കോവിഡ് പാടേ സ്തംഭിപ്പിച്ച അച്ചടിവായനയുടെ മാധ്യമ, സാംസ്‌കാരിക മണ്ഡലങ്ങൾക്ക് കോവിഡാനന്തരകാലത്ത് പുനർജന്മം സാധ്യമായോ? 2022-ൽ പത്ര, മാസികാ, പുസ്തകരംഗങ്ങളിൽ പ്രകടമായ മാറ്റങ്ങളും പ്രവണതകളും ചൂണ്ടിക്കാണിക്കുന്നത് ഭാവികാലം അച്ചടിയുടേതും വായനയുടേതുമായിരിക്കില്ല എന്നുതന്നെയാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ റേഡിയോയും സിനിമയും ജനപ്രിയമായപ്പോഴും തുടർന്ന് ടെലിവിഷൻ വിപ്ലവം നടന്നപ്പോഴും അതിനുശേഷം ഇൻ്റർനെറ്റ് വ്യാപകമായപ്പോഴും ഒടുവിൽ മൊബൈൽ ഫോൺ തരംഗമായപ്പോഴുമൊക്കെ ഉയർന്നുകേട്ട അച്ചടി മാധ്യമ രൂപങ്ങളുടെ പ്രതിസന്ധിയെക്കുറിച്ചും വായനയുടെ മരണത്തെക്കുറിച്ചുമുള്ള മുറവിളികൾ യഥാർഥത്തിൽ നടപ്പായത് കോവിഡ് കാലത്താണ്. എല്ലാ അർഥത്തിലും നിശബ്ദമായിത്തന്നെ.
2020-22 കാലത്തെ പകർച്ചവ്യാധി വ്യാപനത്തെപ്പോലെ ഇത്രമേൽ ആഘാതശേഷിയോടെ അച്ചടിയെയും വായനയെയും പ്രതിസന്ധിയിലാക്കാൻ മനുഷ്യചരിത്രത്തിൽ ഇന്നുവരെ മറ്റൊന്നിനും കഴിഞ്ഞിട്ടില്ല
പാശ്ചാത്യനാടുകളിൽ റേഡിയോയും സിനിമയും നിലവിൽ വന്നതും വ്യാപിച്ചതും അച്ചടിക്കും സാഹിത്യത്തിനും വായനക്കും വൻ വളർച്ചയുണ്ടായ കാലത്താണ്. ടെലിവിഷനാണ് അവയുടെ മുന്നേറ്റചരിത്രത്തിനു കുറുകെ ആദ്യവര വരച്ചത്. ഇൻ്റർനെറ്റും ഓൺലൈൻ മാധ്യമങ്ങളും സ്മാർട്ട് ഫോണും ആ വര ഒന്നുകൂടി നീട്ടി വരച്ചു. പക്ഷെ കോവിഡ് എല്ലാ മുൻകാല പ്രഭാവങ്ങളെയും ബഹുദൂരം പിന്നിലാക്കി അച്ചടിമാധ്യമങ്ങളെയും രൂപങ്ങളെയും വായനയുടെ പരമ്പരാഗത അനുഭവങ്ങളെയും അതുവഴി ആധുനികതയെത്തന്നെയും തലകീഴ് മറിച്ചു. 2020-22 കാലത്തെ പകർച്ചവ്യാധി വ്യാപനത്തെപ്പോലെ ഇത്രമേൽ ആഘാതശേഷിയോടെ അച്ചടിയെയും വായനയെയും പ്രതിസന്ധിയിലാക്കാൻ മനുഷ്യചരിത്രത്തിൽ ഇന്നുവരെ മറ്റൊന്നിനും കഴിഞ്ഞിട്ടില്ല. സിനിമക്കും സിനിമാ തീയറ്ററുകൾക്കും സംഭവിച്ചതും സമാനമായ അസ്തിത്വ പ്രതിസന്ധിയായിരുന്നു.
മലയാളത്തിലും സ്ഥിതി മറ്റൊന്നല്ല. എങ്കിലും ഒരു വലിയ വ്യത്യാസം നമ്മുടെ അച്ചടി, വായനാ ചരിത്രങ്ങൾക്കുള്ളത് കാണാതിരുന്നുകൂടാ. ടെലിവിഷൻ കാലത്താണ് അവയ്ക്കും ഏറ്റവും കൂടുതൽ വളർച്ചയുണ്ടായത് എന്ന വസ്തുതയാണത്. പത്രങ്ങൾ, മാസികകൾ, പുസ്തകങ്ങൾ, സ്ഥാപനകേന്ദ്രിതമായ അച്ചടി വായനാരൂപങ്ങൾ എന്നിവയെല്ലാം ഭീമമാംവിധം പൊതുമണ്ഡലത്തിൽനിന്നു തിരോഭവിക്കാൻ തുടങ്ങിയിട്ടുള്ളത് 2000മാണ്ടിന് ശേഷമാണ്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ 2015-ന് ശേഷം. ടെലിവിഷന്‍റെയും പ്രഭാവം കുറഞ്ഞുതുടങ്ങുന്ന കാലമാണിത്.
1951-ൽ രണ്ടുലക്ഷവും 1991-ൽ 12 ലക്ഷവും പ്രചാരമുണ്ടായിരുന്ന മലയാളപത്രങ്ങൾ ടെലിവിഷൻ കാലത്ത് നാനൂറ് ശതമാനം വളർച്ച നേടി 50 ലക്ഷത്തിനടുത്തായ സാഹചര്യമാണ് ഇക്കഴിഞ്ഞ അഞ്ചാറുവർഷം കൊണ്ട് പിന്നോട്ടു പോയിട്ടുള്ളത്. 30 ശതമാനത്തോളം പ്രചാരക്കുറവാണ് മുൻനിര പത്രങ്ങൾക്കുപോലും ഇക്കാലത്തുണ്ടായത് എന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. കോവിഡ് കാലത്തെ അപൂർവമായ തകർച്ചയ്ക്ക് കാരണം പലതായിരുന്നു. വാഹന ഗതാഗതം നിലച്ചതിനൊപ്പം സ്ഥാപനങ്ങളിലും കുറെയേറെ വീടുകളിലും പത്രം നിർത്തിയതാണ് ഇതിൻ്റെ പ്രത്യക്ഷകാരണം. പരസ്യവരുമാനത്തിലെ കുത്തനെയുള്ള കുറവ് വേറെ. 2019ന് ശേഷം ABC കണക്കുകൾ ഈ രംഗത്ത് ലഭ്യമല്ല എന്നതിനാൽ കണക്കുകൾ ഏതാണ്ട് ഊഹിക്കാനേ പറ്റൂ. എന്തായാലും പത്രങ്ങളും ആനുകാലികങ്ങളും പുസ്തകവിപണിയും അതിഭീമമായ തിരിച്ചടിയാണ് കോവിഡ് കാലത്ത് നേരിട്ടത് എന്നതിൽ സംശയമില്ല.
സ്മാർട്ട് ഫോൺ ജീവിതത്തിന് വഴിമാറിയ മലയാളിയുടെ കാലഹസ്തരേഖ എഴുത്തും വായനയുമല്ല,കാഴ്ചയും ഇടപെടലും തന്നെയാണ്
ഏഴുലക്ഷം വരെ പ്രചാരമുണ്ടായിരുന്ന ഒന്നാംനിര വനിതാമാസികയുടെ കോപ്പികൾ വൻതോതിൽ കുറഞ്ഞതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. 1980-90 കാലത്ത് 30-35 ലക്ഷം കോപ്പികൾ വരെ പ്രതിവാരം അച്ചടിച്ചിരുന്ന ജനപ്രിയവാരികകൾക്ക് പിന്നീടുണ്ടായ തകർച്ചക്കു സമാനമാണിത്. ചെറുകിട പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും കാര്യം പറയാനില്ല.
രണ്ട് മുൻനിര പത്രങ്ങളൊഴികെ ഏതാണ്ടെല്ലാ പത്രങ്ങളും ഒന്നൊഴിയാതെ ആനുകാലികങ്ങളും ഇന്നിപ്പോൾ പ്രചാരമോ സാമ്പത്തികലാഭമോ പരസ്യവരുമാനമോ നേടി നിലനിൽക്കുന്നില്ല എന്നതാണ് യാഥാർഥ്യം. ഇനിയെത്രകാലം ഇവ ഇങ്ങനെ മുന്നോട്ടുപോകും? അച്ചടിയും വായനയും നിർമ്മിച്ച ആധുനികതയെ മലയാളി നിശ്ചയമായും മറികടന്നു കഴിഞ്ഞു. ഭാവി അത്തരമൊരു മാധ്യമ, വായനാകാലത്തിൻ്റേതല്ല എന്നതിൽ തെല്ലും സംശയം വേണ്ട. സ്മാർട്ട് ഫോൺ ജീവിതത്തിന് വഴിമാറിയ മലയാളിയുടെ കാലഹസ്തരേഖ എഴുത്തും വായനയുമല്ല; കാഴ്ചയും ഇടപെടലും തന്നെയാണ്. മലയാള മനോരമ, മാതൃഭൂമി എന്നീ പത്രങ്ങൾ കോവിഡനന്തരകാലത്ത് പ്രചാരത്തിലും പരസ്യവരുമാനത്തിലും ഒരുപോലെ നടത്തുന്ന തിരിച്ചുവരവാണ് ഈ രംഗത്തെ ഏക സദ്‌വാർത്ത.
പുസ്തകരംഗത്തും, കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലത്ത് പ്രകടമായിക്കൊണ്ടിരിക്കുന്ന പ്രവണതകൾ കൂടുതൽ ദൃശ്യത നേടുകയാണ്. സാഹിത്യ,സാഹിത്യേതര പുസ്തകങ്ങളുടെ മണ്ഡലങ്ങളിൽ ഒരുപോലെ പ്രകടമാണ് ഈ മാറ്റങ്ങൾ. സാഹിത്യ പുസ്തകരംഗത്ത് നോവലൊഴികെ ഒരു രൂപവും കാര്യമായ വിറ്റുവരവ് നേടുന്നില്ല, വായിക്കപ്പെടുന്നുമില്ല. കവിതയും നാടകവുമൊക്കെ കാലയവനികക്കുള്ളിൽ മറഞ്ഞുകഴിഞ്ഞു. കഥ, പിടിച്ചുനിൽക്കുന്നുവെന്നു മാത്രം. 4000ലധികം പുരുഷ, രാഷ്ട്രീയ വായനശാലകൾ നാമമാത്രമായെങ്കിലും നിലനിൽക്കുന്നതുകൊണ്ടും അവിടങ്ങളിലെ വായനയുടെ 80 ശതമാനവും നോവൽ തന്നെ ആയിരിക്കുന്നതുകൊണ്ടും ആ സാഹിത്യരൂപം സജീവമായി നിലനിൽക്കുന്നു. പൊതുസമൂഹത്തിലും സാഹിത്യവായനയെന്ന സംസ്‌കാരത്തിൻ്റെ അവശിഷ്ടജീവിതം ആശ്രയിക്കുന്ന ഏകരൂപം നോവലാണ്. ഏറെക്കുറെ ഓരോ പതിറ്റാണ്ടിലും പുതിയ ഭാവുകത്വങ്ങളും പുതിയ എഴുത്തുകാരും നോവലിൽ രൂപം കൊള്ളുന്നുണ്ട് എന്നും കാണാം.
ഇക്കഴിഞ്ഞ വർഷങ്ങളിൽ ഈ രംഗത്തുണ്ടായ ഏറ്റവും വലിയ മാറ്റം ജെസിബി പുരസ്‌കാരം സൃഷ്ടിച്ച തരംഗത്തിൽ മലയാളനോവലുകൾക്ക് ഇംഗ്ലീഷിലേക്കുണ്ടാകുന്ന വിവർത്തനത്തെക്കുറിച്ച് എഴുത്തുകാർ പുലർത്തുന്ന പ്രതീക്ഷയുടെ കുത്തനെയുള്ള വളർച്ചയാണ്. നാലഞ്ചു മാസങ്ങൾക്കു മുൻപ് എഴുത്തുകാരൻ ബെന്യാമിനും വിവർത്തക ഇ വി ഫാത്തിമയും പങ്കെടുത്ത ഒരു ചർച്ചയിൽ മലയാളനോവലിൻ്റെ ആഖ്യാനകല തന്നെ ഇപ്പോൾ വിവർത്തനം ലക്ഷ്യമിട്ടാണ് നിർണയിക്കപ്പെടുന്നത് എന്ന് ബെന്യാമിൻ ചൂണ്ടിക്കാണിക്കുകയുണ്ടായി. ചെറുകഥാകൃത്തുക്കൾ ഒന്നടങ്കം തങ്ങളുടെ രചനകൾക്ക് ചലച്ചിത്രരൂപാന്തരം സ്വപ്നം കാണുന്നതിനു സമാനമാണിത്. മലയാളത്തിലേക്കുണ്ടാകുന്ന അന്യഭാഷാനോവലുകളുടെ വിവർത്തനം ബഹുഭൂരിഭാഗവും പതിവുപോലെ ക്ഷുദ്രമായ സാഹിത്യ പ്രസാധക കുറ്റകൃത്യമായി നിലനിൽക്കുകയും ചെയ്യുന്നു.
ആനന്ദും മുകുന്ദനും സക്കറിയയും പി ജെ ആൻ്റണിയുമുൾപ്പെടെ ഉള്ളവരുടെ രചനകൾ തൊട്ട് ഏറ്റവും പുതിയ തലമുറയിലെ എഴുത്തുകാരുടെ രചനകൾ വരെ നോവൽ, കഥാരംഗങ്ങളിൽ ശ്രദ്ധനേടുന്നുണ്ട്. യമയും മിനി പി സിയും ഇ സന്തോഷ്‌കുമാറും ഹരീഷും സി സന്തോഷ്‌കുമാറും വിനോയ് തോമസും കെ വി പ്രവീണും വി എം ദേവദാസും ഷിനിലാലും ഷനോജ് ആർ ചന്ദ്രനും മറ്റുമുൾപ്പെടുന്ന തലമുറ കഥാരംഗത്തും മീരയും രാജശ്രീയും സംഗീതയും ലിജി മാത്യുവും സന്ധ്യാമേരിയും നിർമ്മലയും ഷീലാടോമിയും കെ എൻ പ്രശാന്തും വി ജെ ജയിംസും ഹരീഷും ഇ സന്തോഷ്‌കുമാറും വിനോയിയും ഉൾപ്പെടെയുള്ളവർ നോവൽരംഗത്തും ശ്രദ്ധേയമായ രചനകൾ അവതരിപ്പിക്കുന്നു. സിനിമാറ്റിക് ആഖ്യാനകലയാണ് ഇവരുടെ എഴുത്തിലെ മുഖ്യ ഭാവുകത്വം. ലിംഗ/ലിംഗപദവീ രാഷ്ട്രീയത്തിനു കൈവന്ന അസാധാരണമായ പ്രാതിനിധ്യം മറ്റൊന്ന്. ഹരീഷിൻ്റെ ഓഗസ്റ്റ് 17, പ്രശാന്തിൻ്റെ പൊനം എന്നിവ 2022ലെ മികച്ച നോവലുകളായി കാണാം. ജനപ്രിയ, കുറ്റാന്വേഷണ നോവലുകളുടെ നിരയും ചെറുതല്ല. ഫർസാന മുതൽ വിനോദ് കൃഷ്ണയും ജയ് എൻ കെയും വരെയുള്ളവരുടെ പേരുകൾ സൂചിപ്പിക്കാവുന്നതാണ്. പ്രവീൺ ചന്ദ്രനാണ് സമീപകാലത്ത് ഈ ഗണത്തിൽ ഏറ്റവും മികച്ച രചനകള്‍ അവതരിപ്പിച്ചിട്ടുള്ളത് എന്നും ഓർക്കാം. ഇതൊക്കെ പറയുമ്പോഴും ഈ വർഷം മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ നോവൽ ഒരുപക്ഷെ പൊന്നിയൻ സെൽവൻ്റെ വിവർത്തനമായിരിക്കും.
ഈ വർഷം മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ നോവൽ ഒരുപക്ഷെ പൊന്നിയൻ സെൽവൻ്റെ വിവർത്തനമായിരിക്കും
സാഹിത്യരൂപങ്ങളുടെ അസ്തിത്വവും കൃതികളുടെ വായനാമൂല്യവും പോലെതന്നെ ശ്രദ്ധനേടുന്നുണ്ട് പ്രസാധനരംഗത്തെ ചില കുതന്ത്രങ്ങളും. 'പതിപ്പ്' എന്ന സംജ്ഞ ഇത്രമേൽ വ്യാജമായ പ്രതിച്ഛായ സൃഷ്ടിക്കുന്ന മറ്റൊരു കാലം മലയാളത്തിലുണ്ടായിട്ടില്ല. കോവിഡ്കാലത്താണ് ഇത് ഇത്രയും വലിയ തട്ടിപ്പായി നിലവിൽ വന്നത്. പ്രിന്റ് ഓൺ ഡിമാൻഡ് എന്ന രീതി പിന്തുടർന്നും, നൂറോ ഇരുനൂറോ പരമാവധി മുന്നൂറോ കോപ്പി മാത്രം അച്ചടിച്ച് അതു തീർന്നാലുടൻ രണ്ടാം പതിപ്പും മൂന്നാം പതിപ്പുമായി മറ്റൊരു നൂറുകോപ്പി വീതം അച്ചടിച്ച് കോലാഹലത്തോടെ പുറത്തിറക്കലാണ് പ്രസാധകരുടെ പരിപാടി. സങ്കീര്‍ത്തനവും ആടുജീവിതവും ആരാച്ചാരുമൊക്കെ ഉണ്ടാക്കിയ വില്പനയിലെ യഥാർത്ഥ പതിപ്പുകളുടെ കുതിപ്പ് വ്യാജമായി ആവര്‍ത്തിക്കലാണ് ഇവിടെ ലക്ഷ്യം. സാധാരണ വായനക്കാര്‍ ഇപ്പോഴും കരുതുന്നത് മുന്‍കാലങ്ങളിലെന്ന പോലെ 2000-3000 കോപ്പിയോക്കെയാണ് ഒരു പതിപ്പ് എന്നാണ്. ഇതിനു പുറമെയാണ് ചില വിവര്‍ത്തന സംരഭങ്ങളുടെയും ബൃഹത് സംരഭങ്ങളുടെയും വിശേഷാല്‍ പതിപ്പുകളുടെയുമൊക്കെ പേരില്‍ നടത്തുന്ന കലര്‍പ്പില്ലാത്ത വഞ്ചനകളുടെ കഥകളും. ചില ലാറ്റിനമേരിക്കന്‍ നോവല്‍ വിവര്‍ത്തനങ്ങളും ബെന്യാമിൻ്റെ തരകന്‍സ് ഡയറിയും മുതല്‍ ഖസാക്കിൻ്റെ ഒറ്റയടിക്കുളള നൂറ് പതിപ്പ് പ്രസാധനം വരെ ഈ വര്‍ഷത്തില്‍ ക്ഷണിച്ചുവരുത്തിയ വിവാദങ്ങള്‍ ഓര്‍ക്കുക.
ഓഥേഴ്‌സ് കോപ്പികളുടെ എണ്ണത്തിലും റിവ്യു കോപ്പികളുടെ വിതരണത്തിലും വരുത്തിയ കുറവ്, വിവർത്തനാവകാശം മുതൽ അനുകല്പനാവകാശം വരെയുള്ളവ ഉൾപ്പെടുത്തി പകർപ്പവകാശവ്യവസ്ഥകൾ അങ്ങേയറ്റം ചൂഷണാധിഷ്ഠിതമാക്കിയത്, വായനക്കാർക്ക് ഇളവുകൾ നൽകുന്ന രീതി അവസാനിപ്പിച്ചത്, എന്നിവയൊക്കെ പ്രസാധനരംഗത്തെ പ്രതിസന്ധിയുടെ സൂചനകളാണ്. ഡിസിയും മാതൃഭൂമിയും തമ്മിലുള്ള മത്സരത്തിൽ ചെറുകിട പ്രസാധകർ നേരിടുന്ന വെല്ലുവിളി വർധിക്കുകതന്നെയാണ്. ലൈബ്രറി കൗൺസിലിൻ്റെ രാഷ്ട്രീയതാൽപര്യങ്ങളും വൻകിട പ്രസാധകരുടെ സ്വാധീനവുമാണ് പുസ്തകവിപണിയിലെ മറ്റൊരു പ്രശ്‌നം.
പ്രസാധകരും പുസ്തകവിപണിയും വായനക്കാരും കയ്യൊഴിഞ്ഞ കവിതയുടെ അവസ്ഥയോ? പട്ടാമ്പി കോളേജിൽ നടന്ന 'കവിതയുടെ കാർണിവൽ' എന്ന സാഹിത്യോത്സവം മാത്രമാണ് കവിതക്ക് മലയാളസാഹിത്യപൊതുമണ്ഡലത്തിൽ ദൃശ്യത നൽകിയ ഏക സന്ദർഭം. ഡിസിയുടെ കെഎൽഎഫിലും മാതൃഭൂമിയുടെ 'ക'യിലും കവിതയുടെ ഇടം പുറമ്പോക്കിൽതന്നെയാണ്. ഈ സാഹിത്യമാമാങ്കങ്ങളാകട്ടെ അടിസ്ഥാനപരമായി 'സാഹിത്യ' സംസ്‌കാരത്തെ ഇതര വിപണിസംസ്‌കാരങ്ങൾക്കു മറിച്ചുവിൽക്കുന്ന കച്ചവട നാടകങ്ങൾ മാത്രവുമാണ്. സർക്കാർവക ചലച്ചിത്രോത്സവം പോലെതന്നെ അതാതു സാംസ്‌കാരിക മണ്ഡലത്തോട് ഏതെങ്കിലും തരത്തിലുള്ള അഗാധമായ ആഭിമുഖ്യമുള്ളവരുടെ സദസ്സുകളെയല്ല ഇവ ആകർഷിക്കുന്നത്. ഫുട്‌ബോൾ മത്സരം കാണാൻ സ്റ്റേഡിയത്തിൽ പോകുന്ന കാണികളുടെ മനോനിലയും കളിക്കമ്പവും ഒരിക്കലും ഇത്തരം സാഹിത്യ, സിനിമാച്ചന്തകളിൽ സാഹിത്യത്തോടോ സിനിമകളോടോ സംഭവിക്കാറില്ല.
മുൻ വർഷങ്ങളിൽ രാഷ്ട്രീയാടിമകൾക്കു വീതം വച്ചു കൊടുത്തിരുന്ന പുരസ്‌കാരങ്ങൾ ഈ വർഷം ഭേദപ്പെട്ട നിലവാരത്തിൽ നിർണയിക്കപ്പെട്ടു
2022ൽ സംഭവിച്ച ശ്രദ്ധേയമായ മറ്റൊരു സാഹിത്യപ്രവണത കേരളസാഹിത്യ അക്കാദമിയുടെ പുരസ്‌കാരങ്ങളുടെ നിർണയമാണ്. മുൻ വർഷങ്ങളിൽ രാഷ്ട്രീയാടിമകൾക്കു വീതം വച്ചു കൊടുത്തിരുന്ന പുരസ്‌കാരങ്ങൾ ഈ വർഷം ഭേദപ്പെട്ട നിലവാരത്തിൽ നിർണയിക്കപ്പെട്ടു. സാഹിത്യേതര പുസ്തകങ്ങളുടെ രംഗത്ത് ശ്രദ്ധേയമായ ചില രചനകളുണ്ടായി. കെ വേണുവിൻ്റെ ആത്മകഥ, ബി രാജീവൻ്റെ ഇന്ത്യൻ രാഷ്ട്രീയവിശകലനം, എ കെ ബിജുരാജിൻ്റെ കേരളരാഷ്ട്രീയചരിത്രം, ജി മധുസൂദനൻ്റെ രാഷ്ട്രീയ-സമ്പദ് ശാസ്ത്ര പഠനം,സനൽ മോഹൻ്റെ സാമൂഹ്യശാസ്ത്രപഠനങ്ങൾ, വി സനിലിൻ്റെ ലേഖനങ്ങൾ, ടി ടി ശ്രീകുമാറിൻ്റെ സാംസ്‌കാരിക പഠനങ്ങൾ, എതിരൻ കതിരവൻ്റെ ശാസ്ത്രലേഖനങ്ങൾ, വിനിൽ പോളിൻ്റെ മിഷനറി/കൊളോണിയൽ ചരിത്രവായനകൾ, സിഎസ് വെങ്കിടേശ്വരൻ്റെയും എതിരൻ കതിരവൻ്റെയും മുഹമ്മദ് റാഫിയുടെയും ചലച്ചിത്രനിരൂപണങ്ങൾ, കെസി നാരായണൻ്റെയും പി പവിത്രൻ്റെയും രാഹുൽ രാധാകൃഷ്ണൻ്റെയും പി രാമൻ്റെയും സാഹിത്യവിമർശനങ്ങൾ, ലക്ഷ്മി നായരുടെയും നന്ദിനി മേനോൻ്റെയും എച്ച്മുക്കുട്ടിയുടെയും ഷീബ ഇകെയുടെയും മൈന ഉമൈബാൻ്റെയും യാത്രാനുഭവങ്ങൾ എന്നിങ്ങനെ.
ചരിത്രം, ശാസ്ത്രം, സാമൂഹ്യപഠനം, രാഷ്ട്രീയചിന്ത തുടങ്ങിയ മേഖലകളിൽ നടക്കുന്ന പുസ്തകരചനകൾ മിക്കതും ജനപ്രിയരൂപങ്ങളിലേക്കുള്ള അതാത് വിജ്ഞാനശാഖകളുടെ പരകായപ്രവേശമാണ് ലക്ഷ്യമിടുന്നത്. അക്കാദമിക പഠനങ്ങൾക്ക് സ്വീകാര്യത പൊതുവെ കുറവാണ്. വിവരശേഖരണത്തിലും അവതരണത്തിലുമാണ് മിക്കവരുടെയും താൽപര്യം. അവയേ വിറ്റുപോകുന്നുള്ളു എന്നതാവാം കാരണം. ജനപ്രിയമാവുക അല്ലെങ്കിൽ തിരോഭവിക്കുക എന്നതായിക്കഴിഞ്ഞിട്ടുണ്ട് നമ്മുടെ സാംസ്‌കാരിക മുദ്രാവാക്യം. എന്നിട്ടും മനു എസ് പിള്ളയുടെ ചരിത്രരചനപോലെയുള്ള പ്രൊഫഷണൽ/പോപ്പുലർ രചനാപദ്ധതികൾ ഇനിയും മലയാളത്തിൽ ഒരു വിഷയത്തിലും സാധ്യമായിട്ടില്ല.
സാഹിത്യത്തിലാകട്ടെ സാഹിത്യേതര വിഷയങ്ങളിലാകട്ടെ, Outstanding എന്നു വിളിക്കാവുന്ന ഒരു പുസ്തകം പോലും ഈ വർഷം മലയാളത്തിൽ പ്രസിദ്ധീകൃതമായില്ല. ചുരുക്കിപ്പറഞ്ഞാൽ അതിവേഗം അച്ചടിയിൽനിന്നും ഗതിമാറുന്ന മാധ്യമങ്ങളുടെയും വായനയിൽനിന്നും ദിശമാറുന്ന സാംസ്‌കാരികതയുടെയും സാഹിത്യത്തിൽനിന്നും വഴിമാറുന്ന തലമുറയുടെയും ഭാവിയിലേക്കാണ് ഈ വർഷത്തെ പരിമിതമായ അക്ഷരജീവിതവും വിരൽ ചൂണ്ടുന്നത്.