OPINION

കപ്പൽ നിറയെ പുസ്തകങ്ങളുമായി ഒരു വിദ്യാർത്ഥി !

ഡോ. വിനില്‍ പോള്‍

ഡോ. ബി ആർ അംബേദ്ക്കറെ കുറിച്ച് ഞാൻ ആദ്യമായി വായിച്ചറിയുന്നത് ഹൈസ്‌കൂളിൽ പഠിക്കുന്ന സമയത്താണ്. പൂപ്പന കൃഷ്ണന്‍കുട്ടി എഴുതിയ ഡോ. അംബേദ്ക്കർ (ജീവചരിത്രം) എന്ന പുസ്തകമായിരുന്നു അന്ന് ഞാൻ വായിച്ചത്. വീട്ടിൽ അപ്പന്റെയും അമ്മയുടെയും വകയായി ചെറിയ ഒരു പുസ്തക ശേഖരമൊക്കെയുണ്ട്. അപ്പൻ ഞങ്ങൾക്ക് വായിക്കാനായി മഹാചരിതമാല മറ്റ് ചില ജീവചരിത്രങ്ങളും ഒക്കെ വാങ്ങി വീട്ടിലെ ശേഖരത്തിൽ വെച്ചിട്ടുണ്ടായിരുന്നു. സ്‌കൂൾ പഠനകാലത്ത് വായിക്കാൻ അമിതതാല്പര്യമില്ലാത്ത ഞാൻ സാധാരാണ ചെറിയ- പേജുകൾ കുറവുള്ള പുസ്തകങ്ങൾ തപ്പിയെടുത്താണ് വായിച്ചിരുന്നത്. വലുപ്പം നന്നേ കുറവായതിനാലാണ് പൂപ്പന കൃഷ്ണൻകുട്ടിയുടെ അംബേദ്ക്കറെ ഞാൻ വായിക്കാനെടുത്തത്. കാര്യമായി ഒന്നും മനസിലായില്ല, എങ്കിലും, വിദേശപഠന കാലയളവിൽ അംബേദ്ക്കർ വായിച്ച പുസ്തകങ്ങൾ മടക്കയാത്രയിൽ ഏതാണ്ട് ഒരു കപ്പൽ നിറയെ പുസ്തകങ്ങളുമായി ഇന്ത്യയിലേക്ക് വരുന്ന വഴി കപ്പൽ മുങ്ങിപ്പോയ ഒരു സംഭവം മാത്രമാണ് ആ കാലത്ത് എന്റ മനസ്സിൽ ഉണ്ടായിരുന്നത്.

ഡിഗ്രി മുതൽ ചരിത്രമാണ് പ്രധാന വിഷയമായി പഠിക്കുന്നതെങ്കിലും വളരെ വൈകിയാണ് ഡോ. ബി ആർ അംബേദ്ക്കറുടെ കൃതികളെ ഞാൻ പരിചയപ്പെടുന്നത്

"പഠന കാലയളവിൽ ഒരാൾ വായിച്ച പുസ്തകങ്ങൾ ഒരു കപ്പൽ നിറയ്കാൻ മാത്രമുണ്ടായിരുന്നല്ലോ, ഹോ എന്തൊരു വായന ആയിരിക്കും അദ്ദേഹം,". ഇങ്ങനെ ഒരു ചിന്തയ്ക്കപ്പുറമായി മറ്റൊന്നും അംബേദ്ക്കറുമായി ബന്ധപ്പെട്ട് എന്റെ മനസ്സിൽ ഇല്ലായിരുന്നു. ഡിഗ്രി മുതൽ ചരിത്രമാണ് പ്രധാന വിഷയമായി പഠിക്കുന്നതെങ്കിലും വളരെ വൈകിയാണ് ഡോ. ബി ആർ അംബേദ്ക്കറുടെ കൃതികളെ ഞാൻ പരിചയപ്പെടുന്നത്. ഒരു ചരിത്ര വിദ്യാർത്ഥിയെന്ന നിലയിൽ അതൊരു അപമാനവും കൂടിയാണ്, അത് ഞാൻ പൂർണ്ണമായും സമ്മതിക്കുന്നു.

ബിരുദ-ബിരുദാനന്തര, എം.ഫിൽ തുടങ്ങിയ പഠന -ഗവേഷണ കാലങ്ങളിൽ ഒന്നും തന്നെ കാര്യമായി രീതിയിൽ അംബേദ്ക്കറുടെ പുസ്തകങ്ങളെ വായിക്കാൻ ശ്രമിച്ചിട്ടില്ല. എംഎ പഠനകാലയളവിൽ വ്യത്യസ്ത പേപ്പറുകൾ പഠിക്കാൻ ഉണ്ടെങ്കിലും ബ്രിട്ടീഷ് കൊളോണിയൽ കാലത്തെ മാറ്റങ്ങളെ വിമർശനപരമായി വിശകലനം ചെയ്യുന്ന പേപ്പറുകളാണ് എനിക്ക് ഏറ്റവും ആകർഷണമായി തോന്നിയത്. ഈ കാരണത്താൽ ക്രമേണ ആ മേഖലയിൽ വായനകൂടി വന്നു. സാമ്പത്തിക ചരിത്രം കൂടുതലായി പഠിക്കണമെന്നായിരുന്നു അന്നത്തെ ആഗ്രഹം. ബ്രിട്ടീഷ് ഭരണകാലത്തെ സാമ്പത്തിക ചരിത്രത്തെ ഗൗരവമായി സമീപിച്ച ബിപൻ ചന്ദ്ര, തീർത്ഥങ്കർ റോയ്, ഇർഫാൻ ഹബീബ് തുടങ്ങിയവരുടെ സാമ്പത്തിക ചരിത്ര രചനകൾ പഠിക്കാൻ ഉണ്ടായിരുന്നതിനാൽ സ്വാഭാവികമായും അവരെ വായിക്കാൻ ശ്രമിച്ചു.

ആധുനിക ചരിത്രമെന്നത് ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനങ്ങളുടെ ചരിത്രമാണെന്നും അധിനിവേശ കാലമെന്നാൽ സാമ്പത്തിക ചൂഷണത്തിന്റെ ചരിത്രം പറയുന്ന കാലഘട്ടം മാത്രമായിരുന്നു എന്നുമാണ് ഞാൻ കരുതിയിരുന്നത്. കൊളോണിയൽ ഇക്കോണമിയുമായി ബന്ധപ്പട്ട ചർച്ചകൾ മാത്രമാണ് ചരിത്ര രചനകളിലൂടെ പൊതുസമൂഹത്തിൽ എത്തേണ്ടതെന്നും അവയ്ക്കപ്പുറമായുള്ള ചരിത്ര രചനകൾ മൗലികമായി ഒരു സംഭാവനയും ചെയ്യുന്നില്ല എന്നുമായിരുന്നു എന്റ വിശ്വാസം. അതായത് ചരിത്രമെന്നത് ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങൾ മാത്രമാണെന്നും സാമ്പത്തിക/ ഭൗതിക അളവുകോലുകളാൽ അളക്കാൻ സാധിക്കുന്ന അനുഭവങ്ങളാണ് പുരാരേഖകളിൽ നിന്നും കണ്ടെടുക്കേണ്ടതെന്നുമാണ് ഞാൻ കരുതിയിരുന്നത്.

ഇത്തരം വികാരങ്ങളുണ്ടായ അതേ സ്ഥാപനത്തിൽ, എം ജി സർവകലാശാലയിലെ സ്‌കൂൾ ഓഫ് സോഷ്യൽ സയൻസിൽ എംഫിൽ പഠന കാലയളവിൽ പ്രൊഫ. പി സനൽ മോഹന്റെ രണ്ട് പ്രൊജെക്ടുകളിൽ സഹായിയായി ഞാൻ പണിയെടുത്തിരുന്നു. ഈ കാലയളവിൽ കാര്യങ്ങൾ മാറി തുടങ്ങി, ചരിത്രത്തെ കുറിച്ചും ചരിത്ര രചനകളെ കുറിച്ചുമുള്ള കാഴ്ചപ്പാടുകൾ മാറിത്തുടങ്ങി. ഇതിനിടയിൽ എംഫിൽ കോഴ്സ്, സനൽ മാഷിന്റെ ഒപ്പമുള്ള പ്രൊജക്റ്റ് തുടങ്ങിയവ പൂർത്തിയാവുകയും പിന്നീട് പിഎച്ച്ഡി ചെയ്യാമെന്നും വിചാരിച്ചു. അങ്ങനെ എം ജിയിൽ സനൽ മാഷിന്റെ ഒപ്പം പിഎച്ച്ഡി ചെയ്യാൻ പദ്ധതിയിട്ടു എന്നാൽ പിന്നീട് ജെഎൻയുവിൽ അഡ്മിഷൻ കിട്ടിയപ്പോൾ അവിടേയ്ക്ക് മാറുകയുണ്ടായി. ആദ്യം യുയോമയം എന്ന ഒരു കൾട്ടിനെ കുറിച്ച് ഗവേഷണം ചെയ്യാമെന്ന് തീരുമാനിച്ചെങ്കിലും അത് വേണ്ടെന്ന് വെയ്ക്കുകയും കേരളത്തിലെ അടിമത്തവും അതിനെതിരായി ബ്രിട്ടീഷ് കാലത്ത് വന്ന നിയമങ്ങളെയും കുറിച്ച് പഠിക്കാൻ തീരുമാനിച്ചു.

ഇന്ത്യയുടെ സാഹചര്യത്തിൽ അടിമത്ത സംജ്ഞയെ സംബന്ധിച്ചു സാമൂഹിക ശാസ്ത്രജ്ഞർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. ആഫ്രിക്കയുടെയും അമേരിക്കയുടെയും ചരിത്രത്തിൽ കാണുന്നരീതിയിലുള്ള അടിമത്ത അനുഭവം ഇന്ത്യയിൽ ഇല്ലായിരുന്നു എന്നതാണ് ഈ കൂട്ടരുടെ മുഖ്യ വാദം. ഇത്തരം ഒരു ചർച്ച അക്കാദമിക സമൂഹത്തിനിടയിൽ രൂപപ്പെടുന്നതിന് മുൻപേ അംബേദ്ക്കർ അടിമത്തവുമായി ബന്ധപ്പെട്ട ചില നിരീക്ഷണങ്ങൾ മുൻപോട്ടു വെയ്ക്കുകയുണ്ടായി. അദ്ദേഹത്തിന്റെ വിശകലനങ്ങൾ ഒരു ഗവേഷക വിദ്യാർത്ഥിയെന്ന നിലയിൽ എനിക്ക് ചില ഉൾക്കാഴ്ചകൾ നൽകുകയുണ്ടായി. [അടിമത്തം, അയിത്തം, ജാതി വിവേചനം തുടങ്ങിയവ കൊളോണിയൽ ഇറക്കുമതിയാണെന്നുള്ള വാദം സമകാലിക സംഘപരിവാർ സംഘങ്ങൾ പറയുന്നതിന് മുൻപേ ചില സാമ്പ്രദായിക ചരിത്രകാരന്മാർ പറഞ്ഞു തുടങ്ങിയിരുന്നു]. എന്തായാലും ഈ ഒരു ചോദ്യത്തെ, പ്രത്യേകിച്ച് അടിമത്തം എന്ന സാമൂഹിക അനുഭവത്തിന് നേർക്ക് വരുന്ന വസ്തുത വിരുദ്ധമായ ചോദ്യത്തിന് അംബേദ്ക്കർ നൽകിയ മറുപടിയാണ് ഒരു ചരിത്ര ഗവേഷക വിദ്യാർത്ഥിയെന്ന നിലയിൽ എനിക്ക് ചില ധൈര്യം നൽകിയത്.

അംബേദ്ക്കർ പറയുന്നത് ഇങ്ങനെയാണ്, ''അടിമത്തം ഇന്ത്യയിൽ ഇല്ലായിരുന്നെന്നും അടിമത്തത്തെ ഹിന്ദുക്കൾ അംഗീകരിച്ചിരുന്നില്ല എന്ന വാദം വസ്തുതകൾക്ക് നിരക്കാത്തതാണ്. ഹൈന്ദവ നിയമദാതാവായ മനു ഈ സമ്പ്രദായത്തിനെ അംഗീകരിച്ചിരുന്നു. മനുവിനെ പിന്തുടർന്ന മറ്റ് സ്‌മൃതികാരന്മാർ പിന്നീട് അത് വിശദമാക്കുകയും ക്രമീകരിക്കുകയും ചെയിതു. 1843-ൽ ബ്രിട്ടീഷുകാർ നിയമംമൂലം നിരോധിക്കുന്നതുവരെ അത് [അടിമത്തം] തുടരുകയും ചെയിതു.'' ഈ വാക്കുകൾ അടിമത്തത്തിൽ ഗവേഷണം ചെയ്യുന്ന വിദ്യാർത്ഥിയെന്ന നിലയിൽ എനിക്ക് വലിയ ധൈര്യം നൽകുകയുണ്ടായി.

അതേപോലെ കേരളത്തിലെ ഒരുവിഭാഗം ക്രിസ്തുമത വിശ്വാസികളുടെ കപട ചരിത്ര രചനയെ മറികടക്കുന്നതിന് അംബേദ്ക്കറുടെ പഠനങ്ങൾ സഹായകരമായിട്ടുണ്ട്. സെന്റ് തോമസ് മിത്ത്, നമ്പൂതിരി മിത്ത് തുടങ്ങിയവ പ്രചരിപ്പിക്കുന്ന കേരളത്തിലെ ക്രിസ്ത്യാനികളുടെ വാദത്തിന് യാതൊരു തെളിവുമില്ലെന്ന് അംബേദ്ക്കർ പറഞ്ഞിട്ടുണ്ട്. '' ഒന്നാം നൂറ്റാണ്ടിൽ തോമസ് അപ്പോസ്തലൻ കേരളത്തിൽ വന്നിട്ടില്ലെന്നും രണ്ടാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യൻ തീരദേശ വാസികൾ, സിലോണിലെ മുത്തുച്ചിപ്പി വാരുന്നവർ, മലബാറിൽ കൃഷിക്കാർ എന്നിവരുടെ ഇടയിൽ ക്രിസ്തുമതം പ്രചരിപ്പിച്ചിരുന്നതിന് തെളിവുകൾ ലഭ്യമാണെന്ന് അംബേദ്ക്കർ പറയുന്നു. അതായത് ചരിത്ര ഗവേഷണ രംഗത്തെ ചില വിഷമഘട്ടങ്ങളിൽ അദ്ദേഹത്തിന്റെ പഠനങ്ങൾ വലിയ വെളിച്ചമാണ് ഞാൻ ഉൾപ്പെടെയുള്ള ഗവേഷകർക്ക് നൽകുന്നത്. അതേപോലെ എഴുതുന്നതിനെല്ലാം വളരെ കൃത്യതയോടെ റെഫെറൻസ് കൊടുക്കുന്ന അംബേദ്ക്കറുടെ രചനാ രീതിയും റിസേർച് എത്തിക്‌സും എല്ലാവരെയുംപോലെ എന്നെയും സ്വാധീനിച്ചിട്ടുണ്ട്.

ചരിത്ര രചനാശാസ്ത്രത്തിനെ (Historiography) ചുറ്റിപ്പറ്റിയാണ് ചരിത്രകാരന്മാർ ത്വതീകമായ വിശകലനങ്ങൾ നടത്തുന്നത്. എന്നാൽ ഈ ഒരു സാഹചര്യത്തിൽ നോക്കുമ്പോൾ ചരിത്ര രചനാശാസ്ത്രപരമായ അർത്ഥത്തിൽ അംബേദ്ക്കറെയും അദ്ദേഹത്തിന്റെ കൃതികളെയും ആരും തന്നെ പരിഗണിച്ചിരുന്നില്ല. എന്നാൽ സമീപ കാലത്ത് തെക്കേ ഏഷ്യയുടെ പഠന വ്യവഹാരങ്ങളിൽ ഉയർന്നു വന്ന ദലിത് പഠനങ്ങൾ എന്ന കൂട്ടായ്മ്മ അംബേദ്ക്കറുടെ ആശയപ്രപഞ്ചം നൽകുന്ന ഉൾക്കാഴ്ചകളെ സ്വീകരിച്ചുകൊണ്ട് സമൂഹത്തെ വിശകലനം ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് നമുക്ക് ഏവർക്കും അറിവുള്ളതാണല്ലോ. അംബേദ്ക്കറുടെ ആശയങ്ങളുടെ പിൻബലത്താൽ ഇത്തരം ഒരു പഠന മാതൃക കേരളത്തിൽ സജീവമായി ഉയർന്നു വരണമെന്നാണ് ഒരു ചരിത്ര വിദ്യാർത്ഥിയെന്ന നിലയിലുള്ള എന്റ ആഗ്രഹം. എങ്കിൽ മാത്രമേ കേരളാ ചരിത്രരചനകൾ ജനാധിപത്യത്തിലേക്ക് പ്രവേശിക്കൂ.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും