OPINION

അരിക്കൊമ്പനും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും; ആനക്കാര്യത്തിലെ ഇരട്ട നീതി

മൂന്ന് പാപ്പാന്മാരടക്കം പതിമൂന്ന് ആളുകളെ രാമന്‍ എന്ന് വിളിക്കപ്പെടുന്ന രാമചന്ദ്രന്‍ കൊന്നിട്ടുണ്ട് എന്നത് കേവലം ഊഹാപോഹമല്ല, വസ്തുതയാണ്.

കെ എ ഷാജി

അരിക്കൊമ്പനെ അവന്റെ ആവാസവ്യവസ്ഥയില്‍ നിന്നും മയക്കുവെടി വച്ച് പിടിച്ച് കാടുകടത്തി ഒരു രാത്രി ഇരുണ്ട് വെളുത്തപ്പോഴാണ് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തൃശൂര്‍ പൂരത്തിന്റെ ആവേശത്തെ കൊടുമുടി കയറ്റിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപദാനങ്ങള്‍ കേരളം വാഴ്ത്തിപ്പാടാന്‍ ആരംഭിച്ചിരിക്കുന്നത്.

അരിക്കൊമ്പന്‍ ഒരു ഡസന്‍ ആളുകളെ കൊന്നെന്ന് സംസ്ഥാനമെങ്ങുമുള്ള വനം-വന്യജീവി വിരുദ്ധര്‍ പറയുമ്പോള്‍ ഏഴുപേരെയേ കൊന്നിട്ടുള്ളു എന്ന് ചെറിയ സൗജന്യം മന്ത്രി എ കെ ശശീന്ദ്രന്‍ അനുവദിച്ചു കൊടുക്കുന്നുണ്ട്. എന്നാല്‍ ചിന്നക്കനാല്‍-ശാന്തന്‍പാറ മേഖലകളില്‍ ആനകളും മനുഷ്യരുമായി നടക്കുന്ന സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ മുഴുവന്‍ ഉത്തരവാദിത്വവും അരിക്കൊമ്പന്റെ തലയില്‍ കെട്ടിവയ്ക്കേണ്ടതില്ല എന്നാണ് നീതിബോധത്തോടെ സംസാരിക്കുന്ന സ്ഥലവാസികളും വനം വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നത്.

റേഷന്‍ ഷോപ്പുകളും വീടുകളും തകര്‍ത്ത് അരിയും ശര്‍ക്കരയും ധാന്യങ്ങളും ഭക്ഷിക്കുന്നതിനപ്പുറം അരികൊമ്പന് മേല്‍ ചാര്‍ത്തപ്പെട്ട കുറ്റാരോപണങ്ങള്‍ക്കൊന്നും തെളിവുകളില്ല. വിശന്നപ്പോള്‍ അരി മോഷ്ടിച്ച അട്ടപ്പാടിയിലെ മധുവെന്ന ആദിവാസി യുവാവ് തല്ലിക്കൊല്ലപ്പെട്ടതുമായി താരതമ്യം ചെയ്യുമ്പോള്‍ അരിക്കൊമ്പന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് മാത്രം. ആള്‍ക്കൂട്ട വിചാരണകളിലും സര്‍ക്കാര്‍ മധ്യസ്ഥതയില്‍ നടന്ന ഖാപ്പ് പഞ്ചായത്തുകളിലും അരികൊമ്പന് തുടര്‍ച്ചയായി നീതി നിഷേധിക്കപ്പെട്ടു. കൊലയാളി ആനയെന്ന പട്ടം ചാര്‍ത്തപ്പെട്ട അരികൊമ്പന്‍ നിര്‍ദയം നാടുകടത്തപ്പെട്ടു.

ചിന്നക്കനാല്‍-ശാന്തന്‍പാറ മേഖലകളില്‍ ആനകളും മനുഷ്യരുമായി നടക്കുന്ന സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ മുഴുവന്‍ ഉത്തരവാദിത്വവും അരിക്കൊമ്പന്റെ തലയില്‍ കെട്ടിവയ്ക്കേണ്ടതില്ല എന്നാണ് നീതിബോധത്തോടെ സംസാരിക്കുന്ന സ്ഥലവാസികളും വനം വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നത്

ഇനി തെച്ചിക്കോട്ട്കാവ് രാമചന്ദ്രനിലേക്കു വരാം.

മൂന്ന് പാപ്പാന്മാരടക്കം പതിമൂന്ന് ആളുകളെ രാമന്‍ എന്ന് വിളിക്കപ്പെടുന്ന രാമചന്ദ്രന്‍ കൊന്നിട്ടുണ്ട് എന്നത് കേവലം ഊഹാപോഹമല്ല, വസ്തുതയാണ്. ഉത്സവത്തിലും പെരുന്നാളിലും തനിക്കൊപ്പം എഴുന്നള്ളിക്കപ്പെട്ട മൂന്നാനകളെയും അവന്‍ കൊന്നിട്ടുണ്ട്. രാമനിപ്പോള്‍ അവശനും വൃദ്ധനുമാണ്. ഒരു കണ്ണിന് കാഴ്ചയില്ല. ഉത്സവങ്ങളില്‍ എഴുന്നള്ളിക്കുന്നതിനെതിരെ ഹൈക്കോടതി പലവട്ടം മുന്നറിയിപ്പ് തന്നതാണ്.

കൊലയാളി ആനകളെ നാടുകടത്തുകയോ കാടുകടത്തുകയോ വേണമെന്ന പൊതുബോധം വച്ച് നോക്കിയാല്‍ രാമന്‍ ഇന്ന് പൂരത്തിന്റെ തിടമ്പ് എഴുന്നള്ളിക്കേണ്ടതല്ല. ചുരുങ്ങിയത് കോട്ടൂരിലെ ആനക്യാമ്പില്‍ വിശ്രമജീവിതം നയിക്കേണ്ട ആനയാണ്. ആയിരക്കണക്കിന് മനുഷ്യരുടെ ജീവനും സുരക്ഷയും രാമന്റെ നല്ലനടപ്പിന് വിട്ടു കൊടുത്താണ് പ്രബുദ്ധ കേരളം പൂരം ആഘോഷിച്ചത്. അതും അരിക്കൊമ്പനെ ക്രൂരമായ പ്രക്രിയകളിലൂടെ കുങ്കി ആനയാക്കി കോടനാട്ടെ ആനക്കൊട്ടിലില്‍ സ്ഥിരം തടവിന് വിടാതെ പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് മാറ്റിയതില്‍ സമസ്ത കേരള വനം-വന്യജീവിവിരുദ്ധ സംഘം കടുത്ത പ്രതിഷേധം രേഖപ്പെടുത്തുമ്പോള്‍.

മനുഷ്യര്‍ ചെയ്ത തെറ്റിന് മൃഗത്തിനാണ് ശിക്ഷ

അരികൊമ്പനെ പിടിച്ചു ലോറിയില്‍ കയറ്റി കഴിഞ്ഞപ്പോള്‍ കണ്ണൂരിലെ പരിസ്ഥിതി വിരുദ്ധനായ പ്രമുഖ വെറ്റിനറി ഡോക്ടര്‍ ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ പറഞ്ഞത് കേരളത്തിന് ഇനിയുമേറെ കുംകികളെ ആവശ്യമുണ്ടെന്നാണ്. കാട്ടില്‍ ബാക്കിയുള്ള ആനകളെ മുഴുവന്‍ പിടിച്ചു കൊണ്ടുവന്ന് കൂട്ടിലടച്ചും മന്ത്രി ശശീന്ദ്രന്‍ മുന്‍പ് സ്വപ്നം കണ്ടതുപോലെ എല്ലാ കടുവകളെയും കൊന്നൊടുക്കിയും സൃഷ്ടിക്കപ്പെടുന്ന ഒരു ധീര നവകേരളം അദ്ദേഹം സ്വപ്നം കാണുന്നുണ്ടാകാം. പാറമടകളില്‍ ഉദിച്ചുയരുന്ന, പശ്ചിമഘട്ടം മുഴുവന്‍ കയ്യേറി കപ്പ നടുന്ന, കയ്യേറ്റ മാഫിയകള്‍ സ്വതന്ത്ര വിഹാരം നടത്തുന്ന ഒരു കേരളം.

അവിടെ ഉത്സവത്തിന് തിടമ്പേറ്റാന്‍ കുറച്ചു തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്മാര്‍ വേണം. ഉത്സവത്തിലെ ആന വിരണ്ടോടുന്നതും ആളുകളെ കൊല്ലുന്നതും നമുക്ക് വിഷയമല്ല. പൊരിയിക്കുന്ന വെയിലില്‍ തിളയ്ക്കുന്ന ടാര്‍ റോഡില്‍ ആനകള്‍ പരേഡ് ചെയ്യുമ്പോള്‍ വരുന്ന ദുരിതമൊക്കെ കേരളം സഹിക്കും. അപകടകാരികളായ വളര്‍ത്താനകളെ പുനരധിവസിപ്പിക്കാന്‍ പുറപ്പെടുന്ന ഉദ്യോഗസ്ഥരെ നമ്മുടെ ആളുകള്‍ പാഠം പഠിപ്പിക്കും.

ആനയാണ് മനുഷ്യരാണ് അവിടെ നിന്നും ഒഴിഞ്ഞു പോകേണ്ടത്

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വേണ്ടി വാദിക്കാന്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും വെല്ലുന്ന ഫാന്‍ബേസ് ഉണ്ട്. സിനിമ താരങ്ങള്‍ മുതല്‍ രാഷ്ട്രീയക്കാര്‍വരെയുള്ള ബിനാമികള്‍ നയിക്കുന്ന ആനയുടമ സംഘങ്ങളുണ്ട്. അന്ധനായാലും ചെവികേള്‍ക്കാത്തവനായാലും അക്രമകാരിയായാലും വളര്‍ത്താനകള്‍ക്ക് കേരളത്തില്‍ നാടുകടത്തല്‍ ഇല്ല. എന്നാല്‍ കേരളമങ്ങോളമിങ്ങോളം കാട്ടാനകള്‍ക്കെതിരായ വിശാലമായ ഒരു ക്രിമിനല്‍ ബാന്ധവം രൂപപ്പെട്ടു വരുന്നുണ്ട്. വന്യജീവികളുടെ അവകാശങ്ങളെക്കുറിച്ചു പറയുന്നവരെ അവര്‍ തെറി വിളിക്കുന്നു.

കേരള വനം വകുപ്പിന് കീഴില്‍ റീബില്‍ഡ് കേരള പ്രോജക്ട് എന്നൊരു പദ്ധതിയുണ്ട്. കാട്ടിനുള്ളില്‍ താമസിക്കുകയും വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ക്കിരയാവുകയും ചെയ്യുന്ന മനുഷ്യരെ സുരക്ഷിതമായി പുറത്തുകൊണ്ടുവന്ന് പുനരധിവസിപ്പിക്കാനുള്ള പദ്ധതി

കാടുകള്‍ കയ്യേറാന്‍ ഉള്ളവയാണെന്നും ആനത്താരകള്‍ തങ്ങള്‍ക്കവകാശപ്പെട്ടവയാണെന്നും അവര്‍ പറയുമ്പോള്‍ അവര്‍ക്ക് മംഗള വാഴ്ത്തുപ്പാട്ട് പാടാന്‍ മന്ത്രിമാരും വനപരിപാലകര്‍പോലും തയ്യാറാകുന്നു. വെറുപ്പിന്റെയും ആര്‍ത്തിയുടെയും അധീശത്വത്തിന്റെയും അഹങ്കാരത്തിന്റേതുമായ ഒരു കിരാതമായ ഉത്സവമാണ് അരികൊമ്പനെ പിടിക്കുന്നതുമായി ബന്ധപെട്ടു നടന്നത്. അങ്ങനെയാണ് സ്വന്തം ആവാസവ്യവസ്ഥയില്‍ കാടിനുള്ളില്‍ നില്‍ക്കുകയായിരുന്ന അരികൊമ്പനെ കാടുകയറി മയക്കുവെടി വച്ച് വീഴ്ത്തി കാടുകടത്തിയത്.

ആനത്താരയില്‍ ഭൂമി കൊടുത്തു മനുഷ്യരെ താമസിപ്പിച്ചവരൊക്കെ മൗനം അവലംബിക്കുന്നു. ആനയല്ല മനുഷ്യരാണ് അവിടെ നിന്നും ഒഴിഞ്ഞു പോകേണ്ടത് എന്ന സാമാന്യമായ ന്യായം പോലും മറക്കുന്നു. വളരെ കുറച്ചു ആദിവാസികളുടെ കാര്യം പറഞ്ഞുകൊണ്ട് റിസോര്‍ട്ട് മാഫിയകളുടെയും ഭൂമാഫിയയുടെയും താത്പര്യങ്ങള്‍ അവിടെ നടപ്പാക്കിയെടുക്കുന്നു.

കേരള വനം വകുപ്പിന് കീഴില്‍ റീബില്‍ഡ് കേരള പ്രോജക്ട് എന്നൊരു പദ്ധതിയുണ്ട്. കാട്ടിനുള്ളില്‍ താമസിക്കുകയും വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ക്കിരയാവുകയും ചെയ്യുന്ന മനുഷ്യരെ സുരക്ഷിതമായി പുറത്തുകൊണ്ടുവന്ന് പുനരധിവസിപ്പിക്കാനുള്ള പദ്ധതി. അതിന്റെ ഇപ്പോഴത്തെ സ്പെഷ്യല്‍ ഓഫീസറാണ് പ്രകൃതി ശ്രീവാസ്തവ എന്ന മുന്‍ മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്‌റ്റ് ഓഫീസര്‍.

അരികൊമ്പന്‍ കേരള വ്യാപകമായ ചര്‍ച്ചയായപ്പോള്‍ അവര്‍ പ്രസക്തമായ ഒരു നിര്‍ദേശം മന്ത്രി ശശീന്ദ്രന് മുന്‍പാകെ വച്ചതാണ്. മുന്നൂറ്റിയൊന്നു കോളനിയില്‍ ആനശല്യം നേരിടുന്ന മുഴുവന്‍ ആദിവാസി കുടുംബങ്ങളെയും പുരധിവസിപ്പിക്കാം. പദ്ധതിയുടെ കീഴില്‍ അതിനുള്ള ഫണ്ട് ഉണ്ട്. അച്ഛനും അമ്മയും പതിനെട്ടു വയസില്‍ താഴെയുള്ള കുട്ടികളും അടങ്ങുന്ന കുടുംബത്തെ ഒരു യൂണിറ്റായി കണക്കാക്കി യൂണിറ്റൊന്നിന് പതിനഞ്ചു ലക്ഷം രൂപ നീക്കി വയ്ക്കാം. മുതിര്‍ന്ന മക്കളെയും കുടുംബത്തിലെ ഇത്ര അംഗങ്ങളെയും വേറെ യൂണിറ്റുകള്‍ ആയി കണക്കാക്കാക്കാം. ആ മനുഷ്യരെ മാറ്റിപ്പാര്‍പ്പിച്ച ശേഷം ഇവിടം വന്യമൃഗങ്ങള്‍ക്കായി വിട്ടു കൊടുക്കാം.

മന്ത്രിയോ സര്‍ക്കാരോ ആ നിര്‍ദേശം കണ്ടഭാവം നടിച്ചില്ല. പകരം അങ്ങേയറ്റത്തെ റിസ്‌ക് എടുത്ത് അരികൊമ്പനെ ആഘോഷമായി വെടിവച്ചു മയക്കി റേഡിയോ കോളര്‍ ഫിറ്റ് ചെയ്തു കാടുകടത്തിയിരിക്കുന്നു. മനുഷ്യര്‍ ചെയ്ത തെറ്റിന് മൃഗത്തിനാണ് ശിക്ഷ.

ചിന്നക്കനാലില്‍ ആണ് ഏതു രൂക്ഷമായ വേനലിലും നല്ല വെള്ളമുള്ള ആനയിറങ്കല്‍ ഡാം. ആ ഡാമിനുചുറ്റുമുള്ള പ്രദേശം കാലങ്ങളായി ആനകളുടെ ആവാസവ്യവസ്ഥ ആയിരുന്നത് കൊണ്ടാണ് അവിടെ ആ പേരുപോലും വന്നത്. രണ്ടായിരത്തി രണ്ടില്‍ അവിടുത്തെ വനഭൂമിയെ റവന്യൂ ഭൂമിയായി തെറ്റിദ്ധരിപ്പിച്ചുകൊണ്ട് എ കെ ആന്റണി സര്‍ക്കാര്‍ ഭൂരഹിതര്‍ക്ക് പട്ടയം കൊടുത്തപ്പോള്‍ ചെയ്യുന്ന പ്രവൃത്തി അങ്ങേയറ്റം വിവേകശൂന്യമാണ് എന്ന് റിപ്പോര്‍ട്ട് കൊടുത്തയാളാണ് പ്രകൃതി ശ്രീവാസ്തവ. ആനകളുടെ വിഹാരമേഖലയാണ് അവിടമെന്നും പട്ടയം കിട്ടുന്നവര്‍ക്കു എന്നെന്നും ആനശല്യത്തില്‍ കഴിയേണ്ടി വരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. അന്നും അവരുടെ നിര്‍ദേശം തള്ളിക്കളയപ്പെട്ടു. പരമ്പരാഗത ആനത്താരകളില്‍ വീടുകള്‍ അനുവദിക്കപ്പെട്ടു. കൃത്യം ഒരു കൊല്ലത്തിനുള്ളില്‍ പുതുതായി താമസിക്കാന്‍ വന്നവര്‍ ആനകളുടെ ഉപ്രദ്രവത്തെക്കുറിച്ചു പറയാന്‍ തുടങ്ങി. കഴിഞ്ഞ പല വര്‍ഷങ്ങളായി അവിടെ ഭൂമി കിട്ടിയവരില്‍ ഭൂരിപക്ഷവും അവിടം വിട്ടു പോയി. നിലവില്‍ താമസിക്കുന്നവര്‍ക്ക് തന്നെ സുരക്ഷിതമായ അതിജീവനമില്ല.

റിസോര്‍ട്ട് മാഫിയകളും അവയുടെ രാഷ്ട്രീയ യജമാനന്മാരുമെല്ലാം പുനരധിവസിപ്പിക്കപ്പെട്ട ആദിവാസികളെ വാസ്തവത്തില്‍ പരിചയക്കുകയാണ് ചെയ്തത്. ഈ മനുഷ്യരുടെ ദൈന്യം പറഞ്ഞുകൊണ്ട് അവര്‍ അതിവൈകാരികത സൃഷ്ടിച്ചു. അതിലൂടെ സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കുന്നു. ആനയും ആദിവാസിയും ഒരേപോലെ പറ്റിക്കപ്പെട്ടു. മറ്റൊരു പുനരധിവാസം സാധ്യമാകുന്ന അവസ്ഥയിലും ആദിവാസികളെ രക്ഷപ്പെട്ടു പോകാന്‍ ബന്ധപ്പെട്ടവര്‍ അനുവദിച്ചില്ല എന്നിടത്താണ് ആസൂത്രിതമായ കുറ്റകൃത്യത്തിന്റെ രൂക്ഷത നമ്മള്‍ അറിയുന്നത്.

കാടിനു സൗന്ദര്യം പോരെന്നു പറഞ്ഞു നമ്മുടെ വനം വകുപ്പുകാര്‍ വച്ച് പിടിപ്പിച്ച ലാന്റനയും സെന്നയും പോലുള്ള അധിനിവേശ സസ്യങ്ങള്‍ അവയുടെ സ്വാഭാവിസന്തുലിതാവസ്ഥ ഇല്ലാതാക്കി

ഇവിടെയാണ് അരികൊമ്പനും ആദിവാസികളും ഒരേപോലെ സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടവര്‍ ആയി തീരുന്നത്. ആനത്താരകളില്‍ മനുഷ്യര്‍ കയറി താമസിക്കുന്ന സ്ഥിതി ഉള്ളിടത്തോളം കാലം ആനകള്‍ അവിടങ്ങളില്‍ ഭീതി സൃഷ്ടിച്ചു കൊണ്ടിരിക്കും. അവ അടിസ്ഥാനപരമായി ആനകളുടെ മണ്ണാണ്. ആനകളെ കൊന്നൊടുക്കണം എന്ന് ഫേസ്ബുക്ക് പോസ്റ്റുകളില്‍ തട്ടിയെഴുന്നള്ളിക്കാമെങ്കിലും അതൊന്നും നടക്കുന്ന കാര്യമല്ല. വന്യജീവികളുടെ അവകാശങ്ങളേക്കുറിച്ചു പറയുന്നവരെ പാവപ്പെട്ടവരുടെ വേദനകള്‍ അറിയാത്ത നഗരജീവികളായ സമ്പന്നര്‍ എന്നൊക്കെ വിളിക്കാമെങ്കിലും അതിനപ്പുറം കാര്യം ഒന്നുമില്ല.

നാടുകടത്തപ്പെട്ട ആനകള്‍ തിരിച്ചു വരാം. തിരിച്ചു വരാത്ത ആനകളുടെ സ്ഥാനത്ത് പുതിയ പുതിയ അരിക്കൊമ്പന്മാരും ചക്കകൊമ്പന്മാരും ഉണ്ടായെന്നും വരാം. സന്തുലിതമല്ലാത്ത വികസന സമീപനങ്ങളും അങ്ങേയറ്റത്തെ കൊതിയും അത്യഗ്രഹവും നമ്മളെ ഒരിക്കലും ഒരു ആധുനിക സമൂഹം ആക്കില്ലെന്ന തിരിച്ചറിവിലെത്താന്‍ സമയമെടുത്തേക്കാം. പക്ഷെ ചക്ക കൊമ്പനും അരികൊമ്പനും പടയപ്പയും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഇല്ലാതാകുന്നില്ല. അങ്ങേയറ്റത്തെ ഭക്ഷ്യ ദൗര്‍ലഭ്യമാണ് കാട്ടില്‍. കാലാവസ്ഥാ മാറ്റവും മനുഷ്യനിര്‍മ്മിതമായ ഇതര കാരണങ്ങളും കൊണ്ട് മൃഗങ്ങളുടെ ഭക്ഷ്യ ശൃംഖല തകരാറിലായി. വെള്ളമില്ല. ആഹാരമില്ല. അതിജീവനമില്ല. കയ്യേറ്റവും അശാസ്ത്രീയ വികസനവും കൂടിയാകുമ്പോള്‍ എല്ലാം പൂര്‍ത്തിയാകുന്നു. കാടുകളിലെ ആവാസവ്യവസ്ഥ പുനസ്ഥാപിക്കാതെയും കാടുകള്‍ക്കു മേലുള്ള സമ്മര്‍്ദങ്ങള്‍ കുറയ്ക്കാതെയും ഒരിഞ്ചു മുന്നോട്ടു പോകാന്‍ ആകാത്ത അവസ്ഥയിലാണ് കേരളം. ഇവിടെ ആത്യന്തികമായി മുഖ്യമന്ത്രിയും വനം മന്ത്രിയും സംസാരിക്കേണ്ടത് കയ്യേറ്റക്കാരുടെ ഭാഷയിലല്ല. ഭരണം ഭൂമാഫിയകളും പാറമടക്കാരും നിയന്ത്രിക്കുന്നതുമാകരുത്.

കാടിനു സൗന്ദര്യം പോരെന്നു പറഞ്ഞു നമ്മുടെ വനം വകുപ്പുകാര്‍ വച്ച് പിടിപ്പിച്ച ലാന്റനയും സെന്നയും പോലുള്ള അധിനിവേശ സസ്യങ്ങള്‍ ഇല്ലാതാക്കിയത് അവയുടെ സ്വാഭാവികമായ സന്തുലിതാവസ്ഥയെയാണ്. കാടുമുഴുവന്‍ ഇന്നീ അധിനിവേശ സസ്യങ്ങള്‍ കീഴടക്കി. അവ മറ്റു ജൈവ വൈവിധ്യങ്ങളെ ഇല്ലാതാക്കുന്നു. കാട്ടിലെ ഭക്ഷ്യ സുരക്ഷ അപകടത്തിലാക്കുന്നു. ഈ വിഷയങ്ങളിലെല്ലാം അടിയന്തരമായി ശ്രദ്ധ പതിപ്പിക്കാതെ ആനകളെ നാടുകടത്തലും കുങ്കികള്‍ ആക്കലും ലക്ഷ്യമാക്കി സര്‍ക്കാര്‍ മുന്നോട്ടു പോയാല്‍ ഭാവി അനിശ്ചിതമാകും. അരികൊമ്പന്‍ ഒരു മുന്നറിയിപ്പാണ്, തിരിച്ചറിവാണ്. വീണ്ടുവിചാരമാണ്. ആ വിവേകത്തിലേക്കെത്താതെ കയ്യേറ്റ മാഫിയകള്‍ക്ക് സര്‍ക്കാര്‍ പിന്തുണയുമായി നടന്നാല്‍ ഇരുള്‍ വീഴുക ഭാവിയിലേക്കാണ്.

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം