെയൊരു പേര് തിരഞ്ഞെടുക്കുമായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്. സച്ചിദാനന്ദന്റെ ഗാന്ധി എന്ന കവിതയുടെ ശീര്‍ഷകവുമായുള്ള താരതമ്യം തീര്‍ത്തും ഉപരിതലസ്‌പര്‍ശിയുമാണ്. സച്ചിദാനന്ദന്‍ തന്റെ കവിതയ്‌ക്ക് ഗാന്ധി എന്ന പേര് നല്‍കിയില്ലായിരുന്നുവെങ്കിലും ഗാന്ധി തമസ്‌കരിക്കപ്പെടുന്ന രാഷ്ട്രീയ അജണ്ട നേരിട്ടും അല്ലാതെയും നടപ്പിലാക്കപ്പെടുന്ന ഒരു കാലത്ത് ഇനിയും ആ ശീര്‍ഷകത്തില്‍ ഒരു കവിതയുണ്ടാകാം. വ്യത്യസ്‌തമാണ് ഹിഗ്വിറ്റ എന്ന തലക്കെട്ടിന്റെ കാര്യം.
ഗോള്‍കീപ്പര്‍ക്ക് വിധിക്കപ്പെട്ട ഏകാന്തതയും ഏകതാനതയും കൈവെടിഞ്ഞ് തനിക്ക് വിലക്കപ്പെട്ട മേച്ചില്‍പ്പുറങ്ങളിലേക്ക് കുതിക്കാന്‍ എപ്പോഴും വെമ്പികൊണ്ടിരുന്ന, 'പുതിയ അക്ഷാംശങ്ങള്‍ കണ്ടെത്തുന്ന കപ്പിത്താനെ പോലെ ഗോളികള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത മൈതാനത്തിന്റെ മധ്യത്തിലേക്ക് പന്തുകള്‍ ഇടം വലം പായിച്ച' റെനെ ഹിഗ്വിറ്റ പാതിരിയുടെ വേഷം തനിക്ക് കല്‍പ്പിച്ചു നല്‍കിയിരിക്കുന്ന പരിമിതികളെ ഭേദിച്ച് ഗീവര്‍ഗീസച്ചന് അനീതിയുടെ ആള്‍രൂപമായ ജബ്ബാറിനെ കാലുയര്‍ത്തി അടിച്ചുപരത്താനുള്ള പ്രചോദനമാകുന്നിടത്താണ് മാധവന്റെ കഥയില്‍ ഹിഗ്വിറ്റ എന്ന പേര് ഒരു രൂപകം (metaphor) ആയി മാറുന്നത്. സവിശേഷമായ സര്‍ഗപ്രക്രിയയുടെ പരിണാമം ആണ് അവിടെ സംഭവിക്കുന്നത്. ഹിഗ്വിറ്റ എന്ന പേരിനെ മാധവന്റെ കഥയുമായി ചേര്‍ത്തുവെച്ചല്ലാതെ ഓര്‍മിക്കാനാകാത്ത രൂപകസൃഷ്‌ടിയാണ് ഒരു മലയാളി വായനക്കാരനെ സംബന്ധിച്ചിടത്തോളം അവിടെ ഉണ്ടായത്. ഹേമന്ത് ജി നായര്‍ക്ക് 2022ല്‍ തന്റെ സിനിമയ്ക്ക് ഹിഗ്വിറ്റ എന്ന് പേരിടാന്‍ തോന്നുന്നത് ആ രൂപകസൃഷ്‌ടിയുടെ ഹാങ്‌ഓവര്‍ പേരുകളുടെ തിരഞ്ഞെടുപ്പില്‍ നിഷേധിക്കാനാകാത്ത പ്രലോഭനമായി അതിശക്തമായി നിലനില്‍ക്കുന്നതു കൊണ്ടാണ്.
വായനക്കാരുടെ മനസില്‍ പ്രതിഷ്‌ഠിക്കപ്പെട്ട ഒരു രൂപകം തന്റെ സിനിമയുടെ പേരിനായി കടമെടുക്കുകയാണ് സംവിധായകന്‍ ചെയ്യുന്നത്
ഒരു ഗോള്‍കീപ്പറെ പോലെ തന്റെ രാഷ്‌ട്രീയപാര്‍ട്ടിയെ പ്രതിരോധിക്കുന്ന ഒരു രാഷ്‌ട്രീയ നേതാവിന്റെ കഥയാണ് തന്റെ സിനിമ എന്നതുകൊണ്ടാണ് ഹ്വിഗ്വിറ്റ എന്ന പേര് നല്‍കിയത് എന്നാണ് ഹേമന്ത് ജി. നായര്‍ പറയുന്നത്. ഫുട്‌ബോളുമായി ചേര്‍ത്തുവെക്കുന്ന ഒരു പേരാണ് ഹേമന്ത് നായറിന് ആവശ്യമെങ്കില്‍ ലോകഫുട്‌ബോള്‍ കണ്ട ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരുടെ പട്ടികയില്‍ നിന്ന് ഒരു പേര് -ഒളിവര്‍ഖാന്‍ എന്നോ ജിയാന്‍ ലുഗി ബഫണ്‍ എന്നോ മറ്റോ- അദ്ദേഹത്തിന് കണ്ടെത്താമായിരുന്നു. പക്ഷേ ആ ഒരു തിരഞ്ഞെടുപ്പില്‍ നിന്ന് ഒരു രൂപകസൃഷ്‌ടി നടത്തുക സംവിധായകന് സാധ്യമാവില്ല. മറിച്ച് അനുശാസിക്കപ്പെടുന്ന കളിനിയമങ്ങളുടെ അടിസ്ഥാനത്തില്‍ ലോകഫുട്‌ബോള്‍ കണ്ട മികച്ച ഗോള്‍കീപ്പര്‍മാരുടെ പട്ടികയില്‍ പെടാന്‍ ഒരു സാധ്യതയുമില്ലാത്ത ഹിഗ്വിറ്റ എന്ന പേര് ആ കളിക്കാരനെ കുറിച്ചോ അദ്ദേഹത്തിന്റെ സവിശേഷ രീതികളെ കുറിച്ചോ ഒരു ചര്‍ച്ചയും നടക്കാത്ത ഒരു കാലത്ത്, ലോകഫുട്‌ബോളിലെ അദ്ദേഹത്തിന്റെ സ്ഥാനത്തെ കുറിച്ചുള്ള ഓര്‍മകള്‍ തീര്‍ത്തും നിറം മങ്ങിയ ഒരു സമയത്ത് സംവിധായകന്‍ തിരഞ്ഞെടുക്കുന്നത് മാധവന്റെ ഹിഗ്വിറ്റ എന്ന രൂപകം മലയാളി വായനക്കാരന്റെ മനസില്‍ ഇന്നും ദീപ്‌തമായി മിഴിവോടെ നിറഞ്ഞുനില്‍ക്കുന്നതു കൊണ്ടാണ്
കലാസൃഷ്‌ടികളുടെ പേരുകള്‍ ആവര്‍ത്തിക്കപ്പെടുന്നതിനെ അതിന്റെ സാംസ്‌കാരിക സന്ദര്‍ഭവുമായി ചേര്‍ത്തു വായിക്കുക കൂടി വേണം. എം.മുകുന്ദന്റെ `രാധ രാധ മാത്രം' എന്ന കഥാശീര്‍ഷകം സക്കറിയ തന്റെ കഥയ്‌ക്ക് സ്വീകരിക്കുമ്പോള്‍ അവിടെ സംഭവിച്ചത് അസ്‌തിത്വവാദത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ആദ്യകഥയുടെ പുനര്‍വായനയും അപനിര്‍മിതിയുമാണ്. അത്തരമൊരു സാംസ്‌കാരിക ധര്‍മവും ഹേമന്ത് നായര്‍ തന്റെ സിനിമക്ക് ഹിഗ്വിറ്റ എന്ന് പേരിടുമ്പോള്‍ നിര്‍വഹിക്കപ്പെടുന്നില്ല. മറിച്ച് വായനക്കാരുടെ മനസില്‍ പ്രതിഷ്‌ഠിക്കപ്പെട്ട ഒരു രൂപകം തന്റെ സിനിമയുടെ പേരിനായി കടമെടുക്കുകയാണ് സംവിധായകന്‍ ചെയ്യുന്നത്. അതിലുണ്ടായ ദു:ഖമാണ് മാധവനെ തീവ്രമായ പ്രതികരണത്തിലേക്ക് നയിച്ചത്. പക്ഷേ ആ പ്രതികരണത്തിന്റെ അതിവൈകാരിക സ്വഭാവം വിപരീതമായ ഫലം സൃഷ്‌ടിച്ചു.
പേര് ചൂണ്ടുന്നത് ഒരു ക്രിമിനല്‍ കുറ്റമല്ല. സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കേണ്ട ഒരു ക്രമസമാധാന പ്രശ്‌നവുമല്ല. അത് മനസിലാക്കാതെ അധികാരി ഭാവത്തില്‍ പ്രതികരിച്ചപ്പോഴാണ് മാധവന്റെ ദു:ഖം ആളുകള്‍ക്ക് ഒരു കൊടും തമാശയായി അനുഭവപ്പെട്ടത്. കാമറൂണിന്റെ സ്‌ട്രൈക്കറായ റോജര്‍ മില്ലയ്‌ക്ക് തന്റെ അമിത ആത്മവിശ്വാസത്തിന്റെ വിലയായി ഗോള്‍ ദാനം ചെയ്യേണ്ടി വന്ന ഹിഗ്വിറ്റ അതിന്റെ പേരില്‍ നേരിടേണ്ടി വന്ന വിമര്‍ശനശരങ്ങളോടും പരിഹാസത്തോടും അടുത്തു നില്‍ക്കുന്നതായി മാധവന്റെ സെല്‍ഫ്‌ഗോള്‍ സ്വഭാവമുള്ള പ്രതികരണം തീര്‍ത്ത അലയൊലികള്‍
ഓൺലൈൻ മാധ്യമമായ hedgeohari.com ന്റെ എഡിറ്ററാണ് ലേഖകൻ