OPINION

400 സീറ്റെന്ന ബിജെപിയുടെ അവകാശവാദം അതിമോഹം!

വളരെ അനുകൂലമായ സാഹചര്യമുണ്ടായാല്‍ പോലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയ മുന്നൂറിനടുത്തുള്ള സീറ്റുകള്‍ പോലും ഇക്കുറി നേടുകയെന്നത് ബിജെപിക്കു വളരെ പ്രയാസകരമാവും

ഡോ. എ പി കുട്ടികൃഷ്ണന്‍

2019 ഏപ്രില്‍-മേയ് മാസങ്ങളിലാണ് പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞകാല തിരഞ്ഞെടുപ്പ് ഫലവുമായി താരതമ്യം ചെയ്താല്‍ ബിജെപി മുന്നണിക്ക് കൂടുതല്‍ വോട്ടും സീറ്റുകളും ലഭിച്ചത് 2019 ലെ തിരഞ്ഞെടുപ്പിലാണ്. പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത് 2024 ഏപ്രില്‍-മേയ് മാസങ്ങളിലാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി വോട്ടെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത് നോക്കിയിരിക്കുകയാണ് രാജ്യത്തെ രാഷ്ട്രീയ- ഭരണ നേതൃത്വങ്ങള്‍.

നരേന്ദ്ര മോദി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത് ബിജെപി മുന്നണി നാനൂറിലധികം സീറ്റ് നേടി വീണ്ടും അധികാരത്തില്‍ വരുമെന്നാണ്. ഇത്തരത്തിലുള്ള പ്രചാരണത്തിന്റെ പൊള്ളത്തരം തുറന്നുകാണിച്ചുകൊണ്ട് ബിജെപിക്കും സഖ്യകക്ഷികള്‍ക്കും ഭരണത്തിലെത്താനുള്ള അനുകൂല സാഹചര്യമല്ല രാജ്യത്തുള്ളതെന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെയിടയില്‍ നടത്താന്‍ ദേശീയതലത്തിലെ മുഖ്യ പ്രതിപക്ഷമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനു സാധിക്കുന്നില്ലായെന്നതാണ് വര്‍ത്തമാന രാഷ്ട്രീയചിത്രം.

2024 ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത് ബിജെപി മുന്നണി നാനൂറിലധികം സീറ്റ് നേടി വീണ്ടും അധികാരത്തില്‍ വരുമെന്നാണ്. ഇത്തരത്തിലുള്ള പ്രചാരണത്തിന്റെ പൊള്ളത്തരം തുറന്നുകാണിച്ചുകൊണ്ട് ബിജെപിക്കും സഖ്യകക്ഷികള്‍ക്കും ഭരണത്തിലെത്താനുള്ള അനുകൂല സാഹചര്യമല്ല രാജ്യത്തുള്ളതെന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെയിടയില്‍ നടത്താന്‍ ദേശീയതലത്തിലെ മുഖ്യ പ്രതിപക്ഷമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനു സാധിക്കുന്നില്ലായെന്നതാണ് വര്‍ത്തമാന രാഷ്ട്രീയചിത്രം. അതു മാത്രമല്ല പ്രധാനമന്ത്രിയുടെ ഇത്തരത്തിലുള്ള പ്രചാരണത്തില്‍ ആകൃഷ്ടരായി സ്വന്തം പാളയത്തില്‍നിന്നു നേതാക്കളും അണികളും ബിജെപിയിലേക്ക് പോയികൊണ്ടിരിക്കുന്ന വാര്‍ത്തകളാണ് രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍നിന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്.

സ്വാതന്ത്ര്യത്തിനുശേഷം രാജ്യം ഇതുവരെ അനുഭവിക്കാത്ത വേര്‍തിരിവുകള്‍ സമൂഹത്തില്‍ സൃഷ്ടിക്കാനും ഭരണഘടനാ മൂല്യങ്ങളെയും രാജ്യത്തെ മതനിരപേക്ഷ കാഴ്ചപ്പാടിനെയും ഇല്ലാതാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മോദി സര്‍ക്കാര്‍ ഭരണകാലത്തുടനീളം പ്രാമുഖ്യം കൊടുത്തുകൊണ്ടിരിക്കുന്നത്. ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകുന്ന പക്ഷം ഇന്ത്യന്‍ ഭരണഘടനയടക്കം മാറ്റിയെഴുതി ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റുവാനുള്ള തയ്യാറാടെപ്പാണ് ഫാസിസ്റ്റ് ശക്തികളാല്‍ നയിക്കുന്ന ഭരണകൂടം അണിയറയില്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

ഈ സര്‍ക്കാരിന്റെ കാലത്തെ ജനവിരുദ്ധ നയങ്ങള്‍, കര്‍ഷകദ്രോഹ നടപടികള്‍, വിലക്കയറ്റം, സാമ്പത്തിക ഞെരുക്കം, തൊഴിലില്ലായ്മ, പട്ടിണി, സംസ്ഥാനങ്ങളോട് കാണിക്കുന്ന അവഗണന, പൗരത്വ ഭേദഗതി നിയമം എന്നിവ കാരണം അസംതൃപ്തരായവരുടെ വോട്ടുകള്‍ കേന്ദ്ര ഭരണത്തിനെതിരായി തിരിയുമെന്ന വളരെ വ്യക്തമായ സൂചനകള്‍ ഇതിനകം കേന്ദ്രത്തിലെ രാഷ്ട്രീയനേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്.

ഈ സര്‍ക്കാരിന്റെ കാലത്തെ ജനവിരുദ്ധ നയങ്ങള്‍, കര്‍ഷകദ്രോഹ നടപടികള്‍, വിലക്കയറ്റം, സാമ്പത്തിക ഞെരുക്കം, തൊഴിലില്ലായ്മ, പട്ടിണി, സംസ്ഥാനങ്ങളോട് കാണിക്കുന്ന അവഗണന, പൗരത്വ ഭേദഗതി നിയമം എന്നിവ കാരണം അസംതൃപ്തരായവരുടെ വോട്ടുകള്‍ കേന്ദ്ര ഭരണത്തിനെതിരായി തിരിയുമെന്ന വളരെ വ്യക്തമായ സൂചനകള്‍ ഇതിനകം കേന്ദ്രത്തിലെ രാഷ്ട്രീയനേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയ മുന്നൂറിലധികം സീറ്റുകള്‍ ബിജെപി മുന്നണിക്ക് ഇപ്രാവശ്യം നിലനിര്‍ത്താന്‍ സാധിക്കുമോയെന്നത് പരിശോധിക്കപ്പെടേണ്ടതാണ്.

വിവിധ സംസ്ഥാനങ്ങളില്‍ ബിജെപിയ്ക്ക് 2019-ല്‍ കിട്ടിയ സീറ്റുകള്‍

ഓരോ സംസ്ഥാനത്തെയും ആകെയുള്ള സീറ്റുകളും 2019 ല്‍ വിവിധ കക്ഷികള്‍ നേടിയ സീറ്റുകളും വിലയിരുത്തിയാല്‍ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് ഫലത്തിലുണ്ടാകാന്‍ പോകുന്ന മാറ്റങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കാന്‍ സാധിക്കും.

ഓരോ സംസ്ഥാനത്തെയും നിലവിലെ രാഷ്ട്രീയ ചുറ്റുപാടുകൂടി പരിഗണിച്ചുകൊണ്ടുള്ള വിശകലനമാണ് നടത്തുന്നത്. (സംസ്ഥാനങ്ങളിലെ ആകെ സീറ്റുകളും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നണി നേടിയ സീറ്റുകളും ബ്രാക്കറ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്.)

ആന്ധ്രാപ്രദേശ് (25/ 0)

ആന്ധ്രാപ്രദേശില്‍ ആകെയുള്ള 25 സീറ്റിൽ വൈഎസ് ആര്‍ കോണ്‍ഗ്രസ് (22), ടിഡിപി (3) കക്ഷികളായിരുന്നു മുഴുവന്‍ സീറ്റുകളും പങ്കിട്ടത്. തൊഴിലിലായ്മയടക്കമുള്ള രൂക്ഷമായ പ്രശ്‌നങ്ങളില്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരായ യുവാക്കളുടെ പ്രതിഷേധമുണ്ടെങ്കിലും സംസ്ഥാനത്തു ഇക്കുറിയും വൈഎസ് ആര്‍ കോണ്‍ഗ്രസിനു ഭൂരിപക്ഷം സീറ്റുകളും ലഭിക്കാനുള്ള രാഷ്ട്രീയ പാശ്ചാത്തലമാണുള്ളത്.

2004, 2009 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പില്‍ അനുകൂലമായി തെലുങ്കാന ഉള്‍പ്പെട്ട ആന്ധ്രയില്‍ നിന്നുണ്ടായ ജനവിധിയുടെ കൂടി പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന് കേന്ദ്രത്തില്‍ അന്ന് ഭരണം ലഭിക്കാനുള്ള സാഹചര്യമുണ്ടായത്. ഒരുപക്ഷേ കോണ്‍ഗ്രസിന് പുതിയ പി സി സി അധ്യക്ഷ വൈ എസ് ശര്‍മിളയുടെ നേതൃത്വത്തില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചേക്കാം. അതിന്റെ ഫലമായി നേരിയ നേട്ടവും. കഴിഞ്ഞ തിരഞ്ഞെടുപ്പിലെന്ന പോലെ ബിജെപിക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാനുള്ള രാഷ്ട്രീയ അന്തരീക്ഷംതന്നെയാണ് അവിടെ ഇപ്പോഴുമുള്ളത്.

തെലങ്കാന (17/4)

തെലങ്കാനയില്‍ ആകെയുള്ള 17 സീറ്റില്‍ ഭാരത് രാഷ്ട്ര സമിതി ഒൻപത് സ്ഥലത്തും കോണ്‍ഗ്രസ് മൂന്നിടത്തും ബിജെപി നാലിടത്തുമാണ് ജയിച്ചത്. ഒരു സീറ്റ് സ്വതന്ത്രനും വിജയിച്ചു. ഇന്ന് തെലങ്കാനയിൽ കോണ്‍ഗ്രസാണ് അധികാരത്തിലുള്ളത്. ഈ അനുകൂല രാഷ്ട്രീയ സാഹചര്യം ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാനും ബിജെപിക്ക് കഴിഞ്ഞ തിരെഞ്ഞെടുപ്പില്‍ ലഭിച്ച നാല് സീറ്റില്‍ ചിലതു നഷ്ടപ്പെടാനുമാണ് സാധ്യത.

അസം (14/9)

അസമിൽ ആകെയുള്ള 14 സീറ്റില്‍ കഴിഞ്ഞ പ്രാവശ്യം ബിജെപിക്ക് ലഭിച്ചത് ഒൻപതെണ്ണം. കോണ്‍ഗ്രസിന് മൂന്ന് സീറ്റും. മറ്റു രണ്ടെണ്ണം എഐഡിയുഎഫും സ്വതന്ത്രനും പങ്കിട്ടു. ഇക്കുറി പൗരത്വ ഭേദഗതി നിയമം പോലെയുള്ള വിഷയങ്ങളില്‍ ജനങ്ങളുടെയിടയില്‍ ഭിന്നിപ്പുണ്ടാക്കി കൂടുതല്‍ നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ സംസ്ഥാനത്തെ ന്യൂനപക്ഷ വോട്ടര്‍മാരില്‍ സൃഷ്ടിച്ച അരക്ഷിതാവസ്ഥ ശരിയായ രീതിയില്‍ അഭിസംബോധന ചെയ്യാന്‍ കോണ്‍ഗ്രസിന് സാധിച്ചാല്‍ ശക്തമായ വോട്ട് വിഹിതമുഉള്ള സംസ്ഥാനത്തു ബിജെപിക്ക് നഷ്ടവും കോണ്‍ഗ്രസിന് നേട്ടവുമുണ്ടാക്കാം.

ബിഹാര്‍ (40/39)

ബിഹാറില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുന്നണിയായി മത്സരിച്ച ബിജെപിക്ക് 17 ഉം ജെഡിയുവിന് 16 ഉം ലോക് ജനശക്തി പാര്‍ട്ടിക്ക് ആറ് സീറ്റുണ് ലഭിച്ചത്. ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്.

40 സീറ്റുള്ള ബിഹാറിൽ ഫലങ്ങള്‍ 2024 ലെ തിരഞ്ഞെടുപ്പിനു ശേഷമുള്ള കേന്ദ്ര സര്‍ക്കാര്‍ രൂപീകരണത്തിൽ വളരെ നിർണായകമായിരിക്കും. പ്രതിപക്ഷ മുന്നണിയില്‍ സജീവമായിരുന്ന ജനത ദള്‍ ( യുനൈറ്റഡ് ) നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ ബിജെപി മുന്നണിയിലേക്കുള്ള രാഷ്ട്രീയ ചുവടുമാറ്റം എല്ലാവരെയും അമ്പരിപ്പിച്ചുകൊണ്ടുള്ള വര്‍ത്തമാന രാഷ്ട്രീയ വിഷയമാണ്.

ലാലു പ്രസാദ് യാദവും അദ്ദേഹത്തിന്റെ മകനുമായ തേജസ്വി യാദവും നേതൃത്വം നല്‍കുന്ന രാഷ്ട്രീയ ജനതദളി (ആർജെഡി)ന്റെ നേതൃത്വത്തില്‍ മതനിരപേക്ഷ കക്ഷികള്‍ ശക്തമായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനാണ് ബിഹാറില്‍ തുടക്കം കുറിച്ചത്. മതനിരപേക്ഷ കക്ഷികള്‍ക്ക് ശുഭാപ്തി വിശ്വാസം നല്‍കുന്നതരത്തിലുള്ള വലിയ ജനപങ്കാളിത്തമാണ് ആർജെഡി പൊതുയോഗങ്ങളില്‍ കണ്ടുവരുന്നത്.

കഴിഞ്ഞ വർഷം ലഭിച്ച 39 സീറ്റ് നിലനിര്‍ത്താന്‍ ബിഹാറിലെ രാഷ്ട്രീയ അന്തരീക്ഷം ബിജെപി മുന്നണിക്ക് ഒട്ടും അനുകൂലമല്ല. അതുകൊണ്ടുതന്നെ ബിജെപിക്ക് 2024 തിരെഞ്ഞെടുപ്പില്‍ സീറ്റുകള്‍ കുറയുമെന്നത് ഉറപ്പാണ്. ഈയൊരു പശ്ചാത്തലത്തില്‍ രാജ്യംഭരണം നഷ്ടപ്പെടുമെന്ന ഭീതിയില്‍നിന്നാണ് ഇന്ത്യ മുന്നണിയിലേക്കുപോയ നിതീഷ് കുമാറിനെ അനുനയിപ്പിച്ചു സ്വന്തം പാളയത്തേക്കു കൊണ്ടുവരാന്‍ മോദിയും കൂട്ടരും ശ്രമിച്ചതും വിജയം കണ്ടതും.

ഗുജറാത്ത് (26/26)

ഗുജറാത്തില്‍ ആകെയുള്ള 26 സീറ്റിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 26 ലും ബിജെപിയാണ് ജയിച്ചത്. ഇത്തവണ ബിജെപി വിജയം ആവര്‍ത്തിക്കാനാണ് സാധ്യത. ആം ആദ്മി പാര്‍ട്ടിക്കും കോണ്‍ഗ്രസിനും സ്വാധീനമുള്ള ചില മണ്ഡലങ്ങളില്‍ ശക്തമായ തിരെഞ്ഞെടുപ്പ് പ്രചാരണം കാഴ്ചവെച്ചാല്‍ ഇന്ത്യ മുന്നണി നിര്‍ണായക ശക്തിയായി മാറാന്‍ കഴിയുമെന്നും ബിജെപിയെ ഒറ്റപ്പെട്ട ചില സീറ്റുകളില്‍ പരാജയപ്പെടുത്താന്‍ സാധിക്കുമെന്നതാണ് രാഷ്ട്രീയ വിശകലനം.

ഹരിയാന (10/10)

ഹരിയാനയിലെ 10 ല്‍ 10 സീറ്റും ബിജെപിയാണ് 2019 ല്‍ നേടിയത്. ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തോട് കേന്ദ്ര സര്‍ക്കാര്‍ കാണിച്ച അവഗണന, രാജ്യവ്യാപകമായ കര്‍ഷകരുടെ പ്രതിഷേധം തുടങ്ങിയ രാഷ്ട്രീയ വെല്ലുവിളികള്‍ ഹരിയാനയിലെ രാഷ്ട്രീയമണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ബിജെപിക്ക് സീറ്റുകളുടെ നഷ്ടമായിരിക്കും അവിടെ സംഭവിക്കുക.

ഹിമാചല്‍ പ്രദേശ് (4/4)

2019 ല്‍ ഹിമാചല്‍ പ്രദേശില്‍ നാല് സീറ്റും ബിജെപിയാണ് നേടിയത് . ഇന്ന് ഹിമാചല്‍ ഭരിക്കുന്നത് കോണ്‍ഗ്രസാണ്. ഈ അനുകൂല ഘടകം ഉപയോഗിച്ച് ബിജെപി സീറ്റുകളുടെ എണ്ണം കുറയ്ക്കാനും കോണ്‍ഗ്രസിന് ചില സീറ്റുകളില്‍ വിജയം നേടാനും സാധിക്കും.

കര്‍ണാടക (28/26)

കര്‍ണാടകയിലെ 28 സീറ്റുകളില്‍ 26 എണ്ണത്തിൽ ബിജെപിയും ബിജെപി പിന്തുണയുള്ള സ്വതന്ത്രയും ഓരോ സീറ്റ് വീതം കോണ്‍ഗ്രസും കുമാരസ്വാമി നയിക്കുന്ന ജനത ദളു(സെക്കുലര്‍) മാണ് ജയിച്ചത്. കോണ്‍ഗ്രസ് ഇന്ന് കര്‍ണാടകത്തില്‍ ഭരണത്തിലാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടുനില വിലയിരുത്തിയാല്‍ അഞ്ച് മുതല്‍ 10 സീറ്റ് വരെ കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണിക്ക് ജയിക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ ബിജെപി മുന്നണിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയ 26 സീറ്റിലെ വിജയം ആവര്‍ത്തിക്കാന്‍ കഴിയില്ലെന്നു മാത്രമല്ല, പരമാവധി 20 സീറ്റുകളില്‍ മാത്രമായി ഒതുങ്ങേണ്ടിവരികയും ചെയ്യും.

മധ്യപ്രദേശ് (29/28)

മധ്യപ്രദേശിലെ 29 സീറ്റില്‍ 28 സ്ഥലത്തും ബിജെപിയാണ് കഴിഞ്ഞ പ്രാവശ്യം വിജയിച്ചത്. ഏറ്റവും അനുകൂലമായ രാഷ്ട്രീയ തിരഞ്ഞെടുപ്പ് ഫലമുണ്ടായാലും അവിടെനിന്നു കൂടുതലായി ബിജെപിക്ക് ലഭിക്കുക ഒരു സീറ്റ് മാത്രമാണ്. കഴിഞ്ഞ പ്രാവശ്യം കോണ്‍ഗ്രസ് ജയിച്ച ചിന്ദ്വാരാ സീറ്റടക്കം 29 സീറ്റും ഇക്കുറി ബിജെപി ജയിക്കുമെന്ന അഭിപ്രായ സര്‍വേയുടെ ഫലം കോണ്‍ഗ്രസ് നേതാക്കളെ ബിജെപി മുന്നണിയിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. കോണ്‍ഗ്രസിന് മധ്യപ്രദേശില്‍ ബിജെപിക്കെതിരായ ചലനം സൃഷ്ടിക്കാനുള്ള പ്രാപ്തി നഷ്ടപ്പെട്ടിരിക്കുന്നുവെന്നതാണ് നിലവിലുള്ള മധ്യപ്രദേശിലെ രാഷ്ട്രീയ അന്തരീക്ഷം.

മഹാരാഷ്ട്ര (48/41)

മഹാരാഷ്ട്രയില്‍ ആകെയുള്ളത് 48 സീറ്റുകള്‍. കഴിഞ്ഞ തിരെഞ്ഞെടുപ്പില്‍ മുന്നണിയായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി 23 സീറ്റിലും പിളര്‍പ്പിന് മുന്‍പുള്ള ശിവസേന 18 സീറ്റിലും വിജയിച്ചു. എന്‍സിപിക്കും കോണ്‍ഗ്രസിനും കൂടി ആകെ ലഭിച്ചത് അഞ്ച് സീറ്റ്. നിലവില്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ ആകെ മാറിയിരിക്കയാണ്.

അജിത് പവാര്‍ അടക്കമുള്ള എന്‍ സി പി നേതാക്കള്‍ കൂട്ടത്തോടെ ബിജെപിക്കൊപ്പം പോയതിന്റെയും ശിവസേന പിളര്‍ന്നു താക്കറെ വിഭാഗവും ഷിന്‍ഡെ വിഭാഗവും വെവ്വേറെ രാഷ്ട്രീയ പാര്‍ട്ടികളായതിന്റെയും പശ്ചാത്തലത്തില്‍ ബിജെപി വിരുദ്ധ മുന്നണി വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുകയാണ്.

ശിവസേന (ഷിന്‍ഡെ) പക്ഷം ബിജെപിയുമായി സഹകരിച്ചുകൊണ്ട് മഹാരാഷ്ട്രയില്‍ ഭരണം നടത്തിവരുന്ന പശ്ചാത്തലത്തില്‍ ലോകസഭാ തിരെഞ്ഞെടുപ്പ് ഫലം ഏതു വിഭാഗം ശിവസേനക്ക് അനുകൂലമായി വരുമെന്നത് അവ്യക്തമാണ്. ഈ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ബിജെപി മുന്നണിക്ക് അനുകൂലമായ വിധിയെഴുത്താണ് മഹാരാഷ്ട്രയില്‍നിന്ന് ഉണ്ടാകാന്‍ സാധ്യത. എങ്കിലും കഴിഞ്ഞ തിരെഞ്ഞെടുപ്പില്‍ അവര്‍ക്കു ശിവസേനയുമായി ചേര്‍ന്ന് ലഭിച്ച 41 സീറ്റുകളില്‍ കൂടുതലായി ലഭിക്കാന്‍ സാധ്യത കുറവാണ്.

രാജസ്ഥാന്‍ (25/25)

രാജസ്ഥാനില്‍ 25 സീറ്റുകളില്‍ 24 സ്ഥലത്തും വിജയിച്ചത് ബിജെപി. കോണ്‍ഗ്രസിന് അടിവേരുള്ള രാജസ്ഥാനില്‍ പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍ മാറ്റിവെച്ചു ഗൗരവമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്താല്‍ രണ്ടു മൂന്നു സീറ്റുകളെങ്കിലും ബിജെപിയിൽനിന്ന് തിരിച്ചുപിടിക്കാന്‍ കഴിയും. പരമാവധി സീറ്റുകള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയതുകാരണം കൂടുതലായൊന്നും രാജസ്ഥാനില്‍ നിന്ന് ബിജെപിക്ക് ലഭിക്കാനില്ല, കുറയാനല്ലാതെ.

ഉത്തര്‍പ്രദേശ് (80/64)

ലോക്‌സഭയില്‍ ഉത്തര്‍പ്രദേശില്‍നിന്നുള്ള 80 സീറ്റുകള്‍ കണ്ടതില്‍ അധികാരത്തിലെത്താന്‍ വളരെ നിര്‍ണായകമാണ്. ബിജെപിയും സഖ്യകക്ഷികളും കഴിഞ്ഞ തിരെഞ്ഞെടുപ്പില്‍ അവിടെനിന്ന് നേടിയത് 64 സീറ്റ്. ബിജെപി വിരുദ്ധ വോട്ടുകള്‍ സംസ്ഥാനത്ത് ഭിന്നിച്ചതിന്റെ ഫലമായിട്ടാണ് ബിജെപിക്ക് നേട്ടമുണ്ടായെതെന്ന് ഓരോ മണ്ഡലത്തിലെയും വോട്ടുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്‌പി)-10 ഉം സമാജ് വാദി പാര്‍ട്ടി(എസ്‌പി)-അഞ്ചും കോണ്‍ഗ്രസ് ഒരു സീറ്റിലും വിജയിച്ചു.

ഇന്ത്യ മുന്നണി അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ കൂട്ടായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് സജ്ജമായിരിക്കയാണ്. യോജിച്ച മുന്നേറ്റങ്ങള്‍ പല മണ്ഡലങ്ങളിലും ബിജെപിക്ക് ഭീഷണിയായിരിക്കുമെന്നു മുഖ്യമന്ത്രി യോഗിക്കും നേതൃത്വത്തിനും വ്യക്തമായ ധാരണയുണ്ട് . അതുകാരണമാണ് ഹൈന്ദവ വികാരം പരമാവധി ഉപയോഗിക്കാനും വോട്ടുകള്‍ നേടാന്‍ രാമക്ഷേത്രം പോലെയുള്ള അജണ്ടയുമായി അവര്‍ മുന്‍കൂട്ടി രംഗത്തുവന്നത്.

ഈ പശ്ചാത്തലത്തില്‍ ഉത്തര്‍ പ്രദേശില്‍നിന്ന് ബിജെപി മുന്നണിക്ക് കഴിഞ്ഞ തിരെഞ്ഞെടുപ്പില്‍ ലഭിച്ച 64 സീറ്റ് നിലനിര്‍ത്താന്‍ വല്ലാതെ വിഷമിക്കേണ്ടി വരും. അവിടെനിന്ന് സീറ്റുകള്‍ ബിജെപിക്ക് കുറയാനാണ് ഇന്ത്യ മുന്നണിയുടെ കൂട്ടായ പ്രവര്‍ത്തനം നിമിത്തമായിരിക്കുക.

ജാര്‍ഖണ്ഡ് (14/11) , ചത്തിസ്‌ഗഡ് (11/9), ഡല്‍ഹി (7/7), ജമ്മു കശ്മീര്‍ (6/3) ഉത്തരാഖണ്ഡ് (5/5 ) എന്നിവിടങ്ങളില്‍ ആകെയുള്ള സീറ്റുകള്‍ 43. ഇതില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയത് 35. ഈ അഞ്ച് സംസ്ഥാനങ്ങളിൽ പൂര്‍ണമായും ബിജെപി അനുകൂലമായ വിധിയെഴുത്തുണ്ടായാലും പരമാവധി എട്ട് സീറ്റ് മാത്രമാണ് വര്‍ധിക്കുക. 2024 ലെ തിരഞ്ഞെടുപ്പില്‍ ഝാർഖണ്ഡിലും ഛത്തിസ്‌ഗഡിലും കഴിഞ്ഞ തിരെഞ്ഞെടുപ്പില്‍ ലഭിച്ച സീറ്റുകള്‍ കോണ്‍ഗ്രസ് മുന്നണിക്ക് വര്‍ധിപ്പിക്കാനായായുള്ള അനുകൂലമായി രാഷ്ട്രീയ സാഹചര്യം പ്രസ്തുത സംസ്ഥാങ്ങളിലെ ചില ലോക്‌സഭാ മണ്ഡലങ്ങളില്‍ നിലനില്‍ക്കുന്നു.

ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും മുന്നണിയായി തിരഞ്ഞെടുപ്പിനെ നേരിടുന്ന ഡല്‍ഹിയില്‍ ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമല്ല. അതുപോലെതന്നെ ബിജെപി മുന്നണിക്ക് കൂടുതലായി സീറ്റുകള്‍ ലഭിക്കാനുള്ള അനുകൂലമായ രാഷ്ട്രീയ സാഹചര്യമല്ല ജമ്മു കാശ്മീരില്‍.

പശ്ചിമബംഗാള്‍ (42/18)

കൂടുതല്‍ ലോക്‌സഭാ മണ്ഡലങ്ങളുള്ള മറ്റൊരു സംസ്ഥാനം പശ്ചിമബംഗാളാണ്. അവിടെയുള്ള 42 സീറ്റില്‍ 22 സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസും 18ൽ ബിജെപിയും രണ്ട് സീറ്റില്‍ കോണ്‍ഗ്രസുമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. 42 സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കയാണ്.

കോണ്‍ഗ്രസും തൃണമൂലും തമ്മില്‍ പ്രതീക്ഷിച്ചിരുന്ന സഖ്യം ഇല്ലാതാകുന്നത് ബിജെപിയെയും സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികളെയും വരുന്ന തിരഞ്ഞെടുപ്പില്‍ ബാധിക്കുന്ന ഘടകമാണ്. എങ്കിലും കഴിഞ്ഞ തിരെഞ്ഞെടുപ്പില്‍ ലഭിച്ച 18 സീറ്റ് ബിജെപിക്ക് കുറയുകയല്ലാതെ കൂടുതലായി ലഭിക്കില്ലെന്നതാണ് വസ്തുത. പക്ഷേ തൃണമൂല്‍ നേടുന്ന സീറ്റുകളും മമത ബാനര്‍ജിയുടെ നിലപാടും തിരഞ്ഞെടുപ്പിനുശേഷം കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരണ ഘട്ടത്തിലാണ് നിർണായകമാവുക. അത് ബിജെപി മുന്നണിക്കാണോ ഇന്ത്യ മുന്നണിക്കാണോ അനുകൂലമാവുകയെന്നത് മുന്‍കൂട്ടി പറയാന്‍ പറ്റാത്തവിധം രാഷ്ട്രീയ നിലപാടുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ് തൃണമൂല്‍ കോണ്‍ഗ്രസ്.

ഒഡിഷ (21/8) പഞ്ചാബ് (13/2) കേരളം (20/0), തമിഴ്‌നാട് (38/0) സംസ്ഥാനങ്ങളിലായി ആകെ 92 സീറ്റ്. ഇതിൽ പഞ്ചാബില്‍ നിന്നുള്ള രണ്ടു സീറ്റിലും ഒഡിഷയിൽ ബിജു ജനതദളിന്റെ സഹായത്തോടെ എട്ടും കൂട്ടി 10 സ്ഥലത്താണ് 2019 ല്‍ ബിജെപി ജയിച്ചത്. ബാക്കിയുള്ള 82 സീറ്റുകളും ബിജെപി വിരുദ്ധ രാഷ്ട്രീയ പാര്‍ട്ടികളാണ് വിജയിച്ചത്. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിലും കേരളം, പഞ്ചാബ്, തമിഴ്നാട് സംസ്ഥാനങ്ങളില്‍നിന്ന് ബിജെപിക്കും അവരുടെ കൂട്ടാളികള്‍ക്കും സീറ്റുകള്‍ ലഭിക്കാന്‍ ഒരു സാധ്യതയുമില്ല. ബിജു ജനത ദളുമായി തിരെഞ്ഞെടുപ്പ് മുന്നണിയുള്ളതുകൊണ്ട് കുറച്ചു സീറ്റുകള്‍ ഒഡിഷയിനിന്നു നേടാമെന്ന് മാത്രം.

ചെറിയ സംസ്ഥാനങ്ങളിലും മറ്റു കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആകെയുള്ള 20 സീറ്റുകളില്‍ ബിജെപിക്കും സഖ്യ കക്ഷികള്‍ക്കും കൂടി 10 സീറ്റാണ് 2019ല്‍ ലഭിച്ചത്.

ചെറിയ സംസ്ഥാനങ്ങളിലും മറ്റു കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആകെയുള്ള 20 സീറ്റുകളില്‍ ബിജെപിക്കും സഖ്യ കക്ഷികള്‍ക്കും കൂടി 10 സീറ്റാണ് 2019ല്‍ ലഭിച്ചത്. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിലും ബിജെപി മുന്നണിക്ക് സമാനമായ തിരഞ്ഞെടുപ്പ് ഫലമായിരിക്കും ഈ പ്രദേശങ്ങളില്‍നിന്ന് പ്രതീക്ഷിക്കാവുന്നത്.

മേല്‍ സൂചിപ്പിച്ച 2019 തിരെഞ്ഞെടുപ്പ് സ്ഥിതിവിവര കണക്കുകളില്‍നിന്നും നിലവിലെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ നിന്നും വ്യക്തമാകുന്നത് വളരെ അനുകൂലമായ സാഹചര്യം ബിജെപിക്കുണ്ടായാല്‍ പോലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയ മുന്നൂറിനടുത്തുള്ള സീറ്റുകള്‍ പോലും ഇക്കുറി നേടുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഈ രാഷ്ട്രീയ വസ്തുത മറച്ചുവെക്കാനുള്ള ബോധപൂര്‍വമായ പ്രചാരണമാണ് 400 സീറ്റുകള്‍ നേടി അധികാരത്തില്‍ തിരിച്ചുവരുമെന്ന ബിജെപി നേതൃത്വത്തിന്റെ അവകാശവാദം.

കണ്ണൂർ സർവകലാശാല മുൻ പിവിസിയാണ് ലേഖകൻ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ