OPINION

ഉയിർത്തെഴുന്നേൽക്കേണ്ട വാക്കുകൾ

ഒരു ശവകുടീരത്തിനും ക്രിസ്തുവിനെയും അദ്ദേഹം തിരിതെളിച്ച സ്നേഹത്തിന്റെ വിപ്ലവങ്ങളെയും കൂട്ടിലടയ്ക്കാനാകില്ല. വത്തിക്കാനില്‍നിന്ന് ഫാദര്‍ ജെറിൽ ജോസ് കുരിശിങ്കല്‍ എഴുതുന്നു

ഫാ. ജെറില്‍ ജോസ് കുരിശിങ്കല്‍

കഴിഞ്ഞ വർഷത്തെ മികച്ച നടനുള്ള ഓസ്കാർ അവാർഡിന് അർഹനായത് അമേരിക്കൻ നടൻ വിൽ സ്മിത്ത് ആണ്. അദ്ദേഹത്തിന്റെ ആത്മകഥയിൽ മുത്തശിയുമായി ബന്ധപ്പെട്ട് വിവരിച്ചിരിക്കുന്ന ഒരു അനുഭവം ഇപ്രകാരമാണ്:

വില്ലിന്റെ ചെറുപ്പകാലത്താണ് അമേരിക്കയിലെ പലയിടങ്ങളിലും വെസ്റ്റേൺ റാപ് സോങ് (Western Rap) ഒരു പുതിയ ട്രെൻഡ് ആയി വരുന്നത്. ചെറുപ്പം മുതലേ എഴുത്തിലും വായനയിലും പൊതുവേ തത്പരനായിരുന്ന വില്ലിനു വെസ്റ്റേൺ റാപ് (wastern rap) നന്നായി ഇഷ്ടപ്പെട്ടു. ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള ഒരു നല്ല മാർഗമാണിതെന്ന് തിരിച്ചറിഞ്ഞതിനാൽ റാപ് സോങ്ങിന് വരികൾ എഴുതാൻ വിൽ ആരംഭിച്ചു. റാപ് സോങ് എഴുതുമ്പോൾ അതിൽ പഞ്ച് ലൈൻ (Punch line) വളരെ പ്രധാനപ്പെട്ടതാണ്. കാരണം ആ വരികളാണ് ആളുകൾ കൂടുതലായി ശ്രദ്ധിക്കുന്നത്. അത് ഒരുപക്ഷെ ആരെയെങ്കിലും കളിയാക്കിക്കൊണ്ടോ കുറ്റപ്പെടുത്തിക്കൊണ്ടോ ആയിരിക്കാം; അല്ലെങ്കിൽ പ്രണയം, മരണം തുടങ്ങിയ ഏതെങ്കിലും വിഷയത്തെപ്പറ്റിയായിരിക്കാം.. പക്ഷെ ചിലപ്പോഴൊക്കെ എഴുത്തിൽ മോശം വാക്കുകൾ ഉപയോഗിക്കേണ്ടതായി വരാറുണ്ട്.

അങ്ങനെയിരിക്കെ ഒരു ദിവസം, അവനെ ഏറെ ഇഷ്ടപ്പെടുന്ന മുത്തശ്ശി അവന്റെ പുസ്തകത്തിലെ റാപ് സോങ് വരികൾ വായിക്കാനിടയായി. ക്രൈസ്തവ വിശ്വാസത്തിലും സ്നേഹത്തിലും ഒക്കെ ജീവിക്കുന്ന മാതൃകാ സ്ത്രീയായിരുന്ന അവർക്ക് വില്ലിന്റെ പുസ്തകത്തിലെ മോശം വാക്കുകളൊക്കെ കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി. ഒന്നും മിണ്ടാതെ, ഒരു ചെറിയ കുറിപ്പ് എഴുതിയ വച്ചിട്ട് അവർ അവിടെനിന്ന് ഇറങ്ങിപ്പോയി. ആ കുറിപ്പ് ഇപ്രകാരമായിരുന്നു: "നിന്റെ വാക്കുകൾക്ക് മനുഷ്യരെ സ്വാധീനിക്കാനുള്ള പ്രാപ്തിയുണ്ടെന്ന് എനിക്കറിയാം. ദൈവം നിന്റെ അക്ഷരങ്ങൾക്ക് പ്രത്യേകമായൊരു ശക്തി നൽകിയിട്ടുണ്ട്. അത് നിനക്ക് രണ്ടു രീതിയിൽ ഉപയോഗിക്കാം: ഒന്നുകിൽ മനുഷ്യനെ നിന്റെ വാക്കുകളാൽ ക്രിയാത്മകമായി വളർത്താം; അല്ലെങ്കിൽ ചുറ്റുമുള്ളവരെ മോശം വാക്കുകളാൽ നിനക്ക് നശിപ്പിക്കാം. എന്ത് ചെയ്യണമെന്ന് നീയാണ് തീരുമാനിക്കേണ്ടത്”. ഇത് വായിച്ച വിൽ സ്മിത്തിന്റെ കണ്ണുകൾ നിറഞ്ഞു. ഇപ്രകാരം എഴുതിയിട്ടാണ് അദ്ദേഹം ആ കുറിപ്പ് അവസാനിപ്പിക്കുന്നത്: I never cursed again in my rhymes; and I got criticized and smashed for years for that choice. പന്ത്രണ്ടാം വയസ്സിൽ മുത്തശ്ശി തന്ന ആ ചെറിയൊരു ഉപദേശം 45 വയസ്സ് കഴിഞ്ഞിട്ടും അദ്ദേഹം ഓർത്തെടുക്കുകയാണ്. ആ വാക്കുകളാണ് അവന്റെ ജീവിതത്തിന് ഇന്നും വെളിച്ചമായി നിൽക്കുന്നത്.

ഉത്ഥിതനായ ക്രിസ്തുവിന്റെ പിന്നാലെ നാം നടക്കുന്നുവെന്നു പറയുമ്പോഴും നാം അവനെ കാണുകയോ സ്പർശിക്കുകയോ ചെയ്യുന്നില്ല. മരിച്ച അവന്റ വാക്കുകളും ആശയങ്ങളുമാണ് നമ്മുടെ ഹൃദയങ്ങളെ സ്പർശിക്കുന്നത്

മുപ്പത്തിമൂന്ന് വയസ്സ് വരെ ഏറെ നന്മകൾ ചെയ്ത് ഈ ഭൂമിയിൽ ജീവിച്ച്, മരണശേഷം കല്ലറയിൽനിന്ന് ഉയർത്തെഴുന്നേറ്റ് തിരിച്ചു വന്നവന്റെ ഓർമയാണല്ലോ ഈസ്റ്റർ ദിനത്തിൽ നാമഘോഷിക്കുന്നത്... ഉയിർപ്പ് അവന്റെ ജീവിതത്തിന്റെ culmination point ആണ്. ഉയിർപ്പിനു മുൻപ്, 33 വയസ് വരെയുള്ള ജീവിതത്തിൽ അവൻ പറഞ്ഞ വാക്കുകളും അവൻ ചെയ്ത പ്രവൃത്തികളുമാണ് ജീവിതത്തിന്റെ ഇരുട്ടറകളിൽ ജീവിക്കുന്ന മനുഷ്യന് നിലാവെളിച്ചമായി നിലകൊള്ളുന്നത്. പന്ത്രണ്ടാമത്തെ വയസ്സിൽ അമ്മൂമ്മ പറഞ്ഞു തന്ന വാക്കുകൾ വിൽ സ്മിത്തിന്റെ ജീവിതം മാറ്റിമറിച്ചെങ്കിൽ രണ്ടായിരം വർഷം മുൻപ് ഭൂമിയുടെ ഒരു കോണിലിരുന്ന് ക്രിസ്തു പറഞ്ഞ വാക്കുകളുടെ പിൻബലത്തിലാണ് ഈ ഭൂമി ഇത്രയും മനോഹരമായി ഇന്നും മുന്നോട്ടുചലിക്കുന്നത്.

അവനോടൊപ്പം അവന്റെ വാക്കുകളെയും ആശയങ്ങളെയും കല്ലറയ്ക്കകത് മണ്ണിട്ട് മൂടാമെന്ന് ഒരു വേളയെങ്കിലും നിനച്ചവർക്ക് തെറ്റി. ഒരു ശവകുടീരത്തിനും അവനെയും അവൻ തിരിതെളിച്ച സ്നേഹത്തിന്റെ വിപ്ലവങ്ങളെയും കൂട്ടിലടയ്ക്കാനാകില്ല. അവൻ പറഞ്ഞ വാക്കുകൾ ഭൂവിലിനിയും ഒരു പ്രകാശഗോപുരമായി തെളിഞ്ഞുനിൽക്കുമെന്ന ശക്തമായ സൂചനയാണിത്.

ഉത്ഥിതനായ ക്രിസ്തുവിന്റെ പിന്നാലെ നാം നടക്കുന്നുവെന്ന് പറയുമ്പോഴും നാം അവനെ കാണുകയോ സ്പർശിക്കുകയോ ചെയ്യുന്നില്ല. മരിച്ച അവന്റ വാക്കുകളും ആശയങ്ങളുമാണ് നമ്മുടെ ഹൃദയങ്ങളെ സ്പർശിക്കുന്നത്, മുന്നോട്ടു നടക്കാൻ നമുക്ക് ബലമേകുന്നത്. എന്റെ വാക്കുകളാൽ ചുറ്റുമുള്ളവരെ അവരുടെ ഇരുട്ടറകളിൽനിന്ന് ഉത്ഥാനത്തിന്റെ പ്രകാശത്തിലേക്ക്, വെളിച്ചത്തിലേക്ക് കൊണ്ടുവരാൻ സാധിക്കുമോയെന്നുള്ളതാണ് നമുക്ക് മുന്നിലുള്ള വെല്ലുവിളി. ഉയർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ വാക്കുകളും ആശയങ്ങളും നമ്മുടെ പാതങ്ങൾക്ക് വിളക്കും പാതകളിൽ പ്രകാശവുമാകട്ടെ.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ