OPINION

ആലഞ്ചേരി, പാംപ്ലാനി: പിതാക്കന്‍മാരും ഗോള്‍വല്‍ക്കറും

പാംപ്ലാനി പിതാവിന്റെ പ്രസ്താവനയ്ക്കുശേഷം ആലഞ്ചേരിപ്പിതാവിന്റെ വാക്കുകളും കേട്ടുകഴിഞ്ഞപ്പോഴാണ് ഒരിക്കല്‍ കൂടി 'വിചാരധാര'- ഒന്ന് മറിച്ചുനോക്കണമെന്ന തോന്നലുണ്ടായത്

ബോബി തോമസ്

ഇത്തവണ മലയാളികള്‍ക്ക് ഈസ്റ്റര്‍ ദിന സന്ദേശമായി ലഭിച്ചത് ആലഞ്ചേരി പിതാവിന്റെ ഒരു രാഷ്ട്രീയ പ്രസ്താവനയാണ്. യേശുദേവന്റെ കുരിശുമരണത്തില്‍ ദുഃഖിക്കുകയും ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ സന്തോഷിക്കുകയും ചെയ്തുകൊണ്ട് അദ്ദേഹം കാവി രാഷ്ട്രീയത്തോടുള്ള തന്റെ മാനസിക ആഭിമുഖ്യം പ്രകടമാക്കി. മോദി സ്തുതിയും കോണ്‍ഗ്രസ്സ് നിന്ദയും ഉള്‍ക്കൊള്ളുന്ന ഒരു രാഷ്ട്രീയ പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ ആവേശഭരിതരായി. അവര്‍ കൂട്ടത്തോടെ വിവിധ ക്രിസ്തീയ സഭാപിതാക്കന്മാരുടെയും അരമനകളിലേക്കും ക്രിസ്ത്യന്‍ ഭവനങ്ങളിലേക്കും പോയി. അരനമനകള്‍ അവരെ ഷാളണിയിച്ച് സ്വീകരിച്ചു. അങ്ങനെ കേരളത്തില്‍ ഈസ്റ്ററിന് ഒരു കാവി നിറം കൂടി കൈവന്നു.

സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ രാഷ്ട്രീയ പ്രസ്താവനയ്ക്കു മുമ്പേ, തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നടത്തിയ ബിജെപി അനുകൂല പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. മാര്‍ പാംപ്ലാനി ബിജെപിക്കാര്‍ക്ക് ഉണ്ടാക്കിയ ആനന്ദം ചെറുതായിരുന്നില്ല. റബ്ബര്‍ വില 300 രൂപ ആക്കിയാല്‍ ബി ജെ പിക്ക് ഒരു പാര്‍ലമെന്റ് അംഗത്തെ തരാമെന്നായിരുന്നു പാംപ്ലാനിയുടെ വാഗ്ദാനം. എന്നാല്‍ അതേപോലെ മോദിയോടുള്ള ആരാധന പരസ്യമാക്കുന്നതിനു പകരമായി എന്തു തരണമെന്നൊന്നും മാര്‍ ആലഞ്ചേരി പറഞ്ഞില്ല. തനിക്കെതിരായി ഇപ്പോഴുള്ള കേസുകളില്‍ സഹായമുണ്ടാകണമെന്നാണ് അദ്ദേഹത്തിന്റെ മനസ്സിലെ താല്‍പ്പര്യമെന്ന് ചിലര്‍ വിമര്‍ശിച്ചെങ്കിലും തനിക്ക് പകരം എന്തെങ്കിലും വേണമെന്ന് അദ്ദേഹം പറയുകയേ ഉണ്ടായില്ല. നിരുപാധികമായിരുന്നു അദ്ദേഹം പ്രഖ്യാപിച്ച പിന്തുണ.

പിതാക്കന്‍മാരും 'ഗുരുജി'യും

പാംപ്ലാനി പിതാവിന്റെ പ്രസ്താവനയ്ക്കുശേഷം ആലഞ്ചേരിപ്പിതാവിന്റെ വാക്കുകളും കേട്ടു കഴിഞ്ഞപ്പോഴാണ് ഒരിക്കല്‍ കൂടി 'വിചാരധാര' ഒന്ന് മറിച്ചുനോക്കണമെന്ന തോന്നലുണ്ടായത്. ഗോള്‍വല്‍ക്കര്‍ എഴുതിയ 'വിചാരധാര' രാജ്യം ഭരിക്കുന്ന ആര്‍ എസ് എസ്സിന്റെയും ബി ജെ പി യുടെയും ബൈബിളാണ്. പി മാധവന്‍ വിവര്‍ത്തനം ചെയ്തതും കുരുക്ഷേത്ര പ്രകാശന്‍ പ്രസിദ്ധീകരിച്ചതുമായ പുസ്തകത്തിന്റെ അഞ്ചാം പതിപ്പാണ് എന്റെ കൈവശമുള്ളത്. ബൈബിള്‍ മറിച്ചുനോക്കുന്നതുപോലെ ഞാന്‍ അതിന്റെ താളുകള്‍ മറിച്ചു. 229 -ാമത്തെ പേജെത്തിയപ്പോള്‍ അവിടെ നിര്‍ത്തി. അത് ഇരുപതാം അദ്ധ്യായമാണ്. ആന്തരികഭീഷണികള്‍ രണ്ട് എന്നതാണ് അതിന്റെ തലക്കെട്ട്. ബ്രാക്കറ്റില്‍ ക്രിസ്ത്യാനികള്‍ എന്നും നല്‍കിയിട്ടുണ്ട്. ഈ തലക്കെട്ട് സ്വയം സംസാരിക്കുന്നതാണ്.

ഇരുപതാം അദ്ധ്യായം തുടങ്ങുന്നത് ഇങ്ങനെയാണ്, 'ക്രിസ്ത്യാനികളെ സംബന്ധിച്ചാണെങ്കില്‍ ഒരു ബാഹ്യ നിരീക്ഷകന് അവര്‍ തീരെ നിരുപദ്രവകാരികളായി മാത്രമല്ല, മനുഷ്യവര്‍ഗ്ഗത്തോടും മനുഷ്യവര്‍ഗ്ഗത്തോടുള്ള സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും മൂര്‍ത്തിമദ്ഭാവങ്ങളായി പോലും തോന്നും!

രാജ്യം നേരിടുന്ന രണ്ടാമത്തെ ആന്തരിക ഭീഷണിയാണ് ക്രിസ്ത്യാനികള്‍ എന്നതാണ് അതിന്റെ അര്‍ത്ഥം. ആദ്യ ഭീഷണി മുസ്ലീങ്ങളാണ്. മൂന്നാമത്തെ ഭീഷണി മാത്രമാണ് കമ്മ്യൂണിസ്റ്റുകള്‍. ഈ കടുത്ത ഭീഷണികളെ നേരിടാന്‍ ഗുരുജി തന്റെ അനുയായികളോട് ആഹ്വാനം ചെയ്യുകയാണ്. എന്താണ് ഗുരുജിക്ക് പറയാനുള്ളത് എന്നുനോക്കാം. ഇരുപതാം അദ്ധ്യായം തുടങ്ങുന്നത് ഇങ്ങനെയാണ്, 'ക്രിസ്ത്യാനികളെ സംബന്ധിച്ചാണെങ്കില്‍ ഒരു ബാഹ്യ നിരീക്ഷകന് അവര്‍ തീരെ നിരുപദ്രവകാരികളായി മാത്രമല്ല, മനുഷ്യവര്‍ഗ്ഗത്തോടും മനുഷ്യവര്‍ഗ്ഗത്തോടുള്ള സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും മൂര്‍ത്തിമദ്ഭാവങ്ങളായി പോലും തോന്നും! മനുഷ്യവര്‍ഗ്ഗത്തെ ഉദ്ധരിക്കുന്നതിനായി സര്‍വ്വശക്തനാല്‍ പ്രത്യേകം നിയുക്തരായവരാണ് തങ്ങളെന്ന മട്ടില്‍ 'സേവനം' 'മനുഷ്യന്റെ മുക്തി' തുടങ്ങിയ വാക്കുകള്‍ അവരുടെ പ്രഭാഷണങ്ങളില്‍ ധാരാളം കേള്‍ക്കാം. എല്ലായിടത്തും അവര്‍ വിദ്യാലയങ്ങളും അനാഥാലയങ്ങളും നടത്തുന്നു. ശുദ്ധരും നിഷ്‌കളങ്കരുമായ നമ്മുടെ ആളുകള്‍ ഇവ കണ്ടെല്ലാം ഭ്രമിച്ചുപോകുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി കോടിക്കണക്കില്‍ രൂപ ചിലവഴിക്കുന്നതില്‍ ക്രിസ്ത്യാനികളുടെ യഥാര്‍ത്ഥ ഉദ്ദേശ്യമെന്താണ്?'

ഈ ചോദ്യം ഗോൾവൽക്കർ ചോദിച്ചത് ആലഞ്ചേരി, പാംപ്ലാനി പിതാക്കന്‍മാരോടല്ലെങ്കിലും അവരുടെ പൂര്‍വ്വികരായ അക്കാലത്തെ പിതാക്കന്‍മാരോടാണ്. 'അവരുടെ പ്രവര്‍ത്തനങ്ങള്‍ മതവിരുദ്ധമെന്നു മാത്രമല്ല, ദേശീയ വിരുദ്ധവുമാണ്' എന്നും ഗോള്‍വൾക്കര്‍ സംശയരഹിതമായും വ്യക്തമാക്കുന്നുണ്ട്. മതപരിവര്‍ത്തനത്തിനെതിരായ മുന്നറിയിപ്പാണ് അദ്ദേഹം നല്‍കുന്നത്. സംഘപരിവാര്‍ സംഘടനകളെല്ലാം ഈ സ്വപ്‌നങ്ങളെ സാക്ഷാത്കരിക്കുന്നതിനാണ് നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കാറിന് തീയിട്ട് അതില്‍ ഉറങ്ങിക്കിടന്നിരുന്ന ഓസ്‌ട്രേലിയക്കാരനായ ക്രിസ്തീയ പുരോഹിതനും ആദിവാസികളുടെയും കുഷ്ഠരോഗികളുടെയും ഉന്നമനത്തിനു പ്രവര്‍ത്തിച്ചിരുന്ന ആളുമായ ഗ്രഹാം സ്റ്റെയ്ന്‍സ്, മക്കളായ പത്തുവയസ്സുകാരന്‍ ഫിലിപ്പ്, ആറുവയസ്സുകാരന്‍ തിമോത്തി എന്നിവരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ജീവനോട് കത്തിച്ചത് 'ഗുരുജി'യുടെ ആദര്‍ശങ്ങളെ സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു. ഒഡീഷയിലെ ക്വഞ്ചാര്‍ ജില്ലയിലെ മനോഹര്‍പുര്‍ ഗ്രാമത്തിലാണ് ഇത് നടന്നത്. 1999 ല്‍ ഇതു നടക്കുമ്പോള്‍ അന്ന് ഒഡീഷ ബജ്രംഗദള്‍ തലവനായിരുന്ന പ്രതാപ് ചന്ദ്ര സാരംഗി പിന്നീട് മോദി സര്‍ക്കാരിലെ മന്ത്രിയായി. എന്നാല്‍ ബി ജെ പി ഭരണത്തില്‍ ക്രിസ്ത്യന്‍ സമൂഹം സുരക്ഷിതരാണെന്നാണ് മാര്‍ ആലഞ്ചേരി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത്. ഇത്തരം നിരവധി സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടതും അദ്ദേഹം അപ്രസക്തമായി തള്ളിക്കളയുകയാണ് ചെയ്യുന്നത്. വ്യത്യസ്ത ശബ്ദങ്ങള്‍ എന്നാല്‍ മാര്‍ ആലഞ്ചേരിയുടെ പ്രസ്താവന വാര്‍ത്തയായ ഉടനെ തന്നെ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ അതിനോട് വിയോജിച്ചുകൊണ്ട് മാധ്യമങ്ങളോട് പ്രതികരിച്ചു. രാജ്യത്ത് പള്ളികള്‍ ആക്രമിക്കപ്പെടുന്നു, ക്രിസ്ത്യാനികള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളുണ്ടാകുന്നു. എന്നാല്‍ ഇവയെ ബി ജെ പി സര്‍ക്കാര്‍ അപലപിച്ചില്ല. അതിനാല്‍ ഇക്കാര്യത്തിന് അവരുടെ മൗനസമ്മതമുണ്ടോ എന്ന് സംശയിക്കണമെന്നും അദ്ദേഹം പറഞ്ഞു. മതസ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശമാണെന്നും അതിനു വിരുദ്ധമായ കാര്യങ്ങള്‍ നടക്കുന്നതിനെ എതിരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിറോ മലബാര്‍ സഭയില്‍ നിന്നു തന്നെ മാര്‍ ആലഞ്ചേരിയുടെ രാഷ്ട്രീയത്തോട് വിയോജിക്കുന്ന ശബ്ദങ്ങളുണ്ടായി. ആലഞ്ചേരിയുടെ രാഷ്ട്രീയം സഭയുടെ ഔദ്യോഗിക നിലപാടല്ല എന്നു പറഞ്ഞുകൊണ്ട് സഭാ വക്താവു തന്നെ ഫലത്തില്‍ മാര്‍ ആലഞ്ചേരിയെ തള്ളിപ്പറയുന്ന നിലപാടാണ് സ്വീകരിച്ചത്. മാര്‍ത്തോമ്മ സഭയുടെ അദ്ധ്യക്ഷനായ ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലിത്ത ഈസ്റ്റര്‍ ദിനത്തില്‍ നല്‍കിയ സന്ദേശത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന്റെ സൂചനകളാണ് നല്‍കിയത്. ഗുജറാത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വന്നപ്പോള്‍ മോദി വലിയ മതിലുണ്ടാക്കി ചേരികളും ദാരിദ്ര്യവും മറച്ചു വയ്ക്കാനാണ് ശ്രമിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്. ആലഞ്ചേരിയുടെ പ്രസ്താവന വന്ന ദിവസം തന്നെയുണ്ടായ ഈ വാക്കുകളിലെ ധ്വനി വ്യക്തമായിരുന്നു. പല പുരോഹിതരും ബിഷപ്പുമാരും ആലഞ്ചേരിയുടെ രാഷ്ട്രീയത്തില്‍ കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്. മര്‍ത്തോമ്മ സഭയിലെ വൈദികരിലൊരാളായ ജയിംസ് വീരമല ഫേസ്ബുക്കില്‍ ഇങ്ങനെ എഴുതി, 'പിതാവേ, ഒരു സംശയം, ഈ പ്രസ്താവനയുടെ അടിസ്ഥാനമെന്താണ്? നാം പിന്നിട്ട വിശുദ്ധ വാരത്തിനു തൊട്ടു മുമ്പ് മധ്യപ്രദേശിലെ പല സ്ഥലങ്ങളിലും വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി വാര്‍ത്തയുണ്ടായിരുന്നു. മധ്യപ്രദേശ് സംസ്ഥാനത്തെ രൂപതയിലെ ബിഷപ്പ് ചാക്കോ തോട്ടുമാരിക്കല്‍ ഹൈക്കോടതിയെ സമീപിച്ച് വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടതായും കോടതി അത് അനുവദിച്ചതായും കണ്ടു. ബാഗ്ലൂര്‍ രൂപതയുടെ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മക്കാഡോ സുപ്രീംകോടതിയെ സമീപിച്ചതായും വാര്‍ത്തയുണ്ടായിരുന്നു. ഇതൊന്നും അങ്ങേയ്ക്ക് ക്രൈസ്തവര്‍ നേരിടുന്ന അരക്ഷിതാവസ്ഥയുടെ ഉദാഹരണങ്ങളല്ലേ..? സ്റ്റാന്‍ സ്വാമി എന്ന വിശുദ്ധനായ മനുഷ്യനെ പെട്ടന്ന് മറന്നു പോയോ?' ഇങ്ങനെ പല ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നും വിയോജിപ്പുകള്‍ പുറത്തുവന്നു. മാര്‍ പാംപ്ലാനിയുടെയും മാര്‍ ആലഞ്ചേരിയുടെയും രാഷ്ട്രീയം കേരളത്തിലെ ക്രൈസ്തവ സമൂഹം പൊതുവായി പങ്കു വയ്ക്കുന്നതല്ല എന്നതാണ് ഇതിനര്‍ത്ഥം. ഈ പിതാക്കന്മാർ വിചാരിച്ചാല്‍ അവരുടെ സഭകളില്‍ നിന്നും എത്ര വോട്ടുകള്‍ ബി ജെ പിക്ക് പിടിച്ചുകൊടുക്കാനാകും എന്നതും സംശയാസ്പദമാണ്.

രണ്ടു തലങ്ങളിലാണ് ബിജെപിക്ക് കേരളം പിടിച്ചെടുക്കാനുള്ള അജണ്ട പൂര്‍ത്തീകരിക്കേണ്ടത്

കേരളം പിടിക്കാന്‍ മോദിയും പള്ളിയില്‍

ഈസ്റ്റര്‍ ദിനത്തില്‍ തന്നെ പ്രധാനമന്ത്രി മോദിയും കേരളം പിടിക്കാന്‍ ഡല്‍ഹിയിലെ ഒരു പള്ളി സന്ദര്‍ശിച്ചു. ക്രിസ്ത്യാനികളിലേക്ക് ഒരു പാലം പണിയാനുള്ള ശ്രമങ്ങള്‍ പലവിധത്തില്‍ നടന്നെങ്കിലും ഒന്നും ഫലവത്താകാത്തതിനെതുടര്‍ന്നാണ് ഇത്തരമൊരു നടപടി വേണ്ടിവന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായാണ് ഒരു ക്രിസ്ത്യന്‍ പള്ളി സന്ദര്‍ശിക്കുന്നത് എന്നാണ് വാര്‍ത്തയില്‍ കാണുന്നത്. ആര്‍എസ്എസിന്റെ ശാഖയില്‍ ശിക്ഷണം നേടി വളര്‍ന്ന, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ അടിയുറച്ചു വിശ്വസിക്കുന്ന ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തില്‍ ധാരാളം മുസ്ലീങ്ങള്‍ ഉന്‍മൂലനം ചെയ്യപ്പെട്ട വര്‍ഗ്ഗീയ കലാപത്തിനും അതിനുശേഷവുമുള്ള വിവാദങ്ങള്‍ക്കും ശേഷം ഹിന്ദു ഹൃദയസാമ്രാട്ട് എന്നാണ് അദ്ദേഹം അറിയപ്പെട്ടത്. കാക്കി നിക്കറും വെള്ള ഉടുപ്പും എന്ന ആര്‍എസ്എസ് യൂണിഫോം ധരിച്ച മോദിയുടെ ചിത്രം ചിലര്‍ പ്രചരിപ്പിക്കാറുണ്ട്. ഏതെങ്കിലും ക്രിസ്ത്യന്‍ ദേവാലയം സന്ദര്‍ശിക്കേണ്ടി വരുമെന്ന് അദ്ദേഹം ഒരിക്കലും സങ്കല്‍പ്പിച്ചിരുന്നിരിക്കില്ല. എന്നാല്‍ രാഷ്ട്രീയത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ അപ്രതീക്ഷിതമായ പലതും ചെയ്യിപ്പിക്കുന്നു എന്നതാണ് രാഷ്ട്രീയ നേതാക്കള്‍ പലപ്പോഴും നേരിടുന്ന അവസ്ഥാ വിശേഷം.

പ്രത്യയശാസ്ത്ര അടിത്തറ വിപുലപ്പെടുത്തുകയും ഹിന്ദുരാഷ്ട്രത്തിന്റെ സംശയരഹിതരായ പടയാളികളായി കൂടുതല്‍ പേരെ നിര്‍മിച്ചെടുക്കുക എന്നതാണ് ആര്‍എസ്എസിന്റെയും ബിജെപിയുടെയും മുഖ്യവെല്ലുവിളി

എന്തുവിലകൊടുത്തും കേരളം പിടിക്കണം എന്ന നിശ്ചയത്തിന്റെ ഭാഗം കൂടിയായിരുന്നു അത്. രണ്ടു തലങ്ങളിലാണ് ബിജെപിക്ക് കേരളം പിടിച്ചെടുക്കാനുള്ള അജണ്ട പൂര്‍ത്തീകരിക്കേണ്ടത്. ആദ്യത്തേത് പ്രത്യയശാസ്ത്രപരമായി ഹിന്ദുത്വം ഉള്‍ക്കൊള്ളുന്ന ഉറച്ച ഒരു ആശയാടിത്തറ നിര്‍മിച്ചെടുക്കുക. രണ്ടാമത്തേത്, ഈ അടിയുറച്ച അടിത്തറയെ വലയം ചെയ്തു നിൽക്കുന്ന ഒരു സഖ്യകക്ഷിവിഭാഗങ്ങളെ കണ്ടെത്തുക. ആദ്യത്തെ ഹിന്ദുത്വ പ്രത്യയശാസ്ത്ര വ്യാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുമ്പേതന്നെ പി പരമേശ്വരന്റെയും അദ്ദേഹത്തെപ്പോലെയുള്ള സമര്‍പ്പിതരായ കുറെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കേരളത്തില്‍ ക്രമബദ്ധമായി നടന്നതാണ്. ഹിന്ദുത്വത്തിന്റെ ആണിക്കല്ലുകളായി മാറുന്ന കുറേയേരെപ്പേരെ സൃഷ്ടിക്കാനും ഈ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞു. ഇതാണ് ബി ജെ പിയുടെയും പ്രവര്‍ത്തന ഭൂമിക. ഈ പ്രത്യയശാസ്ത്ര അടിത്തറ വിപുലപ്പെടുത്തുകയും ഹിന്ദുരാഷ്ട്രത്തിന്റെ സംശയരഹിതരായ പടയാളികളായി കൂടുതല്‍ പേരെ നിര്‍മിച്ചെടുക്കുകയും ചെയ്യുക എന്നതാണ് ആര്‍എസ്എസിന്റെയും ബിജെപിയുടെയും മുഖ്യവെല്ലുവിളി.

മഹാബലിയെ ആദര്‍ശപുരുഷനാക്കുന്നതില്‍ നിന്നും വാമനന്റെ സംഹാരാത്മകതയെ ആദര്‍ശമാതൃകയാക്കുന്നതിലേക്ക് മാറുന്ന ഒരു പ്രത്യയശാസ്ത്ര പ്രതിക്രിയകൂടിയാണത്. ഹിന്ദുരാഷ്ട്രബോധത്തിലേക്ക് എത്തുന്ന പ്രവര്‍ത്തകരെ ഇത്തരമൊരു പ്രത്യയശാസ്ത്ര ബോധ്യത്തില്‍ ഉറപ്പിച്ചെടുക്കുന്നത് ശാഖകളിലൂടെയും ഹിന്ദുത്വശിക്ഷണ പദ്ധതികളിലൂടെയുമാണ്. എന്നാല്‍ മറ്റ് പല ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തരമൊരു പ്രവര്‍ത്തനങ്ങള്‍കൊണ്ടുമാത്രം തിരഞ്ഞെടുപ്പുവിജയങ്ങളിലേക്കെത്താന്‍ കേരളത്തില്‍ ഹിന്ദുരാഷ്ട്രപ്രസ്ഥാനത്തിന് കഴിയില്ല. ന്യൂനപക്ഷ മതവിഭാഗങ്ങളുടെ ശക്തമായ സാന്നിധ്യമാണ് ഇതിനു കാരണം. അവരില്‍ നിന്നും പുതിയ സഖ്യകക്ഷികളെ കണ്ടെത്തിക്കൊണ്ടു മാത്രമേ അവര്‍ക്ക് ഈ പ്രശ്‌നത്തെ ശരിയായി മറികടക്കാനാകൂ. മുസ്ലീങ്ങളെ സ്വാധീനിക്കാനുള്ള ശ്രമം ഫലവത്തല്ല. മുസ്ലീം ഭൂതകാലത്തെപ്പറ്റിയുള്ള വ്യാജചിന്തകളെ ഹിന്ദുത്വത്തിന്റെ അലകും പിടിയുമാക്കി മാറ്റുന്നവര്‍ക്ക് അവരുമായി സഖ്യമുണ്ടാക്കുക എളുപ്പമല്ല. പിന്നെയുള്ളത് ക്രിസ്ത്യാനികളാണ്. അവരെ വലവീശിപ്പിടിക്കുന്നത് കൂടുതല്‍ എളുപ്പമാണെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. ബിജെപിയുടെ കേരള സ്വപ്‌നങ്ങള്‍ അങ്ങനെ, കേരളം പിടിക്കുക എന്ന ബി ജെ പി യുടെ സ്വപ്‌നം സാക്ഷാത്കാരിക്കാന്‍ ക്രിസ്ത്യാനികളിലൊരു വിഭാഗത്തെ ഒപ്പം ചേര്‍ക്കുക എന്നത് അനിവാര്യതയായി മാറിയിരിക്കുകയാണ്. ഇതിനുവേണ്ടി നടത്തിയ അനേകം പരീക്ഷണങ്ങളില്‍ അവസാനത്തേതാണ് എ കെ ആന്റണിയുടെ മകനെ കാവിവത്ക്കരിച്ചത്. അതിനുമുമ്പും ഒറ്റയ്‌ക്കൊറ്റയ്ക്ക് പലരേയും ഒപ്പം കൂട്ടാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. അതിലൊരാളെ കേന്ദ്രമന്ത്രിയുമാക്കി. എന്നിട്ടും വോട്ട് ശതമാനത്തില്‍ അത് കാര്യമായി പ്രതിഫലിക്കുകയുണ്ടായില്ല.

മുസ്ലീങ്ങളെ സ്വാധീനിക്കാനുള്ള ശ്രമം ഫലവത്തല്ല. മുസ്ലീം ഭൂതകാലത്തെപ്പറ്റിയുള്ള വ്യാജചിന്തകളെ ഹിന്ദുത്വത്തിന്റെ അലകും പിടിയുമാക്കി മാറ്റുന്നവര്‍ക്ക് അവരുമായി സഖ്യമുണ്ടാക്കുക എളുപ്പമല്ല. പിന്നെയുള്ളത് ക്രിസ്ത്യാനികളാണ്. അവരെ വലവീശിപ്പിടിക്കുന്നത് കൂടുതല്‍ എളുപ്പമാണെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്.

ക്രിസ്ത്യന്‍ വിഭാഗത്തിന് ബി ജെ പിയോടുള്ള തൊട്ടുകൂടായ്മ ഇല്ലാതാക്കുന്നതിന് വിപുലമായ പദ്ധതികളാണവര്‍ മനസ്സില്‍ കാണുന്നത്. ഇതിനകം ക്രിസ്ത്യന്‍ വിഭാഗത്തില്‍ ഒരു ചെറു തീവ്രവാദ വിഭാഗത്തെ തങ്ങള്‍ക്കൊപ്പമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ 'ക്രിസംഘികള്‍' എന്നാണ് അവരെ വിശേഷിപ്പിച്ചുകാണാറുള്ളത്. മുസ്ലീങ്ങളോടുള്ള വൈരുദ്ധ്യത്തെ പെരുപ്പിച്ചുകാട്ടിക്കൊണ്ടാണ് ഇവര്‍ നിലനില്‍ക്കുന്നത്. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ നേരിടുന്ന സാമൂഹിക അവശതകള്‍ക്കു കാരണം മുസ്ലീങ്ങള്‍ കൂടുതലായി പലതും കവര്‍ന്നെടുക്കുന്നതാണ് എന്നൊരു വ്യാജ ചിന്ത അവര്‍ അടിത്തട്ടിലൂടെ രഹസ്യമായി പ്രചരിപ്പിച്ചുകൊണ്ടാണ് അവര്‍ തങ്ങളുടെ നില ഉറപ്പിച്ചെടുക്കുന്നത്. ഒരു ചെകിട്ടത്തടിക്കുന്നവന് മറ്റേചെകിടും കാണിച്ചുകൊടുക്കണമെന്നും പഠിപ്പിച്ച യേശുവിന്റെ സ്‌നേഹസന്ദേശത്തെ തിരസ്‌കരിച്ച് അവരെങ്ങനെ വിദ്വേഷത്തിന്റെ ആശയങ്ങള്‍ക്ക് വശംവദരായി എന്ന് സന്ദേഹിക്കുന്നതില്‍ അര്‍ത്ഥമൊന്നുമില്ല. യേശുവിന് ഇവരെപ്പോലെ പള്ളിയും സമ്പത്തും സംരക്ഷിക്കേണ്ട ഭാരിച്ച ഉത്തരവാദിത്തമൊന്നും ഉണ്ടായിരുന്നില്ല. ഈ വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമായാണ് ലൗ ജിഹാദ് വിവാദവും ഉടലെടുത്തത്. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ക്രിസ്ത്യന്‍ പെണ്‍കുട്ടികളെയെല്ലാം അവര്‍ വലവീശിപ്പിടിക്കുന്നു എന്ന പ്രചാരണം ക്രിസ്ത്യാനികളെ വൈകാരികമായി ഇളക്കാന്‍ കൂടുതല്‍ സഹായകമാണെന്ന് അവര്‍ കരുതി. മുസ്ലീം പെണ്‍കുട്ടികളെ ക്രിസ്ത്യന്‍ ചെറുപ്പക്കാര്‍ വിവാഹം ചെയ്തത് ചൂണ്ടിക്കാട്ടി ലൗ കുരിശുയുദ്ധമെന്നൊന്നും ആരും പറഞ്ഞില്ല. പാംപ്ലാനി പിതാവാകട്ടെ ഇത്തവണത്തെ ഈസ്റ്റര്‍ ദിനത്തില്‍ പള്ളികള്‍ക്ക് നല്‍കിയ ഇടയലേഖനത്തിലും പ്രണയക്കെണിയെപ്പറ്റി ഓര്‍മ്മിപ്പിച്ച് ഈ സംഘര്‍ഷത്തെ സക്രിയമാക്കി നിലനിര്‍ത്താനാണ് ശ്രമിച്ചത്. എന്നാല്‍ ഇത്തരം പ്രചാരണ തന്ത്രങ്ങളൊന്നും മഹാഭൂരിപക്ഷം ക്രിസ്ത്യാനികളെയും ഇതുവരെയും സ്വാധീനിക്കുകയുണ്ടായിട്ടില്ല.

ക്രിസ്ത്യാനികളുടെ കാവിവത്കരണം

ആലഞ്ചേരി തുടര്‍ച്ചയായി വിവാദങ്ങളില്‍ അകപ്പെടുന്ന ഒരു മതമേലദ്ധ്യക്ഷനാണ്. ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട വിവാദവും കേസുകളും സഭയെ ധാര്‍മ്മികമായി വളരെയേറെ ക്ഷയിപ്പിക്കുയുണ്ടായി. പ്രഗത്ഭരായ തന്റെ മുന്‍ഗാമികളില്‍ നിന്നും വ്യത്യസ്തമായി ഓരോ ചുവടിലും അദ്ദേഹത്തിന്റെ കാലിടറുന്നതായാണ് കാണാനായത്. ഈ കാലിടര്‍ച്ചയുടെ തുടര്‍ച്ചയായി മാത്രമാണ് ഇപ്പോഴത്തെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസ്താവനയെയും വിശ്വാസികളില്‍ വലിയൊരു വിഭാഗവും കാണുന്നുള്ളു. തങ്ങള്‍ മന്ത്രിസഭയുണ്ടാക്കും, മുഖ്യമന്ത്രിയെ നിയമിക്കും എന്നെല്ലാമുള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രസ്താവന പൊതുവിലെല്ലാവരും വലിയൊരു തമാശയായാണ് പരിഗണിക്കാറുള്ളത്. എങ്കിലും ബിജെപി അവരുടെ അടിത്തറ കൂടുതല്‍ വിപുലമാക്കുന്നുണ്ട്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് പലവിധത്തിലുള്ള പ്രലോഭനങ്ങള്‍ നല്‍കുന്നതിനുള്ള സാധ്യതയുള്ളതാണ്. എന്നാല്‍ കേരളത്തില്‍ എടുത്തുപറയാവുന്ന ഒരു തിരഞ്ഞെടുപ്പ് വിജയത്തിലേക്കെത്താന്‍ ഇപ്പോഴും അവര്‍ക്ക് കഴിയുന്ന സ്ഥിതിയല്ല ഉള്ളത്. ക്രിസ്ത്യാനികളെ ഒപ്പം നിര്‍ത്താനുള്ള അവരുടെ ശ്രമങ്ങളും വേഗത്തില്‍ വിജയം കാണാന്‍ സാധ്യതയില്ല. ബി ജെ പിക്ക് തങ്ങളുടെ ഹിന്ദുരാഷ്ട്ര ലക്ഷ്യത്തെ തല്‍ക്കാലത്തേക്കെങ്കിലും മൂടിവെച്ചുകൊണ്ടല്ലാതെ എങ്ങനെയാണ് തങ്ങളുടെ സൈദ്ധാന്തിക ആചാര്യന്മാർ എതിര്‍ത്ത ഒരു മതവിഭാഗവുമായി സന്ധിചെയ്യാനാകുക? എന്നാല്‍ താത്ക്കാലികമായ ഒത്തുതീര്‍പ്പുകളുടെ രീതി അവര്‍ പലയിടത്തും അവലംബിക്കാറുണ്ട്. അവിടെ പശു ഇറച്ചികൊണ്ടും നടന്നാല്‍ കേസെടുക്കും, അല്ലെങ്കില്‍ വളഞ്ഞിട്ട് തല്ലിക്കൊല്ലും എന്നാലിവിടെ ബീഫ് ആസ്വദിച്ചുകഴിക്കാം എന്ന വിധത്തിലുള്ള ഒത്തുതീര്‍പ്പുകള്‍ അവര്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. മാത്രമല്ല, ചാക്കിട്ടുപിടുത്തം എന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖമുദ്രയായി മാറിയിട്ടുണ്ട്. പണവും അധികാരവും പ്രലോഭനങ്ങളാക്കി നീട്ടി മറ്റുപാര്‍ട്ടികളിലുള്ള ധാരാളം പേരെ അവര്‍ തങ്ങളുടെ പാളയത്തിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ ക്രിസ്ത്യാനികളില്‍ അത് എത്രമാത്രം ഫലവത്തായാണ് നടപ്പാക്കാനാകുക? സംസ്ഥാനത്തെ ബിജെപിയുടെ ഭാവി ഇതിനെ ആശ്രയിച്ചാണിരിക്കുന്നത്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി