പണ്ടൊരു മുല്ലാക്ക പള്ളിയിലേക്ക് പോകുംമുമ്പ് പ്രാര്‍ഥിച്ചു- അള്ളാ, പള്ളിയിലേക്ക് പോകുന്നു.വന്നിട്ട് കാണാം.
കഥ മുല്ലാക്കയുടെതായാലും സത്യക്രിസ്ത്യാനിയുടെതായാലും സനാതന ഹിന്ദുവിന്റെതായാലും ഇക്കഥയുടെ ഉള്ളടക്കത്തില്‍ മാറ്റമില്ല. പുരോഗമനം വന്ന് പുരപ്പുറം തുടയ്ക്കുമ്പോഴും നമ്മുടെ വിശ്വാസം ഏലസ് കെട്ടിയും ആത്മീയ പ്രസിദ്ധീകരണങ്ങള്‍ കത്തിച്ച ചാരം കലക്കിക്കുടിച്ചും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. വ്യാജ നിര്‍മിതികളായ വിശ്വാസസങ്കല്പങ്ങളിലൂടെ വിശ്വാസികളെ പ്രീണിപ്പിക്കുന്ന ഇടങ്ങളായി ദേവാലയങ്ങള്‍ ചുരുങ്ങുന്നിടത്ത് വിശ്വാസമല്ല അന്ധവിശ്വാസമാണ് വളര്‍ന്നു പടരുന്നത്.
അഭിരാമിയുടെ നെഞ്ചുലയ്ക്കുന്ന വാര്‍ത്തയ്ക്കൊപ്പം ഭക്തന്മാര്‍ സംഭാവന നല്കുന്ന കോടികളുടെ വാര്‍ത്തകളും കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ ആരുടെ ദൈവമാണ്, ഏത് ദൈവമാണ് ഇവരില്‍ പ്രസാദിക്കുക
ശബരിമല അയ്യപ്പനും അര്‍ത്തുങ്കല്‍ പള്ളിയിലെ സെബസ്ത്യാനോസ് പുണ്യാളനും സഹോദരങ്ങളാണെന്നും സഹപാഠികളാണെന്നുമൊക്കെ പാടി നടക്കുന്ന പാണന്മാരൊന്നും ഇറ്റലിക്കാരനായ സെബാസ്റ്റ്യനും, പന്തളത്തുകാരനായ അയ്യപ്പനും എങ്ങനെ സഹപാഠികളാകുമെന്നോ സഹോദരങ്ങളാകുമെന്നോ കൂട്ടുകാരാകുമെന്നോ എന്നൊന്നും അന്വേഷിക്കാറില്ല. ശബരിമലക്കു പോകുന്ന ഭക്തര്‍ അര്‍ത്തുങ്കല്‍ പള്ളിയില്‍ കൂടി നേര്‍ച്ചയിടുന്നതില്‍ ആര്‍ക്കാണിത്ര കണ്ണുകടി. ഇത്രകാലവും, വഴിനീളെ യാത്രാതടസമുണ്ടാക്കി അനധികൃതമായി സ്ഥാപിച്ചിരുന്നത് രാഷ്ട്രീയക്കാരുടെ രക്തസാക്ഷികുടീരങ്ങളും കൊടിമരങ്ങളും മാത്രമായിരുന്നു. എന്നാലിപ്പോള്‍ വിശ്വാസികളെ മാടിവിളിക്കുന്ന പള്ളികളുടെ ബോര്‍ഡുകള്‍ കൂടി റോഡുകള്‍ കൈയേറിയിരിക്കുന്നു. അഞ്ഞൂറും, ആയിരവും വര്‍ഷം പഴക്കമുള്ള ആരാധനാലയങ്ങളാണ് ഈയിടെയായി പള്ളിയിലേക്കുള്ള ദൂരം കൃത്യമായി രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ സ്ഥാപിച്ച് കച്ചവടം സാധ്യമാക്കുന്നത്. യഥാര്‍ഥത്തില്‍ ഈ ബോര്‍ഡുകള്‍ പള്ളിയിലേക്കുള്ള ദൂരമല്ല, പള്ളിയിലെ നേര്‍ച്ചപ്പെട്ടിയിലേക്കുള്ള ദൂരമാണ് എന്ന് മനസിലാക്കാന്‍ ദൈവശാസ്ത്രമൊന്നും പഠിക്കേണ്ടതില്ലല്ലോ.
വിശ്വാസത്തെ വിനിമയമാക്കുന്ന പുതിയ പ്രമാണങ്ങള്‍ കേട്ട് വഴിതെറ്റുന്നവരുടെ എണ്ണം പെരുകുകയാണ്
ഈയടുത്ത് രസകരമായ ഒരു കഥ കേട്ടു. ഒരു ദേവാലയത്തിലെ ഭക്തിയുടെ പ്രഭവകേന്ദ്രം ഒരു കിണറാണത്രെ. ഉദ്ദിഷ്ടകാര്യം മനസില്‍ വിചാരിച്ചുകൊണ്ട് ആ കിണറ്റിലേക്ക് പൈസ എറിഞ്ഞാല്‍ അക്കാര്യം സാധിക്കും എന്നാണ് പ്രചരിപ്പിക്കുന്ന വിശ്വാസം. (നേര്‍ച്ച കൂട്ടാനുള്ള ഓരോരോ വഴികള്‍). ഇതറിഞ്ഞ ഒരു ഭാര്യയും ഭര്‍ത്താവും കൂടി ആ പള്ളിയിലെത്തി. പ്രാര്‍ഥനക്കുശേഷം ഉദ്ദിഷ്ടകാര്യമൊക്കെ മനസില്‍ ധ്യാനിച്ച് രണ്ടുപേരും കിണറിനരികിലെത്തി. ഭര്‍ത്താവ് പേഴ്സില്‍ നിന്ന് ഒരു രൂപയുടെ നാണയമെടുത്ത് കിണറ്റിലേക്ക് എറിഞ്ഞു. അതു വെള്ളത്തിലൂടെ തെന്നിത്തെറിച്ച് പോകുന്നത് കാണാനായി ഭാര്യ കിണറ്റിലേക്ക് എത്തിനോക്കി. ചുവട് പറിഞ്ഞ് അവര്‍ കിണറ്റിലേക്ക് വീണു. ഈ സമയത്ത് ഭര്‍ത്താവിന്റെ ആത്മഗതം: ഉദ്ദിഷ്ടകാര്യം ഇത്രപെട്ടെന്ന് സാധിക്കും എന്നു കരുതിയില്ല!
വിശ്വാസത്തെ വിനിമയമാക്കുന്ന ഇത്തരം പുതിയ പ്രമാണങ്ങള്‍ കേട്ട് വഴിതെറ്റുന്നവരുടെ എണ്ണം പെരുകുകയാണ്. പള്ളിക്കും അമ്പലത്തിനും നേര്‍ച്ച കാഴ്ചകളായി ലക്ഷങ്ങളും കോടികളും സമര്‍പ്പിക്കുന്നവരെ ദൈവം കൂടുതല്‍ അനുഗ്രഹിക്കുമെന്ന് പഠിപ്പിക്കുന്ന ദൈവിക കല്പനകള്‍ അനീതിയുടെ കള്ളസാക്ഷ്യമാണ് പഠിപ്പിക്കുന്നത്. വിത്തനാഥന്റെ ബേബിക്കുപാലും നിര്‍ദ്ധനച്ചെറുക്കന്നുമിനീരും നല്കുന്ന ഈശ്വരസങ്കല്പത്തെ വെറുത്തിരുന്ന സത്യബോധത്തില്‍ നിന്ന് ദേവാലയങ്ങളിലേക്കുള്ള സംഭാവനകള്‍ കൂമ്പാരമാകുമ്പോള്‍ ആത്മാവിന് നിത്യശാന്തി ലഭിക്കും എന്നു വിശ്വസിപ്പിക്കുന്നത് പച്ചയായ വ്യവസായം മാത്രമാണ്.
പള്ളിക്കും അമ്പലത്തിനും മോസ്‌കുകള്‍ക്കും കോടികള്‍ സംഭാവന നല്‍കുന്ന വാര്‍ത്തകള്‍ പെരുകുന്നതോടൊപ്പം, വായ്പ അടയ്ക്കാന്‍ പാങ്ങില്ലാതെ, ഫീസടക്കാന്‍ പൈസയില്ലാതെ കുരുന്നുകള്‍ ജീവന്‍ വെടിയുന്ന വാര്‍ത്തകളും നമ്മുടെ നാട്ടില്‍ നിത്യകാഴ്ചയാകുകയാണ്. ദൈവങ്ങള്‍ക്ക് സ്വര്‍ണക്കീരീടങ്ങളും, കെട്ടിടങ്ങള്‍ക്ക് തങ്കമിനാരങ്ങളും, കൊടിമരങ്ങള്‍ക്ക് തങ്കത്തകിടുകളും സംഭാവന ചെയ്യുന്നവരുടെ ധാരാളിത്തത്തിന് നടുവിലാണ് ഒരുലക്ഷം രൂപയുടെ ജപ്തി ബോര്‍ഡ് സ്ഥാപിച്ചതിന്റെ അപമാനഭാരം ഒരു പെണ്‍കുട്ടിക്ക് താങ്ങാനാവാതെ പോയത്. ചെങ്ങന്നൂര്‍ എരമല്ലിക്കര ശ്രീ അയ്യപ്പാ കോളേജില്‍ ബി.എസ്.സി.കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്നു ശൂരനാട് അജിഭവനത്തില്‍ അജികുമാറിന്റെയും ശാലിനിയുടെയും ഏക മകള്‍ അഭിരാമി.
അഭിരാമിയുടെ നെഞ്ചുലയ്ക്കുന്ന വാര്‍ത്തയ്ക്കൊപ്പം ഭക്തന്മാര്‍ സംഭാവന നല്കുന്ന കോടികളുടെ വാര്‍ത്തകളും കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ ആരുടെ ദൈവമാണ്, ഏത് ദൈവമാണ് ഇവരില്‍ പ്രസാദിക്കുക. ഭക്തരെ പലതരത്തില്‍ പിഴിഞ്ഞ് കോടികള്‍ സമ്പാദിക്കുന്ന തീര്‍ഥാടന കച്ചവടകേന്ദ്രങ്ങള്‍ ഇനിയെങ്കിലും ഇത്തരം അല്‍പവിശ്വാസികളെ അഭിരാമിമാരിലേക്ക് വഴിതിരിച്ചുവിടാന്‍ തയ്യാറാകുമോ?
സ്വാമി വിവേകാനന്ദന്‍ ഗുരുവായ ശ്രീരാമകൃഷ്ണ പരമഹംസരോട് ചോദിച്ചു: അങ്ങ് ദൈവത്തെ കണ്ടിട്ടുണ്ടോ?
പരമഹംസര്‍ പറഞ്ഞു: ഉണ്ട്. ഇപ്പോഴും കാണുന്നു.
വിവേകാനന്ദന്‍ ചോദിച്ചു: എവിടെ.
ശ്രീരാമകൃഷ്ണപരമഹംസര്‍ പറഞ്ഞു: നിന്റെ കണ്ണുകളില്‍.
നേര്‍ച്ച കാഴ്ചകളുടെ നൂറിലൊരംശം പോലും അന്നന്നത്തെ ആഹാരത്തിനായി ചെലവാക്കാനില്ലാതെ കണ്ണീരുപ്പുകുടിച്ചു കഴിയുന്ന അഭിരാമിമാരെ കാണാത്ത ഏതു ദൈവത്തെയാണ് നമ്മള്‍ ദേവാലയങ്ങളില്‍ കണ്ടെത്തുക?