രാമചന്ദ്രന്‍ മൊകേരി 
OPINION

'തെരുവ് തെണ്ടിക്കൂത്ത് നിശ്ചലമായപ്പോള്‍'

കേരളത്തില്‍, വലിയ പൊളിറ്റിക്കല്‍ തിയ്യറ്റര്‍ സംഘാടനത്തിന്റെ മുന്നണിപ്പോരാളിയായി മാറേണ്ട രാമചന്ദ്രന്‍ മൊകേരി എന്ന നാടക ജീനിയസ്സിനെ, ഇടത് സാംസ്‌കാരിക സംഘടനകള്‍ വേണ്ടവിധം ഉപയോഗിച്ചില്ല

ചാക്കോ ഡി അന്തികാട്

ആരായിരുന്നു രാമചന്ദ്രന്‍ മൊകേരിയെന്ന് ജനകീയ സാംസ്‌ക്കാരിക വേദിയുടെ ഓര്‍മ്മകള്‍ സൂക്ഷിക്കുന്നവരോട് ചോദിക്കേണ്ടതില്ല...അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള കേരളത്തിലെ ജനകീയ നാടക സംരംഭത്തിലെ മുഖ്യ തേരാളിയായിരുന്നു ഡോ.രാമചന്ദ്രന്‍ മൊകേരി എന്ന രാഷ്ട്രീയ നാടക ആചാര്യന്‍. ഫാസിസത്തെ നേരിടാന്‍ നാടകത്തെ ആയുധമാക്കിയ നാടക അഭിനയ പ്രതിഭ, അധ്യാപകന്‍, സംവിധായകന്‍.1980കളില്‍ 'മാക്‌ബെത്ത്' എന്ന ഷേയ്ക്സ്പീരിയന്‍ നാടകത്തെ സോളോയാക്കി, കേരളത്തില്‍ അങ്ങോളമിങ്ങോളം മാഷ് അവതരിപ്പിച്ചു. ഹിറ്റ്‌ലരുടെ 'നാസി സ്വസ്തിക് ചിഹ്നം' തൂക്കിയിട്ട്, സമകാലിക ഇന്ത്യയുടെ ഭീകരാവസ്ഥയും ഇഴചേര്‍ത്തായിരുന്നു, ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആ രാഷ്ട്രീയ സോളോ നാടക പ്രയോഗം. ലേഡി മാക്‌ബെത്, ഒരു സ്ത്രീ ശബ്ദത്തിലൂടെ നിറഞ്ഞു നില്‍ക്കും. സ്റ്റേജില്‍ രാമചന്ദ്രന്‍ മൊകേരിയെന്ന തിയറ്റര്‍ ആക്റ്റിവിസ്റ്റ് നിറഞ്ഞാടും.

തൃശൂര്‍ സി.എം.എസ്. സ്‌കൂളിലാണ് 1983-84 (കൊല്ലം കൃത്യമല്ല)ല്‍ ഞാന്‍ ഈ സോളോ കാണുന്നത്… അന്നേ ഈ നടനെ- സംവിധായകനെ, രാഷ്ട്രീയ പ്രവര്‍ത്തകനെ, മനസ്സില്‍ കുടിയിരുത്തി.അന്ന്, വാടാനപ്പിള്ളി കേന്ദ്രീകരിച്ചുള്ള, അഡ്വ.പ്രേപ്രസാദിന്റെ നേതൃത്വത്തിലുള്ള, 'തിയറ്റര്‍ ഗാതറിങ്ങ്' സജീവമായിരുന്നു. കോഴിക്കോടും തൃശ്ശൂരും, ജോയ് മാത്യുവും സജീവമായിരുന്നു… (മാഷുടെ പ്രചോദനം ഉള്‍കൊണ്ട രണ്ട് നാടകപ്രവര്‍ത്തകര്‍) 1987ല്‍ നായനാര്‍ മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്ന മൊകേരി മാഷ്, അരണാട്ടുകര സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിയമിതനായി!

അന്നു മുതല്‍ ഞങ്ങള്‍, നവീന ക്രിയാത്മക, ഇടതുസ്വപ്നങ്ങളുള്ള, നാടകപ്രവര്‍ത്തകര്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു. പൊളിറ്റിക്കല്‍ തിയറ്ററിന്റെ മുന്നണിപ്പോരാളിയായിരുന്ന, ജനകീയ സാംസ്‌കാരിക വേദിയിലെ, അമ്മ, പടയണി, സ്പാര്‍ട്ടക്കസ്, തുടങ്ങിയ നാടകങ്ങളുടെ അരങ്ങിലും, അണിയറയിലും പ്രവര്‍ത്തിച്ച ഒരാള്‍, നാടക സ്‌കൂളിന്റെ തലപ്പത്തു വരുമ്പോള്‍, വിപ്ലവ നാടക മുന്നേറ്റത്തിന്, ഗ്രാമങ്ങളിലും, മുതല്‍ക്കൂട്ടാവുമല്ലോ! അതു തന്നെ സംഭവിച്ചു. മാഷ്, സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചെയ്ത, 'ഗലീലിയോ'(ബ്രെഹ്റ്റ്), 'അരാജകവാദിയുടെ അപകട മരണം'(ദാരിയോ ഫോ) ഒക്കെ, ഒരു സംവിധായകന്റെ മാത്രം സംഭാവനയല്ല! മാഷുടെ മേല്‍നോട്ടത്തില്‍, അനേകം സംവിധായകര്‍, വിവിധ രംഗങ്ങള്‍ ഏറ്റെടുത്തു ഡിസൈന്‍ ചെയ്യുന്ന രീതി! എന്നാല്‍ ആദിമദ്യാന്തം ഒരു കലാപരമായ, സെറ്റ് & ഡിസൈനിലുള്ള, പൊരുത്തവും, കുരുത്തവും, കരുത്തും, നിലനില്‍ക്കുകയും ചെയ്യും! അത് മാഷുടെ മാത്രം ദീര്‍ഘദൃഷ്ടിയാണ്. (First -Decentralise & Then-Centralise)…കൂടുതല്‍ ജനാധിപത്യപരമായി തിയറ്ററിനെ ഉടച്ചു വാര്‍ക്കണം…എന്ന ലക്ഷ്യം!

വെറും അടിമപ്പണി ചെയ്യുന്ന അഭിനേതാക്കളെ, 'വരിയുടക്കപ്പെട്ടവര്‍'- എന്നാണ് മാഷ് കളിയാക്കിയിരുന്നത്. എടുക്കുന്ന നാടകത്തിന്റെ പൊളിറ്റിക്‌സ് ചര്‍ച്ചചെയ്യാന്‍ തയ്യാറെടുക്കാത്ത, എല്ലാം കഴുതകളെപ്പോലെ അനുസരിക്കുന്ന, ആര്‍ട്ടിസ്റ്റുകള്‍ക്ക് പറഞ്ഞ പണിയല്ല, ചോദ്യം ചെയ്യുന്ന മാധ്യമമായ, നാടകം - എന്ന്, പല കള്ളു ചര്‍ച്ചയിലും മാഷ് ആവര്‍ത്തിക്കാറുണ്ട്. മുത്തങ്ങയിലെ പോലിസ് നരവേട്ടയും, വടക്കേ ഇന്ത്യയിലെ വര്‍ഗ്ഗീയ കൊലപാതകങ്ങളും, സാമ്രാജ്യത്വത്തിന്റെ യുദ്ധവെറിയും തുറന്ന സംവാദത്തിലൂടെ, തെരുവ് നാടകത്തിലൂടെ പ്രയോഗിച്ചത്, തൃശ്ശൂര്‍ നഗരം-റൗണ്ട് മുഴുവന്‍ ഉപയോഗിച്ചായിരുന്നു. (റിട്ടയര്‍മെന്റിന് ശേഷവും, ഒരു 'ഇറ്റഫോക്ക്-തെരുവ് നാടക വര്‍ഷവും', മാഷ്, കൂടുതല്‍ വിപുലമായി, ഇത്, തൃശ്ശൂര്‍ തെരുവുകളില്‍ പ്രയോഗിച്ചു.)

സ്വയം വലിക്കുന്ന ഒരു ഉന്തുവണ്ടിയില്‍, ശരിക്കുള്ള പച്ചമാംസം പ്രദര്‍ശിപ്പിച്ചുള്ള ആ നാടകം.മനുഷ്യരെ പച്ചയ്ക്ക് തിന്നുന്ന കിരാത ഫാസ്സിസ്റ്റ് ഭരണകൂട രീതിയെ ഇങ്ങനെയല്ലാതെ പിന്നെ എങ്ങനെ ചിത്രീകരിക്കും?'

സ്വയം വലിക്കുന്ന ഒരു ഉന്തുവണ്ടിയില്‍, ശരിക്കുള്ള പച്ചമാംസം പ്രദര്‍ശിപ്പിച്ചുള്ള ആ നാടകം, ('തിന്നടാ...ഈ പച്ചയിറച്ചി' എന്ന് വിളിച്ചു കൂവിയിരുന്നു...) പോലീസ് ആദ്യാവതരണം തടഞ്ഞു. അറസ്റ്റ് നടന്നു...കേസ്സായി. പരസ്യമായി പച്ചയിറച്ചി അങ്ങനെ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലത്രേ! 'മനുഷ്യരെ പച്ചയ്ക്ക് തിന്നുന്ന കിരാത ഫാസ്സിസ്റ്റ് ഭരണകൂട രീതിയെ ഇങ്ങനെയല്ലാതെ പിന്നെ എങ്ങനെ ചിത്രീകരിക്കും?'-ചേര്‍പ്പ് നാട്ടരങ്ങില്‍ നടന്ന, തുറന്ന സംവാദത്തില്‍ മാഷ് പ്രഖ്യാപിച്ചതാണ്. സ്‌കൂള്‍ ഓഫ് ഡ്രാമ ഡയറക്ടര്‍ വയലാ വാസുദേവന്‍പിള്ളയും, മറ്റും ഇടപെട്ട്, ആ കേസ് ഒരേയൊരു ലോജിക്കിലൂടെ തീര്‍പ്പാക്കി.അതായത്, സ്‌കൂള്‍ ഓഫ് ഡ്രാമയാവുമ്പോള്‍ തിയറ്റര്‍ എക്‌സ്‌പെരിമെന്റിന്റെ ഭാഗമായി, ഇത്തരം തെരുവ് പ്രയോഗങ്ങള്‍ വേണ്ടിവരുമല്ലോ...എല്ലാം പഠനത്തിന്റെ ഭാഗമാണല്ലോ!... കോടതിക്ക് അതങ്ങ് ബോധിച്ചു!

നാട്ടരങ്ങില്‍ 'അരാജകവാദിയുടെ അപകടമരണം', 1996-97 കാലയളവില്‍, മാഷ് സംവിധാനം ചെയ്തിരുന്നു. അതിനുമുന്‍പ്, ചിറ്റൂരുള്ള രവിശങ്കറിന്റെ രചന-'മൃതഭാരതം'-നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ കഴിഞ്ഞുവന്ന, കെ. കെ. രാജന്‍, ചേര്‍പ്പ് നാട്ടരങ്ങിനു വേണ്ടി സംവിധാനം ചെയ്തപ്പോള്‍, മാഷ് അഭിനയിച്ചിരുന്നു(വ്യാസന്റെ-ഗുരുവിന്റെ വേഷം). അതിനു ശേഷമാണ് മാഷുടെ തീവ്രമായ കമ്മ്യൂണിസ്റ്റ് ആശയത്തിന്റെ പ്രകാശനം എന്ന നിലയ്ക്ക്, ഇറ്റാലിയന്‍ ആക്ഷേപഹാസ്യ രാഷ്ട്രീയ നാടക പ്രതിഭ, ദാരിയോ ഫോയുടെ 'അരാജകവാദിയുടെ അപകട മരണം' ചേര്‍പ്പില്‍ ചെയ്യുന്നത്! ഒരിക്കലും, ടെക്‌നിക്കല്‍ എഫക്റ്റില്‍ അഭിനേതാക്കള്‍ മുങ്ങിപ്പോകുന്ന ഒരു ഡിസൈന്‍ മാഷ് അടിച്ചേല്‍പ്പിക്കാറില്ല. ആര്‍ട്ടിസ്റ്റുകളുമായുള്ള നിരന്തര രാഷ്ട്രീയ സംവാദം നടത്തി, കഥാപാത്രത്തിന്റെ സ്ഥലകാല ബോധം ഡെവലപ്പ് ചെയ്യുന്ന രീതിയാണ് മാഷുടേത്. അതില്‍ തര്‍ക്കങ്ങള്‍, കൂട്ടായ ഇടപെടല്‍, ജന്‍ഡര്‍ വ്യത്യാസമില്ലാതെ, എല്ലാവരെയും തുല്ല്യരായി കാണുന്ന രീതി ഒക്കെയുണ്ട്. ബ്രെഹ്റ്റിന്റെ 'എപിക് തീയറ്റര്‍', അല്ലെങ്കില്‍ അഗസ്റ്റോ ബോളിന്റെ 'മര്‍ദ്ദിതരുടെ നാടകവേദി' - അതായിരുന്നു മാഷുടെ പൊതുതാല്‍പ്പര്യം! അതില്‍ കച്ചവടയുക്തിയ്ക്ക് ഒട്ടും ഇടമില്ല! എന്നാല്‍ കുറേ കഴിയുമ്പോള്‍, വലിയ സംഘാടന ദൗത്യത്തില്‍ നിന്ന് മാഷ് പിന്‍വാങ്ങുന്ന കാഴ്ച്ചയാണ് കണ്ടത്. ജോണ്‍ അബ്രഹാമിന്റെ 'അമ്മ അറിയാന്‍' ജനകീയ ഫിലിംമൂവ്‌മെന്റില്‍ സഹകരിക്കുന്ന മാഷ്, ('ഫ്രീ...ഫ്രീ...നെല്‍സന്‍ മണ്ടേല!'- ഗ്രൂപ്പ് ആക്റ്റീവിറ്റി സീന്‍@സ്‌കൂള്‍ ഓഫ് ഡ്രാമ) ജനകീയ സാംസ്‌കാരിക വേദിയുടെയോ, ഓഡേസ്സയുടെയോ, തുടര്‍ച്ചക്കായി 2000 ത്തിനു ശേഷം ശ്രമിച്ചു കാണുന്നില്ല

രാമചന്ദ്രന്‍ മൊകേരി

ഞാനുമായുള്ള പല സംവാദങ്ങളിലും, ആ 'റൊമാന്റിക് വിപ്ലവ സ്വപ്നങ്ങള്‍' തിരിച്ചുപിടിക്കണ്ടേ?- എന്ന ചോദ്യത്തിന്, ഒരു വിശാല പുഞ്ചിരിയോടെ മാഷ് പറയും: 'എല്ലാം 'ഫ്രാഗ് മെന്റേഷന്‍' തിയറിക്ക് വിധേയം! ചിന്നഭിന്നവിജ്ഞാന നിയമം ആണ് ഭരിക്കുന്നത്! വലിയ സംഘാടനങ്ങള്‍ക്ക് - റെജിമെന്റേഷന്‍ തിയറിക്ക് വലിയ സാധ്യതയില്ല! എനിക്ക് സമയവും, ഊര്‍ജ്ജവുമില്ല! (ഓഷോ പറഞ്ഞ അതേ ലോജിക്ക്?-No Mass Revolutions...Only Group Rebellions are Possible). പിന്നീട്, ആദ്യകാലത്തെ തന്റെ 'ഒറ്റയാള്‍ നാടക ഗറില്ല' രീതിയിലേയ്ക്ക് മാഷിന്റെ ചുവടുമാറ്റം കാണാം. 'തെണ്ടിക്കുത്ത്' എന്ന, ഒരു സുരാസിയന്‍ 'സൂരായണം'- അഭിനയ രീതിയുടെ തുടര്‍ച്ച സംഭവിച്ചു. ഒരു ഗിറ്റാറുമായി തെരുവിലെത്തുന്ന മാഷ്‌ക്കൊപ്പം, ഭാര്യയും അനുഗമിക്കും. കാണികളെ പതുക്കെ ചോദ്യങ്ങള്‍ ചെയ്തു ഉള്‍പ്പെടുത്തി, നാടകത്തിന്റെ ഭാഗമാക്കി മാറ്റുന്ന രീതി! അപ്പോള്‍ സംഭവിക്കുന്ന മനോധര്‍മ്മം(ഭാഷയിലും ചലനത്തിലും) ചിലപ്പോള്‍ നെഗറ്റീവ്…അല്ലെങ്കില്‍ പോസിറ്റീവ് എന്‍ഡിങ്… എന്തും സംഭവിക്കാം…?

നമ്മള്‍ മിഡില്‍ക്ലാസ് ബോധമുള്ളവര്‍, മൂന്നാംലോക തെണ്ടികളാണെന്ന് മാഷ് പലതവണ പറഞ്ഞിട്ടുണ്ട്

ചാപ്ലിന്റെ 'തെണ്ടി' ഇമേജില്‍ വരുന്ന, മാഷുടെ മേക്കപ്പ് & ഡ്രസ്സ് സ്‌റ്റൈല്‍, പക്കാ തെണ്ടിയുടെ തന്നെ!നമ്മള്‍ മിഡില്‍ക്ലാസ് ബോധമുള്ളവര്‍, മൂന്നാംലോക തെണ്ടികളാണ്!...എന്ന് മാഷ് പലതവണ പറഞ്ഞിട്ടുണ്ട്. ഉപഭോഗ സംസ്‌കാരത്തിന്റെ ഇരകള്‍! കപടമാന്യത, കുലമഹിമ ആക്കാന്‍ മത്സരിക്കുന്നവര്‍!ചേര്‍പ്പ് നാട്ടരങ്ങില്‍ 1998-99 കാലഘട്ടത്തില്‍ മരിയോ ഫ്രറ്റിയുടെ 'ചെഗുവേര' വിവര്‍ത്തനം ചെയ്ത മൊകേരി, കുറേ ഭാഗങ്ങള്‍ ചേര്‍പ്പില്‍ ചെയ്തെങ്കിലും, ലാലൂരുള്ള സാധാരണ തൊഴിലാളികളെ വെച്ച്, ബ്രെഹ്റ്റിയന്‍ രീതിയില്‍(പ്രോജക്ടറും,സ്ലൈടും ഉപയോഗിച്ച രീതി) ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു.

(ഈ സ്‌ക്രിപ്റ്റ് സുവീരന്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും, നടന്നില്ല)

മാഷ്, സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ഉള്ള കാലം, 'എല്ലാ അര്‍ത്ഥത്തി'ലും കുട്ടികള്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു… എന്ന് ആലങ്കാരികമായി പറയാം…ഒരു അനാര്‍ക്കിസ്റ്റ് 'ബോഹീമിയന്‍ സ്‌റ്റൈല്‍' മാഷ് നിലനിര്‍ത്തിയിരുന്നു…സാംകുട്ടി പട്ടംകരി, ജോളി ചിറയത്ത്, ഉണ്ണി സത്താര്‍ എന്നിവരെ ഡ്രാമ സ്‌കൂളില്‍ ചേര്‍ന്നു പഠിക്കാന്‍ മാഷ് പ്രേരിപ്പിച്ചെങ്കിലും, സാംകുട്ടി മാത്രം ചേര്‍ന്ന് പഠിച്ചു മുന്നേറി… തന്റെ നാടക പ്രതിഭ, അക്കാദമിക്കായി തെളിയിച്ചു.

കേരളത്തില്‍, വലിയ പൊളിറ്റിക്കല്‍ തിയ്യറ്റര്‍ സംഘാടനത്തിന്റെ മുന്നണിപ്പോരാളിയായി മാറേണ്ട രാമചന്ദ്രന്‍ മൊകേരി എന്ന നാടക ജീനിയസ്സിനെ, ഇടത് സാംസ്‌കാരിക സംഘടനകള്‍ വേണ്ടവിധം ഉപയോഗിച്ചില്ല, എന്ന വിമര്‍ശനം ഞാന്‍ ഉന്നയിക്കട്ടെ! പൊതുവെ 'നാടക സംഘടന' എന്ന ആശയത്തോട് പൂര്‍ണ്ണവിയോജിപ്പുള്ള മാഷുടെ ഒരു ലേഖനം, സോഷ്യല്‍ മീഡിയയില്‍ കാര്യമായി പ്രചരിപ്പിച്ചിരുന്നത്, 'സംഘടന' മാത്രം കെട്ടിപ്പിടിച്ച്, മഹത്തായ 'നാടകം' ചെയ്യാം എന്നു കരുതുന്നവരുടെ, നിഷ്‌ക്രിയ സമീപനത്തെ, കീറിമുറിക്കുന്ന, തീസ്സിസ് പോലെയാണ്.

രാമചന്ദ്രന്‍ മൊകേരിയുടെ വിയോഗം, കേരളത്തിന്റെ പൊതു ഇടത് സാംസ്‌കാരിക മണ്ഡലത്തില്‍ താല്‍ക്കാലിക ശൂന്യത ഉണ്ടാക്കും

എന്തായാലും 'പൊളിറ്റിക്കല്‍ തിയറ്റര്‍' എന്ന ആശയത്തോട് ചേര്‍ന്നു നില്‍ക്കുന്ന മാഷെപ്പോലുള്ള, പലരുടെയും നഷ്ടം, നമ്മളെ ഒന്നുകില്‍ കൂടുതല്‍ നിരാശരാക്കും, അല്ലെങ്കില്‍ കൂടുതല്‍ ആശയദൃഢത കൈവരിക്കാന്‍ ആയുധവല്‍ക്കരിയ്ക്കും… രാമചന്ദ്രന്‍ മൊകേരിയുടെ വിയോഗം, കേരളത്തിന്റെ പൊതു ഇടത് സാംസ്‌കാരിക മണ്ഡലത്തില്‍ താല്‍ക്കാലിക ശൂന്യത ഉണ്ടാക്കുമെങ്കിലും നമ്മള്‍ അതിനെയും അതിജീവിക്കും! അട്ടപ്പാടി-ആദിവാസി മേഖലയില്‍ കേന്ദ്രീകരിച്ചുള്ള മാഷുടെ കുറേ വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍നിന്നും, കെ. ജെ. ബേബിയുടെ 'നാട്ടുഗദ്ദിക' പോലുള്ള മറ്റൊരു കലാസൃഷ്ടി എന്തുകൊണ്ട് സംഭവിച്ചില്ല?-എന്നതും, പഠനവിധേയമാക്കേണ്ടതാണ്! കാലം ആവശ്യപ്പെടുന്നത്, സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ രാഷ്ട്രീയ നാടകങ്ങള്‍ക്ക്, 'പ്രോമിത്യൂസി'നെപ്പോലെ, അറിവിന്റെ 'റാഡിക്കല്‍ അഗ്‌നി' കടഞ്ഞ് കൊടുത്ത, രാമചന്ദ്രന്‍ മൊകേരി എന്ന രാഷ്ട്രീയ നാടക ആക്റ്റീവിറ്റിനെപ്പോലുള്ളവരെയാണ്…

അത് സംഭവിക്കും!

മാഷുടെ രാഷ്ട്രീയം തിരിച്ചറിയുന്ന പുതു നാടക പ്രതിഭകള്‍ അന്തരീക്ഷത്തില്‍ കൂടുതല്‍ സജീവമായി തുടങ്ങിയിട്ടുണ്ട്.സ്വന്തം ആരോഗ്യത്തില്‍, 65 വയസ്സിനു ശേഷം, അവസാന കാലത്ത്, ഒട്ടും ശ്രദ്ധിക്കാതെ ജീവിച്ച മാഷുടെ ജീവിതശൈലി, നാടക ചരിത്രത്തിന് ഉണ്ടാക്കിയ നഷ്ടം, അനുസ്മരണത്തില്‍ വിലാപകാവ്യംപോലെ ആവര്‍ത്തിക്കാമെങ്കിലും, ഒരു ചൂഷണവ്യവസ്ഥിതി, മഹത്തായ ജനാധിപത്യ-മതേതര സംസ്‌കാരത്തിന്റെ കരളില്‍ 'ഫാസ്സിസ്റ്റ് സിറോസിസ്' അടിച്ചേല്‍പ്പിക്കുന്നുണ്ട്!... എന്നെങ്കിലും, രാമചന്ദ്രന്‍ മാഷുടെ വിടവാങ്ങളിലൂടെ, നമ്മളെ ഓര്‍മ്മപ്പെടുത്തുന്നുണ്ടോ?

എങ്കില്‍ മാഷുടെ വിയോഗം…ഒരു പുതിയ നിയോഗത്തിനുള്ള പ്രചോദനം തന്നിരിക്കും! കാലം അത് നേര്‍ന്നിരിക്കും!

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം