ഇന്ത്യയുടെ സഹയാത്രികനായ എഴുത്തുകാരനാണ് ഡൊമിനിക് ലാപിയർ. ഡൊമിനിക് ലാപിയറിനെ ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രകാരന്‍ എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. ഇരുപതാം നൂറ്റാണ്ടിന്റെ സവിശേഷമായ സന്ദര്‍ഭങ്ങളെ വളരെ ആകര്‍ഷകമായ രീതിയിലാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. കൊളോണിയലിസത്തില്‍ നിന്നും ദേശീയ ജനതയുടെ മോചനം, ജനതയുടെ പ്രതീക്ഷകളും പ്രത്യാശകളും, അധികാര കൈമാറ്റം, ഇന്ത്യ പോലുള്ള മൂന്നാം ലോക രാജ്യങ്ങള്‍ നേരിട്ട പ്രതിസന്ധികളും പ്രതിബന്ധങ്ങളും ഒക്കെയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പ്രമേയങ്ങള്‍.
ജനകീയ ചരിത്രം, സഞ്ചാര സാഹിത്യം എന്നിവയെല്ലാം ലാപിയറിന്റേതായി ഉണ്ടെങ്കിലും അവയിലെല്ലാം പ്രകടമായത് അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ തന്നെയായിരുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അതായിരുന്നു അദ്ദേഹത്തിന്റെ എഴുത്തിന്റെ പ്രത്യേകത.
ഇന്ത്യയെ സ്നേഹിച്ച വിദേശ എഴുത്തുകാരനാണ് ഡൊമിനിക് ലാപിയര്‍
അദ്ദേഹത്തിന്റെ എഴുത്തുകളിലെല്ലാം ഇന്ത്യ ഒരു പ്രധാന ഘടകമായിരുന്നു. ഇന്ത്യയെ സ്നേഹിച്ച വിദേശ എഴുത്തുകാരനെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. അതിന്റെ ഉത്തമ ഉദാഹരണമാണ് 'സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍' എന്ന പുസ്തകം. ഇന്ത്യ നേരിടുന്ന പ്രശ്നങ്ങള്‍, അത് കൃത്യമായി മനസിലാക്കി അദ്ദേഹം ഇന്ത്യയോടൊപ്പം സഞ്ചരിച്ചു. ഒരു സഹയാത്രികനായി. വര്‍ഗീയ സംഘര്‍ഷം, മുസ്ലീം മതവിഭാഗങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ എന്നിവയെല്ലാം അദ്ദേഹത്തിന്റെ എഴുത്തുകളില്‍ പ്രതിഫലിച്ചു. പ്രശ്ന പരിഹാരത്തിനായി ഗാന്ധിജി ഏകനായി നടത്തിയ യാത്രകളും വൈകാരികതയോടെ പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.
ഒരു ജ്യോതിഷിയുടെ അഭിപ്രായ പ്രകാരമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുള്ള ദിവസം തിരഞ്ഞെടുത്തത്
ഒരു ജ്യോതിഷിയുടെ അഭിപ്രായ പ്രകാരമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുള്ള ദിവസം തിരഞ്ഞെടുത്തതെന്ന രസകരമായ കഥയും പുസ്‌തകത്തില്‍ പറയുന്നുണ്ട്. സവര്‍ക്കറുടെയും ഗോഡ്സെയുടെയുമെല്ലാം യഥാര്‍ത്ഥ ചിത്രങ്ങളും പുസ്തകത്തില്‍ കാണാം. കൊല്‍ക്കത്തയെ കുറിച്ച് അദ്ദേഹം രചിച്ച 'സിറ്റി ഓഫ് ജോയ്' എന്ന പുസ്തകം ഇന്ത്യയോട് അദ്ദേഹത്തിന് എത്രത്തോളം താല്‍പര്യം ഉണ്ട് എന്നതിന്റെ തെളിവാണ്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ ജനങ്ങള്‍ അനുഭവിച്ച ദാരിദ്ര്യമാണ് പുസ്തകത്തിന്റെ പ്രമേയം. പോളിഷ് പാതിരിയായ സ്റ്റീഫന്‍ കോവല്‍സ്‌കിയാണ് പ്രധാന കഥാപാത്രം. നിന്ദിതരിലും പീഡിതരിലും ദൈവത്തെ കാണുന്ന ക്രിസ്തുവിന്റെ ദൈവികമായ മാനവികത മനസ്സില്‍ പേറുന്ന പുരോഹിതന്‍. ആനന്ദ് നഗര്‍ എന്ന ചേരിയാണ് കഥയുടെ പശ്ചാത്തലം.
ദാരിദ്ര്യം പ്രധാന വിഷയമാണെങ്കിലും നാളെയെക്കുറിച്ചുള്ള ഒരു ദരിദ്രന്റെ പ്രതീക്ഷകളും ഒരിക്കലും നഷ്ടമാവാത്ത അവന്റെ ആത്മവിശ്വാസവുമെല്ലാം അദ്ദേഹത്തിന്റെ കൃതികളില്‍ കാണാം.
ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഭോപ്പാല്‍ ദുരന്തത്തെ കുറിച്ച് അദ്ദേഹം എഴുതിയ കൃതിയായ 'ഫെെവ് പാസ്റ്റ് മിഡ്നെെറ്റ് ഇന്‍ ഭോപ്പാല്‍ '. ഈ കൃതിയില്‍ ദുരന്തത്തിന് തൊട്ടു മുന്‍പുള്ള നിമിഷങ്ങളെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. ദുരന്തത്തിന് ശേഷം അന്നത്തെ പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിങ്ങിനോട് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. അത് ഇന്ത്യയോടും ഇവിടുത്തെ ജനങ്ങളോടും എത്രത്തോളം പ്രതിബദ്ധത അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്നതിന്റെ വലിയ തെളിവാണ്.